കോവിഡ് ഭീതി വീണ്ടും; ഏഷ്യൻ വിപണികൾ താഴോട്ട്; ക്രൂഡിൽ ആശ്വാസം; കയേൺ വിധി തിരിച്ചടിയായി; ടിസിഎസ് ഫലത്തിൽ നിരാശ

വിദേശികളോടൊപ്പം സ്വദേശി ഫണ്ടുകളും വിൽപനക്കാരായി. യുറാേപ്യൻ, അമേരിക്കൻ വിപണികളിൽ നിന്നുള്ള അപായസൂചന കൂടിയായപ്പോൾ സൂചികകൾ കുത്തനെ താണു. രണ്ടു മാസത്തിനിടയിലെ ഏറ്റവും വലിയ താഴ്ചയാണ് സെൻസെക്സിനും നിഫ്റ്റിക്കും ഉണ്ടായത്. ആഗോള ചലനങ്ങൾ ഇന്നും ഇന്ത്യൻ വിപണിയെ ബാധിക്കും. ഏഷ്യൻ ഓഹരി സൂചികകൾ ഇന്നു രാവിലെ ഒന്നര ശതമാനം താഴ്ചയിലാണ് ടിസിഎസ് റിസൽട്ട് പ്രതീക്ഷയാേളം മെച്ചമല്ലാത്തതും വിപണിക്കു ശുഭകരമല്ല.

കോവിഡിൻ്റെ വ്യാപനം പല രാജ്യങ്ങളിലും വർധിച്ചു വരുന്നതും അമേരിക്കയിൽ തൊഴിലില്ലായ്മ വേതനത്തിന് അപേക്ഷകർ വർധിച്ചതുമാണ് ദക്ഷിണ കൊറിയ മുതൽ അമേരിക്ക വരെ ഓഹരികളെ വലിച്ചു താഴ്ത്തിയത്. രണ്ടു കാര്യങ്ങളും ആഗോള വളർച്ച കുറയ്ക്കും എന്ന ആശങ്ക ബലപ്പെട്ടു. ഏതാനും ദിവസം മുമ്പുവരെ വളർച്ച കൂടുമ്പോൾ വിലക്കയറ്റം വർധിച്ച് പലിശ നിരക്ക് ഉയരുന്നതിനെപ്പറ്റി ആശങ്കിച്ച അതേ വിപണിയാണ് ഇപ്പാേൾ വളർച്ച കുറയുമെന്നു ഭയക്കുന്നത്.
ജപ്പാനിൽ ഒളിമ്പിക്സിനു കാണികളെ വിലക്കിയും ടോക്കിയോയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുമാണു കോവിഡ് സാഹചര്യത്തെ നേരിടുന്നത്. യൂറോപ്പിലും ഏഷ്യയിലും ലാറ്റിൻ അമേരിക്കയിലും പുതിയ കോവിഡ് വകഭേദമാണ് പടരുന്നത്.
ഇന്നലെ സെൻസെക്സ് 485.82 പോയിൻ്റ് ( 0.92%) താങ്ങ് 52,568.94 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 151.75 പോയിൻ്റ് ( 0.96 %) താഴ്ചയിൽ 15,727.9 ലാണു വ്യാപാരം അവസാനിപ്പിച്ചത്. വിശാല വിപണി അത്ര കണ്ടു താഴോട്ടു പോയില്ല. മിഡ് ക്യാപ് സൂചിക 0.42 ശതമാനവും സ്മോൾ ക്യാപ് സൂചിക 0.04 ശതമാനവും മാത്രമേ താണുള്ളു.

വിദേശികളും സ്വദേശികളും വിറ്റു

ഇന്നലെ വിദേശ ഫണ്ടുകൾ 554.92 കോടി രൂപയുടെ ഓഹരികൾ വിറ്റു. അവർ ഫ്യൂച്ചേഴ്സിലും വലിയ തോതിൽ വിൽപന നടത്തി. സ്വദേശി ഫണ്ടുകൾ പതിവിനു വിപരീതമായി വലിയ തോതിൽ വിൽപ്പന നടത്തി. 949.18 കോടിയുടെ ഓഹരികളാണ് അവർ വിപണിയിലിറക്കിയത്. റിക്കാർഡ് വിലയിൽ വിറ്റു ലാഭമെടുക്കാനും ഐപിഒകളിൽ നിക്ഷേപിക്കാൻ ഫണ്ട് ഉണ്ടാക്കാനും ആണു സ്ഥാപനങ്ങൾ വലിയ തോതിൽ വിൽക്കുന്നതെന്നാണു നിഗമനം.
ഓഹരി സൂചികകൾ ബെയറിഷ് ആയി എന്നാണു സാങ്കേതിക വിശകലന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. 15,900-നു സമീപത്തെ പ്രതിരോധം മറികടക്കാൻ നിഫ്റ്റിക്കു കഴിയുന്നില്ല. അവിടെ നിന്നു താഴ്ന്ന നിഫ്റ്റി 15,700-15,720 സപ്പാേർട്ട് മേഖലയുടെ തൊട്ടു മുകളിലാണ് ക്ലോസ് ചെയ്തത്. ഈ മേഖലയിൽ നിന്നു താണാൽ 15,645 ലേ സപ്പോർട്ട് പ്രതീക്ഷിക്കാനാവൂ. തിരുത്തൽ തുടർന്നാൽ 15,450 നിലവാരത്തിലേക്കും താഴാം. നിഫ്റ്റിക്ക് 15,800 ഇനി പ്രതിരോധതലമാണ്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വിപണിയിൽ എസ്ജിഎക്സ് നിഫ്റ്റി 15,696-ലാണ് ഇന്നലെ ക്ലോസ് ചെയ്തത്. ഇന്നു രാവിലെ വീണ്ടും ഇടിഞ്ഞു. വ്യാപാരം താഴ്ന്ന തലത്തിൽ തുടങ്ങുമെന്നാണു സൂചന.
യൂറോപ്യൻ ഓഹരികൾ ഇന്നലെ രണ്ടു ശതമാനത്തോളം ഇടിഞ്ഞു. അമേരിക്കൻ സൂചികകൾ ഒന്നര ശതമാനം താഴ്ചയിലാണു വ്യാപാരം തുടങ്ങിയതെങ്കിലും ക്ലോസിംഗിൽ നഷ്ടം കുറവായി. ഡൗ ജോൺസ് മുക്കാൽ ശതമാനം താണു. ഇന്നു രാവിലെ ഡൗ ഫ്യൂച്ചേഴ്സ് ചെറിയ താഴ്ച കാണിക്കുന്നു.
യു എസ് ക്രൂഡ് ഉൽപാദനത്തിൽ പ്രതീക്ഷിക്കുന്ന ഇടിവ് കുറവായിരിക്കുമെന്ന റിപ്പാേർട്ട് ക്രൂഡ് വില അൽപ്പം കൂട്ടി. ബ്രെൻ്റ് ഇനം 74.12 ഡോളറിലേക്കു കയറി.
സ്വർണം വലിയ ചാഞ്ചാട്ടത്തിലാണ്. ഇന്നലെ ഓഹരികൾ വലുതായി താണപ്പോൾ സ്വർണം ഔൺസിന് 1818 ഡോളർ വരെ കയറി. പിന്നീട് ഓഹരികൾ നഷ്ടം കുറച്ചപ്പോൾ സ്വർണം 1794 വരെ താണു. ഇന്നു രാവിലെ 1802 ഡോളറിലാണു സ്വർണം.

വാഹനവിൽപനയുടെ യഥാർഥ ചിത്രം ഇങ്ങനെ

ജൂണിലെ വാഹനങ്ങളുടെ ചില്ലറ വിൽപന സംബന്ധിച്ച വിവരങ്ങൾ ഒട്ടും ആശ്വാസകരമല്ല. കഴിഞ്ഞ വർഷം ജൂണിനെ അപേക്ഷിച്ച് 22.6 ശതമാനം വർധന ഉള്ളതായാണ് രജിസ്ട്രേഷൻ ആധാരമാക്കിയുള്ള കണക്ക് കാണിക്കുന്നത്. എന്നാൽ 2019 ജൂണുമായി തട്ടിച്ചു നോക്കുമ്പോൾ നില വളരെ മോശം. 2019 ജൂണിലേതിലും 28.32 ശതമാനം കുറവാണ് ഈ ജൂണിലെ വിൽപന.
9.3 ലക്ഷം ടൂവീലറുകൾ വിറ്റു.2019- നെ അപേക്ഷിച്ച് 30.47 ശതമാനം കുറവ്. ത്രീവീലർ വിൽപന 69.82 ശതമാനം ഇടിഞ്ഞു. കാർ വിൽപ്പന (എണ്ണം 1.84 ലക്ഷം) യിൽ 10.27 ശതമാനം കുറവ്. വാണിജ്യ വാഹന വിൽപന 45.11 ശതമാനമാണ് കുറഞ്ഞത് . വർധനയുള്ളത് ട്രാക്ടറിൽ മാത്രം (28 ശതമാനം).
ജൂലൈയിൽ വിൽപന മെച്ചപ്പെടുന്ന സൂചനയാണുള്ളതെന്ന് ഫെഡറേഷൻ ഓഫ് ഓട്ടാമൊബൈൽ ഡീലേഴ്സ് അസോസിയേഷൻസ് (ഫാഡ) പ്രസിഡൻ്റ് വിങ്കേഷ് ഗുലാത്തി പറഞ്ഞു. ബുക്കിംഗും അന്വേഷണവും കൂടുന്നുണ്ട്. ഈ മാസമെങ്കിലും 2019-നെ മറികടക്കാമെന്നാണു ഗുലാത്തിയുടെ പ്രതീക്ഷ.

ടിസിഎസ് നിരാശപ്പെടുത്തി

ഐടി സർവീസസ് ഭീമനായ ടിസിഎസിൻ്റെ ഒന്നാം പാദ റിസൽട്ട് പ്രതീക്ഷയിലും താഴെയായി. കുറച്ചു ദിവസങ്ങളായി വില ഇടിയുകയായിരുന്ന ടിസിഎസ് ഓഹരി വീണ്ടും താഴ്ന്നേക്കാം.
കമ്പനിയുടെ വരുമാനം തലേ വർഷത്തെ അപേക്ഷിച്ച് 18.5 ശതമാനം കൂടി.. എന്നാൽ കഴിഞ്ഞ പാദത്തേക്കാൾ 39 ശതമാനം വർധനയേ ഉള്ളു.. അറ്റാദായം (9008 കോടി രൂപ) കഴിഞ്ഞ വർഷത്തേക്കാൾ 28.5 ശതമാനം വർധിച്ചു. എന്നാൽ കഴിഞ്ഞ പാദത്തേക്കാൾ 2.5 ശതമാനം കുറവായി. തലേ വർഷത്തെ അപേക്ഷിച്ചു 30 ശതമാനത്തോളം വരുമാന വർധനയാണു വിപണി പ്രതീക്ഷിച്ചിരുന്നത്. ഇന്ത്യയിലെ ബിസിനസ് 25.3 ശതമാനം കുറഞ്ഞതാണു ക്ഷീണത്തിനു കാരണം.
ഈ ധനകാര്യ വർഷം ഇരട്ടയക്ക വളർച്ചയാണു മാനേജ്മെൻ്റ് കണക്കാക്കുന്നത്. കഴിഞ്ഞ പാദത്തിൽ 810 കോടി ഡോളറിൻ്റെ കോൺട്രാക്ടുകൾ കമ്പനിക്കു ലഭിച്ചു.
രണ്ടു തവണ നടപ്പാക്കിയ ശമ്പള വർധനയാണ് കമ്പനിയുടെ ലാഭ മാർജിൻ പ്രതീക്ഷയോളം വരാത്തതിനു കാരണം. കമ്പനിയിൽ നിന്നുള്ള കൊഴിഞ്ഞു പോക്ക് ഈ വ്യവസായത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ്.8.6 ശതമാനം. ശമ്പള വർധന കൊഴിഞ്ഞുപോക്ക് കുറയ്ക്കാൻ സഹായിച്ചു. കഴിഞ്ഞ പാദത്തിൽ 20,409 പേർ വർധിച്ചതോടെ കമ്പനിയിലെ ജീവനക്കാരുടെ എണ്ണം അഞ്ചുലക്ഷം കടന്നു.

കയേൺ കേസിൽ രാജ്യത്തിനു വീണ്ടും തിരിച്ചടി

വേദാന്ത ഗ്രൂപ്പിൻ്റെ കയേൺ ഇന്ത്യാ ഗവണ്മെൻ്റിനെ വിഷമിപ്പിക്കുന്ന നിയമ വിജയങ്ങൾ നേടുകയാണ്. അന്താരാഷ്ട്ര ആർബിട്രേഷൻ കോടതി കയേണിന് അനുവദിച്ച നഷ്ടപരിഹാരം ഈടാക്കാൻ ഫ്രഞ്ച് തലസ്ഥാനമായ പാരീസിൽ ഇന്ത്യാ ഗവണ്മെൻ്റിനുള്ള 20 കെട്ടിടങ്ങൾ കൈയടക്കാൻ ഫ്രഞ്ച് കോടതി അനുവദിച്ചു. ഈ കെട്ടിടങ്ങളുടെയും വസ്തുക്കളുടെയും വിൽപന വിലക്കി. വിധിക്കെതിരേ നിയമവഴി തേടാൻ ഗവണ്മെൻ്റ് നടപടി തുടങ്ങി.
കയേണിൻ്റെ ഇന്ത്യൻ ബിസിനസ് വേദാന്ത ഗ്രൂപ്പിനു വിറ്റതിൻ്റെ നികുതി സംബന്ധമായ നിയമ പാേരാട്ടമാണ് ഈ നിലയിലെത്തിയത്. വോഡഫോണുമായുള്ള സമാന കേസിലും ഇന്ത്യക്കെതിരെ രാജ്യാന്തര ട്രൈബ്യൂണലിൻ്റെ വിധിയുണ്ട്.
കൈമാറ്റങ്ങൾ നടന്നപ്പോൾ ഇല്ലാതിരുന്ന വ്യവസ്ഥ നിയമത്തിൽ ചേർത്ത് ഇന്ത്യ നികുതി ആവശ്യപ്പെടുകയായിരുന്നു. ഇന്ത്യയിലെ ബിസിനസ് ഉടമസ്ഥതയുടെ വിൽപന വിദേശത്തു കമ്പനി ഓഹരികൾ കൈമാറി നടത്തിയപ്പോൾ ഇന്ത്യയിൽ നികുതി നൽകിയില്ല എന്നതാണ് വിഷയം. ഇന്ത്യയിലെ ആസ്തി കൈമാറ്റത്തിന് ഇവിടെ നികുതി നൽകണമെന്നാണ് ഗവണ്മെൻ്റ് വാദം. കയേൺ ഇന്ത്യക്കാരനായ അനിൽ അഗർവാളിൻ്റെ ഗ്രൂപ്പിലാണ്.

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it