ഓഹരി സൂചികകൾ സർവ കാല റിക്കോർഡിൽ നിന്ന് ഇനി എങ്ങോട്ട്? ഐപി ഒ വിപണിയിൽ സംഭവിക്കുന്നതെ ന്ത്? വിലക്കയറ്റത്തിലെ ആശ്വാസം എത്ര നാൾ? വ്യവസായ വളർച്ച തിരിച്ചു വരുമോ?

അനിശ്ചിതത്വം മറികടന്നു പുതിയ റിക്കാർഡുകൾ കുറിച്ച് ഇന്ത്യൻ വിപണി കുതിക്കുകയാണ്. ഇന്നു ലാഭമെടുക്കലുകാരുടെ വിൽപന സമ്മർദമില്ലെങ്കിൽ വീണ്ടും ഉയരാനുള്ള സാഹചര്യമുണ്ട്. ചില്ലറ വിലക്കയറ്റം മുതൽ പല ഘടകങ്ങളും അനുകൂലമാണ്. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ കാര്യമായി രംഗത്തില്ലാതിരുന്നിട്ടും വിപണി കുതിച്ചു കയറിയത് ആത്മവിശ്വാസം വർധിപ്പിക്കുന്നു. സ്മോൾ- മിഡ് ക്യാപ് ഓഹരികൾ കഴിഞ്ഞ ദിവസങ്ങളിലെ നഷ്ടം നികത്തി മുന്നേറി.

ഇന്നലെ സെൻസെക്സ് 0.58 ശതമാനം (318.05 പോയിൻ്റ് ) കയറി 54,843.98 ലെത്തി. നിഫ്റ്റി 82.15 പോയിൻ്റ് (0.5 ശതമാനം) ഉയർന്ന് 16,364.4 ൽ ക്ലോസ് ചെയ്തു. രണ്ടും സർവകാല റിക്കാർഡ് ക്ലോസിംഗാണ്. മിഡ് ക്യാപ് സൂചിക 1.01 ശതമാനവും സ്മോൾ ക്യാപ് സൂചിക 2.12 ശതമാനവും ഉയർന്നു.
വിദേശ നിക്ഷേപകർ ഇന്നലെ ഓഹരികളിൽ നിന്ന് 212.11 കോടി രൂപ പിൻവലിച്ചു. സ്വദേശി ഫണ്ടുകൾ നിക്ഷേപിച്ചത് 307.75 കോടി രൂപ മാത്രം. റിക്കാർഡ് ഉയരത്തിൽ വിറ്റു ലാഭമെടുക്കുകയായിരുന്നു വിദേശികൾ. എന്നിട്ടും വിപണി കുതിച്ചത് റീട്ടെയിൽ നിക്ഷേപകരുടെ പിൻബലത്തിലാണ്.
വിപണി മനോഭാവം ബുളളിഷ് ആണെന്നും സൂചികകൾ ഉയരാനുള്ള പ്രവണതയാണു കാണിക്കുന്നതെന്നും സാങ്കേതിക വിശകലന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 16,400-ലും 16,430ലുമാണ് തടസം പ്രതീക്ഷിക്കുന്നത്. താഴെ 16,310 ലും 16,255ലും സപ്പോർട്ട് ഉണ്ട്.
ഇന്നലെ യൂറോപ്യൻ ഓഹരികൾ സമ്മിശ്ര ചിത്രമാണു കാഴ്ചവച്ചത്. അമേരിക്കൻ വിപണി ഉയർന്ന ശേഷം നേട്ടങ്ങൾ നഷ്ടപ്പെടുത്തി. നാമമാത്ര ഉയരത്തിലായിരുന്നു ക്ലോസിംഗ്. ഇന്നു രാവിലെ ഏഷ്യൻ വിപണികൾ ചെറിയ താഴ്ചയിലാണു തുടങ്ങിയത്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വിപണിയിൽ എസ്ജി എക്സ് നിഫ്റ്റി 16,380-ലാണ് ഇന്നലെ ക്ലോസ് ചെയ്തത്. ഇന്നു രാവിലെ 16,335- ലേക്കു താണു. ലാഭമെടുക്കലിനുള്ള വിൽപന സമ്മർദം മൂലം വിപണിയുടെ തുടക്കം താഴ്ചയോടെയാകാമെന്നു ഡെറിവേറ്റീവ് വിപണി കരുതുന്നു.
ക്രൂഡ് ഓയിൽ വില കാര്യമായ മാറ്റമില്ലാതെ തുടർന്നു. ചൈനയിലെ വലിയ കണ്ടെയ്നർ തുറമുഖങ്ങളിലൊന്ന് കോവിഡ് മൂലം അടച്ചത് വിപണി മനോഭാവത്തെ ബാധിച്ചാൽ ക്രൂഡ് അൽപം താഴേക്കു നീങ്ങും. ബ്രെൻ്റ് ഇനം വീപ്പയ്ക്ക് 70.94 ഡോളറിലേക്കു താണു.
സ്വർണ വിപണി ഉയർന്ന നിലവാരം ഉറപ്പിക്കാൻ ശ്രമിക്കുകയാണ്. ഇന്നലെ 1742-1758 ഡോളർ മേഖലയിൽ കയറിയിറങ്ങി. ഇന്നു രാവിലെ 1755 ഡോളറിൽ വ്യാപാരം നടക്കുന്നു.
വ്യാവസായിക ലോഹങ്ങൾക്ക് ഇന്നലെ ചെറിയ ഇടിവുണ്ട്. ചൈനയിലെ തുറമുഖത്തു കോവിഡ് പടർന്നതും ലാഭമെടുക്കലുമാണു കാരണം.

ചില്ലറ വിലക്കയറ്റത്തിലെ ആശ്വാസം നീണ്ടു നിൽക്കുമോ?

ചില്ലറ വിലസൂചിക (സിപിഐ) ആധാരമാക്കിയുള്ള വിലക്കയറ്റം ജൂലൈയിൽ 5.59 ശതമാനമായി കുറഞ്ഞു. മേയിൽ 6.3 ശതമാനവും ജൂണിൽ 6.2 ശതമാനവുമായിരുന്നു വിലക്കയറ്റം. റിസർവ് ബാങ്കിൻ്റെ 'സഹന' പരിധിക്കപ്പുറമായിരുന്ന ആ നിലവാരത്തിൽ നിന്നുള്ള താഴ്ച ആശ്വാസകരമാണ്.
ഭക്ഷ്യവിലകളിലെ ഇടിവാണു നിരക്കു താഴാൻ സഹായിച്ചത്. ജൂണിലെ 5.15 ശതമാനത്തിൽ നിന്ന് 3.96 ശതമാനമായി ഭക്ഷ്യവിലക്കയറ്റം താണു. പച്ചക്കറികൾ, പഴങ്ങൾ, ഭക്ഷ്യ എണ്ണ, പയറുവർഗങ്ങൾ, പഞ്ചസാര എന്നിവയുടെ വില കുറഞ്ഞു.
ഇന്ധന വിലവർധന അൽപം താണെങ്കിലും ഉയർന്നു തന്നെ തുടരുന്നു. പെട്രോളിന് 23.1 ശതമാനവും ഡീസലിന് 22.71 ശതമാനവുമാണ് വിലക്കയറ്റം.
ഭക്ഷ്യ, ഇന്ധന വിലകൾ ഒഴിവാക്കിയുള്ള കാതൽ വിലക്കയറ്റം 5.9 ശതമാനത്തിൽ നിന്ന് 5.7 ശതമാനമായി മാത്രമാണു കുറഞ്ഞത്. വ്യാവസായിക അസംസ്കൃത പദാർഥങ്ങളുടെ വില വർധനയുടെ ഫലമാണത്. മൊത്തവില സൂചിക ഉയർന്നു നിൽക്കുന്നത് കാതൽ വിലക്കയറ്റം പെട്ടെന്നു താഴില്ല എന്നു കാണിക്കുന്നു. ഇത് ആശങ്കാജനകമാണ്. അടുത്ത മാസങ്ങളിലും വിലക്കയറ്റം അഞ്ചു ശതമാനത്തിനു മുകളിലാകും എന്ന റിസർവ് ബാങ്കിൻ്റെ നിഗമനം ഈ പശ്ചാത്തലത്തിലാണ്. ഏതെങ്കിലും ഇനങ്ങളുടെ ലഭ്യതയിൽ പ്രശ്നമുണ്ടായാൽ വീണ്ടും ആറു ശതമാനത്തിനു മുകളിലേക്കു വിലക്കയറ്റം കൂടും.
വിലക്കയറ്റം ആറു ശതമാനത്തിനു താഴെ നിൽക്കുന്നതു പലിശവർധന അകന്നുപോകാൻ സഹായിക്കും.

വ്യവസായ വളർച്ച മാന്ദ്യത്തിൽ തന്നെ

ജൂണിലെ വ്യവസായ ഉൽപാദന സൂചിക (ഐഐപി) 13.6 ശതമാനം ഉയർന്നു. ഒട്ടും തൃപ്തികരമല്ല ഈ കണക്ക്. ലോക്ക് ഡൗൺ കാലമായിരുന്ന 2020 ജൂണുമായുള്ള താരതമ്യത്തിലാണ് ഈ വളർച്ച. ആ ജൂണിൽ ഐഐപി 16.6 ശതമാനം കുറഞ്ഞതാണ്. എന്നാൽ ലോക്ക് ഡൗൺ ഇല്ലാതിരുന്ന 2019 ജൂണുമായി താരതമ്യപ്പെടുത്തുമ്പോൾ 13.4 ശതമാനം കുറവാണ് ഉൽപ്പാദനം.
ഈ വർഷം ഏപ്രിലിൽ 13 . 4 ശതമാനവും മേയിൽ 28.6 ശതമാനവും വർധന ഐഐപി യിൽ ഉണ്ടായിരുന്നു. ഏപ്രിൽ-ജൂൺ ത്രൈമാസത്തിലെ വർധന 45 ശതമാനമാണ്. തലേവർഷം ഇക്കാലത്ത് 35.6 ശതമാനം ഇടിവുണ്ടായിരുന്നു. ഇപ്പോഴത്തെ 45 ശതമാനം വർധനയ്ക്കു ശേഷവും ഒന്നാം പാദത്തിലെ വ്യവസായ ഉൽപാദനം 2019 ഏപ്രിൽ-ജൂണിനെ അപേക്ഷിച്ച് 6.6 ശതമാനം കുറവാണ്. കോവിഡ് ആഘാതത്തിൽ നിന്നു പഴയ നിലവാരത്തിലേക്ക് ഉൽപാദനം എത്തിക്കാൻ ഇനിയും ഏറെ ദൂരം പോകണം എന്നു ചുരുക്കം.
ഫാക്ടറി ഉൽപാദനം, യന്ത്ര നിർമാണം തുടങ്ങിയവയിലാണു തളർച്ച കൂടുതൽ. ഫാക്ടറി ഉൽപാദനം 2019 ജൂണിനെ അപേക്ഷിച്ച് 16.4 ശതമാനം കുറവാണ്.

ടാറ്റാ സ്റ്റീൽ കുതിച്ചതിനു പിന്നിൽ

ടാറ്റാ സ്റ്റീലിൻ്റെ ഒന്നാം പാദ റിസൽട്ട് തകർപ്പനായി. 4417 കോടി രൂപ നഷ്ടത്തിൽ നിന്ന് 8907 കോടി രൂപയുടെ അറ്റാദായത്തിലേക്കു കമ്പനി എത്തി. തലേ പാദത്തിൽ 6644 കോടിയായിരുന്നു അറ്റാദായം.
യൂറോപ്പിലെ സ്റ്റീൽ വിൽപന 17.4 ശതമാനവും ഇന്ത്യയിലേത് 41.6 ശതമാനവും വർധിച്ചു. മൊത്തം സ്റ്റീൽ വിപണിയിലെ കുതിപ്പാണു ടാറ്റാ സ്റ്റീലിനെ സഹായിച്ചത്. മലിനീകരണ നിയന്ത്രണമടക്കമുള്ള നിബന്ധനകൾ ചൈനയിലെ സ്റ്റീൽ ഉൽപാദനം കുറച്ചിരുന്നു. അതാണു സ്റ്റീൽ വിപണിയെ സഹായിച്ചത്. ചൈന ഇനിയും ഉൽപാദനം വർധിപ്പിച്ചിട്ടില്ല.

ഐപിഒ തരംഗത്തിനു തീവ്രത കുറയുന്നു

ഐപിഒ തരംഗത്തിന് നേരിയ മാന്ദ്യം വരുന്നതായി സൂചന. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് ഈയാഴ്ചത്തെ ഐപിഒകൾക്കു ഡിമാൻഡ് കുറവായി. കഴിഞ്ഞയാഴ്ച നാല് ഐപിഒകൾ ഉണ്ടായിരുന്നു. നാലിനും കൂടി 1.04 കോടി അപേക്ഷകൾ ഉണ്ടായി. ഇത്തവണയും നാല് ഐപിഒ കൾ. നാലിനും കൂടി ലഭിച്ചത് 37.44 ലക്ഷം അപേക്ഷകൾ.
കഴിഞ്ഞയാഴ്ച ദേവയാനി ഇൻ്റർനാഷണലിന് 117 മടങ്ങും കൃഷ്ണാ ഡയഗ്നോസ്റ്റിക്സിന് 64- ഓളം മടങ്ങും അപേക്ഷകൾ കിട്ടി. മറ്റു രണ്ടെണ്ണത്തിന് 22 മടങ്ങിലധികവും. ഈയാഴ്ച ഏറ്റവും കൂടുതൽ വന്നത് 20.3 മടങ്ങാണ് - കാർ ട്രേഡിന്. നുവോകോ വിസ്റ്റാസിന് 1.7 മടങ്ങ് അപേക്ഷകളേ ലഭിച്ചുള്ളു.

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it