ലാഭമെടുക്കലിൽ ബുള്ളുകൾക്കു കടിഞ്ഞാൺ; വിദേശ കുതിപ്പ് ആവേശമാകുമോ? വിലക്കയറ്റത്തിനു വില്ലൻ ഇന്ധനനികുതി; വ്യവസായത്തിൽ തളർച്ച മാറിയില്ല; സൊമാറ്റോയും നിഫ്റ്റിയും തമ്മിൽ എന്ത്?

ലാഭമെടുക്കലുകാരുടെ വിൽപന സമ്മർദത്തെ അതിജീവിക്കാൻ വിപണിയിലെ ബുള്ളുകൾക്കു കഴിയുന്നില്ല. തിങ്കളാഴ്ച നല്ല ഉയർച്ചയോടെ തുടങ്ങിയ വ്യാപാരം ഒടുവിൽ നാമമാത്ര മാറ്റവുമായി അവസാനിച്ചത് അതുകൊണ്ടാണ്. വിപണി ചെറിയ മേഖലയിലെ ചാഞ്ചാട്ടത്തിൽ നിന്നു മാറാൻ ശക്തമായ എന്തെങ്കിലും പ്രേരകങ്ങൾ ഉണ്ടാകണം. ചില്ലറ വിലക്കയറ്റം ഉയർന്നു തുടരുന്നതും വ്യവസായ ഉൽപാദനം താഴോട്ടു പോയതും ആശങ്ക ഉളവാക്കുന്നുണ്ട്. എന്നാൽ വിപണി കണക്കാക്കിയിരുന്ന തോതിൽ തന്നെയാണ് കണക്കുകൾ എന്നതുകൊണ്ടു വലിയ പ്രതികരണം ഇന്നു പ്രതീക്ഷിക്കുന്നില്ല. ഏഷ്യൻ വിപണികൾ ഇന്ന് ഉയർന്നത് ഇന്ത്യൻ വിപണിക്ക് നല്ല തുടക്കം നൽകും. ഇന്നലെ പാശ്ചാത്യ വിപണികൾ റിക്കാർഡ് ഉയരങ്ങളിലെത്തിയതും വിപണിക്ക് ആവേശമാകും.

ഏറെ പ്രതീക്ഷ ജനിപ്പിക്കുന്ന കുറേ വമ്പൻ ഐപിഒകൾ ഈയാഴ്ച മുതൽ വരാനുണ്ട്. സൊമാറ്റാേയും മറ്റും വാങ്ങാനും പൊതുമേഖലാ ഓഹരി വിൽപന വരുമ്പോൾ അതിൽ പങ്കുചേരാനുമൊക്കെ പണം സമാഹരിക്കുന്ന തിരക്കിലാണു സ്വദേശിയും വിദേശിയുമായ ഫണ്ടുകൾ. അതിൻ്റെ ഭാഗമാണ് ഇപ്പോഴത്തെ വിൽപന സമ്മർദം. മിക്ക ഐപിഒകളും വിപണിയെ നിയന്ത്രിക്കാൻ കെൽപ്പുള്ള വലിയ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനങ്ങൾക്കു നിക്ഷേപമുള്ള കമ്പനികളുടേതാണ്. അതു കൊണ്ടു തന്നെ അവയിൽ പങ്കാളികളാകാൻ ഫണ്ടുകൾ താൽപര്യമെടുക്കും. സൂചികകൾ ഉയരാൻ തടസം വരുന്നത് ഇതിൻ്റെ ഫലം.
ഇന്നലെ ഇന്ത്യൻ വിപണി തുടക്കത്തിലെ നേട്ടങ്ങൾ നഷ്ടപ്പെടുത്തിയെങ്കിലും വിദേശ വിപണികൾ നല്ല ഉണർവിലായിരുന്നു. യൂറോപ്യൻ - അമേരിക്കൻ സൂചികകൾ റിക്കാർഡ് ഉയരങ്ങളിലെത്തി. ഇന്നും ഉണർവ് തുടരുമെന്നാണു ഫ്യൂച്ചേഴ്സ് നൽകുന്ന സൂചന.
തിങ്കളാഴ്ച നിഫ്റ്റി 28 പോയിൻ്റ് ഉയർന്ന് 15,692.6 ലും സെൻസെക്സ് 13.5 പോയിൻ്റ് താണ് 52,372.69 ലും ക്ലോസ് ചെയ്തു. എന്നാൽ വിശാല വിപണി നേട്ടത്തിലായിരുന്നു. 2:1 അനുപാതത്തിലായിരുന്നു ഉയർന്നതും താഴ്ന്നതുമായ ഓഹരികളുടെ എണ്ണം. ഒട്ടുമിക്ക സെക്ടറുകളും പോസിറ്റീവായിരുന്നു. നിഫ്റ്റി മിഡ് ക്യാപ് സൂചിക 120.85 പോയിൻ്റും സ്മോൾ ക്യാപ് സൂചിക 60.25 പോയിൻ്റും ഉയർന്നാണ് അവസാനിച്ചത്.
നിഫ്റ്റി 15,600-15,900 മേഖലയിൽ ചാഞ്ചാട്ടം തുടരുമെന്നാണു സാങ്കേതിക വിശകലനക്കാർ വിലയിരുത്തുന്നത്. 15,800-നു സമീപത്തെ തടസം മറികടക്കാൻ നിഫ്റ്റിക്കു കഴിയുന്നില്ല. ഇന്നു വ്യാപാരത്തിൽ 15,773 കടക്കാനായാൽ 15,850 വരെ കയറ്റം സുഗമമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. നിഫ്റ്റിക്ക് 15,635 ലും 15,565 ലും ശക്തമായ സപ്പോർട്ട് ഉണ്ട്.
ജപ്പാനിലെ നിക്കൈ സൂചിക ഇന്നു രാവിലെ ഒരു ശതമാനത്തോളം ഉയർന്നാണു വ്യാപാരം.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വിപണിയിൽ എസ്ജി എക്സ് നിഫ്റ്റി ഇന്നലെ ഉയർന്നാണു ക്ലോസ് ചെയ്തത്. 15,787 ൽ. ഇന്നു രാവിലെയും ഡെറിവേറ്റീവ് വിപണി നേട്ടം നിലനിർത്തുന്നു. തുടക്കം 15,801 ലാണ്.
ക്രൂഡ് ഓയിൽ വില കാര്യമായ മാറ്റമില്ലാതെ തുടരുന്നു. ബ്രെൻ്റ് ഇനം ഇന്നു രാവിലെ 75.16 ഡോളറിലാണ്.
സ്വർണം ഇന്നലെ 1791 ഡോളർ വരെ താണിട്ടു തിരിച്ചു കയറി. 1807-1809 ഡോളറിൽ തുടരുന്ന സ്വർണം ഉയരാൻ മാർഗം തേടുകയാണ്. ഈയാഴ്ച യുഎസ് ഫെഡ് ചെയർമാൻ ജെറോം പവൽ യു എസ് കോൺഗ്രസിനു നൽകുന്ന മൊഴിയും ഇന്നു വരുന്ന വിലക്കയറ്റ കണക്കും എന്തെങ്കിലും ദിശ കാണിക്കും എന്നാണു പ്രതീക്ഷ. വിലക്കയറ്റ നിരക്ക് ഉയർന്നു നിന്നാൽ പലിശ വർധനയക്കു സാധ്യത കൂടും.

ചില്ലറ വിലക്കയറ്റം ഉയർന്നു തന്നെ

ജൂൺ മാസത്തിലെ ചില്ലറ വിലക്കയറ്റം 6.26 ശതമാനം ആണെന്നു ഗവണ്മെൻ്റ് ഇന്നലെ അറിയിച്ചു. മേയിൽ 6.3 ശതമാനമായിരുന്നു. വിലക്കയറ്റത്തോത് കാര്യമായ മാറ്റമില്ലാതെ ഉയർന്ന നിരക്കിൽ തുടരുന്നത് ആശങ്കാജനകമാണ്. ഉയർന്ന വിലക്കയറ്റം താൽക്കാലികമാണെന്ന് സർക്കാരും റിസർവ് ബാങ്കും പറയുന്നുണ്ടെങ്കിലും അതു വിശ്വസിക്കാൻ ആൾക്കാർ കുറവാണ്.
ഉയർന്ന ഭക്ഷ്യവിലകളും തുടർച്ചയായി ഉയരുന്ന ഇന്ധന വിലകളുമാണു ചില്ലറ വിലക്കയറ്റത്തെ ഉയർത്തുന്നത്. ഏപ്രിലിൽ രണ്ടു ശതമാനമായിരുന്ന ഭക്ഷ്യ വിലക്കയറ്റം മേയിൽ 5.01 ശതമാനമായി. ജൂണിൽ 5.15 ശതമാനത്തിലേക്കു കയറി. സസ്യ എണ്ണകളുടെയും നെയ്യുടെയും വിലക്കയറ്റം 34.8 ശതമാനമാണ്. മുട്ടയുടേത് 19.4 ശതമാനവും.

ഇന്ധനനികുതി എന്ന വില്ലൻ

ഇന്ധനം, വൈദ്യുതി എന്നിവയുടെ വിലക്കയറ്റം 12.7 ശതമാനമായി. വസ്ത്രങ്ങളുടെയും പാദരക്ഷകളുടെയും വിലക്കയറ്റം 6.21 ശതമാനത്തിലെത്തി.
ഇന്ധനനികുതിയിൽ കുറവു വരുത്തി വിലക്കയറ്റ പ്രവണത ശമിപ്പിക്കാൻ വിവിധ വിഭാഗങ്ങൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഗവണ്മെൻ്റ് വഴങ്ങുന്നില്ല. മറ്റു വരുമാനങ്ങൾ കുറയുമ്പോൾ ഇന്ധനനികുതി കൂടി വരുന്നതാണു ഗവണ്മെൻ്റിൻ്റെ ബജറ്റ് ഭദ്രമാക്കാനുള്ള ഏക മാർഗം. സർക്കാർ നിലപാട് മാറ്റുന്നില്ലെങ്കിൽ വരും മാസങ്ങളിലും വിലക്കയറ്റം ഉയർന്നു നിൽക്കും.

മൊത്തവിലയും കുതിക്കും

പരമാവധി ആറു ശതമാനം ആയിരിക്കണം ചില്ലറ വിലക്കയറ്റം എന്നാണു റിസർവ് ബാങ്കിനു കേന്ദ്രം നൽകിയിട്ടുള്ള നിർദേശം. അതനുസരിച്ചു വേണം പണനയം രൂപപ്പെടുത്താൻ. പക്ഷേ തൽക്കാലം പണനയത്തിൽ മാറ്റത്തിനു റിസർവ് ബാങ്ക് ആലോചിക്കുന്നില്ല. അതായതു പലിശ വർധനയുടെ ആശങ്ക ഇല്ല.
മൊത്തവിലക്കയറ്റത്തിൻ്റെ കണക്ക് നാളെ വരും. അത് ഇരട്ടയക്ക വളർച്ച കാണിക്കും. ഇന്ധന വിലയ്ക്കു പുറമേ ലോഹങ്ങൾ, രാസവസ്തുക്കൾ, പ്ലാസ്റ്റിക്, പെട്രോ കെമിക്കലുകൾ തുടങ്ങിയവയുടെ വിലയിലെ കുതിപ്പും മൊത്ത വിലക്കയറ്റ നിരക്കിൽ പ്രതിഫലിക്കും.ആഗോളതലത്തിലും വിലക്കയറ്റം രൂക്ഷമാണ്.

പലിശ കൂട്ടൽ അജൻഡയിൽ ഇല്ല

വിലക്കയറ്റം പിടിച്ചു നിർത്താൻ പലിശ വർധന എന്ന പരിഹാര നടപടി ഇപ്പോൾ പ്രമുഖ കേന്ദ്ര ബാങ്കുകൾ ഒന്നും ആലോചിക്കുന്നില്ല. ഇന്നലെ യൂറോപ്യൻ കേന്ദ്ര ബാങ്ക് അധ്യക്ഷ ക്രിസ്റ്റീൻ ലഗാർഡിനോട് ഇക്കാര്യം ചോദിച്ചപ്പോൾ പലിശ കൂട്ടൽ ചിന്തിക്കേണ്ട സമയമായില്ല എന്ന വ്യക്തമായ മറുപടിയാണുണ്ടായത്. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് കഴിഞ്ഞ ദിവസങ്ങളിൽ പല അഭിമുഖങ്ങളിലും ഇതേ നിലപാട് എടുത്തു പറഞ്ഞു. വളർച്ചയാണ് എല്ലാവരും പ്രധാനമായി കാണുന്നത്. പലിശ കൂട്ടുന്നതു വളർച്ചയെ ബാധിക്കും.
അതിവേഗ വളർച്ച നേടിക്കൊണ്ടിരുന്ന ചൈന പോലും ഈ മാസങ്ങളിൽ വളർച്ചയ്ക്കു മാന്ദ്യം കാണുന്നുണ്ട്. ചൈനീസ് കേന്ദ്ര ബാങ്ക് (പിബിഒസി) കഴിഞ്ഞ ദിവസമാണ് അടിസ്ഥാന പലിശ കുറച്ചത്.

ഐഐപി നിരാശപ്പെടുത്തുന്നു

മേയിലെ വ്യവസായ ഉൽപാദന സൂചിക (ഐഐപി) നിരാശപ്പെടുത്തുന്നതാണ്. ഏപ്രിലിലേക്കാൾ എട്ടു ശതമാനം കുറവായി മേയിലെ ഉൽപാദനം. കോവിഡ് നിയന്ത്രണങ്ങൾ കാര്യമായി ബാധിച്ചു എന്നു വ്യക്തം.
തലേ വർഷം മേയുമായി താരതമ്യപ്പെടുത്തുമ്പോൾ 29.3 ശതമാനം വളർച്ച ഉണ്ട് എന്നാണ് ഔദ്യോഗിക പത്രക്കുറിപ്പിൽ പറയുക. പക്ഷേ തലേ മേയിലെ ഉൽപാദനം 33.4 ശതമാനം കുറവായിരുന്നു. ഇപ്പോഴത്തെ 29.3 ശതമാനം വളർച്ചയ്ക്കു ശേഷവും ഉൽപാദനം 2019 മേയിൽ ഉണ്ടായിരുന്നതിലും കുറവാണെന്നു ചുരുക്കം. ഫാക്ടറികളിലെ ഉൽപാദനം 34.5 ശതമാനം കൂടിയെങ്കിലും തലേ വർഷത്തെ 37.8 ശതമാനം തളർച്ചയെ മറികടക്കാനായില്ല. ഏപ്രിലിനെ അപേക്ഷിച്ചു ഫാക്ടറി ഉൽപാദനം 9.5 ശതമാനം കുറവാണ്. വൈദ്യുതി ഉൽപാദനം തലേമാസത്തേതിൽ നിന്ന് ഏഴു ശതമാനമാണു കുറഞ്ഞത്. ഖനനം 0.6 ശതമാനം കുറവായി.

കൺസ്യൂമറും നിക്ഷേപകരും ഉണർന്നില്ല

ഗൃഹോപകരണങ്ങളും ഇലക്ട്രാേണിക് സാമഗ്രികളും ഉൾപ്പെട്ട കൺസ്യൂമർ ഡ്യുറബിൾ ഉൽപാദനം ഏപ്രിലിനെ അപേക്ഷിച്ച് 28 ശതമാനം കുറവായി. സോപ്പ് മുതൽ ഫേസ്ക്രീം വരെയുള്ള കൺസ്യൂമർ നോൺ ഡ്യുറബിൾ വിഭാഗത്തിൽ ഉൽപാദനം തലേ മാസത്തേക്കാൾ 3.7 ശതമാനം കുറഞ്ഞു. യന്ത്രനിർമാണം കോവിഡിനു മുമ്പുണ്ടായിരുന്നതിലും 36.9 ശതമാനം കുറവായി.
കൺസ്യൂമർ ഡിമാൻഡും നിക്ഷേപ ഡിമാൻഡും കുറഞ്ഞു തന്നെ നിൽക്കുന്നു എന്നാണ് വ്യവസായ ഉൽപാദന സൂചികയിലെ കണക്കുകൾ വ്യക്തമാക്കുന്നത്. മറ്റൊരു ഭാഷയിൽ പറഞ്ഞാൽ സാമ്പത്തിക ഉണർവ് അൽപം അകലെത്തന്നെ.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it