Begin typing your search above and press return to search.
ലാഭമെടുക്കലിൽ താഴ്ച; അനിശ്ചിതത്വം മാറാൻ കാത്തിരിപ്പ്; ലോഹങ്ങൾ ഇടിയുന്നു; ആശങ്കയോടെ കറൻസികൾ
റിക്കാർഡ് ഉയരത്തിലെത്തിയ ശേഷം ലാഭമെടുക്കലിൻ്റെ വിൽപന സമ്മർദം. നാലു ദിവസം തുടർച്ചയായി ഉയർന്ന മുഖ്യസൂചികകൾ ചെറിയ താഴ്ചയോടെ ബുധനാഴ്ച ക്ലോസ് ചെയ്തു.
ഇന്നത്തെ അവധിക്കു ശേഷം നാളെ വിപണി പ്രവർത്തനം തുടങ്ങുമ്പോൾ ആഗോളതലത്തിലെ ചില അനിശ്ചിതത്വങ്ങൾ മാറും എന്നാണു പ്രതീക്ഷ. അമേരിക്കൻ ഫെഡറൽ റിസർവ് ബോർഡിൻ്റെ (ഫെഡ്) പണനയ കമ്മിറ്റിയുടെ ജൂലൈയിലെ യോഗത്തിൻ്റെ മിനിറ്റ്സ് ഇന്നലെ പുറത്തു വന്ന ശേഷം വിപണി വല്ലാതെ ഉലഞ്ഞു. ഇന്ന് വിശദമായ വിലയിരുത്തലുകൾക്കു ശേഷം വിപണി ശരിയായ ദിശാബോധം കാണിച്ചേക്കും.
ഉൽപന്ന വിപണികളും ഉലച്ചിലിലാണ്. ക്രൂഡ് ഓയിൽ വീണ്ടും താണു. വ്യാവസായിക ലോഹങ്ങൾ ഇടിഞ്ഞു.
റിക്കാർഡിലെത്തി മടങ്ങി
ബുധനാഴ്ച സെൻസെക്സ് 56,000 മറികടന്ന ശേഷമാണു താഴോട്ടു നീങ്ങിയത്. 56,118.57 എന്ന പുതിയ റിക്കാർഡും കുറിച്ചു. ഒടുവിൽ തലേന്നത്തേതിൽ നിന്ന് 162.78 പോയിൻ്റ് താണ് 55,629.49 ൽ ക്ലോസ് ചെയ്തു. 16,701.85 എന്ന റിക്കാർഡ് ഉയരത്തിൽ എത്തിയ ശേഷം നിഫ്റ്റി 45.75 പോയിൻ്റ് നഷ്ടത്തിൽ 16,568.85 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകളും താഴുകയായിരുന്നു. മുഖ്യസൂചികകളെ അപേക്ഷിച്ച് കൂടുതൽ വേഗമാണ് അവയുടെ താഴ്ച.
ബാങ്ക്, ധനകാര്യ, ഐടി ഓഹരികളിലെ വിൽപന സമ്മർദമാണ് സൂചികകളെ വലിച്ചു താഴ്ത്തിയത്. രാവിലെ അവ മികച്ച നേട്ടം ഉണ്ടാക്കിയവയായിരുന്നു. പിന്നീടു ലാഭമെടുക്കലിനു ഫണ്ടുകൾ വിൽപന നടത്തി.
വിദേശികളും സ്വദേശികളും വിറ്റൊഴിഞ്ഞു
വിദേശ നിക്ഷേപകരും സ്വദേശ നിക്ഷേപ ഫണ്ടുകളും ഒരു പോലെ വിൽപനയക്കിറങ്ങി എന്നതാണു ബുധനാഴ്ച കണ്ടത്. വിദേശനിക്ഷേപകർ ഓഹരികളിൽ നിന്ന് 595.72 കോടി രൂപ പിൻവലിച്ചപ്പോൾ സ്വദേശി ഫണ്ടുകൾ 729.49 കോടി രൂപയുടെ ഓഹരികൾ വിറ്റു.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വിപണിയിൽ എസ്ജി എക്സ് നിഫ്റ്റി ഇന്നലെ 16,437 ലാണു ക്ലോസ് ചെയ്തത്. യുഎസ് ഫെഡ് കമ്മിറ്റിയുടെ മിനിറ്റ്സ് പുറത്തു വന്ന ശേഷമാണു ഡെറിവേറ്റീവ് വിപണി ക്ലോസ് ചെയ്തത്. മിനിറ്റ്സിലെ സൂചനകൾ ഓഹരി വിപണിക്ക് അത്ര നല്ലതല്ലെന്നു ഡെറിവേറ്റീവ് വ്യാപാരികൾ വിലയിരുത്തി.
ഫെഡ് മിനിറ്റ്സ് അനിശ്ചിതത്വം കൂട്ടി
ഫെഡിൻ്റെ പണനയം തീരുമാനിക്കുന്ന ഫെഡറൽ ഓപ്പൺ മാർക്കറ്റ്സ് കമ്മിറ്റി (എഫ്ഒഎംസി) മിനിറ്റ്സ് അനിശ്ചിത ചിത്രമാണു നൽകിയത്. പലിശ നിരക്ക് ഉയർത്തൽ ഉടനെ ഉണ്ടാകുമെന്നു മിനിറ്റ്സിൽ സൂചനയില്ല. എന്നാൽ ഫെഡ് നടത്തുന്ന കടപ്പത്രം വാങ്ങൽ പദ്ധതിയുടെ വലുപ്പം കുറയ്ക്കൽ ഡിസംബറിനു മുമ്പു ചർച്ച ചെയ്യും. യുഎസ് സാമ്പത്തിക വളർച്ച തൃപ്തികരമായിട്ടില്ല. ചില മേഖലകളിലെ വിലക്കയറ്റം അമിതമാണ്.പക്ഷേ തൊഴിലുകൾ വേണ്ടത്ര വർധിച്ചിട്ടില്ല.
ചുരുക്കത്തിൽ കടപ്പത്രം വാങ്ങലിൻ്റെ തോത് 2022 ആദ്യം കുറച്ചേക്കും. ഇപ്പാേൾ മാസം 12,000 കോടി ഡോളറിൻ്റെ കടപ്പത്രങ്ങൾ ഫെഡ് വാങ്ങുന്നുണ്ട്. ഇതു പകുതിയാക്കാനാണു സാധ്യത. പലിശ നിരക്കിലെ മാറ്റം കുറേക്കാലം കൂടി കഴിഞ്ഞു മാത്രമേ ഉണ്ടാകൂ.
നിക്ഷേപങ്ങൾ മടങ്ങിപ്പോകും; കറൻസികൾ ഉലയും
കടപ്പത്രം വാങ്ങൽ കുറയുമ്പോൾ പരോക്ഷമായി പലിശനിരക്ക് ഉയരാനുള്ള പ്രേരണയാകും. ആദ്യം കടപ്പത്രവിലകൾ താഴുകയും അവയിലെ നിക്ഷേപനേട്ടം (yield) ഉയരുകയും ചെയ്യും.
ഇവ സംഭവിക്കുമ്പോൾ വികസ്വര രാജ്യങ്ങളിലെ യുഎസ് നിക്ഷേപങ്ങൾ അമേരിക്കയിലേക്കു മടങ്ങും. അമേരിക്കൻ കടപ്പത്രങ്ങളിലെ നിക്ഷേപത്തിനു പ്രിയം കൂടും. പലിശ വർധന കമ്പനികൾക്കു നല്ലതല്ലെങ്കിലും കടപ്പത്ര വിപണിക്കു നേട്ടമാണ്.
ഇതിനൊപ്പം ഇന്ത്യൻ രൂപയടക്കം വികസ്വര രാജ്യങ്ങളുടെ കറൻസികൾക്കും പ്രശ്നമാകും. ഡോളറിനു നിരക്കു കൂടും. 2013-ൽ കടപ്പത്രം വാങ്ങൽ കുറയ്ക്കുമെന്ന ഭീതി പരന്നപ്പോൾ രൂപയുടെ നിരക്ക് 20 ശതമാനത്തോളം താണതാണ്. ഇന്ത്യയിലെ ഓഹരികളിലും കടപ്പത്രങ്ങളിലുമുള്ള നിക്ഷേപം പിൻവലിക്കുന്ന വിദേശികൾക്കു ഡോളർ നൽകുമ്പോൾ വിദേശനാണ്യശേഖരവും കുറയും.
മിനിറ്റ്സ് പുറത്തു വന്ന ശേഷം യുഎസ് ഓഹരികൾ താഴാേട്ടു പോയി. ഡൗ ജോൺസ്, എസ് ആൻഡ് പി, നാസ്ഡാക് സൂചികകൾ ഒരു ശതമാനത്തിലേറെ താഴ്ന്നാണു ക്ലോസ് ചെയ്തത്.
ഇന്നു രാവിലെ ഏഷ്യൻ വിപണികളും താഴ്ചയിലാണു വ്യാപാരം തുടങ്ങിയത്. ജപ്പാനിലെ നിക്കെെ തുടക്കത്തിൽ അര ശതമാനം ഇടിഞ്ഞു.
സ്വർണവും ക്രൂഡും താഴാേട്ട്
ഫെഡ് മിനിറ്റ്സ് സ്വർണ വിപണിയെ സഹായിച്ചില്ല. സ്വർണം ഔൺസിന് 1775-1795 ഡോളർ മേഖലയിൽ കയറിയിറങ്ങി. ഇന്നു രാവിലെ 1785 ഡോളറിലാണു സ്വർണ വ്യാപാരം.
ക്രൂഡ് ഓയിൽ വിലയും താഴോട്ടാണ്. കോവിഡ് വ്യാപനം മുതൽ വളർച്ചയ്ക്കു തടസമാകുന്ന പല ഘടകങ്ങളുമാണ് വിപണിയെ വലിച്ചു താഴ്ത്തുന്നത്. ബ്രെൻ്റ് ഇനം ക്രൂഡിൻ്റെ വില രണ്ടര ശതമാനം താണ് 67.35 ഡോളറിലെത്തി.
വ്യാവസായിക ലോഹങ്ങൾ തുടർച്ചയായ രണ്ടാം ദിവസവും താണു. രണ്ടു ദിവസം കൊണ്ടു രണ്ടു മുതൽ മൂന്നു വരെ ശതമാനം ഇടിവാണ് ചെമ്പ്, അലൂമിനിയം, നിക്കൽ തുടങ്ങിയ ലോഹങ്ങൾക്കുള്ളത്.ഇരുമ്പയിര് വിലയും താഴോട്ടാണ്.
Next Story
Videos