ഓഹരി വിപണി: ഡിസ്‌കൗണ്ട് സെയ്ല്‍ കുറച്ചു കാലത്തേക്ക് കൂടി മാത്രം

ചഞ്ചലമായിരുന്ന ഒക്റ്റോബറിന് ശേഷം നിഫ്റ്റി നഷ്ടമെല്ലാം ഏറെക്കുറെ തിരിച്ചുപിടിച്ച മാസമായിരുന്നു നവംബര്‍. പക്ഷെ, ഈ തിരിച്ചു വരവ് അല്‍പ്പം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഇന്‍ഡക്സ് സ്റ്റോക്കുകള്‍ക്കപ്പുറം ബ്രോഡര്‍ മാര്‍ക്കറ്റ് ഇനിയും റിക്കവര്‍ ചെയ്തിട്ടില്ല. ഡ്യൂയിഷ് ബാങ്ക് പഠനം അനുസരിച്ച് ആഗോള തലത്തില്‍ തന്നെ 1901 തുടങ്ങി ആദ്യമായി 90 ശതമാനം ആസ്തി വിഭാഗങ്ങളും (ഇതൊരു റെക്കോഡ് ആണ്) താഴേയ്ക്ക് പോയ വര്‍ഷമായിരുന്നു 2018. ലോകമൊട്ടാകെയുള്ള നിക്ഷേപകര്‍ക്ക് കറക്ഷന്റെയും വേദനകളുടെയും വര്‍ഷം ആണ് കടന്നു പോകുന്നത്. എന്നാല്‍ ഇതിന്റെ നല്ലവശം ഇപ്പോള്‍ പുതിയ നിക്ഷേപങ്ങള്‍ക്കായി സ്റ്റോക്ക് പിക്കിംഗ് നടത്താന്‍ ഏറ്റവും നല്ല സമയമാണ് എന്നതാണ്.

ആഭ്യന്തര ഉപഭോഗത്തിന്റെ ട്രെന്‍ഡ് മികച്ചതായി തുടരുന്നു എന്ന് കാണിക്കുന്നതാണ് രണ്ടാമത്തെ ക്വാര്‍ട്ടറിലെ റിസള്‍ട്ടുകള്‍. സാമ്പത്തികനിലയെക്കുറിച്ചുള്ള പൊതുവായ കാഴ്ചപ്പാടും നല്ലതാണ്. ആശങ്കകളുടെ കാലം പിന്നിലായിക്കഴിഞ്ഞു എന്ന് തോന്നുന്നു. ക്രൂഡ് ഓയ്ല്‍ വില, രൂപയുടെ വിലയിടിവ്, വ്യാപാര യുദ്ധം എന്നിങ്ങനെ വാര്‍ത്തകള്‍ സൃഷ്ടിച്ച പല കാര്യങ്ങളും ഇപ്പോള്‍ അപ്രസക്തമായിക്കഴിഞ്ഞു. ഇങ്ങനെയുള്ള ചെറിയ സൂചകങ്ങള്‍ ഉപയോഗിച്ചുള്ള പ്രവചനങ്ങള്‍ സാധാരണ നിക്ഷേപകരെ സംബന്ധിച്ചിടത്തോളം എത്ര അര്‍ത്ഥരഹിതമാണെന്നു കണ്ടില്ലേ? ശരിയായ സ്റ്റോക്ക് പിക്കിംഗിന് ഇവയൊന്നും പ്രസക്തമല്ല.

തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വിപണിയെ കഴിഞ്ഞ കാലങ്ങളിലും കാര്യമായി ബാധിച്ചിട്ടില്ല. ദീര്‍ഘകാല നിക്ഷേപകരായ ഓഹരിയുടമകളെ സംബന്ധിച്ചിടത്തോളം നേട്ടങ്ങളും വാല്യൂവേഷനുമാണ് പ്രധാനം. ഉന്നത തലത്തിലുണ്ടായിരുന്ന അഴിമതി ഇല്ലാതാക്കാന്‍ ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാര്‍ വളരെയധികം ശ്രമിച്ചിട്ടുണ്ട് എന്നത് സത്യമാണ്, ഇപ്പോള്‍ ഇതിനെക്കുറിച്ചുള്ള പരാതികള്‍ തന്നെ അപൂര്‍വമാണ്. ഇതൊരു നല്ല സൂചനയാണ്, മാറ്റത്തിന്റെ തുടക്കവും. എന്നാല്‍ നമ്മള്‍ ഇന്ത്യക്കാരുടെ കാഴ്ചപ്പാടും ചിന്താഗതിയും -ഉദാസീനതയും അച്ചടക്കരാഹിത്യവും നിറഞ്ഞ മനോഭാവം അതാണ് ഏറെക്കുറെ നമ്മുടെ സമൂഹത്തിലെ പ്രശ്‌നങ്ങള്‍ക്കും കാരണം. ഒരു സാംസ്‌കാരികമായ പരിവര്‍ത്തനം ആണ് നമുക്ക് അടിയന്തരമായി വേണ്ടത്, ചിന്താഗതിയില്‍ അടിമുടിയുള്ള മാറ്റം. സാമ്പത്തികമായൊരു പരിവര്‍ത്തനം നേടുന്നതിന് ഇത് അത്യാവശ്യമാണ്.

ദീര്‍ഘകാല നിക്ഷേപങ്ങള്‍ നടത്തിയവര്‍ക്ക് താല്‍ക്കാലികമായ ഈ ദുഷ്‌കര ഘട്ടത്തില്‍ ഒന്നും ചെയ്യാനില്ല. ഇതും കടന്നുപോകും. ഇപ്പോള്‍ നിലവിലുള്ള ബിയറിഷ് കാലം 2019 ല്‍ മാറുമെന്നാണ് ഞാന്‍ കരുതുന്നത് 2009 ല്‍ സംഭവിച്ചതുപോലെ.

പതിനഞ്ചോ ഇരുപതോ വന്‍കിട ബ്ലൂ ചിപ്പ് കമ്പനികളുടേതല്ലാതെ മറ്റൊരു വ്യാപാരവും മാര്‍ക്കറ്റില്‍ ഇപ്പോള്‍ സംഭവിക്കുന്നില്ല. ചില നല്ല ഓഹരികള്‍ ആകര്‍ഷകമായ വിലകളില്‍ ലഭ്യമാണെങ്കിലും ഉള്ള നിക്ഷേപങ്ങളില്‍ മാറ്റം വരുത്താന്‍ നല്ല സമയമല്ല ഇത്. വലിയ വീഴ്ചകള്‍ക്ക് ശേഷം ഭയവും ആശങ്കകളും കാരണം വ്യക്തതയില്ലാതെ തിരക്കുകൂട്ടി എടുക്കുന്ന തീരുമാനങ്ങള്‍ തെറ്റാകും എന്നത് നിക്ഷേപ ചരിത്രത്തില്‍ പല പ്രാവശ്യം തെളിയിക്കപ്പെട്ട കാര്യമാണ്.

അത്യാവശ്യം ലിക്വിഡിറ്റിയുള്ള ദീര്‍ഘകാല ഇന്‍വെസ്റ്റര്‍മാര്‍ നിക്ഷേപം നടത്താന്‍ തെരഞ്ഞെടുപ്പിനെയോ അതിന്റെ ഫലത്തെയോ കാത്തിരിക്കേണ്ടതില്ല. ഇപ്പോള്‍ നിക്ഷേപിക്കുന്ന ഓരോ രൂപയ്ക്കും കഴിഞ്ഞ വര്‍ഷം നിക്ഷേപിച്ചതിന്റെ ഇരട്ടിയിലേറെ മൂല്യമുണ്ട്.

അതുപോലെ തന്നെ ഇപ്പോള്‍ പിന്‍വലിക്കുന്ന ഓരോ രൂപയും നിക്ഷേപത്തില്‍ തുടരുകയാണെങ്കില്‍ അടുത്ത വര്‍ഷങ്ങളില്‍ ഇരട്ടിയില്‍ ഏറെ മൂല്യമുള്ളതായി തീരും എന്നാണ് ചരിത്രം സൂചിപ്പിക്കുന്നത്. അടുത്ത വര്‍ഷം നൂറ് ശതമാനത്തിലേറെ വില വര്‍ധിക്കാന്‍ സാധ്യതയുള്ള നൂറ് കണക്കിന് ഓഹരികള്‍ ഞാന്‍ കാണുന്നുണ്ട്.

തെരഞ്ഞെടുപ്പിന്റെയും വ്യാപാര യുദ്ധത്തിന്റെയും ഫലം എന്തായാലും

പുതിയ നിക്ഷേപങ്ങള്‍ നടത്താന്‍ മികച്ച സമയമാണിത്. ഈ ഡിസ്‌കൗണ്ട് സെയ്ല്‍ അധിക കാലം ഉണ്ടാകില്ല.

വിപണിയില്‍ മുന്നേറ്റം നയിക്കുന്ന മേഖലകളും മാറുകയാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ മുന്നിട്ടു നിന്ന, ഏറെ ആരാധകരുണ്ടായിരുന്ന എച്ച്എഫ്സികളുടെയും എന്‍ബിഎഫ്സിയുടെയും തിളക്കം കുറഞ്ഞു. എന്നാല്‍ ഇന്ത്യന്‍ ഗ്രോത്ത് സ്റ്റോറിക്ക് ഒരു കോട്ടവുമുണ്ടായിട്ടില്ല, ബുള്‍ കുതിപ്പ് തുടരുകയും ചെയ്യും. എന്നാല്‍ ഇനി വരുന്ന കാലത്ത് മികച്ച പ്രകടനം നടത്താന്‍ പോകുന്ന ഓഹരികളുടെ ഘടന തികച്ചും വ്യത്യസ്തമായിരിക്കും.

പുതിയ മേഖലകളും അവസരങ്ങളും കണ്ടെത്താനാണ് നിക്ഷേപകര്‍ ശ്രമിക്കേണ്ടത്. മിഡ് കാപ് ഐ.റ്റി ഇപ്പോള്‍ നിക്ഷേപം നടത്താന്‍ ഏറ്റവും യോജിച്ച ഒരു മേഖലയാണ്. പല നിക്ഷേപകര്‍ക്കും ഐ.റ്റി രൂപയുടെ വിനിമയ നിരക്കില്‍ ഉള്ള വ്യതിയാനങ്ങളെ ഉപയോഗിക്കാന്‍ ഉള്ള ഉപാധി മാത്രം ആണ്, പക്ഷെ, കുറച്ചുകൂടി വിശാലമായ ഒരു നിക്ഷേപ അവസരം ആയാണ് ഞാന്‍ ഇതിനെ നോക്കിക്കാണുന്നത്. കണ്‍സ്യൂമര്‍ സ്റ്റോക്കുകളുടെയും ഐ.റ്റി സ്റ്റോക്കുകളുടെയും വളര്‍ച്ചയും വാല്യൂവേഷനും ഒന്ന് താരതമ്യം ചെയ്തുനോക്കൂ. കഴിഞ്ഞ രണ്ട് പ്രാവശ്യവും ഐ.റ്റി ബുള്‍ വാഴ്ചയുടെ മുഖ്യ ഭാഗമായിരുന്നില്ല. എന്തുകൊണ്ട് അടുത്ത ബുള്‍ റണ്‍ നയിക്കുന്നത് ഐ.റ്റി ആയികൂടാ.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it