വീണ്ടും ഉയരങ്ങൾ തേടി വിപണി; വിലക്കയറ്റവും ഐടി റിസൽട്ടും ഗതി നിർണയിക്കും; റിലയൻസിൻ്റെ ലക്ഷ്യം എന്ത്?

കോവിഡ് - ഒമിക്രോൺ ആശങ്കകൾ മറികടന്നു. വിദേശ നിക്ഷേപകർ വീണ്ടും വാങ്ങലുകാരായി. മുഖ്യസൂചികകൾ ആഴ്ചയിൽ രണ്ടര ശതമാനത്തിലേറെ ഉയർന്നു. നവവത്സരത്തിലെ ആദ്യ ആഴ്ച ഇന്ത്യൻ ഓഹരി വിപണിക്കു നല്ല തുടക്കം നൽകി. വിപണി മനോഭാവം ഇപ്പോഴും ബെയറിഷ് ആണെങ്കിലും കരുത്തോടെ നീങ്ങാനുള്ള സാധ്യതയാണ് ഈ തുടക്കത്തിൽ കാണുന്നത്.

നിഫ്റ്റി 18,000-18,100 മേഖലയിലെയും സെൻസെക്സ് 61,000 ലെയും തടസങ്ങൾ മറികടന്നാൽ വലിയ ഉയരങ്ങളിലേക്കു നയിക്കാവുന്ന ബുൾ മുന്നേറ്റം തുടങ്ങും. ഈയാഴ്ച പുറത്തു വരുന്ന ചില്ലറ വിലക്കയറ്റ കണക്കും ഐടി വമ്പന്മാരുടെ മൂന്നാം പാദ റിസൽട്ടുമാകും വിപണിഗതി നിയന്ത്രിക്കുക.

കഴിഞ്ഞ വെള്ളിയാഴ്ച പുറത്തു വന്ന ജിഡിപി എസ്റ്റിമേറ്റ് ഔദ്യോഗിക പ്രതീക്ഷയിലും കുറവായെങ്കിലും വിപണിയുടെ കണക്കുകൂട്ടലുകളോടു പെരുത്തപ്പെടുന്നതായിരുന്നു.

യുഎസ് വിപണി നേരിയ താഴ്ചയിലാണു കഴിഞ്ഞയാഴ്ച ക്ലോസ് ചെയ്തത്. ഇന്നു യുഎസ് ഫ്യൂച്ചേഴ്സ് കാര്യമായ മുന്നേറ്റം സൂചിപ്പിക്കുന്നില്ല. ഏഷ്യൻ വിപണികൾ തുടക്കത്തിൽ താഴ്ചയിലാണ്.

സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി വെള്ളിയാഴ്ച 17,925 വരെ കയറി. ഇന്നു രാവിലെ അൽപം താഴ്ന്നെങ്കിലും 17,900 നു മുകളിൽ തുടരുന്നു. ഇന്ത്യൻ വിപണിയുടെ തുടക്കം നല്ല ഉണർവോടെയാകുമെന്ന സൂചനയാണ് ഇതിലുള്ളത്.

വെള്ളിയാഴ്ച നേട്ടം കുറവായിരുന്നെങ്കിലും മുഖ്യസൂചികകൾ കഴിഞ്ഞയാഴ്ച നല്ല പ്രകടനമാണു കാഴ്ചവച്ചത്. സെൻസെക്സ് 2.56 ശതമാനവും നിഫ്റ്റി 2.64 ശതമാനവും ഉയർന്നു. വെള്ളിയാഴ്ച സെൻസെക്സ് 142.81 പോയിൻ്റ് (0.24%) കയറി 59,744.65 ലും നിഫ്റ്റി 66.8 പോയിൻ്റ് (0.38%) കയറി 17,812.7 ലും ക്ലോസ് ചെയ്തു.

മിഡ് ക്യാപ് സൂചിക 0.5 ശതമാനവും സ്മോൾ ക്യാപ് സൂചിക 0.37 ശതമാനവും ഉയർന്നു. ഫാർമ, ഓട്ടോ, ഹെൽത്ത്, മീഡിയ സൂചികകൾ താഴ്ന്നു.

6.53 ശതമാനം ഉയർന്ന മെറ്റൽ സൂചികയാണു കഴിഞ്ഞയാഴ്ച മികച്ച നേട്ടം ഉണ്ടാക്കിയത്. ഓയിൽ - ഗ്യാസും ഓട്ടോയും അഞ്ചു ശതമാനം വീതം ഉയർന്നു.

വിദേശ നിക്ഷേപകർ വെള്ളിയാഴ്ച 496.27 കോടി രൂപയുടെ ഓഹരികൾ വാങ്ങി. സ്വദേശി ഫണ്ടുകൾ 115.66 കോടിയുടെ ഓഹരികൾ വിറ്റു.

നിഫ്റ്റി 17,944 നു മുകളിൽ കയറിയാൽ 18,100-18,200 മേഖലയിലേക്കു കുതിക്കുമെന്ന് സാങ്കേതിക വിശകലന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മറിച്ചു 17,655 നു താഴെ വീണാൽ 17,400 വരെ താഴും. ഇന്നു വിപണിക്ക് 17,710- ലും 17,605ലും താങ്ങ് ഉണ്ട്. ഉയർച്ചയിൽ 17,910-ഉം 18,010 - ഉം തടസങ്ങളാണ്.

ക്രൂഡ് ഓയിൽ വില ഉയരങ്ങളിൽ തുടരുന്നു. ബ്രെൻ്റ് ഇനം 81.6 ഡോളറിലാണ് ഇന്നു രാവിലെ. പ്രകൃതിവാതക വില 4.14 ഡോളറിലെത്തി.

വ്യാവസായിക ലോഹങ്ങൾ ചെറിയ മാറ്റത്തോടെ തുടരുന്നു. ചെമ്പ് വെള്ളിയാഴ്ച ഒന്നര ശതമാനം ഉയർന്നു.ഇരുമ്പയിര് വില 126 ഡോളറായി.

സ്വർണം 1795-1796 ഡോളറിലാണ് ഇന്നു രാവിലെ വ്യാപാരം.

ഗൂഢ (ക്രിപ്റ്റോ) കറൻസികൾക്ക് കഴിഞ്ഞയാഴ്ച തിരിച്ചടിയായിരുന്നു. ബിറ്റ് കോയിൻ വില 42,000 ഡോളറിനു താഴെയായി. കഴിഞ്ഞ വർഷം 67,000 ഡോളറിനു മുകളിലെത്തിയതാണ്.

ഐടി മേഖലയുടെ റിസൽട്ട് 12 മുതൽ

ഈയാഴ്ച പ്രമുഖ ഐടി കമ്പനികളുടെയെല്ലാം മൂന്നാം പാദ റിസൽട്ട് അറിയാം. ടിസിഎസ്, ഇൻഫോസിസ്, വിപ്രോ എന്നിവ ബുധനാഴ്ചയും മൈൻഡ് ട്രീ വ്യാഴാഴ്‌ചയും എച്ച്സിഎൽ ടെക് വെള്ളിയാഴ്ചയുമാണു റിസൽട്ട് പ്രസിദ്ധീകരിക്കുന്നത്. വരും പാദങ്ങളിലേക്കുള്ള കമ്പനികളുടെ സൂചനയാണു വിപണി കാത്തിരിക്കുന്നത്.കോവിഡ് വ്യാപനം ബിസിനസിനെ ബാധിക്കുന്നോ എന്നാണു വിപണിക്കറിയേണ്ടത്.

വിലക്കയറ്റത്തോത് ഉയർന്നു നിൽക്കും

ചില്ലറ വിലക്കയറ്റം സംബന്ധിച്ച കണക്കുകൾ ബുധനാഴ്ച പുറത്തുവിടും. ഡിസംബറിൽ പച്ചക്കറികൾ, ഭക്ഷ്യ എണ്ണ തുടങ്ങിയവയുടെ വിലക്കയറ്റത്തിനു ചെറിയ ശമനം ഉണ്ടായെങ്കിലും വിലക്കയറ്റ സൂചിക ഉയരാനാണു സാധ്യത. 2020 ഡിസംബറിൽ വിലക്കയറ്റ സൂചിക വളരെ താഴെയായിരുന്നതാണു കാരണം. നവംബറിൽ 4.91 ശതമാനം ആയിരുന്ന ചില്ലറ വിലക്കയറ്റം ഡിസംബറിൽ ആറു ശതമാനത്തിനടുത്താകുമെന്നാണു സൂചന.

ഡിസംബറിലെ മൊത്തവില സൂചിക വെള്ളിയാഴ്ച പുറത്തുവിടും. ഇത്തവണയും സൂചിക ഉയർന്നു നിൽക്കും. നവംബറിൽ 14.23 ശതമാനമായിരുന്നു കയറ്റം. തുടർച്ചയായ എട്ടാമത്തെ മാസമാണ് മൊത്ത വിലക്കയറ്റം ഇരട്ടയക്കത്തിൽ തുടരുന്നത്. 2011-12 അടിസ്ഥാന വർഷമാക്കി സൂചിക തുടങ്ങിയ ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. ഡിസംബറിൽ അതിനെ മറികടക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

പ്രതീക്ഷയിലും കുറവായി ജിഡിപി വളർച്ച

റിസർവ് ബാങ്ക് പ്രതീക്ഷിച്ചതിലും കുറഞ്ഞ വളർച്ചയേ 2021-22 ധനകാര്യ വർഷം പ്രതീക്ഷിക്കാനുള്ളു എന്നാണു നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻഎസ്ഒ) പറയുന്നത്. റിസർവ് ബാങ്ക് പ്രതീക്ഷിച്ച ജിഡിപി വളർച്ച 9.5 ശതമാനമായിരുന്നു. എൻഎസ്ഒ പറയുന്നത് 9.2 ശതമാനവും. പ്രാരംഭ എസ്റ്റിമേറ്റ് ആണ് ഇവ. ഇനി കൂടുതൽ കണക്കുകൾ ലഭ്യമാകുന്ന മുറയ്ക്ക് ഇവ പുതുക്കും.

ഈ എസ്റ്റിമേറ്റ് അത്രയൊന്നും നല്ല ചിത്രമല്ല നൽകുന്നത്. ഈ മാർച്ച് 31-ന് അവസാനിക്കുന്ന വർഷത്തെ ജിഡിപി സ്ഥിര വിലയിൽ 147.54 ലക്ഷം കോടി രൂപ ആകുമെന്നാണു നിഗമനം. കോവിഡും ലോക്ക് ഡൗണും മൂലം പിന്നോട്ടു പോയ 2020-21 ലെ 135.13 ലക്ഷം കോടി രൂപയെ അപേക്ഷിച്ചാണ് ഇത് നല്ല വളർച്ചയായി തോന്നുന്നത്. കോവിഡിനു മുമ്പത്തെ 2019-20 വർഷത്തെ 145.7 ലക്ഷം കോടി രൂപയിൽ നിന്ന് വെറും 1.3 ശതമാനം മാത്രമേ വളർന്നിട്ടുള്ളൂ എന്നതാണു വസ്തുത.

ഈ എസ്റ്റിമേറ്റ് താഴാേട്ടു തിരുത്താനാണു സാധ്യത. കോമിക്രോൺ വ്യാപനം അതിലേക്കാണു വിരൽ ചൂണ്ടുന്നത്. 9.2 ശതമാനം എന്നത് ഒൻപതിലേക്കു ചുരുങ്ങും എന്നാണു പലരും കരുതുന്നത്. ചെറിയ താഴ്ച മതി 2019-20-ലേക്കാൾ കുറഞ്ഞ ജിഡിപിയേ ഈ വർഷം ഉള്ളൂ എന്നു വരാൻ. അതായതു രാജ്യം വളർച്ചയില്ലാത്ത രണ്ടു വർഷമാണു കടത്തിവിടുന്നത്.

ഈ ധനകാര്യ വർഷം ആദ്യ പകുതിയിൽ 13.7 ശതമാനം വളർച്ച ഉണ്ടായതാണ്. അതായതു രണ്ടാം പകുതിയിൽ 5.6 ശതമാനം വളർച്ചയാണ് എൻഎസ്ഒ പ്രതീക്ഷിക്കുന്നത്. ഒക്ടോബർ - ഡിസംബർ പാദത്തിൽ വളർച്ച ആറു ശതമാനത്തിൽ കൂടുതലാണെങ്കിൽ നാലാം പാദ വളർച്ച അഞ്ചു ശതമാനത്തിൽ കുറവാകുമെന്ന സൂചനയാണ് ഇതു നൽകുന്നത്.

തന്നാണ്ടു വിലയിൽ ഈ വർഷം ജിഡിപി 232.15 ലക്ഷം കോടി രൂപയിലെത്തും. കഴിഞ്ഞ വർഷം 197.46 ലക്ഷം കോടിയായിരുന്നു. അതിനേക്കാൾ 17.6 ശതമാനം കൂടുതൽ. വിലക്കയറ്റ നിരക്ക് കൂടുതലായതാണു കാരണം.

കൂടുതൽ കമ്മി ആകാം

തന്നാണ്ടു വിലയിലെ ജിഡിപി വച്ചണു ബജറ്റ് തയാറാക്കുന്നത്. കഴിഞ്ഞവർഷം ബജറ്റ് തയാറാക്കിയപ്പോൾ 2021-22 ലെ ജിഡിപി 222.87 ലക്ഷം കോടി രൂപ എന്നാണു കണക്കാക്കിയത്. അന്നു പ്രതീക്ഷിച്ച കമ്മി ജിഡിപിയുടെ 6.8 ശതമാനം അഥവാ 15.07 ലക്ഷം കോടി രൂപയാണ്.

ജിഡിപി 232.15 ലക്ഷം കോടി ആയപ്പോൾ കമ്മി 6.8 ശതമാനം നിലനിർത്തിയാൽ 15.78 ലക്ഷം കോടി രൂപ വരെ ആകാം. അതായത് 71,000 കോടി രൂപ കൂടി അധികം. ഗവണ്മെൻ്റിൻ്റെ പല അധികച്ചെലവുകൾക്കും പണം അനായാസം കിട്ടുമെന്നു ചുരുക്കം.

ജിഡിപി കണക്കുകളിൽ സ്വകാര്യ ഉപഭോഗം (പ്രൈവറ്റ് ഫൈനൽ കൺസംപ്ഷൻ എക്സ്പെൻഡിച്ചർ-പിഎഫ്സിഇ) വേണ്ടത്ര വർധിക്കുന്നില്ല എന്നതാണ്. 2019 -20 ൽ 83.2 ലക്ഷം കോടിയായിരുന്ന ഇത് 2020-21 ൽ 75.6 ലക്ഷം കോടിയായി കുറഞ്ഞു. ഇക്കൊല്ലം 80.8 ലക്ഷം കോടി ആകുമെന്നാണു പ്രതീക്ഷ.

സ്വകാര്യ ഉപഭോഗം കോവിഡിനു മുമ്പത്തേതിലും കുറവാകുന്നതിന് ഒരു വിശദീകരണമേ ഉള്ളു - ദേശീയ വരുമാനം വർധിച്ചെങ്കിലും സാധാരണക്കാരുടെ വരുമാനം വർധിച്ചില്ല. ജിഡിപി വർധന ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നില്ല. അതു മുകൾത്തട്ടിൽ തന്നെ നിൽക്കുന്നു. മുകൾത്തട്ടിലെ ഉപഭോഗവർധന ഇറക്കുമതിച്ചെലവിലാണു കാണുന്നത്.

ഹിന്ദുജാ ഗ്ലോബലിൽ സംഭവിച്ചത്

ഹിന്ദുജാ ഗ്ലോബൽ സൊലൂഷൻസ് എന്ന കമ്പനി 150 രൂപ വീതം സ്പെഷൽ ഇടക്കാല ഡിവിഡൻഡ് പ്രഖ്യാപിച്ചു. ഒരു ഷെയറിന് ഒന്ന് എന്ന അനുപാതത്തിൽ ബോണസ് ഇഷ്വുവും പ്രഖ്യാപിച്ചു. പിറ്റേന്നു കമ്പനിയുടെ ഓഹരി 20 ശതമാനം ഇടിഞ്ഞു. (ഒരു ദിവസം താഴാവുന്ന പരമാവധിയാണ് 20 ശതമാനം). എന്തുകൊണ്ട് ഇങ്ങനെ?

കമ്പനിയുടെ ഹെൽത്ത് കെയർ ഡിവിഷൻ ഈയിടെ വിറ്റിരുന്നു. അതു വഴി 8150 കോടി രൂപ കിട്ടി. ഓഹരി ഒന്നിനു 4000 രൂപ വരും ഇത്. അതിൽ നിന്നു നല്ലൊരു തുക പ്രത്യേക വിഹിതമായി കിട്ടുമെന്ന് ഓഹരിയുടമകൾ പ്രതീക്ഷിച്ചിരുന്നു. അതു കൊണ്ടാണ് ഓഹരി ഒരു വർഷം കൊണ്ട് 200 ശതമാനം വർധിച്ചത്. പക്ഷേ പ്രഖ്യാപിച്ചത് 150 രൂപ മാത്രം. ഇതിന് 315 കോടി രൂപ ചെലവാകും.

കടങ്ങൾ വീട്ടാനും ചില ബിസിനസുകളിൽ നിക്ഷേപിക്കാനും പ്രൊമോട്ടർമാർക്ക് വായ്പ നൽകാനും ഒക്കെയായി ബാക്കി തുക വിനിയോഗിക്കുമെന്നാണു കമ്പനി പറയുന്നത്. ആഗാേള ബിസിനസ് വിറ്റതിൽ ഇന്ത്യയുടെ പങ്കായ 3109 കോടിയേ കമ്പനിക്കു ലഭിച്ചിട്ടുള്ളു. മൂലധനാദായ നികുതിയും മറ്റും അതിൽ നിന്ന് അടയ്ക്കണം എന്നും കമ്പനി പറയുന്നു.

പ്രൊമോട്ടർമാർക്ക് 500 കോടി രൂപ വായ്പ നൽകാനുള്ള നീക്കവും ഓഹരിയുടമകൾക്കു രസിച്ചിട്ടില്ല. അതിസമ്പന്നരായ ഹിന്ദുജാ കുടുംബം തങ്ങളെ പറ്റിക്കുമെന്നു റീട്ടെയിൽ നിക്ഷേപകർ ഭയപ്പെടുന്നു.

ടിസിഎസിൽ നിന്ന് രണ്ടു വാർത്തകൾ

ടാറ്റാ കൺസൾട്ടൻസി സർവീസസിൽ നിന്നു രണ്ടു വാർത്തകൾ. ഒന്ന്: പാസ്പോർട്ട് സേവാ പ്രോഗ്രാമിൻ്റെ രണ്ടാം ഘട്ടം നടപ്പാക്കാൻ ടിസിഎസിനെ തെരഞ്ഞെടുത്തു. 9.5 വർഷത്തെ ഇടപാട് 100 കോടി ഡോളറി (7500 കോടി രൂപ) ൻ്റേതാണ്. 2008-ൽ 1000 കോടി രൂപയുടെ ഒന്നാം ഘട്ടം ടിസിഎസിനു കിട്ടിയിരുന്നു.

രണ്ട്: കമ്പനി ഡയറക്ടർ ബോർഡ് 12നു യോഗം ചേർന്ന് ഓഹരികൾ തിരിച്ചു വാങ്ങൽ പ്രഖ്യാപിക്കും. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ മൂന്നു തവണ ഓഹരികൾ തിരിച്ചു വാങ്ങി ഓഹരി ഉടമകൾക്ക് 48,000 കോടി രൂപ നൽകിയിരുന്നു. ഇപ്പാേൾ കമ്പനിയുടെ പക്കൽ 52,000 കോടി രൂപ ഉണ്ട്.

മുൻ തവണകളിലേതു പോലെ 16,000 കോടി രൂപയാണ് തിരിച്ചു വാങ്ങലിനു നീക്കിവയ്ന്നതെങ്കിൽ പ്രൊമോട്ടർമാരായ ടാറ്റാ സൺസിന് 11,000 കോടിയിലധികം രൂപ കിട്ടും. ടിസിഎസിൽ 72 ശതമാനം ഓഹരി ടാറ്റാ സൺസിനാണ്.

റിലയൻസ് ഹോട്ടലിലേക്കും

റിലയൻസ് ഇൻഡസ്ട്രീസ് ഹോട്ടൽ ബിസിനസിലേക്കു കടക്കുകയാണോ? ന്യൂയോർക്കിൽ ഹോളിവുഡ് താരങ്ങളുടെയും ഹെഡ്ജ് ഫണ്ട് കോടീശ്വരന്മാരുടെയും ഈ താവളമായ മാൻഡരിൻ ഓറിയൻ്റൽ ഹോട്ടൽ മുകേഷ് അംബാനി സ്വന്തമാക്കി. 248 റൂമുകളും സ്വീറ്റുകളുമുള്ള ഈ ഹോട്ടൽ പൂർണമായും സ്വന്തമാകുമ്പോൾ 2000 കോടി രൂപ മുടക്കാകും.

ഇപ്പോൾ ഹോട്ടലിൻ്റെ 73 ശതമാനം ഓഹരി 9.8 കോടി ഡോളറിനു വാങ്ങി. ഹോട്ടലിൻ്റെ 11.5 കോടി ഡോളർ കടം അംബാനി ഏറ്റെടുത്തു. ശിഷ്ട ഓഹരികളും ഇതേ വിലയ്ക്കു വാങ്ങും. മൻഹാട്ടൻ പ്രദേശത്തു കൊളംബസ് സർക്കിളിൽ ആണു ഹോട്ടൽ.

കഴിഞ്ഞ വർഷം ലണ്ടനിലെ ഒരു കൗണ്ടി ക്ലബ് (സ്റ്റാേക്ക് പാർക്ക്) 592 കോടി രൂപയ്ക്ക് അംബാനി വാങ്ങിയിരുന്നു. ഓബറോയ്, ട്രൈഡൻ്റ് ബ്രാൻഡുകളിൽ ഹോട്ടലുകൾ നടത്തുന്ന ഇഐഎച്ച് ലിമിറ്റഡിൽ റിലയൻസിനു 39 ശതമാനം ഓഹരിയുണ്ട്. 12 വർഷം മുൻപ് ഐടിസിയുടെ കൈയടക്കലിൽ നിന്ന് ഇഐഎച്ചിനെ രക്ഷിക്കാൻ ആണ് അംബാനി അതിൽ ഓഹരി എടുത്തത്.

നിത അംബാനി ഇഐഎച്ചിൽ ഡയറക്ടറാണ്. മുംബൈയിലെ ബാന്ദ്ര- കുർള കോംപ്ലക്സിൽ റിലയൻസ് ഒരു കൺവൻഷൻ സെൻ്ററും ഹോട്ടലും ഫ്ലാറ്റുകളും നിർമിക്കുന്നുണ്ട്. ഹോട്ടൽ ബിസിനസ് പുതിയൊരു ബിസിനസ് വെർട്ടിക്കൽ ആയി വളർത്തിയെടുക്കുകയാണ് അംബാനി.

ഇന്ത്യാ സിമൻ്റ്സിൽ ദമാനിക്കു ശ്രദ്ധ

ഇന്ത്യാ സിമൻ്റ്സ് ഓഹരി കഴിഞ്ഞയാഴ്ച 25 ശതമാനം ഉയർന്നു. സിമൻ്റ് വില കൂട്ടുന്നതു മാത്രമല്ല കാരണം. രാധാകൃഷണൻ ദമാനി ഇന്ത്യാ സിമൻ്റ്സിലെ നിക്ഷേപം വർധിപ്പിക്കുന്നതായി വിപണിയിൽ സംസാരമുണ്ട്.

ഗോൾഡ്മാൻ സാക്സ് നല്ല റിപ്പോർട്ട് നൽകിയതും വില പ്രതീക്ഷ വർധിപ്പിച്ചതും കെപിഐടി ടെക്നോളജിയുടെ വില 16 ശതമാനം കയറ്റി. വായ്പാ വിതരണം കുതിച്ചതും വിദേശ ബ്രോക്കറേജുകൾ വാങ്ങാൻ തുടങ്ങിയതും ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്കിൻ്റെ വില 15 ശതമാനം ഉയർത്തി.

പഞ്ചസാര ഓഹരികൾക്കു പൊതുവേ നേട്ടമായിരുന്നു. ബൽറാംപുർ ചീനി മിൽസ് 14 ശതമാനവും പഞ്ചസാരമില്ലിനു വേണ്ട യന്ത്രങ്ങൾ നിർമിക്കുന്ന പ്രാജ് ഇൻഡസ്ടീസ് 11 ശതമാനവും കയറി.

ബ്രോക്കറേജുകൾ അപ് ഗ്രേഡ് ചെയ്തതിനെ തുടർന്ന് സൺ ഫാർമ 13 ശതമാനവും ഗ്രാസിം 11 ശതമാനവും നേട്ടം കഴിഞ്ഞയാഴ്ച ഉണ്ടാക്കി.

This section is powered by Muthoot Finance


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it