ലാഭമെടുക്കലിൽ സൂചികകൾ താണു; വിദേശികൾ വീണ്ടും സജീവം; സ്വദേശി ഫണ്ടുകൾ വിറ്റു മാറുന്നു; മിഡ് ക്യാപ്പിൽ നേട്ടം; ഇന്ത്യയുടെ ക്രൂഡ് ബാസ്‌കറ്റ് വില 70 ഡോളർ കടന്നു

വിൽപന സമ്മർദത്തിൽ മുഖ്യ സൂചികകൾ അൽപം താണെങ്കിലും ഇന്ത്യൻ ഓഹരി വിപണി ബുളളിഷ് മനോഭാവം കൈവിട്ടിട്ടില്ലെന്ന നിലപാടിലാണു ബ്രോക്കറേജുകൾ. ഇനിയും ലാഭമെടുക്കാനായി വിൽക്കുന്നവരുടെ സമ്മർദമുണ്ടാകും. എങ്കിലും വിശാല വിപണി ഉയർച്ചയാണു ലക്ഷ്യമിടുന്നത്.

ഇന്നലെ നേരിയ താഴ്ചയിലാണു മുഖ്യ സൂചികകൾ ക്ലോസ് ചെയ്തത്. നിഫ്റ്റി 11.55 പോയിൻ്റും സെൻസെക്സ് 52.94 പോയിൻ്റും താണു. എന്നാൽ നിഫ്റ്റി മിഡ് ക്യാപ് സൂചിക 0.6 ശതമാനവും സ്മോൾ ക്യാപ് സൂചിക 0.54 ശതമാനവും ഉയർന്നതു ശ്രദ്ധേയമാണ്. ഫണ്ടുകളുടെ വ്യാപാരം മൂലം വമ്പൻ ഓഹരികളിൽ വലിയ മാറ്റം വരുന്നതാണു മുഖ്യസൂചികകളെ ഉലയ്ക്കുന്നത്.
ഇന്നു നിഫ്റ്റി 15,800നു മുകളിലേക്കു കരുത്തോടെ കടന്നാൽ 15,900-15,950 വരെ കയറാൻ കഴിയുമെന്നു സാങ്കേതിക വിശകലനക്കാർ കണക്കാക്കുന്നു. 15,700 ൻ്റെ സപ്പോർട്ടിനു കീഴാേട്ടു നീങ്ങിയാൽ 15,600-15,500 മേഖലയിലേക്കു താഴുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.
സിംഗപ്പുർ എക്സ്ചേഞ്ചിലെ നിഫ്റ്റി ഡെറിവേറ്റീവ് വ്യാപാരം ചൊവ്വാഴ്ച 15,781.5- ലാണു ക്ലാേസ് ചെയ്തത്. ഇന്നു രാവിലെ 15,765 ലാണു വ്യാപാരത്തുടക്കം. കരുതലോടെയാണു ഡെറിവേറ്റീവ് വിപണി നീങ്ങുന്നത്.

ബാങ്കുകളിൽ ലാഭമെടുക്കൽ

ചൊവ്വാഴ്ച തുടക്കത്തിൽ നേട്ടമുണ്ടാക്കിയ ഓഹരി സൂചികകൾ പിന്നീടു താഴോട്ടു പോയി. വ്യാപാരത്തിനിടെ ഒരിക്കലും തിരിച്ചു കയറാൻ കഴിഞ്ഞതുമില്ല. ബാങ്ക് ഓഹരികളിൽ ലാഭമെടുക്കാൻ വേണ്ടി വിൽപന വർധിച്ചതാണു വിപണിയെ വല്ലാതെ സമ്മർദത്തിലാക്കിയത്. നിഫ്റ്റി ബാങ്ക് സൂചിക ഒരു ശതമാനം താണു. പൊതുമേഖലാ ബാങ്കുകൾ ശരാശരി രണ്ടു ശതമാനം ഇടിഞ്ഞു.
മെറ്റൽ ഓഹരികളും താഴോട്ടു പോയി. റിലയൻസിലും വിൽപന വലിയ തോതിലായിരുന്നു.

വൈദ്യുതി കുതിച്ചു

എന്നാൽ വൈദ്യുത കമ്പനികൾ അപ്രതീക്ഷിതമായി കുതിച്ചു കയറി. ബിഎസ്ഇ പവർ സൂചിക ഒരു ശതമാനം ഉയർന്നു. അഡാനി പവർ (ഇന്നലെ ടേണോവർ 330.78 കോടി രൂപ), ടാറ്റാ മോട്ടോഴ്സ് (120.64 കോടി), അഡാനി എൻറർപ്രൈസ് (116.68 കോടി) ജെഎസ്ഡബ്ള്യു സ്റ്റീൽ (109.62 കോടി) എന്നിവയായിരുന്നു ബി എസ് ഇ യിൽ ഇന്നലെ ഏറ്റവുമധികം കൈമാറ്റം ചെയ്യപ്പെട്ട ഓഹരികൾ.
ഇന്നലെ യൂറോപ്പിൽ ഓഹരികൾ ചെറിയ കയറ്റിറക്കങ്ങൾ കാണിച്ചു. അമേരിക്കയിൽ ഡൗ സൂചിക അൽപം താണു. മറ്റു സൂചികകൾ അൽപം കയറി. നാളെ വിലക്കയറ്റത്തിൻ്റെ കണക്കു വരുന്നതു കാത്തിരിക്കുകയാണ് വിപണി. വിലക്കയറ്റം കൂടിയാൽ ഓഹരികൾ തളരും.
ഇന്നു രാവിലെ ഏഷ്യൻ ഓഹരികൾ ദൗർബല്യമാണു കാണിക്കുന്നത്.

വിദേശികൾ വാങ്ങിക്കൂട്ടി, സ്വദേശികൾ വിറ്റൊഴിഞ്ഞു

തിങ്കളാഴ്ച വില്പന സമ്മർദം ഉണ്ടാക്കിയ വിദേശ നിക്ഷേപക സ്ഥാ‌പനങ്ങൾ ഇന്നലെ വലിയ തോതിൽ വാങ്ങിക്കൂട്ടി.1422.71 കോടിയുടെ ഓഹരികൾ അവർ വാങ്ങി. അതേ സമയം സ്വദേശി ഫണ്ടുകൾ 1626.98 കോടിയുടെ വിൽപനക്കാരായി. വിദേശികൾ ജൂണിൽ ഇതുവരെ 4286 കോടി രൂപയുടെ ഓഹരികൾ വാങ്ങിക്കഴിഞ്ഞു. ഏപ്രിലിലും മേയിലും അവർ വിൽപനക്കാരായിരുന്നു.

ക്രൂഡ് ഓയിൽ 72 ഡോളർ കടന്നു

ഏഷ്യയിൽ ക്രൂഡ് ഓയിൽ ആവശ്യം കോവിഡിനു മുമ്പത്തെ നിലയിലേക്ക് ഉയർന്നു. ഇതോടെ ക്രൂഡ് വില വീണ്ടും കുതിച്ചു. ബ്രെൻ്റ് ഇനം വീപ്പയ്ക്ക് 72.31 ഡോളറിലേക്ക് കയറി.ഡബ്ള്യുടിഐ ഇനം 70.4 ഡോളറിലെത്തി. ഇറാൻ - യു എസ് ചർച്ച വേണ്ടത്ര പുരോഗതി കൈവരിച്ചില്ലെങ്കിൽ വില വീണ്ടും ഉയരും.
ക്രൂഡ് വിലക്കയറ്റം ഇന്ത്യയിൽ ചില്ലറ വിലക്കയറ്റം വർധിക്കാൻ ഇടയാക്കും. ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതി വില 70 ഡോളറിനു മുകളിലാണ്. ഇന്ധന വില ദിവസേന വർധിപ്പിക്കുന്നുണ്ട്. മേയിലെ ചില്ലറ വിലക്കയറ്റ നിരക്ക് അടുത്ത ദിവസം പുറത്തുവരും. റിസർവ് ബാങ്കിൻ്റെ സഹന പരിധിയായ ആറു ശതമാനത്തിലേക്കു ചില്ലറ വിലക്കയറ്റം ഉയരുമോ എന്നാണ് എല്ലാവരും നോക്കുന്നത്.
സ്വർണവില ഔൺസിന് 1895 ഡോളറിലാണ് ഇന്നു രാവിലെ. ഇന്നലെ 1884-1903 മേഖലയിൽ കയറിയിറങ്ങി..
ഡോളർ സൂചിക 90- നു താഴെ പോയിട്ട് ഒടുവിൽ 90.1 ലേക്കു കയറി. എങ്കിലും ദൗർബല്യമാണു കാണിക്കുന്നത്.

വളർച്ചത്തോത് കുറയുമെന്നു ലോകബാങ്ക് നിഗമനം

ഇന്ത്യയുടെ വളർച്ച സംബന്ധിച്ചു കൂടുതൽ നിരാശ പകരുന്ന റിപ്പോർട്ടുമായി ലോകബാങ്ക്. 2021-22ൽ ഇന്ത്യയുടെ ജിഡിപി വളർച്ച 8.3 ശതമാനമായിരിക്കുമെന്ന് അവർ പറയുന്നു. 2022-23ൽ 7.5 ശതമാനവും പിറ്റേ വർഷം 6.5 ശതമാനവും വളർച്ചയാണു ലോകബാങ്ക് കണക്കാക്കുന്നത്.
ഇന്ത്യയുടെ റിസർവ് ബാങ്ക് കഴിഞ്ഞയാഴ്ച കണക്കാക്കിയത് ഇന്ത്യ ഇക്കൊല്ലം 9.5 ശതമാനം വളരുമെന്നാണ്. ചില റേറ്റിംഗ് ഏജൻസികൾ വളർച്ച പ്രതീക്ഷ 8.5 ശതമാനം വരെ താഴ്ത്തിയിട്ടുണ്ട്.
2019 -20 ൽ നാലു ശതമാനം മാത്രം വളർന്ന ഇന്ത്യൻ ജിഡിപി കഴിഞ്ഞ ധനകാര്യ വർഷം 7.3 ശതമാനം ചുരുങ്ങിയിരുന്നു. അവിടെ നിന്നു ശക്തമായ തിരിച്ചുവരവ് ഈ വർഷം സാധിക്കുമെന്നു കരുതിയിരുന്നപ്പോഴാണ് കോവിഡിൻ്റെ രണ്ടാം തരംഗം കനത്ത ആഘാതമേൽപിച്ചത്. ഏപ്രിൽ, മേയമാസങ്ങളിലെ കോവിഡ് നിയന്ത്രണങ്ങളും ലോക്ക് ഡൗണുകളും ഇനിയും മുഴുവനായി നീങ്ങിയിട്ടില്ല. ഇവയുടെ ആഘാതം ഒന്നാം പാദ ജിഡിപി കണക്ക് ഓഗസ്റ്റ് അവസാനം പുറത്തു വിടുമ്പോഴേ അറിയാനാകൂ.

നഷ്ടമാകുന്നതു രണ്ടു വർഷത്തെ വളർച്ച

ലോകബാങ്ക് നിഗമനം ശരിയായാൽ 2020 മാർച്ച് 31 ലെ ജിഡിപി തുകയേ 2022 മാർച്ച് 31-ന് ഉണ്ടായിരിക്കൂ. രാജ്യത്തിനു രണ്ടു വർഷത്തെ വളർച്ച നഷ്ടമാകുമെന്നു ചുരുക്കം. തുടർന്നുള്ള വർഷങ്ങളിലും കുറഞ്ഞ വളർച്ച (7.5 ശതമാനവും 6.5 ശതമാനവും) ആകുമെന്നു വന്നാൽ നഷ്ടപ്പെട്ട വർഷങ്ങൾ തിരിച്ചുപിടിക്കൽ സമീപകാലത്തൊന്നും ഉണ്ടാകില്ല. കോവിഡ് തരംഗങ്ങൾ കുടുംബങ്ങളുടെയും കമ്പനികളുടെയും വരുമാനത്തിൽ ഉണ്ടാക്കിയ നഷ്ടം ചെലവ് ചെയ്യാനുള്ള ശേഷി കുറയ്ക്കുക മാത്രമല്ല ചെയ്തത്. ഭാവി വരുമാനം ഉറപ്പിക്കാത്തതിനാൽ ചെലവ് ചെയ്യാനുള്ള താൽപര്യവും ധൈര്യവും ഇല്ലാതാക്കി എന്നു ലോകബാങ്ക് വിലയിരുത്തി.
വളർച്ച കുറയുമ്പോൾ സമ്പത്തു മാത്രമല്ല തൊഴിലും കുറയും. രണ്ടു വർഷം നഷ്ടപ്പെടുന്ന തൊഴിൽ തിരിച്ചുകിട്ടണമെങ്കിൽ ഇരട്ടയക്ക വളർച്ചയിലേക്കു രാജ്യം കയറണം. ഇരട്ടയക്ക വളർച്ച കുറേ കാലം തുടരുകയും വേണം.
ഈ വർഷം ആഗാേള വളർച്ച 5.6 ശതമാനമാകുമെന്നു ലോകബാങ്ക് കണക്കാക്കുന്നു.ഇത് 80 വർഷത്തിനിടയിലെ ഏറ്റവും മികച്ച മാന്ദ്യാനന്തര വളർച്ചയാകും. എങ്കിൽ പോലും കോവിഡിനുമുണ്ടായിരുന്നതിലും രണ്ടു ശതമാനം കുറവാകും ആഗോള ജിഡിപി.

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it