കുതിപ്പ് പ്രതീക്ഷിച്ചു വിപണി; ഫെഡ് തീരുമാനത്തിൽ ആശ്വാസം; ജാഗ്രത വേണമെന്നു വിദഗ്ധർ; ക്രൂഡും സ്വർണവും ഉയരുന്നു; എയർടെൽ അവകാശ ഇഷ്യു എന്തിന്? ജിഡിപി കണക്കിൽ എന്തു പ്രതീക്ഷിക്കാം?

ഒന്നാം പാദ ജിഡിപി അടക്കം നിർണായക സാമ്പത്തിക-ബിസിനസ് കണക്കുകൾ പുറത്തു വരാനുള്ള ആഴ്ച. അമേരിക്കൻ കേന്ദ്ര ബാങ്ക് ഫെഡ് ഈ വർഷം തന്നെ കടപ്പത്രങ്ങളുടെ വാങ്ങൽ കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച ശേഷം ആദ്യമായി നടക്കുന്ന വ്യാപാരം. ഇന്നത്തെ വിപണി അതു കൊണ്ടു തന്നെ ശ്രദ്ധാകേന്ദ്രമാകും. ഫെഡ് തീരുമാനം വിപണിയെ ഇന്നു പുത്തൻ ഉയരങ്ങളിലേക്കു നയിക്കുമെന്ന ധാരണ പ്രബലമാണ്.

ഫെഡ് കടപ്പത്രങ്ങൾ വാങ്ങുന്നതിൻ്റെ അളവ് കുറയ്ക്കുമെന്നു ചെയർമാൻ ജെറോം പവൽ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. എന്നു തുടങ്ങുമെന്നു സെപ്റ്റംബർ പകുതിയോടെ അറിവാകും. കടപ്പത്രം വാങ്ങൽ കുറയ്ക്കുമെങ്കിലും പലിശ നിരക്കു കൂട്ടാനുള്ള നടപടികൾ ഉടനെങ്ങും ഉണ്ടാകില്ലെന്നും പവൽ പറഞ്ഞു.

വിപണി പ്രതീക്ഷിച്ചതു പോലെ

ഈ രീതിയിലൊരു പ്രഖ്യാപനമാണു വിപണി കാത്തിരുന്നത്. പ്രഖ്യാപനത്തോട് യുഎസ് ഓഹരി വിപണി അനുകൂലമായി പ്രതികരിച്ചു. യുഎസ് ഓഹരി സൂചികകൾ അര ശതമാനത്തിലധികം ഉയർന്നു ക്ലോസ് ചെയ്തു. എന്നാൽ ഡൗ ജോൺസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ താഴോട്ടു നീങ്ങി. കോവിഡിൻ്റെ മൂന്നാം തരംഗം യുഎസ് വളർച്ചയെ ബാധിക്കുന്നുവെന്ന റിപ്പോർട്ടുകളെ തുടർന്നാണിത്. ഇന്നു രാവിലെ ഏഷ്യൻ ഓഹരികൾ ഉയരത്തിലാണ്.

കുതിപ്പ് പ്രതീക്ഷിക്കുന്നു

ഫെഡ് പ്രഖ്യാപനത്തിനു മുമ്പ് എസ്ജിഎക്സ് നിഫ്റ്റി 16,721 ലായിരുന്നു. പ്രഖ്യാപനത്തിനു ശേഷം നടന്ന വ്യാപാരത്തിൽ 16,825-ലേക്കു കുതിച്ചു. ഇന്നു രാവിലെ 16,808 ലേക്കു താഴ്ന്നു. ഇന്ന് ഇന്ത്യൻ വിപണി കുതിക്കുമെന്ന പ്രതീക്ഷയാണു സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വിപണി പ്രകടിപ്പിച്ചത്. ഫെഡ് തീരുമാനം ഉടനടി വിദേശ നിക്ഷേപങ്ങൾ പിൻവലിക്കാൻ കാരണമാകില്ല എന്ന ആശ്വാസമാണ് വിപണിയിലുള്ളത്.

മാസം 12,000 കോടി ഡോളറിൻ്റെ കടപ്പത്രങ്ങളാണ് ഫെഡ് വാങ്ങുന്നത്. 8000 കോടി ഡോളർ സർക്കാർ കടപ്പത്രങ്ങളും ബാക്കി സ്വകാര്യ കടപ്പത്രങ്ങളും. ഇത് ആറു മുതൽ 12 വരെ മാസം കൊണ്ട് അവസാനിപ്പിക്കാനാകും ഫെഡ് തീരുമാനിക്കുക. പലിശ വർധന ഇതിനു ശേഷമേ ഉണ്ടാകൂ എന്നാണു പ്രതീക്ഷ. സാവകാശമുള്ളതുകൊണ്ട് അമേരിക്കൻ നിക്ഷേപകർ വിദേശത്തുള്ള തങ്ങളുടെ നിക്ഷേപങ്ങൾ പിൻവലിക്കാൻ തിടുക്കം കാട്ടാനിടയില്ല.

റിക്കാർഡ് ക്ലോസിംഗ്

വെള്ളിയാഴ്ച ഇന്ത്യയിലെ മുഖ്യസൂചികകൾ റിക്കാർഡ് ഉയരത്തിലാണു ക്ലോസ് ചെയ്തത്. ബുധനാഴ്ച സർവകാല റിക്കാർഡായ 56,198.13 ൽ എത്തിയ ശേഷം താണ സെൻസെക്സ് വെള്ളിയാഴ്ച 56,124.72 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി വെള്ളിയാഴ്ച പുതിയ റിക്കാർഡായ 16,722.05 ൽ എത്തിയ ശേഷം 16,705.2 ൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് കഴിഞ്ഞയാഴ്ച 1.43 ശതമാനവും (795.4 പോയിൻ്റ് ) നിഫ്റ്റി 1.54 ശതമാനവും (254.7 പോയിൻ്റ് ) ഉയർന്നു.
വലിയ ഓഹരികൾ മാത്രമല്ല കഴിഞ്ഞയാഴ്ച നേട്ടമുണ്ടാക്കിയത്. ബിഎസ്ഇ മിഡ് ക്യാപ് സൂചിക 2.54 ശതമാനവും സ്മോൾ ക്യാപ് സൂചിക 2.04 ശതമാനവും ഉയർന്നു. മിഡ്- സ്മോൾ ക്യാപ് ഓഹരികളിൽ നിക്ഷേപിക്കുന്നതിൽ റിസ്ക് കൂടുതലാണെന്നു നിക്ഷേപ വിദഗ്ധർ പറയുന്നുണ്ടെങ്കിലും റീട്ടെയിൽ നിക്ഷേപകർ അവയെ തള്ളിപ്പറയുന്നില്ല.
ബാങ്ക് നിഫ്റ്റിയിലെ പ്രതിവാര നേട്ടം 1.7 ശതമാനമാണ്. ഒരു മാസമായി 34,800 നും 36,300 നുമിടയിലാണ് ബാങ്ക് നിഫ്റ്റിയുടെ കയറ്റിറക്കം. 35,627.8 ൽ ക്ലോസ് ചെയ്ത സൂചിക ഹ്രസ്വകാല പ്രതിരോധം മറികടക്കുമോ എന്ന് ഈയാഴ്ച അറിയാം.
വിപണി സൂചികകൾ നൽകുന്ന സൂചന ഹ്രസ്വകാല ഉയർച്ചയുടെ വേഗം കുറയുന്നു എന്നാണെന്ന് സാങ്കേതിക വിശകലന വിദഗ്ധർ വിലയിരുത്തൽ. ഒരു തിരുത്തൽ പ്രതീക്ഷിക്കാനാണ് അവർ പറയുന്നത്.16,565 ലെ സപ്പോർട്ട് ഭേദിച്ചാൽ 16,375-16,300 തലത്തിലേക്കു നിഫ്റ്റി താഴാമത്രെ. എന്നാൽ വിപണി 16,750-16,950 മേഖലയിലേക്കു നീങ്ങുകയാണെന്നു കരുതുന്ന നിക്ഷേപ വിദഗ്ധർ ഏറെയാണ്.

വിദേശികൾ വിറ്റു; ഫണ്ടുകൾ വാങ്ങി

വെള്ളിയാഴ്ച വിദേശ നിക്ഷേപകർ ഓഹരികളുടെ ക്യാഷ് വിപണിയിൽ നിന്ന് 778.75 കോടി രൂപ പിൻവലിച്ചു. അതേസമയം സ്വദേശി മ്യൂച്വൽ ഫണ്ടുകൾ 1646.19 കോടി രൂപ ഓഹരികളിൽ നിക്ഷേപിച്ചു. ഓഹരികളുടെ ക്യാഷ് വിപണിയിൽ നിന്നു വിദേശികൾ ഈ മാസം ഇതു വരെ 7652.49 കോടി രൂപ പിൻവലിച്ചിട്ടുണ്ട്. എന്നാൽ ഐപിഒ നിക്ഷേപങ്ങളും ഡെറിവേറ്റീവ് ഇടപാടുകളും ചേർത്താൽ വിദേശികൾ ഇന്ത്യൻ വിപണിയിൽ 891 കോടിയുടെ നിക്ഷേപം നടത്തിയതായി കാണാം.

സ്വർണം, ക്രൂഡ്, ലോഹങ്ങൾ കുതിക്കുന്നു

ഫെഡ് തീരുമാനം സ്വർണത്തിനു കരുത്തായി. സ്വർണം 1780- 1790 ഡോളർ മേഖലയിൽ നിന്ന് 1820 നു മുകളിലെത്തി. ഇന്നു രാവിലെ ഔൺസിന് 1822.5 ഡോളറിലാണു സ്വർണം. വില ഇനിയും ഉയരുമെന്നാണു സൂചന. ഡോളർ സൂചിക 92.6 ലേക്കു താണു.
ക്രൂഡ് ഓയിൽ വിലയും കുതിപ്പിലാണ്. വെള്ളിയാഴ്ച രാവിലത്തെ നിലയെ അപേക്ഷിച്ച് മൂന്നര ശതമാനം ഉയരത്തിലാണ് ഇന്നു രാവിലെ ക്രൂഡ് വില. ബ്രെൻ്റ് ഇനം വീപ്പയ്ക്ക് 73.47 ഡോളർ വരെ എത്തി.
വ്യാവസായിക ലോഹങ്ങൾ വീണ്ടും ഉയർന്നു.ചെമ്പ്, അലൂമിനിയം, ലെഡ്, ടിൻ തുടങ്ങിയവയുടെ വില വെള്ളിയാഴ്ച 1.2 ശതമാനം വരെ വർധിച്ചു. ചൈന റിസർവിൽ നിന്ന് ഒന്നര ലക്ഷം ടൺ ലോഹങ്ങൾ ബുധനാഴ്ച വിൽക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. വില വർധനയ്ക്കു തടയിടാനാണിത്.

ജിഡിപി കണക്കിലെ പ്രതീക്ഷകൾ

ചൊവ്വാഴ്ച വൈകുന്നേരമാണ് ഏപ്രിൽ - ജൂൺ ഒന്നാം പാദത്തിലെ ജിഡിപി (മൊത്ത ആഭ്യന്തര ഉൽപന്നം) കണക്ക് എൻഎസ്ഒ (നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ്) പുറത്തു വിടുന്നത്. കഴിഞ്ഞ വർഷം ഈ പാദത്തിൽ ജിഡിപി 24.4 ശതമാനം കുറഞ്ഞിരുന്നു. അതിനാൽ ഇത്തവണ 20 ശതമാനത്തിനടുത്തുള്ള വളർച്ചയാണ് പ്രതീക്ഷ. റിസർവ് ബാങ്ക് 21.4 ശതമാനം എന്നു കണക്കാക്കുമ്പോൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 18.5 ശതമാനമേ പ്രതീക്ഷിക്കുന്നുള്ളൂ. ബ്രോക്കറേജുകളും റേറ്റിംഗ് ഏജൻസികളും ധനശാസ്ത്രജ്ഞരും 20 ശതമാനത്തിനടുത്തുള്ള വളർച്ചയാണു കണക്കാക്കുന്നത്.
ഇരുപതു ശതമാനം എന്ന റിക്കാർഡ് വളർച്ച കുറിച്ചാലും ഒന്നാം പാദ ജിഡിപി രണ്ടു വർഷം മുൻ‌പത്തേതിലും ഒൻപതു - പത്തു ശതമാനം കുറവായിരിക്കും. കഴിഞ്ഞ വർഷം ഒന്നാം പാദത്തിലെ റിക്കാർഡ് ഇടിവാണ് ഇതിനു കാരണം. ജനുവരി-മാർച്ചിലെ ജിഡിപി യിൽ നിന്നും വളരെ കുറവാകും ഒന്നാം പാദ ജിഡിപി.
വളർച്ച ഇപ്പാേൾ പ്രതീക്ഷിക്കുന്നതിലും കുറവാണെന്നു വന്നാൽ വിപണിയിൽ പ്രതികൂല പ്രതികരണം ഉണ്ടായെന്നു വരും.

നിർണായക കണക്കുകൾ വരുന്നു

ചൊവ്വാഴ്ച ജൂലൈ 31 വരെയുള്ള ധനകമ്മിയുടെ കണക്കും എട്ട് കാതൽ മേഖലാ വ്യവസായങ്ങളുടെ ജൂലൈയിലെ ഉൽപാദന കണക്കും പുറത്തുവരും. ബുധനാഴ്ച ഫാക്ടറി ഉൽപാദനത്തിൻ്റെ പിഎംഐ (പർച്ചേസിംഗ് മാനേജേഴ്സ് ഇൻഡെക്സ്) പ്രസിദ്ധീകരിക്കും. വാഹന കമ്പനികൾ ഓഗസ്റ്റിലെ വിൽപന വിവരങ്ങളും അന്നു പുറത്തുവിടും. ഇവയെല്ലാം വിപണിഗതിയെ സ്വാധീനിക്കുന്ന കണക്കുകളാണ്.

എയർടെൽ അവകാശ ഇഷ്യുവിന്

ഭാരതി എയർടെൽ അവകാശ ഇഷ്യു നടത്തുന്നതിനു തീരുമാനിച്ചു.14 ഓഹരിക്ക് ഒന്ന് എന്നതാണ് അനുപാതം. വില 535 രൂപ. കഴിഞ്ഞ വെള്ളിയാഴ്ചത്തെ ഓഹരിവില 593.95 രൂപയായിരുന്നു. 21,000 കോടി രൂപ സമാഹരിക്കാനാണു ലക്ഷ്യം. ഓഹരി വിലയുടെ 25 ശതമാനം ഇപ്പോൾ നൽകണം. ബാക്കി 36 മാസത്തിനുള്ളിൽ രണ്ടു തവണയായി. 2019 -ൽ അവകാശ ഇഷ്യു വഴി കമ്പനി 25,000 കോടി രൂപ സമാഹരിച്ചതാണ്.
സർക്കാരിനു എജിആർ (അഡ്ജസ്റ്റഡ് ഗ്രോസ് റവന്യു) കുടിശിക നൽകുന്നതടക്കം ബാധ്യതകൾ കുറയ്ക്കുകയാണു ധനസമാഹരണത്തിൻ്റെ ലക്ഷ്യം. കമ്പനിക്കു 1.6 ലക്ഷം കോടി രൂപ കടമുണ്ട്. എജിആർ ഇനത്തിൽ 43,980 കോടി രൂപയാണ് എയർടെലിനുള്ള ബാധ്യത. ഇതിൽ 18,000 കോടി അടച്ചു.
എയർടെലിൽ നിക്ഷേപത്തിനു ഗൂഗിൾ ഒരുങ്ങുന്നതായി മാധ്യമങ്ങളിൽ റിപ്പോർട്ടുണ്ട്. കമ്പനികൾ ഇതു സ്ഥിരീകരിച്ചിട്ടില്ല. റിലയൻസ് ജിയാേയിലും ഗൂഗിൾ നിക്ഷേപം നടത്തിയിട്ടുണ്ട്.

This section is powered by Muthoot Finance

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it