Begin typing your search above and press return to search.
കയറ്റം കാത്തു വിപണി; വളർച്ച പ്രതീക്ഷ ശക്തം; ഡോളറിൻ്റെ ക്ഷീണം രൂപയ്ക്കു നേട്ടം; ക്രൂഡ് വില കുതിക്കുന്നു; ആസ്തി വിൽപനയിലെ നേട്ടം ആർക്ക്? ഐപിഒകൾക്കു മങ്ങൽ
ഇന്നലെ നല്ല ഉയർച്ചയോടെ വ്യാപാരം തുടങ്ങിയ വിപണിക്ക് പിന്നീടു വലിയ ചാഞ്ചാട്ടം വേണ്ടിവന്നു. ലാഭമെടുക്കലുകാരുടെ സമ്മർദവും ചെറുകിട-ഇടത്തരം ഓഹരികളിലെ തിരുത്തലും അതിനു കാരണമായി. എങ്കിലും മുഖ്യസൂചികകൾ ചെറിയ ഉയരത്തിൽ ക്ലോസ് ചെയ്തു. ഇന്ന് വിപണികൾക്കു നല്ല നേട്ടത്തോടെ തുടങ്ങാനാവുമെന്നാണ് സൂചന.
ഏഷ്യൻ വിപണികളുടെ ഉണർവ് അതേപോലെ തുടരാൻ ഇന്നലെ ഇന്ത്യൻ വിപണിക്കായില്ല. സെൻസെക്സ് 550 പോയിൻ്റ് കയറിയിറങ്ങിയ ശേഷമാണ് 226.47 പോയിൻ്റ് നേട്ടത്തോടെ 55,555.79 ൽ ക്ലോസ് ചെയ്തത്. നിഫ്റ്റി 45.95 പോയിൻ്റ് ഉയർന്ന് 16,496.45 ൽ ക്ലോസ് ചെയ്തു. ബാങ്ക് ഓഹരികൾ വലിയ ചാഞ്ചാട്ടം കാണിച്ചെങ്കിലും ഒടുവിൽ 0.26 ശതമാനം നേട്ടത്തോടെ ബാങ്ക് നിഫ്റ്റി ക്ലോസ് ചെയ്തു.
ചെറുകിട-ഇടത്തരം ഓഹരികളിൽ തിരുത്തൽ
മിഡ് ക്യാപ് സൂചിക ഇന്നലെ 0.90 ശതമാനം ഇടിഞ്ഞു. സ്മോൾ ക്യാപ് സൂചിക 0.62 ശതമാനവും. മുഖ്യസൂചികകൾ 0.4 ശതമാനം വരെ കയറിയപ്പോഴാണു വിശാലവിപണി ഇടിഞ്ഞത്. രണ്ടാഴ്ച മുൻപു വരെ മുഖ്യസൂചികകളേക്കാൾ ഉയർന്ന തോതിൽ കയറുകയായിരുന്നു വിശാല വിപണി.
മുഖ്യസൂചികകൾ മുന്നോട്ട്; ചെറുകിട-ഇടത്തരം (സ്മോൾ- മിഡ് ക്യാപ് ) ഓഹരികൾ താഴോട്ട്. വിപണിയിൽ കുറേ ദിവസമായി കാണുന്ന പ്രവണതയാണിത്. ഇതു നല്ലതാണെന്നു പരിചയ സമ്പന്നർ പറയുന്നു. ചെറുകിട-ഇടത്തരം ഓഹരികളിൽ കഴിഞ്ഞ കുറേ മാസങ്ങളായി അമിത നിക്ഷേപം നടന്നിരുന്നു. ഭാവി അവിടെയാണെന്ന വ്യാഖ്യാനത്തോടെ അവിടേക്കു പണമൊഴുകി. അപ്പോൾ യോഗ്യതയുള്ളതും അല്ലാത്തതുമൊക്കെ കുതിച്ചു കയറി. നല്ലതും ചീത്തയും തിരിച്ചറിയാൻ ഒരു തിരുത്തൽ ആവശ്യവും അനിവാര്യവുമായിരുന്നു. ഇപ്പോൾ നടക്കുന്നത് ആ തിരുത്തലാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
പാശ്ചാത്യ സൂചനകൾ പോസിറ്റീവ്
ഇന്നലെ യൂറോപ്യൻ വിപണി ചെറിയ നേട്ടത്തോടെ ക്ലോസ് ചെയ്തു. അമേരിക്കൻ വിപണിയിൽ ഡൗ ജോൺസ് 0.6 ശതമാനം ഉയർന്നപ്പോൾ നാസ്ഡാക് രണ്ടു ശതമാനത്തോളം കയറി. ടെക്നോളജി കമ്പനികളിൽ നിന്നുള്ള നല്ല വാർത്തകളാണു നാസ്ഡാകിനു കരുത്തായത്. 14,942 എന്ന റിക്കാർഡിലെത്തിയ നാസ്ഡാക് 15,000 എന്ന നാഴികക്കല്ലിലേക്ക് എത്താൻ വൈകില്ല.ഇന്നു രാവിലെ ഏഷ്യൻ വിപണികളും ഉയർന്ന തുടക്കമാണു കുറിച്ചത്. ജപ്പാനിലെ നിക്കെെ തുടക്കത്തിൽ ഒരു ശതമാനം കയറി.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി ഇന്നലെ 16,590 വരെ ഉയർന്നു. ഇന്നു രാവിലെയും ഉയർന്ന നിലവാരത്തിലാണു വ്യാപാരം. ഇന്ത്യൻ വിപണി ഉയരുമെന്ന വിശ്വാസമാണു ഡെറിവേറ്റീവ് വ്യാപാരത്തിൽ കാണുന്നത്.
ചെറിയ ബെയറിഷ് സൂചനകളാണ് ഇന്നലത്തെ വ്യാപാരം നൽകുന്നതെന്ന് സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. വിപണി ഇപ്പോഴത്തെ നിലവാരത്തിൽ പാർശ്വ നീക്കങ്ങൾ നടത്താനാണ് അവർ സാധ്യത കാണുന്നത്. 16,580 ലെ തടസം മറികടന്നാലേ മുന്നോട്ടു നീങ്ങാൻ വഴി തെളിയൂ.
വിദേശികൾ വിൽപനയിൽ
വിദേശ നിക്ഷേപകർ ഇന്നലെയും വലിയ തോതിൽ ഓഹരികൾ വിറ്റഴിച്ചു. 1363.36 കോടി രൂപയുടെ ഓഹരികൾ അവർ ക്യാഷ് വിപണിയിൽ വിറ്റു. ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസിൽ കാര്യമായ വാങ്ങലിന് അവർ മുതിർന്നില്ല. സ്വദേശി ഫണ്ടുകൾ ഇന്നലെ 1452.51 കോടി രൂപയുടെ ഓഹരികൾ വാങ്ങി. എഫ് ആൻഡ് ഒയിലും അവർ വലിയ ഇടപാടുകൾ നടത്തി. വ്യാഴാഴ്ചയാണ് ഓഗസ്റ്റിലെ ഡെറിവേറ്റീവ് കോൺട്രാക്ടുകളുടെ സെറ്റിൽമെൻ്റ്. അതു വരെ വിപണിയിൽ അനിശ്ചിതത്വം തുടരും.
ഡോളറിനു താഴ്ച
ഡോളർ സൂചിക ഗണ്യമായി താണു. കുറച്ചു ദിവസമായി 93.5 നു മുകളിലായിരുന്നു സൂചിക. ഇന്നലെ അത് 92.95 ലേക്കു താണു. ക്രൂഡ് ഓയിലിനും സ്വർണത്തിനും വ്യാവസായിക ലോഹങ്ങൾക്കും വില കൂടാൻ ഇതും കാരണമായി. രൂപ ഇന്നലെ ഉണ്ടാക്കിയ നേട്ടം ഇന്നും ആവർത്തിച്ചേക്കും.
കോവിഡ് വ്യാപനം ശമനമില്ലാതെ തുടരുന്നതിനിടെ കൂടുതൽ വാക്സീനുകൾക്കു യുഎസ് എഫ്ഡിഎ അനുമതി നൽകിയത് നിക്ഷേപകർക്ക് ആത്മവിശ്വാസം വളർത്തി. അമേരിക്കയിൽ സേവനമേഖലയുടെയും ഫാക്ടറി ഉത്പാദനത്തിൻ്റെയും വളർച്ച കുറഞ്ഞതായ റിപ്പോർട്ട് വിപണിയെ തളർത്താത്തത് ഈ ആത്മവിശ്വാസം കൊണ്ടാണ്.
ക്രൂഡ് കുതിച്ചു; സ്വർണവും ലോഹങ്ങളും പിന്നാലെ
ക്രൂഡ് ഓയിൽ വില ഇന്നലെ കുതിച്ചു കയറി. ആഗാേള വളർച്ചയെപ്പറ്റി ആശങ്ക വേണ്ടെന്ന നിഗമനമാണു കയറ്റത്തെ സഹായിച്ചത്. ചൈനയിൽ നിന്നു ക്രൂഡ് ഓയിൽ ഡിമാൻഡ് വർധിച്ചു. ഒറ്റ ദിവസം കൊണ്ട് 5.5 ശതമാനം വില വർധിച്ച ബ്രെൻറ് ഇനം ഇന്ന് 68.75 ഡോളറിലാണ്. വില ഇനിയും കൂടുമെന്നാണു സൂചന. ക്രൂഡ് ഓയിൽ ഉൽപാദനത്തിലും റിഫെെനിംഗിലും ഉള്ള കമ്പനികൾക്കു നേട്ടം.
വ്യാവസായിക ലോഹങ്ങളുടെ വിലയും തിരിച്ചുകയറുകയാണ്. ചെമ്പിനു 2.85 ശതമാനവും അലൂമിനിയത്തിന് 1.41 ശതമാനവുമാണ് ഇന്നലെ ലണ്ടൻ മെറ്റൽ എക്സ്ചേഞ്ചിൽ വർധിച്ചത്. ലോഹ കമ്പനികളുടെ ഓഹരി വില ഉയരും.
സ്വർണം വീണ്ടും 1800 ഡോളറിനു മുകളിലെത്തി. ഡോളറിൻ്റെ ക്ഷീണവും ബുള്ളുകളുടെ തിരിച്ചുവരവുമാണു കാരണം. ഔൺസിന് 1807 ഡോളർ വരെ ഉയർന്ന സ്വർണം ഇന്നു രാവിലെ 1803-1805 ഡോളർ മേഖലയിലാണ്.
ആസ്തിവിൽപനയുടെ മറുപുറം
നാലു വർഷം കാെണ്ട് ആറുലക്ഷം കോടി രൂപയുടെ ആസ്തികൾ "വിൽക്കാൻ " ലക്ഷ്യമിടുന്ന നാഷണൽ മോണിറ്റൈസേഷൻ പൈപ്പ് ലൈൻ (എൻഎംപി) ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. വലിയ പേരുകൾ നൽകി പദ്ധതികൾ അവതരിപ്പിക്കുന്നതിൽ ഈ ഗവണ്മെൻ്റ് ആരുടെയും പിന്നിലല്ല. പക്ഷേ പലതിൻ്റെയും നടത്തിപ്പ് കോവിഡ് ഉത്തേജകം പോലെയാണ്. കടലാസിൽ ധാരാളമുണ്ട്; പ്രായോഗികമായി ഒന്നും കാണാനില്ല.
എൻഎംപിയിൽ ആസ്തി വിൽപനയില്ല; നടത്തിപ്പ് കൈമാറ്റമേ ഉള്ളു. റോഡും വിമാനത്താവളവും തുറമുഖവും കുറേക്കാലം സ്വകാര്യ പ്രസ്ഥാനങ്ങളുടെ കൈയിൽ ഇരിക്കും. ആസ്തികൾ പുനർനിർമിക്കേണ്ട സമയമാകുമ്പോൾ ഗവണ്മെൻ്റിലേക്കു തിരിച്ചു കൊടുക്കും എന്നതാകും ഈ "നടത്തിപ്പ് ". തൽക്കാലം കുറേ പണം സർക്കാരിനു കിട്ടും. പക്ഷേ കുറേക്കഴിയുമ്പോൾ ആസ്തികൾ പുനർനിർമിക്കാൻ സർക്കാർ തന്നെ പണം മുടക്കണം. അതിനിടെ വരുമാനം മുഴുവൻ സ്വകാര്യ മേഖല നേടും. അതായതു നികുതിപ്പണം കൊണ്ടു നിർമിച്ച ആസ്തികളുടെ നടത്തിപ്പ് കൈമാറി ലാഭമെടുക്കൽ സ്വകാര്യ മേഖലയെ ഏൽപ്പിക്കുന്നു. ആസ്തിയിൽ നിന്നു കിട്ടാവുന്നതെല്ലാം കിട്ടിക്കഴിയുമ്പോൾ തിരികെ "അസ്ഥികൂടം" സർക്കാറിനു നൽകും. ഇതിലെ നേട്ടം ആർക്കാണെന്നറിയാൻ പാഴൂർ പടിപ്പുര വരെ പോകേണ്ടതില്ല.
26,700 കിലോമീറ്റർ ദേശീയപാത, 8154 കിലോമീറ്റർ ഗ്യാസ് പൈപ്പ് ലൈൻ, 2.86 ലക്ഷം കിലോമീറ്റർ ഓപ്റ്റിക്കൽ ഫൈബർ ലൈൻ, 14,917 മൊബൈൽ ടവർ, 25 വിമാനത്താവളങ്ങൾ, 400 റെയിൽവേ സ്റേഷനുകൾ തുടങ്ങിയവ ഇങ്ങനെ കൈമാറും. ആറു ജിഗാവാട്ടിൻ്റെ വൈദ്യുതി നിലയങ്ങളും 160 കൽക്കരി ഖനികളും കൈമാറാൻ ഉദ്ദേശിക്കുന്നു.
ഐപിഒ ആവേശം തണുക്കുന്നു
പുതിയ ഐപിഒകളിലെ ആവേശം മങ്ങുകയാണ്. നുവാേകാേ വിസ്താസ് കോർപറേഷൻ്റെ ഓഹരികൾ ഇന്നലെ ലിസ്റ്റ് ചെയ്തത് 17.3 ശതമാനം ഇടിവിലാണ്. പിന്നീട് അൽപം ഉയർന്നെങ്കിലും ഇഷ്യു വിലയേക്കാൾ ഗണ്യമായി താണാണു നിൽക്കുന്നത്. കഴിഞ്ഞയാഴ്ച ആവേശത്തോടെ ലിസ്റ്റ് ചെയ്ത സൊമാറ്റോ ഇന്നലെ 8.8 ശതമാനം ഇടിഞ്ഞു. ഐപിഒ വിലയുടെ ഇരട്ടിയോളം ഉയർന്നു നിന്ന ഓഹരിയിൽ നിന്നു വലിയ നിക്ഷേപകർ ലാഭമെടുത്തു പിന്മാറുകയാണ്.
This section is powered by Muthoot Finance
Next Story
Videos