ലാഭമെടുക്കൽ കരുതിയിരിക്കുക; മിഡ് ക്യാപ്പിൽ സംഭവിക്കുന്നത് എന്താണ്? സ്മോൾ ക്യാപ്പിൽ കൈ പൊള്ളുമോ? ക്രൂഡ് വീണ്ടും ഉയരുന്നു; വിലക്കയറ്റത്തിൽ ആശ്വാസം ഉണ്ടാകും

റിക്കാർഡുകൾ കുറിച്ചു മുന്നേറ്റം; ലാഭമെടുക്കലിൽ തിരിച്ചിറക്കം.ഈ പ്രവണത ഇന്നലെയും തുടർന്നു. എങ്കിലും മുഖ്യസൂചികകൾ ഇന്നലെ ചെറിയ ഉയർച്ചയാേടെ ക്ലോസ് ചെയ്തു.

പക്ഷേ മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികളുടെ കാര്യം അതല്ല. തുടർച്ചയായി താഴോട്ടാണ്. ലാഭമെടുക്കലിൻ്റെ വിൽപനസമ്മർദം ഒരു തിരുത്തലിലേക്കു നീങ്ങി എന്നാണു നിഗമനം. കുറേ മാസങ്ങളായി ഉയർച്ചയിലായിരുന്ന ഇടത്തരം കമ്പനികളിൽ നിന്നു വിദേശ ഫണ്ടുകൾ വിറ്റു മാറുകയാണ്.
പൊതുമേഖലാ ബാങ്കുകളിലും വിൽപന സമ്മർദം കൂടി. ഇന്നലെ ബാങ്ക് സൂചിക നാമമാത്രമായെങ്കിലും ഉയരാൻ സഹായിച്ചതു സ്വകാര്യമേഖലാ ബാങ്കുകളുടെ പ്രകടനമാണ്. രണ്ടു പൊതുമേഖലാ ബാങ്കുകൾ ഈ ധനകാര്യ വർഷം സ്വകാര്യവൽക്കരിക്കുമെന്ന പ്രഖ്യാപനം നടപ്പാകില്ലെന്ന ധാരണയും വിപണിയിൽ പടരുന്നുണ്ട്. ഐടി ഓഹരികളും ഉയരുന്നുണ്ട്.

റിക്കാർഡ് ഉയരത്തിൽ

ഇന്നലെ സെൻസെക്സ് 54,779.66 വരെ ഉയർന്നു പുതിയ റിക്കാർഡ് കുറിച്ച ശേഷം 54,554.66 ലാണു ക്ലോസ് ചെയ്തത്. നേട്ടം 151.81 പോയിൻ്റ്. നിഫ്റ്റി 16,359.35 വരെ കയറിയിട്ട് 16,280.1 ൽ ക്ലോസ് ചെയ്തു. നേട്ടം 21,85 പോയിൻ്റ്.
ഇന്നലെ യൂറോപ്യൻ ഓഹരികൾ ഉയർന്നു. അമേരിക്കയിൽ ഡൗ ജോൺസും എസ് ആൻഡ് പി യും ഉയർന്നപ്പോൾ നാസ്ഡാക് താഴോട്ടു പോയി. ഇന്നു രാവിലെ ഏഷ്യൻ വിപണികൾ നല്ല ഉണർവിലാണ്.

ഡെറിവേറ്റീവിൽ സൂചന താഴോട്ട്

സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വിപണിയിൽ എസ്ജി എക്സ് നിഫ്റ്റി ഇന്നലെ 16,290-ൽ ക്ലോസ് ചെയ്തിരുന്നു. ഇന്നു രാവിലെ 16,260 ലാണ് വ്യാപാരം തുടങ്ങിയത്. ഇന്ത്യൻ വിപണി ലാഭമെടുക്കലിൽ താഴോട്ടു നീങ്ങുമെന്ന സൂചനയാണ് ഡെറിവേറ്റീവ് വിപണി നൽകുന്നത്.
നിഫ്റ്റി 16,360 കടന്നാലേ 16,500-16,700 മേഖലയിലേക്കുള്ള കുതിപ്പിന് അരങ്ങ് ഒരുങ്ങൂ എന്ന് സാങ്കേതിക വിശകലനക്കാർ ചൂണ്ടിക്കാട്ടുന്നു. 16,350 ലും 16,440 ലും തടസങ്ങൾ പ്രതീക്ഷിക്കാം. 16,200-ലും 16,125 ലും ആണു സപ്പോർട്ട്. വിപണി മനോഭാവം ഇപ്പാേഴും ബുളളിഷ് ആണ്.
വിദേശ നിക്ഷേപകർ ഇന്നലെ ഓഹരികളിൽ നിന്ന് 178.51 കോടി രൂപ പിൻവലിച്ചു. അതേ സമയം സ്വദേശി ഫണ്ടുകൾ 689 കോടി രൂപ ഓഹരികളിൽ നിക്ഷേപിച്ചു.

ക്രൂഡ് വീണ്ടും കുതിപ്പിൽ

കോവിഡ് വ്യാപനത്തെപ്പറ്റിയുള്ള ആശങ്കകൾ അകന്നതോടെ ക്രൂഡ് ഓയിൽ വില വീണ്ടും കയറി. സാമ്പത്തിക വളർച്ചയക്കു തടസമില്ലെന്നാണ് വിപണിയുടെ വിലയിരുത്തൽ. ചൈനീസ് ഡിമാൻഡ് വർധിക്കുന്നുണ്ട്. ബ്രെൻ്റ് ഇനം വീപ്പയ്ക്ക് 70.8 ഡോളറായി. രണ്ടര ശതമാനം കുതിപ്പാണു വിലയിലുണ്ടായത്. വില ഇനിയും കൂടുമെന്നാണു സൂചന.
വ്യാവസായിക ലോഹങ്ങളുടെ വില ഇന്നലെ വർധിച്ചു. ലണ്ടൻ മെറ്റൽ എക്സ്ചേഞ്ചിൽ ചെമ്പിനും അലൂമിനിയത്തിനും ഒരു ശതമാനത്തിലേറെ കയറ്റമുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ വില കുറഞ്ഞിരുന്നതാണ്. ഇന്നലെ മെറ്റൽ, സ്റ്റീൽ ഓഹരികൾ താഴോട്ടു പോയിരുന്നു. അവ ഇന്നു തിരിച്ചു കയറിയേക്കാം.
സ്വർണം വീണ്ടും താഴോട്ടാണ്. ഇന്നലെ ഒരവസരത്തിൽ ഔൺസിന് 1717 ഡോളറിലേക്കു വില താണു. പിന്നീട് 1730-ലേക്കു കയറിയെങ്കിലും ഇന്നു രാവിലെ 1725 ലേക്കു താണു.
ഡോളർ സൂചിക 93 കടന്നു. സ്വർണ വില കുറയാൻ അതും കാരണമായി.
ഇന്നലെയും രൂപ താഴോട്ടു പോയി. ഡോളറിനു 17 പൈസ കൂടി 74.43 രൂപയായി.

മിഡ് ക്യാപ്- സ്മോൾ ക്യാപ് റാലി അവസാനിച്ചോ?

മിഡ് ക്യാപ്‌ സൂചിക ഇന്നലെ 1.09 ശതമാനവും സ്മോൾ ക്യാപ് സൂചിക 2.3 ശതമാനവും ഇടിഞ്ഞു. കഴിഞ്ഞ വർഷം മാർച്ചിനു ശേഷം സ്മോൾ ക്യാപ് സൂചിക 277.8 ശതമാനവും മിഡ് ക്യാപ് സൂചിക 217.8 ശതമാനവും ഉയർന്നതാണ്. അതേ സമയം സെൻസെക്സ് ഉയർന്നതു 185.1 ശതമാനം മാത്രം.
ഓഗസ്റ്റിൽ ഇതുവരെ സെൻസെക്സ് 3.7 ശതമാനം ഉയർന്നപ്പോൾ മിഡ് ക്യാപ് 1.4 ശതമാനവും സ്മോൾ ക്യാപ് 2.7 ശതമാനവും ഇടിയുകയായിരുന്നു. ഈ പ്രവണത തുടരുമെന്നാണു പല നിക്ഷേപ വിദഗ്ധരും പറയുന്നത്. വലിയ കമ്പനികളെ ഉൾപ്പെടുത്തിയുള്ള മുഖ്യസൂചികകളുടേതിലും താഴ്ന്ന പ്രകടനമേ ചെറുകിട, ഇടത്തരം കമ്പനികളിൽ നിന്ന് ഉണ്ടാകൂ എന്നതാണു കാലങ്ങളായുള്ള രീതി എന്നു പലരും ചൂണ്ടിക്കാട്ടുന്നു. സെൻസെക്സിനേക്കാൾ 50 ശതമാനം കൂടുതൽ നേട്ടം സ്മോൾ ക്യാപ്പുകൾ കഴിഞ്ഞ വർഷം നൽകി. ഇങ്ങനെ മുൻപു സംഭവിച്ചിട്ടില്ല.

വമ്പന്മാർക്കു പ്രീമിയം നിരക്ക്

ഒറ്റപ്പെട്ട ചെറുകിട-ഇടത്തരം ഓഹരികൾ വമ്പൻ നേട്ടം സമ്മാനിക്കാറുണ്ടെങ്കിലും അവ മൊത്തമായി മുഖ്യസൂചികകളെ മറികടക്കുന്നത് യുക്തിസഹമല്ലെന്നു കരുതുന്നവരുമുണ്ട്. വരും ആഴ്ചകളിൽ മിഡ്- സ്മോൾ ക്യാപ് സൂചികകൾ വലിയ തിരുത്തൽ കാണിക്കുമെന്ന് കരുതുന്ന നിക്ഷേപ ഉപദേഷ്ടാക്കൾ ഉണ്ട്. 2018 ലേതുപോലെ മിഡ്- സ്മോൾ ക്യാപ് ഓഹരികൾ ഇടിയുമെന്നാണ് അവരുടെ മുന്നറിയിപ്പ്.
വലിയ കമ്പനികൾക്കു വിപണിയിൽ എപ്പോഴും പ്രീമിയം വിലയിരുത്തൽ ഉണ്ട്. വലിയ പ്രസ്ഥാനം എന്ന നിലയിൽ നഷ്ടസാധ്യത കുറവായതുകൊണ്ടാണ് ചെറുകിട കമ്പനികളേക്കാൾ ഉയർന്ന വിലയിൽ (പി ഇ അനുപാതത്തിൽ) അവയുടെ ഓഹരികൾ വാങ്ങുന്നത്.

ചെറുതാണു സുന്ദരം

എന്നാൽ സമ്പദ്ഘടനയിൽ വരുന്ന മാറ്റങ്ങൾ മിഡ്- സ്മോൾ ക്യാപ് കമ്പനികൾക്കു കൂടുതൽ ഉയർന്ന വളർച്ചത്തോതു നൽകുന്നുണ്ടെന്നും അതാണു വിപണിയിൽ പ്രതിഫലിക്കുന്നതെന്നും ഒരു വാദമുണ്ട്. പുതിയ തരം സേവനങ്ങളും ഉൽപന്നങ്ങളും അതിവേഗ വളർച്ച നൽകുന്നു. വൻ കമ്പനികൾക്ക് അത്ര വേഗം പുതിയ ലാഭമേഖലകൾ കണ്ടെത്തി കുതിക്കാൻ കഴിയുന്നില്ല. ഐ ടി സേവന രംഗത്തെ ഇടത്തരം കമ്പനികളുടെ ഈയിടത്തെ വളർച്ചത്തോത് വമ്പന്മാർക്കു നേടാൻ സാധിക്കാത്തത് ഇതിനുദാഹരണമായി പറയാം.
ഏതായിരുന്നാലും നിക്ഷേപകർ വളരെ ജാഗ്രതയോടെ നീങ്ങേണ്ട സമയമാണിത്. നല്ല വളർച്ച സാധ്യത ഉള്ളവ ചെറുതാണ് എന്നതിൻ്റെ പേരിൽ കൈയൊഴിയരുത്. കുറഞ്ഞ വിലയ്ക്കു കിട്ടും എന്നതുകൊണ്ട് വാങ്ങിക്കൂട്ടുകയും ചെയ്യരുത്. 'ഇന്ദുലേഖയില്ലെങ്കിൽ ദാസിയായാലും മതി' എന്നത് ഓഹരി വിപണിയിൽ പറ്റിയ കാര്യമല്ല.

വിലക്കയറ്റത്തിൽ ആശ്വാസം

ജൂലൈയിലെ ചില്ലറ വിലക്കയറ്റ നിരക്കു നാളെ വൈകുന്നേരം അറിയാം. ജൂണിൽ 6.26 ശതമാനമായിരുന്നു വിലക്കയറ്റം. ജൂലൈയിലെ നിരക്ക് 5.65 ശതമാനമാകുമെന്നാണ് ഒരു ബിസിനസ് ചാനൽ വിദഗ്ധർക്കിടയിൽ നടത്തിയ സർവേയിലെ നിഗമനം. ചില്ലറ വിലക്കയറ്റം പരമാവധി ആറു ശതമാനമേ ആകാവൂ എന്നാണു റിസർവ് ബാങ്കിനു നൽകിയിട്ടുള്ള നിർദേശം. കഴിഞ്ഞ മാസങ്ങളിൽ പരിധിയിലധികമായിരുന്നു. ഇത്തവണ ആറു ശതമാനത്തിൽ താഴെയാകുന്നതു റിസർവ് ബാങ്കിന് ആശ്വാസമാകും. ജൂലൈ - സെപ്റ്റംബർ പാദത്തിൽ 5.9 ശതമാനം വിലക്കയറ്റമാണു റിസർവ് ബാങ്ക് പ്രതീക്ഷിക്കുന്നത്. വാർഷിക വിലക്കയറ്റ പ്രതീക്ഷ കഴിഞ്ഞ ദിവസം 5.7 ശതമാനത്തിലേക്ക് ഉയർത്തിയിരുന്നു.
ഭക്ഷ്യ എണ്ണ വിലയിലും പയറുവർഗങ്ങളുടെ വിലയിലും ചെറിയ കുറവുള്ളതാണ് വിലക്കയറ്റ നിരക്കു കുറയാൻ സഹായിക്കുന്നത്. കഴിഞ്ഞ വർഷം ജൂലൈയിൽ വിലക്കയറ്റം 6.93 ശതമാനം ഉണ്ടായിരുന്നതും ഇത്തവണ നിരക്കു മയപ്പെടാൻ സഹായിക്കും.
വിലക്കയറ്റം കുറഞ്ഞില്ലെങ്കിൽ പലിശ നിരക്കു വർധിപ്പിക്കാനുള്ള സമ്മർദം റിസർവ് ബാങ്കിനു മേൽ ഉണ്ടാകും. പലിശ കൂട്ടുന്നതു വളർച്ചയെ ബാധിക്കുമെന്നു ഗവണ്മെൻ്റ് ഭയപ്പെടുന്നു.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it