Top

ഏഷ്യൻ ഉണർവിൽ പ്രതീക്ഷ അർപ്പിച്ച് ഓഹരി വിപണി, യുഎസ് വിലക്കയറ്റത്തിൽ ഓഹരികൾക്കെന്തു വിഷയം? സംഭരണവിലയിൽ കർഷകർക്കു നിരാശ

ലാഭമെടുക്കലും പാശ്ചാത്യ മാർക്കറ്റുകളിൽ നിന്നുള്ള സൂചനകളും ഇന്നലെ ഇന്ത്യൻ ഓഹരികളെ വീഴ്ത്തി. റിലയൻസും ബാങ്കുകളും മുതൽ സ്മോൾ ക്യാപ് ഓഹരികൾ വരെ താഴോട്ടു പോയി. ഇന്നും അതിൻ്റെ കാറ്റ് തുടരാം. എന്നാൽ രാവിലെ ഏഷ്യൻ വിപണികളും യുഎസ് സൂചികകളുടെ ഫ്യൂച്ചേഴ്‌സും ഉണർവിലായത് പ്രതീക്ഷ നൽകുന്നു.

ഇന്നലെ രാവിലെ ഉയരത്തിൽ തുടങ്ങിയ വിപണി പതിവ് ചാഞ്ചാട്ടം കഴിഞ്ഞു നല്ല ഉയരത്തിലേക്കു കയറിയ ശേഷമാണ് വിൽപന തരംഗം വന്നത്. 15,800 വരെ കയറ്റിയ നിഫ്റ്റി രണ്ടു മണിക്കൂറിനകം 15,566.90 വരെ ഇടിഞ്ഞു. 233 പോയിൻ്റിൻ്റെ ചാഞ്ചാട്ടം. സെൻസെക്സ് 51,717.07-നും 52,446.92 നുമിടയിൽ 730 പോയിൻ്റ് കയറിയിറങ്ങി.
മുഖ്യസൂചികകൾ (നിഫ്റ്റി 15,635. 35, സെൻസെക്സ് 51941.64) യഥാക്രമം 0.67 ശതമാനവും 0.64 ശതമാനവും താഴ്ന്നാണു ക്ലോസ് ചെയ്തത്. മിഡ് ക്യാപ് സൂചിക 0.72 ശതമാനവും സ്മോൾ ക്യാപ് സൂചിക 1.35 ശതമാനവും ഇടിഞ്ഞു.
യൂറോപ്പിലും അമേരിക്കയിലും നിന്നുള്ള ആശങ്കകളാണ് ഇവിടെ വിൽപന സമ്മർദത്തിനു വഴിതെളിച്ചത്. വിദേശ നിക്ഷേപ സ്ഥാപനങ്ങളും സ്വദേശി ഫണ്ടുകളും ഒരേ പോലെ വിൽപനക്കാരായി. വിദേശികൾ 846.37 കോടി രൂപയുടെ ഓഹരികൾ വിറ്റപ്പോൾ സ്വദേശി വിൽപന 271.7 കോടി രൂപയുടേതായിരുന്നു.
യൂറോപ്യൻ, അമേരിക്കൻ ഓഹരി സൂചികകൾ ഇന്നലെ രാവിലെ ഉയർന്ന ശേഷം താഴോട്ടു പോയി. അമേരിക്കൻ സൂചികകൾ താഴ്ചയിൽ നിന്നു കുറേ കയറിയാണു ക്ലോസ് ചെയ്തത്. യുഎസ് കടപ്പത്രങ്ങൾക്കു വില കൂടുകയും ചെയ്തു. ഇത് ഇന്നു രാവിലെ ഏഷ്യൻ വിപണികൾക്ക് ആശ്വാസമായി. പ്രധാന ഏഷ്യൻ ഓഹരി വിപണികൾ ഉയർന്ന നിലവാരത്തിലാണു വ്യാപാരം തുടങ്ങിയത്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി ഇന്നു രാവിലെ 15,700-നു മുകളിലാണ്. ഇത് ഇന്ത്യൻ വിപണി ഉയർന്നു തുടങ്ങുമെന്ന സൂചന നൽകുന്നു.
സൂചികകൾ അനിശ്ചിതത്വം സൂചിപ്പിക്കുന്നതായി സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. നിഫ്റ്റി 15,650-നു താഴെ ക്ലോസ് ചെയ്തത് ശുഭകരമല്ലെന്നു ചിലർ കരുതുന്നു. നിഫ്റ്റി യുടെ സപ്പോർട്ട് 15,535-15,435 നിലവാരത്തിലേക്കു താഴ്ന്നതായാണു വിലയിരുത്തൽ. 15,800 മറികടക്കാൻ പ്രയാസം വർധിച്ചതായും അവർ കണക്കാക്കുന്നു.
ലോക വിപണിയിൽ ക്രൂഡ് ഓയിൽ ഉയർന്ന വിലയിൽ തുടരുന്നു. ബ്രെൻ്റ് ഇനം ക്രൂഡ് വീപ്പയ്ക്ക് 72.05 ഡോളറിലാണ്.
സ്വർണം രാജ്യാന്തര വിപണിയിൽ 1888 ഡോളറിലേക്കു താണു. ഇന്നലെ 1899 വരെ കയറിയിരുന്നു.

യുഎസ് വിലക്കയറ്റവും യൂറോപ്യൻ കേന്ദ്ര ബാങ്ക് തീരുമാനവും നിർണായകം

അമേരിക്കയിൽ ചില്ലറ വില സൂചികയും യൂറോപ്പിൽ യൂറോപ്യൻ കേന്ദ്ര ബാങ്കിൻ്റെ നയതീരുമാനവും ഇന്നു പുറത്തുവരും. (ഇന്ത്യൻ വിപണി അടച്ച ശേഷം വൈകുന്നേരം 6.45 നാണ് ഇവ പുറത്തുവിടുക).
അമേരിക്കൻ വിലക്കയറ്റം ഏപ്രിലിൽ 4.2 ശതമാനമായിരുന്നു. മേയിൽ അത് എത്ര വർധിച്ചു എന്നതിലാണ് ശ്രദ്ധ. 4.5 ശതമാനത്തിനപ്പുറം വിലകയറുകയും കാതൽ വിലക്കയറ്റത്തിൽ ( ഭക്ഷ്യ- ഇന്ധന വിലക്കയറ്റങ്ങൾ കിഴിച്ച ശേഷമുള്ളത് ) വർധന തുടരുകയും ചെയ്താൽ സ്ഥിതി ഓഹരികൾക്കു ദോഷമാണ്. കാരണം ഉയർന്ന വിലക്കയറ്റം ഉയർന്ന പലിശയിലേക്കു നയിക്കുമെന്നു തീർച്ചയാണ്. അപ്പോൾ പണം ഓഹരികളിൽ നിന്നു കടപ്പത്രങ്ങളിലേക്കു നീങ്ങും. വികസ്വര രാജ്യങ്ങളിൽ നിന്ന് അമേരിക്കയിലേക്കു നിക്ഷേപങ്ങൾ നീങ്ങും.
യൂറോപ്യൻ കേന്ദ്ര ബാങ്ക് (ഇസിബി) അടുത്ത മാർച്ച് വരെ കടപ്പത്രങ്ങൾ വാങ്ങുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. അതിൻ്റെ തോത് കുറയ്ക്കുകയോ പദ്ധതി നേരത്തേ നിർത്തുകയാേ ചെയ്യുമെന്ന ആശങ്ക വിപണിയിലുണ്ട്. ഇസിബി അധ്യക്ഷ ക്രിസ്റ്റീൻ ലഗാർഡ് യോഗശേഷം എന്തു പറയുമെന്നാണു വിപണികൾ ശ്രദ്ധിക്കുന്നത്. യൂറോപ്പിലെ വളർച്ച തിരിച്ചു വരുന്ന സാഹചര്യത്തിൽ കടപ്പത്രങ്ങൾ വാങ്ങുന്നതു കുറയ്ക്കണമെന്ന വാദം ശക്തമായതാണ് ആശങ്കയ്ക്കു നിദാനം.

എൽ സാൽവദോറിൽ ബിറ്റ് കോയിനു നിയമ പ്രാബല്യം

ഡിജിറ്റൽ ഗൂഢ കറൻസി ബിറ്റ് കോയിന് മധ്യ അമേരിക്കൻ രാജ്യമായ എൽ സാൽവദോറിൽ നൈയാമിക അംഗീകാരം. ഇതാദ്യമാണ് ഒരു ഡിജിറ്റൽ കറൻസിക്ക് ഏതെങ്കിലും രാജ്യത്ത് നിയമ പ്രാബല്യം ലഭിക്കുന്നത്.
ലാറ്റിനമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ ഭരണാധികാരിയായ പ്രസിഡൻ്റ് നയിബ്‌ ബുകേലെ ആണ് ഇതു പ്രഖ്യാപിച്ചത്. ജനങ്ങൾക്കു യുഎസ് ഡോളറോ ബിറ്റ് കോയിനോ ഉപയോഗിക്കാം. അഴിമതി ആരോപണങ്ങളിൽ പെട്ടിട്ടുള്ള പ്രസിഡൻ്റ് ഈയിടെ സുപ്രീം കോടതി ജഡ്ജിമാരെയും കുറ്റാന്വേഷണ ഏജൻസി മേധാവികളെയും പുറത്താക്കി "അട്ടിമറി " നടത്തിയിരുന്നു.
65 ലക്ഷം ജനങ്ങളുള്ള രാജ്യം ദാരിദ്ര്യം, തൊഴിലില്ലായ്മ, അക്രമം, അസമത്വം എന്നിവ മൂലം വലയുകയാണ്.
ഒരു മാസം മുമ്പ് 65,000 ഡോളർ വരെ എത്തിയ ബിറ്റ്കോയിൻ വില ഇന്ന് 37,000 ഡോളറിനടുത്താണ്.

സംഭരണവില അൽപം മാത്രം കൂട്ടി കേന്ദ്രം

ഖാരിഫ് വിളകളുടെ സംഭരണവില കേന്ദ്രം ഗണ്യമായി വർധിപ്പിച്ചു. നെല്ല്, പരുക്കൻധാന്യങ്ങൾ, എണ്ണക്കുരുക്കൾ, പയറുവർഗങ്ങൾ എന്നിവയാണു പ്രധാന ഖാരിഫ് വിളകൾ. പ്രധാന ഖാരിഫ് കൃഷി നെല്ലാണ്. നെല്ലിൻ്റെ സംഭരണവില നാമമാത്രമായേ (നാലു ശതമാനത്തിൽ താഴെ) വർധിപ്പിച്ചിട്ടുള്ളു. രണ്ടാമത്തെ വലിയ കൃഷിയിനമായ ചോളത്തിനും വർധന കുറവാണ്. കർഷക സംഘടനകൾ വർധന അപര്യാപ്തമാണെന്നു പറഞ്ഞു. പൊതു വിലക്കയറ്റത്തിനനുസരിച്ച വർധന പാേലും ഇല്ലെന്ന് അവ ചൂണ്ടിക്കാട്ടി. സംഭരണവില നൈയാമികമാക്കണമെന്നത് പ്രക്ഷോഭ രംഗത്തുള്ള കർഷകരുടെ പ്രധാന ആവശ്യമാണ്. കേന്ദ്രം അതിനു തയാറല്ല.
രാജ്യത്തു വേണ്ടത്ര ഉൽപാദനം ഇല്ലാത്തതിനാൽ ഭക്ഷ്യ എണ്ണയും പരിപ്പും ഉഴുന്നുമൊക്കെ വലിയ തോതിൽ ഇറക്കുമതി ചെയ്യുന്നുണ്ട്.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it