Top

ഈയാഴ്ച ഓഹരി വിപണിയിൽ എന്തു സംഭവിക്കും? വിലക്കയറ്റം കുതിക്കും; സർക്കാർ കണക്കുകളിലെ കളികൾ

മുന്നേറ്റം തുടരണോ വേണ്ടയോ എന്ന അനിശ്ചിതത്വം വിപണിയിൽ വളരുന്നു. മുഖ്യസൂചികകൾ റിക്കാർഡ് ഉയരങ്ങളിൽ എത്തിയപ്പോൾ വിൽപന കൂടി. ലാഭമെടുത്തു മാറി നിൽക്കുക, അനുകൂലമായി വരുമ്പോൾ വീണ്ടും വാങ്ങുക എന്ന തന്ത്രം ആണു പ്രേരണ. ഈ കയറ്റം ഇതേ പോലെ തുടർന്നില്ലെങ്കിൽ ലാഭമെടുക്കാനുള്ള അവസരം നഷ്ടപ്പെടുമല്ലോ. അങ്ങനെ വരാതിരിക്കാൻ വിൽക്കുന്നു. ഇങ്ങനെയൊരു വിൽപനസമ്മർദത്തിലാണു വിപണി. അതു മുഖ്യ സൂചികകളെ പാർശ്വ നീക്കങ്ങൾക്കു പ്രേരിപ്പിക്കും. വിപണി ചെറിയ ചാഞ്ചാട്ടമാകും ഈയാഴ്ച കാണിക്കുക എന്ന സൂചനയാണു കഴിഞ്ഞ വാരാന്ത്യം നൽകുന്നത്.

മുഖ്യസൂചികകൾ വെള്ളിയാഴ്ച ചെറിയ മേഖലയിൽ കയറിയിറങ്ങിയിട്ട് നാമമാത്ര നേട്ടത്തോടെ ക്ലോസ് ചെയ്തു. നിഫ്റ്റിക്ക് 15,800-ഉം സെൻസെക്സിന് 52,500-ഉം മറികടന്നു ക്ലോസ് ചെയ്യാൻ സാധിച്ചില്ല. ഈ നിർണായക നിലവാരങ്ങൾ മറികടക്കാത്തത് അനിശ്ചിതത്വചിന്ത നിക്ഷേപകരെ ബാധിച്ചതു കൊണ്ടാണെന്നു പൊതുവേ വിലയിരുത്തലുണ്ട്.
സാങ്കേതിക വിശകലനക്കാരുടെ നിരീക്ഷണത്തിൽ നിഫ്റ്റി വലിയ തടസത്തിൻ്റെ മേഖലയിലാണ്.15,835-ലും 15,880- ലും പ്രതിബന്ധങ്ങൾ വലുതാണ്. ഈ തടസമേഖല മറികടന്നാൽ 16,000-നു മുകളിലേക്കു കുതിപ്പ് തുടരും. നിഫ്റ്റിക്ക് 15,755-ലും 15,690- ലും നല്ല സപ്പോർട്ട് ഉണ്ട്.
വെള്ളിയാഴ്ച യൂറോപ്യൻ ഓഹരികൾ റിക്കാർഡ് നിലവാരത്തിലേക്ക് ഉയർന്നു. അമേരിക്കൻ വിപണി ചെറിയ നേട്ടത്തോടെയാണു ക്ലോസ് ചെയ്തത്.
ഇന്നു രാവിലെ യുഎസ് സൂചികകളുടെ ഫ്യൂച്ചേഴ്സ് ഉയരത്തിലാണ്. ഏഷ്യൻ ഓഹരികളും ഉണർവോടെയാണു വ്യാപാരം തുടങ്ങിയത്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി വെള്ളിയാഴ്ച 15,830 വരെ കയറി. പിന്നീട് 15,777.50 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ചെറിയ താഴ്ചയിലാണു വ്യാപാരം. ഇന്ത്യൻ വിപണി താഴ്ന്നു തുടങ്ങും എന്ന സൂചനയാണു ഡെറിവേറ്റീവ് വ്യാപാരം നൽകുന്നത്.

സ്വർണത്തിന് ഇടിവ്

ലോക വിപണിയിൽ വെള്ളിയാഴ്ച സ്വർണവില 1879 ഡോളറിലേക്കു താണു. ഇതിന് തുടർച്ചയായി ശനിയാഴ്ച കേരള വിപണിയിൽ സ്വർണവില ഗണ്യമായി താണു. ഇന്നു രാവിലെ ലോക വിപണിയിൽ വില 1867 ഡോളറിലേക്ക് ഇടിഞ്ഞു. വീണ്ടും താഴുമെന്നാണു സൂചന. ഡോളർ കരുത്തു നേടിയതും സ്വർണത്തിൽ നിന്നു ബിറ്റ് കോയിനിലേക്കും മറ്റും നിക്ഷേപങ്ങൾ മാറുന്നതുമാണു കാരണം.
ക്രൂഡ് ഓയിൽ വില വീണ്ടും കയറി. ബ്രെൻ്റ് ഇനം ഇന്നു രാവിലെ 72.74 ഡോളറിലാണ്.

വിലക്കയറ്റം കുതിക്കും, പക്ഷേ പലിശ കൂട്ടില്ല

സുപ്രധാനമായ ചില സാമ്പത്തികസൂചകങ്ങൾ ഇന്നും നാളെയുമായി പുറത്തു വരാനുണ്ട്. ഇന്നു മേയിലെ ചില്ലറ വിലക്കയറ്റവും മൊത്ത വിലക്കയറ്റവും സംബന്ധിച്ച കണക്കുകൾ പ്രസിദ്ധീകരിക്കും. നാളെ മേയിലെ കയറ്റുമതി-ഇറക്കുമതി കണക്കുകൾ പുറത്തുവിടും.
ചില്ലറ വിലക്കയറ്റം ഏപ്രിലിൽ 4.29 ശതമാനമായിരുന്നു. മേയിൽ അതു 5.3 ശതമാനമായി കുതിക്കുമെന്നാണു റോയിട്ടേഴ്‌സ് നടത്തിയ സർവേയിൽ ധന ശാസ്ത്രജ്ഞർ വിലയിരുത്തിയത്. ഭക്ഷ്യ- ഇന്ധന വിലകൾ ഒഴിവാക്കിയുള്ള കാതൽ വിലക്കയറ്റവും ഗണ്യമായി ഉയരും.
ഏപ്രിലിലെ വിലക്കയറ്റം മൂന്നു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു. ആ മാസം ക്രൂഡ് ഓയിൽ വില കൂടിയെങ്കിലും ഇന്ത്യയിൽ ഇന്ധന വില കൂട്ടിയിരുന്നില്ല. വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കണക്കിലെടുത്തു വില കൂട്ടാതിരുന്നതാണ്. മേയിൽ ഇന്ധനവില ക്രമമായി കൂട്ടി.
ചില്ലറ വിലക്കയറ്റം പരമാവധി ആറു ശതമാനത്തിൽ നിർത്തണം എന്നാണു റിസർവ് ബാങ്കിനു നൽകിയിട്ടുള്ള നിർദേശം. എന്നാൽ ഈ പരിധി ജൂണിൽ മറികടക്കാൻ സാധ്യതയുള്ളതായി നിരീക്ഷകർ കരുതുന്നു. വിലക്കയറ്റം പരിധി ലംഘിച്ചാലും തൽക്കാലം പലിശ നിരക്ക് കൂട്ടാൻ റിസർവ് ബാങ്ക് തയാറാകില്ല. വളർച്ചയ്ക്കാണു റിസർവ് ബാങ്കും കേന്ദ്ര സർക്കാരും ഇപ്പോൾ മുൻഗണന നൽകുന്നത് എന്നതാണു കാരണം.
മൊത്തവിലസൂചികയിലെ കയറ്റം മേയിൽ 13.07 ശതമാനമാകുമെന്നാണ് റോയിട്ടേഴ്സ് സർവേയിലെ കണ്ടെത്തൽ. ഏപ്രിലിൽ 10.49 ശതമാനമായിരുന്നു.
രാജ്യാന്തര വിപണികളിലെ വിലക്കയറ്റമാണ് ഇവിടത്തെ വിലക്കയറ്റത്തിനു പ്രധാന കാരണം. ഇന്ധനം, ഭക്ഷ്യ എണ്ണ, പയർവർഗങ്ങൾ, സ്റ്റീൽ തുടങ്ങിയ ലോഹങ്ങൾ, പെട്രോ കെമിക്കലുകൾ എന്നിവയുടെ വില കുത്തനെ കൂടിയിട്ടുണ്ട്.

കയറ്റുമതി വർധന നാമമാത്രം

മേയിൽ കയറ്റുമതി 3221 കോടി ഡോളറിൻ്റേതാണെന്ന് പ്രാരംഭ കണക്കുകളിൽ പറഞ്ഞിരുന്നു. ഇത് ഏപ്രിലിനെ അപേക്ഷിച്ച് 5.15 ശതമാനവും തലേ മേയ് മാസത്തെ അപേക്ഷിച്ച് 67.39 ശതമാനവും കൂടുതലാണ്. തലേ മേയിൽ ലോക്ക് ഡൗൺ ആയിരുന്നു. 2019 മേയ് മാസത്തെ അപേക്ഷിച്ച് 7.93 ശതമാനം വളർച്ചയാണ് ഈ മേയിൽ ഉള്ളത്. ഈ പ്രാഥമിക കണക്കിൽ നിന്നു ചെറിയ മാറ്റമേ ഇന്നു പുറത്തു വിടുന്ന കണക്കിൽ ഉണ്ടാകൂ.

ഉയർച്ചയുടെ യുക്തിരാഹിത്യം

ഓഹരി വിപണിയുടെ നിർത്തില്ലാത്ത മുന്നേറ്റത്തിൽ പലർക്കും അഭിപ്രായ വ്യത്യാസമുണ്ട്. സമ്പദ്ഘടന താഴോട്ടു നീങ്ങുമ്പോൾ ഓഹരികൾ കുതിക്കുന്നതിലെ യുക്തിരാഹിത്യം പലരും ചോദ്യം ചെയ്യുന്നു. കോവിഡ് മഹാമാരിയുടെ കാലത്ത് 23 കോടി ജനങ്ങൾ ദാരിദ്ര്യത്തിലേക്കു പതിച്ചപ്പോൾ രാജ്യത്തെ അതിസമ്പന്നർ സമ്പത്തിൻ്റെ പട്ടികയിൽ ഏഷ്യയിലെ മറ്റു വമ്പന്മാരെയെല്ലാം പിന്തള്ളി. സാമ്പത്തിക അസമത്വം ഇങ്ങനെ കൂടുന്നതു ധാർമികമായും രാഷ്ട്രീയമായും അസ്വീകാര്യമാണെന്നു പറയുന്നവരിൽ റിസർവ് ബാങ്ക് മുൻ ഗവർണർ ഡോ.ഡി. സുബ്ബറാവുവും. ഈ കാഴ്ചപ്പാട് വിപണിയിലെ പ്രവർത്തകർക്ക് ഇല്ലെങ്കിലും ഉയർന്നു പോകുന്തോറും വിറ്റു ലാഭമെടുക്കാനുള്ള തത്രപ്പാട് വിപണിഗതിയിലെ ഈ അവിശ്വാസത്തെ കാണിക്കുന്നതാകണം.

നിക്ഷേപകർ ഫണ്ടുകളോടു മുഖം തിരിക്കുന്നോ?

വിപണിയിൽ ഒന്നു രണ്ടു മാസമായി കാണുന്ന ഒരു പ്രവണത ഫണ്ടുകൾ വിൽക്കുന്ന ഓഹരികൾ വാങ്ങാൻ വ്യക്തിഗത നിക്ഷേപകർ തൻ്റേടം കാണിക്കുന്നു എന്നതാണ്. ഫണ്ടുകളിലേക്കു നൽകാതെ ഇടത്തരം പിഎംഎസു (പോർട്ട് ഫോളിയോ മാനേജ്മെൻ്റ് സർവീസ് ) കൾ വഴി നിക്ഷേപിക്കാൻ കൂടുതൽ പേർ ഉത്സാഹിക്കുന്നു. ഫണ്ടുകളുടെ റിട്ടേൺ മെച്ചമല്ല എന്നതാണു നിക്ഷേപകരുടെ ഈ മാറ്റത്തിനു കാരണം. വ്യക്തിഗത നിക്ഷേപകരും പിഎംഎസുകളും കൂടുതൽ ആദായം ഉണ്ടാക്കുന്നുമുണ്ട്‌.

കണക്കിലെ കളിയും യാഥാർഥ്യവും

കണക്കുകൾ എപ്പോഴും വളയെ കാണിക്കണമെന്നാണ് അധികാരികൾ ആഗ്രഹിക്കുന്നത്. അതിനു വേണ്ടി പല അഭ്യാസങ്ങളും നടത്തും. ചിലപ്പോൾ തുക പറഞ്ഞു വലുപ്പം കൂടുതലുണ്ടെന്നു തോന്നിപ്പിക്കും. ചിലപ്പോൾ ശതമാനം പറഞ്ഞു കുതിപ്പിൻ്റെ കെട്ടുകഥ അവതരിപ്പിക്കും. അതിൻ്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഏപ്രിലിലെ വ്യവസായ ഉൽപാദന കണക്ക്. ഔദ്യോഗിക പത്രക്കുറിപ്പ് അനുസരിച്ച് ഏപ്രിലിൽ രാജ്യത്തെ വ്യവസായ ഉൽപാദന സൂചിക (ഐഐപി) 134.4 ശതമാനം വളർന്നു.
കഴിഞ്ഞ വർഷം ഏപ്രിലിൽ രാജ്യം ലോക്ക്ഡൗണിലായിരുന്നു. മിക്കവാറും വ്യവസായങ്ങൾ പ്രവർത്തിച്ചില്ല. തലേ വർഷം (2019) ഏപ്രിലിനെ അപേക്ഷിച്ച് അന്നു വ്യവസായ ഉൽപാദനം 57.4 ശതമാനം ഇടിഞ്ഞിരുന്നു.
ഇത്തരം സൂചികകളെല്ലാം തലേ വർഷം ഇതേ മാസത്തെ കണക്കുമായി താരതമ്യപ്പെടുത്തിയാണു വളർച്ചയും തളർച്ചയും രേഖപ്പെടുത്താറ്. ഇത്തവണയും അത് തന്നെ തുടർന്നു. അങ്ങനെയാണ് 134.4 ശതമാനം എന്ന വിസ്മയകരമായ കുതിപ്പ്. എന്നാൽ 2020 ഏപ്രിലിലെ സൂചിക അക്കാലത്തൊന്നും താരതമ്യം നടത്തി പ്രസിദ്ധീകരിച്ചില്ല എന്ന സത്യമുണ്ട്. തകർച്ചയുടെ കണക്കു പുറത്തുവിട്ടു നിരാശപ്പെടുത്തേണ്ട എന്നു കരുതിക്കാണും.
ഇപ്പോൾ കാര്യങ്ങൾ ഭദ്രം എന്നു കാണിക്കാവുന്ന സ്റ്റാറ്റിസ്റ്റിക്സ് വന്നപ്പോൾ 2020-നെ അടിസ്ഥാനമാക്കി കണക്കു പുറത്തു വിടാൻ മടിച്ചില്ല. എന്നാൽ സൂചികയുടെയും ഉൽപാദനത്തിൻ്റെയും വിശദാംശങ്ങൾ പുറത്തുവിട്ടതുമില്ല.

യാഥാർഥ്യം തളർച്ചയും തകർച്ചയും

യഥാർഥത്തിൽ 2020 ഏപ്രിൽ ഒഴിവാക്കി 2019 ഏപ്രിലുമായിട്ടായിരുന്നു താരതമ്യപ്പെടുത്തേണ്ടത്. എങ്കിൽ രാജ്യത്തെ വ്യവസായ ഉൽപാദനം യഥാർഥത്തിൽ എത്ര വളർന്നെന്ന് അറിയാമായിരുന്നു. ആ താരതമ്യം നടത്തുമ്പോൾ കാണാം 2019 -ൽ നിന്നുള്ള വളർച്ച 0.08 ശതമാനം മാത്രമാണെന്ന്. രണ്ടു വർഷം കൊണ്ടുള്ള വളർച്ച വിലക്കയറ്റത്തിൻ്റെ തോതിനടുത്തു പോലും വരുന്നില്ല. അതായതു പ്രായോഗികമായി വ്യവസായ ഉൽപാദനം രണ്ടു വർഷം മുമ്പത്തേതിലും കുറവായി.
തലേമാസമായ 2021 മാർച്ചുമായി താരതമ്യപ്പെടുത്തിയാലും നിരാശയാണു ഫലം. മാർച്ചിനെ അപേക്ഷിച്ചു 12.6 ശതമാനം കുറഞ്ഞു ഏപ്രിലിലെ ഉൽപാദനം.

മേയിൽ വീണ്ടും ഉൽപാദനം കുറയും

ഇനി മേയ് മാസത്തിൽ വീണ്ടും പ്രശ്നത്തിലാകും സൂചിക. ഈ മേയിൽ രാജ്യത്തെ മിക്കവാറും സംസ്ഥാനങ്ങൾ ലോക്ക്ഡൗണിലോ കടുത്ത നിയന്ത്രണങ്ങളിലോ ആയിരുന്നു. തലേവർഷം മേയിൽ ദേശീയ ലോക്ക് ഡൗൺ തുടരുകയായിരുന്നു.
ഈ വർഷം മേയിലെ ഐഐപി ഏപ്രിലിനേക്കാൾ കുറവാകും. തലേ മേയിലെ ഐഐപി 34.71 ശതമാനം ഇടിവു കാണിച്ചു. ഇത്തവണ അതിനോടു താരതമ്യപ്പെടുത്തുമ്പോൾ ഐഐപി യിലെ ഇടിവ് ചെറുതായിരിക്കും എന്നു മാത്രം.
കോവിഡ് രണ്ടാം തരംഗം അത്ര തീവ്ര ആഘാതം വ്യവസായ മേഖലയിൽ വരുത്തിയില്ലെന്നും കാര്യങ്ങൾ ഭദ്രമാണെന്നും പറയാൻ അവസരമാകും. യഥാർഥത്തിൽ സാധാരണ നില ഉണ്ടായിരുന്ന 2019 മേയിലെ ഐഐപിയുമായി താരതമ്യപ്പെടുത്തി വേണം ഈ മേയിലെ ഐഐപി പുറത്തു വിടാൻ. അപ്പോഴേ യഥാർഥ ചിത്രം ലഭിക്കൂ.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it