ഭീതിയില്ലാതെ ബുള്ളുകൾ; മൊത്തവിലക്കയറ്റം കുറയുന്നതിനു പിന്നിൽ; ബാങ്ക് ഓഹരികളെ കൈവിടുന്നതിൻ്റെ കാരണം; ജിഡിപി എത്ര വളരും?

ആരൊക്കെ എന്തൊക്കെ മുന്നറിയിപ്പുകൾ നൽകിയാലും വിപണിയുടെ മുന്നേറ്റത്തിന് മാറ്റമില്ല. അതാണ് ഇന്നലെയും കണ്ടത്. വിപണിയിലേക്കു പണം വരുന്നു. ഓഹരികൾക്കു വില കൂടുന്നു. ബുള്ളുകൾ ഭീതിയില്ലാതെ വ്യാപാരം തുടരുന്നു.

ഇന്നലെ രാവിലെ ഏഷ്യൻ സൂചനകളുടെ ചുവടു പിടിച്ചു താഴോട്ടു നീങ്ങിയാണ് ഓഹരി വ്യാപാരം തുടങ്ങിയത്. പക്ഷേ താമസിയാതെ ബുള്ളുകൾ കളം പിടിച്ചു. ലാഭമെടുക്കലിനായുള്ള വിൽപന സമ്മർദം ഉണ്ടായെങ്കിലും മുഖ്യ സൂചികകൾ നേട്ടത്തോടെ ക്ലോസ് ചെയതു. സെൻസെക്സ് 145.29 പോയിൻ്റ് കയറി 55,582.58 ലും നിഫ്റ്റി 33.95 പോയിൻ്റ് ഉയർന്ന് 16,563.05ലും ക്ലോസ് ചെയ്തു.
ഇന്നലെ യൂറോപ്യൻ ഓഹരികൾ പൊതുവേ താഴ്ചയിലാണു ക്ലോസ് ചെയ്തത്. അമേരിക്കൻ വിപണിയും താഴ്ചയിൽ തുടങ്ങി.എന്നാൽ ഒടുവിൽ ചെറിയ ഉയർച്ചയോടെ ക്ലോസ് ചെയ്തു. നാസ്ഡാക് സൂചിക താഴോട്ടു പോയി. ഇന്നു രാവിലെ ഡൗജോൺസ് ഫ്യൂച്ചേഴ്സ് താഴ്ചയിലാണ്. ഏഷ്യൻ ഓഹരികൾ ചെറിയ ഉണർവോടെയാണു വ്യാപാരം തുടങ്ങിയത്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വിപണിയിൽ എസ്ജി എക്സ് നിഫ്റ്റി ഇന്നലെ 16,612 ലാണു ക്ലോസ് ചെയ്തത്. വിപണി ഉയരുമെന്ന സൂചനയാണ് ഇതു നൽകുന്നത്.
വിദേശ നിക്ഷേപകർ ഇന്നലെ 1082 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. എന്നാൽ ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസിൽ 2054 കോടി രൂപയ്ക്കു വാങ്ങുകയും ചെയ്തു. സ്വദേശി ഫണ്ടുകൾ 506.21 കോടിയുടെ നിക്ഷേപം നടത്തി.

ചൈനീസ് വളർച്ച കുറഞ്ഞു; ക്രൂഡ് താണു

ക്രൂഡ് ഓയിൽ വില വീണ്ടും താഴോട്ടായി. ഏഷ്യൻ രാജ്യങ്ങളിലെ ഇന്ധന ഡിമാൻഡ് കുറയുമെന്നാണു സൂചന. ചൈനയുടെ വ്യവസായ വളർച്ച കുറഞ്ഞു. ജപ്പാനിലടക്കം കോവിഡ് വ്യാപനം ഉയർന്ന തോതിലാണ്. ഇതെല്ലാം വില താഴ്ത്തുന്ന ഘടകങ്ങളായി. ബ്രെൻ്റ് ഇനം ക്രൂഡ് വീപ്പയക്ക് ഒന്നര ശതമാനം വിലയിടിഞ്ഞ് 69.42 ഡോളറായി.
സ്വർണം ചെറിയ നേട്ടമുണ്ടാക്കി. ഇന്നലെ 1770-1790 ഡോളർ മേഖലയിൽ കയറിയിറങ്ങിയ മഞ്ഞലോഹം ഇന്നു രാവിലെ 1788 ഡോളറിലാണ്. വില ഔൺസിന് 1800 ഡോളറിലെത്തുമ്പോൾ വിൽപന സമ്മർദമുണ്ടാകുമെന്നാണു സൂചന.
ചൈനയിൽ വ്യവസായ വളർച്ച കുറഞ്ഞെന്ന കണക്കു വ്യാവസായിക ലോഹങ്ങളുടെ വില ഇടിച്ചു. അലൂമിനിയം മാത്രമാണ് ഇന്നലെ അൽപം ഉയർന്നത്.

ചെറിയ ഓഹരികൾക്കു പ്രിയം കുറയുന്നു

കുറേ ദിവസം മുമ്പുവരെ കുതിച്ചു കയറിയിരുന്ന സ്മോൾ- മിഡ് ക്യാപ് ഓഹരികൾ ഇപ്പാേൾ ആർക്കും വേണ്ടെന്നായിരിക്കുന്നു. അവ ദിവസേന താഴോട്ടു പോകുന്നു. മുഖ്യ സൂചികകൾ പുതിയ റിക്കാർഡ് കുറിക്കുമ്പോഴും വിപണിയിൽ കയറുന്ന ഓഹരികളുടെ ഇരട്ടി എണ്ണം താഴുന്നത് അതുകൊണ്ടാണ്.
ഇന്നലെ മിഡ് ക്യാപ് സൂചിക 0.34 ശതമാനവും സ്മോൾ ക്യാപ് സൂചിക 0.78 ശതമാനവും താഴ്ന്നാണ് ക്ലോസ് ചെയ്തത്. ഇത്തരം കമ്പനികളിൽ മുമ്പുണ്ടായിരുന്ന ആവേശം ഈ ദിവസങ്ങളിൽ നഷ്ടമായി. ഐപിഒകളുടെ കാര്യത്തിലും ഇപ്പോൾ വലിയ താൽപര്യം കാണുന്നില്ല. ഇന്നലെ നാലെണ്ണം ലിസ്റ്റ് ചെയ്തതിൽ ദേവയാനി ഇൻ്റർനാഷണൽ മാത്രമാണു ഗണ്യമായ നേട്ടം ഉണ്ടാക്കിയത്.

ബാങ്കുകൾക്ക് ഇനി പ്രശ്നകാലമോ?

ബാങ്ക് നിഫ്റ്റിയും 0.21 ശതമാനം താണു. ഒരു വർഷമായി മുഖ്യസൂചികകളെ പിന്തള്ളി ഉയർന്നു പോന്നതാണു ബാങ്ക് നിഫ്റ്റി. 2020 മാർച്ച് - 2021 ഫെബ്രുവരി കാലയളവിൽ നിഫ്റ്റി 69 ശതമാനം ഉയർന്നപ്പോൾ ബാങ്ക് നിഫ്റ്റി 80 ശതമാനമാണു കുതിച്ചത്. ഇത്തവണ ബാങ്കുകളുടെ ഒന്നാം പാദ റിസൽട്ട് പ്രതീക്ഷകളെ മറികടക്കുന്നതായിരുന്നു. ബാങ്കുകളുടെ മൊത്തം അറ്റാദായം 66 ശതമാനം വർധിച്ച് 33,000 കോടി രൂപയ്ക്കു മുകളിലെത്തി. കിട്ടാക്കടങ്ങളും കുറഞ്ഞു. എന്നാൽ മുന്നാേട്ടു കാര്യങ്ങൾ പന്തിയല്ലെന്ന നിഗമനമാണു ബ്രോക്കറേജുകൾക്കുള്ളത്. ലാഭം കൂടിയെങ്കിലും വരുമാനത്തിൽ കാര്യമായ വർധന ബാങ്കുകൾ കാണിച്ചില്ല. റീട്ടെയിൽ വായ്പകളുടെ തിരിച്ചടവിൽ പ്രശ്നങ്ങൾ കൂടുന്നതും വായ്പാവർധന കുറയുന്നതും നിരീക്ഷകർ ആശങ്കയോടെയാണു കാണുന്നത്.

മൊത്തവിലക്കയറ്റം കുറയുന്നതിൽ ആശ്വസിക്കണോ?

മൊത്തവില സൂചിക (WPI) ആധാരമാക്കിയുള്ള വിലക്കയറ്റം ജൂലൈയിൽ 11.16 ശതമാനമായി താണു. ജൂണിൽ 12.07 ശതമാനവും മേയിൽ 12.94 ശതമാനവുമായിരുന്നു ഈ വിലക്കയറ്റം.
വിലക്കയറ്റം കുറഞ്ഞുവെന്നു കാണിക്കുമ്പോഴും ആശങ്ക കുറഞ്ഞിട്ടില്ല. ഭക്ഷ്യവസ്തുക്കളുടെയും ഇന്ധനത്തിൻ്റെയും വിലയിലെ കുറവാണു സൂചികയിൽ കണ്ടത്. ഫാക്ടറി ഉൽപന്നങ്ങളുടെ വിലക്കയറ്റം ഉയരുകയാണു ചെയ്തത്. ജൂണിൽ 10.88 ശതമാനമയിരുന്നത് ജൂലൈയിൽ 11.2 ശതമാനമായി ഉയർന്നു. ലോഹങ്ങൾ അടക്കമുള്ള അസംസ്കൃത പദാർഥങ്ങളുടെ വിലക്കയറ്റം ഫാക്ടറി ഉൽപന്നങ്ങളുടെ വില വർധിപ്പിക്കുന്നു.
കഴിഞ്ഞ വർഷം ലോക്ക് ഡൗൺ കാലത്ത് മൊത്തവിലകൾ കുറയുകയോ മാറ്റമില്ലാതെ തുടരുകയോ ചെയ്തതാണ്. 2020 ജൂലൈയിൽ മൊത്ത വില സൂചിക 0.25 ശതമാനം കുറയുകയായിരുന്നു. അതുമായുള്ള താരതമ്യത്തിൽ വിലക്കയറ്റത്തിൻ്റെ തോത് ഉയർന്നു നിൽക്കുക സ്വാഭാവികമാണ്.
ഭക്ഷ്യ വിലക്കയറ്റം ജൂലൈയിൽ പൂജ്യം ആയി കുറഞ്ഞു. ജൂണിൽ 3.09 ശതമാനമായിരുന്നു. എന്നാൽ സവാള വിലക്കയറ്റം 72 ശതമാനത്തിലേക്ക് ഉയർന്നു.

ജിഡിപി വളർച്ചയിലെ പ്രതീക്ഷ

ഏപ്രിൽ-ജൂൺ ഒന്നാം പാദത്തിലെ ജിഡിപി വളർച്ച സംബന്ധിച്ച ഔദ്യോഗിക എസ്റ്റിമേറ്റ് ഓഗസ്റ്റ് 30-നു നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻഎസ്ഒ) പുറത്തുവിടും. കഴിഞ്ഞ വർഷം ഒന്നാം പാദത്തിൽ ലോക്ക് ഡൗൺ മൂലം ജിഡിപി 24.4 ശതമാനം ഇടിഞ്ഞതാണ്. ഈ റിക്കാർഡ് ഇടിവിൽ നിന്ന് ഇത്തവണ ഒന്നാം പാദത്തിൽ 29 ശതമാനം വളരുമെന്നാണു നേരത്തേ പ്രതീക്ഷിച്ചത്. എന്നാൽ കോവിഡിൻ്റെ രണ്ടാം തരംഗം രാജ്യത്തു പലേടത്തും ലോക്ക് ഡൗണുകൾക്ക് ഇടയാക്കി. ഇതേ തുടർന്ന് വളർച്ച പ്രതീക്ഷ വെട്ടിക്കുറയ്ക്കേണ്ടി വന്നു. റിസർവ് ബാങ്ക് ഇപ്പോൾ പ്രതീക്ഷിക്കുന്നത് 21.4 ശതമാനം വളർച്ചയാണ്.
വിവിധ റേറ്റിംഗ് ഏജൻസികളും ബ്രോക്കറേജുകളും ഒന്നാം പാദ വളർച്ചയുടെ നിഗമനത്തിൽ വലിയ അന്തരമാണു കാണിക്കുന്നത്. കെയർ റേറ്റിംഗ്സ് 13.1 ശതമാനം പ്രതീക്ഷിക്കുമ്പോൾ ക്വാൻ്റ് ഇക്കോ 23 ശതമാനം കണക്കാക്കുന്നു. ബാർക്ലേയ്സ് 14.9 ശതമാനം കാണുന്ന സ്ഥാനത്ത് പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് 22 ശതമാനം പ്രതീക്ഷിക്കുന്നു. ഇന്ത്യാ റേറ്റിംഗ്സിൻ്റെ നിഗമനം 15.3 ശതമാനം. ക്രിസിൽ 19 ശതമാനം പ്രതീക്ഷിക്കുന്നു. എസ്ബിഐ കണക്കാക്കുന്നത് 18 ശതമാനം വളർച്ചയാണ്.

മൊത്ത ഉൽപന്ന കണക്കും മൊത്ത മൂല്യവർധനയും തമ്മിൽ

നികുതി പിരിവ്, കമ്പനികളുടെ കണക്കുകൾ, സർക്കാർ ചെലവ്, റെയിൽവേ ചരക്കുനീക്കം തുടങ്ങിയവ എല്ലാം പരിഗണിച്ചാണു വളർച്ച നിഗമനത്തിൽ എത്തുന്നത്. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാത്ത കമ്പനികളുടെ കണക്കുകൾ ആദ്യ എസ്റ്റിമേറ്റിൽ വരില്ല. അവ ഉൾപ്പെടുത്തിയ വിശദ കണക്ക് ഒരു വർഷം കൂടി കഴിഞ്ഞേ തയാറാകൂ.
ഇത്തവണ ഒന്നാം പാദത്തിൽ നികുതി പിരിവിൽ വലിയ വർധന ഉള്ളതുമൂലം ജിഡിപി ( മൊത്ത ദേശീയ ഉൽപന്നം) എസ്റ്റിമേറ്റ് യഥാർഥ വളർച്ചയിലും അൽപം കൂടുതലാകുമെന്നു വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. മൊത്ത മൂല്യവർധന (GVA) ആണു നോക്കേണ്ടത് എന്നാണു വിദഗ്ധർ പറയുന്നത്. ജിവിഎയോട് സബ്സിഡികൾ കഴിച്ച ശേഷമുള്ള പരോക്ഷ നികുതി വരുമാനം ചേർത്തുള്ളതാണ് ജിഡിപി.

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it