ഓഹരി വിപണിയിൽ ഇനി കോളിളക്കങ്ങൾ? ഫെഡ് നയം മാറ്റി; പലിശ കൂട്ടും; നിക്ഷേപകർ ജാഗ്രത പാലിക്കുക

"അതെല്ലാം മറന്നേക്കൂ" എന്ന പരസ്യവാചകം ആണ് ഇന്ന് ഓഹരി വിപണിയിലെ പ്രവർത്തകരാേടു പറയാനാവൂ. യു എസ് ഫെഡിൻ്റെ തീരുമാനത്തോടെ വിപണികളിൽ കാറ്റ് മാറി വീശുന്നു. ഇതുവരെയുള്ള ധാരണകൾ തിരുത്താം. പുതിയ നിഗമനങ്ങളും ധാരണകളും രൂപപ്പെടുത്താം. വലിയ ചാഞ്ചാട്ടങ്ങളും കോളിളക്കങ്ങളും വിപണിയിൽ ഉണ്ടാകാം. ഒരു വർഷത്തിനപ്പുറം ഉണ്ടാകാവുന്ന മാറ്റങ്ങളുടെ പേരിൽ ഇപ്പോൾത്തന്നെ വിപണിയിൽ ഇടിവും ഉണ്ടാകാം.

ഇന്നലെ ചാഞ്ചാട്ടങ്ങൾക്കൊടുവിൽ ഇന്ത്യൻ വിപണി നഷ്ടത്തിലാണു ക്ലോസ് ചെയ്തത്. നിഫ്റ്റി 0.64 ശതമാനം താണ് 15,767.55 ലും സെൻസെക്സ് 0.51 ശതമാനം താണ് 52,501.98 ലും അവസാനിച്ചു. പലിശപ്പേടിയെ തുടർന്നു ലാഭമെടുക്കലിനുള്ള സമ്മർദമാണു വിപണിയെ വലിച്ചു താഴ്ത്തിയത്.

വിദേശികളിൽ നോക്കി വിപണി

മിഡ് ക്യാപ് സൂചിക 0.93 ശതമാനം താണതു ശ്രദ്ധേയമാണ്. കൂടുതൽ ചാഞ്ചാട്ടം അത്തരം ഓഹരികളിലാണ്.ഉയരുമ്പോൾ കൂടുതൽ ഉയരും, താഴുമ്പോൾ കൂടുതൽ താഴും. വളരെ കരുതലോടെ വേണം അവയെ സമീപിക്കാൻ.
ഇന്നലെ വിദേശ നിക്ഷേപ സ്ഥാപനങ്ങളും സ്വദേശി ഫണ്ടുകളും ഒരേ പോലെ വിൽപനക്കാരായി. വിദേശികൾ 870.29 കോടിയുടെയും സ്വദേശികൾ 874.2 കോടിയുടെയും ഓഹരികൾ വിറ്റഴിച്ചു. വിദേശികൾ എന്തു നിലപാട് ഇന്നു മുതൽ എടുക്കുമെന്നതാണു വിപണിഗതിയെ നിർണയിക്കുക. അവർ വിൽപന വർധിപ്പിച്ചാൽ വിപണി താഴാേട്ടു പോകും.

യുഎസിൽ ഇടിവ്

ഇന്നലെ യൂറോപ്യൻ ഓഹരികൾ സമ്മിശ്രമായിരുന്നു. യു എസ് ഓഹരികൾ രാവിലെ അനിശ്ചിതത്വം കാണിച്ചിട്ട് ഉച്ചയ്ക്കു ശേഷം താണു. ഇന്നു രാവിലെ യുഎസ് സൂചികകളുടെ ഫ്യൂച്ചേഴ്സ് ഗണ്യമായി താഴ്ന്നാണു നിൽക്കുന്നത്.
ഇന്ന് ഏഷ്യൻ ഓഹരി വിപണികൾ താഴ്ചയിലാണു തുടങ്ങിയത്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ നിഫ്റ്റി ഇന്നലെ 15,694 ലേക്കു താണു. ഇന്നു രാവിലെ വ്യാപാരം തുടങ്ങിയത് 15,660-ലേക്കു താഴ്ന്നാണ്. ഇന്ത്യൻ വിപണിയുടെ തുടക്കം താഴ്ചയോടെയാകുമെന്നാണു സൂചന.

ഇടപെടലുകൾ ഉണ്ടായേക്കും

ഇന്നു നിഫ്റ്റി 15,700-ലെ സപ്പോർട്ടിനു കീഴോട്ടു പോയാൽ 15,600-ലോ അതിനു താഴെയോ എത്തുമെന്നാണ് സാങ്കേതിക വിശകലനക്കാരുടെ മുന്നറിയിപ്പ്. വിപണിയിൽ പണലഭ്യതയ്ക്കു യാതൊരു പ്രശ്നവുമില്ലാത്തതിനാൽ 15,700-15,720 മേഖലയിൽ വാങ്ങലുകാർ രംഗത്തു വരുമെന്ന സാധ്യത നിലനിൽക്കുന്നു.
ആഗോള ചലനങ്ങളുടെ പേരിൽ ഇന്ത്യൻ വിപണി കുലുങ്ങേണ്ട കാര്യമില്ലെന്നു കാണിക്കാൻ ഇടപെടലുകൾ ഉണ്ടാകാം. ഏതു വിധേനയും ഇന്നു സൂചികകളെ ഉയർത്തി നിർത്താനാകും ശ്രമം. ധനകാര്യ സ്ഥാപനങ്ങളെ ഇതിനുപയോഗിക്കും. വലിയ കോർപറേറ്റുകളും (നേരിട്ടോ വിദേശ ഫണ്ടുകൾ വഴിയാേ) ഇന്നു വിപണിയെ ഉയർത്തി നിർത്താൻ ശ്രമിക്കാതിരിക്കില്ല.

ആശ്വസിപ്പിക്കും

റിസർവ് ബാങ്കും ധനമന്ത്രാലയവും വിപണിയെ ആശ്വസിപ്പിക്കുന്ന പ്രസ്താവനകളുമായി രംഗത്തുവരാനുമിടയുണ്ട്. 2013-ൽ യു എസ് കടപ്പത്രം വാങ്ങൽ കുറയ്ക്കുമെന്നു പറഞ്ഞപ്പോൾ ഉണ്ടായിരുന്ന 'ദുർബല' ഇന്ത്യയല്ല ഇപ്പോഴുള്ളത് എന്ന് ഊന്നിപ്പറയാനും ശ്രമിക്കും. 2013-ൽ 27,500 കോടി ഡോളർ മാത്രം വിദേശനാണ്യ ശേഖരമുണ്ടായിരുന്ന ഇന്ത്യക്ക് ഇന്ന് 60,500 കോടി ഡോളർ ശേഖരമുണ്ട്. ഇതു 15 മാസത്തെ ഇറക്കുമതിക്കു തികയും. 2013-ൽ ഏഴു മാസത്തേക്കുള്ള വിദേശനാണ്യമേ ഉണ്ടായിരുന്നുള്ളു.
എന്തായാലും നിക്ഷേപകർ കരുതലോടെ നീങ്ങേണ്ടിയിരിക്കുന്നു.

സ്വർണവും ക്രൂഡും താണു

ഇന്നലെ ലോക വിപണിയിൽ സ്വർണം കുത്തനെ താണു. 1862 ഡോളറിൽ നിന്ന് 1804 വരെ ഇടിഞ്ഞിട്ട് 1818-ലേക്കു കയറി. ഇന്നു രാവിലെ 1817-1818 മേഖലയിലാണ് വ്യാപാരം. സ്വർണം താണെങ്കിലും വെള്ളി വില കുറഞ്ഞില്ല. 27.19 ഡോളറിലാണ് ഇന്നു രാവിലെ വെള്ളി.
ഡോളർ നിരക്ക് ഉയർന്നത് ക്രൂഡ് ഓയിലിൻ്റെ കുതിപ്പിനു വിരാമമിട്ടു. ബ്രെൻ്റ്‌ ഇനം ക്രൂഡ് വീപ്പയ്ക്ക് ഒന്നേമുക്കാൽ ശതമാനം ഇടിഞ്ഞ് 73.7 ഡോളർ ആയി. പലിശയും ഡോളർ നിരക്കും കൂടുമ്പോൾ ഏഷ്യൻ രാജ്യങ്ങളിൽ വളർച്ച കുറയുമെന്ന ആശങ്ക ചിലർക്കുണ്ട്. ഒപ്പം ഊഹക്കച്ചവടക്കാർ പിന്മാറുന്നതിനുള്ള സാധ്യതയും വിപണി കണക്കിലെടുക്കുന്നു.

ഫെഡ് പറഞ്ഞതും വരാനിരിക്കുന്നതും

യു എസ് കേന്ദ്രബാങ്കായ ഫെഡ് ഇന്നലെ അറിയിച്ചത് ഇവയാണ്: അമേരിക്ക അടുത്ത വർഷം പലിശ വർധിപ്പിച്ചു തുടങ്ങും. 2022-ൽ ഒരു തവണ, 2023 അവസാനിക്കുമ്പോഴേക്കു രണ്ടു തവണ. അമേരിക്ക കടപ്പത്രങ്ങൾ വാങ്ങുന്നതിൻ്റെ തോതു കുറയ്ക്കും. എത്ര കുറയ്ക്കുമെന്നു ഡിസംബറോടെ അറിയാം.
ഫെഡ് ഇവ തീരുമാനിച്ച ശേഷം സംഭവിച്ച കാര്യങ്ങൾ:
1. യു എസ് ഓഹരി സൂചികകൾ താണു.
2. യു എസ് കടപ്പത്രവില ഇടിഞ്ഞു; കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം കുതിച്ചു.
3. ഡോളർ കുതിച്ചു. സ്വർണവില ഇടിഞ്ഞു.

കറൻസിയിലും ആശങ്ക

ഇന്ന് ഏഷ്യയിലും യൂറോപ്പിലുമൊക്കെ വിപണികളിൽ വലിയ ചലനങ്ങൾ ഉണ്ടാകാം. ഓഹരി വിലയിടിവ് മാത്രമല്ല പ്രതീക്ഷിക്കാവുന്നത്. കറൻസി വിലയും ഇടിയാം. വിദേശ നിക്ഷേപകർ വികസ്വര രാജ്യങ്ങളിൽ നിന്ന് നിക്ഷേപം പിൻവലിച്ചു മടങ്ങിപ്പോകാം. അതാണു കറൻസിയെ താഴ്ത്തുക. വിദേശ നിക്ഷേപകർ പിടിച്ചു നിൽക്കണമെങ്കിൽ ഇന്ത്യയും മറ്റും പലിശ കൂട്ടേണ്ടി വരും. അത് വളർച്ചയെ ബാധിക്കും.

2013-ൽ സംഭവിച്ചത്

2013-ൽ അമേരിക്കൻ ഫെഡ് കടപ്പത്രം വാങ്ങലിൻ്റെ തോതു കുറയ്ക്കുന്നത് ആലോചിക്കും എന്നു പറഞ്ഞപ്പോൾ ഇന്ത്യയിലടക്കം വികസ്വര രാജ്യങ്ങളിലെ വിപണികൾ ഉലഞ്ഞു. കറൻസികൾ കൂപ്പുകുത്തി. 2013 മേയിലെ പ്രഖ്യാപനത്തെ തുടർന്ന് ഇന്ത്യൻ ഓഹരി സൂചികകൾ 10 ശതമാനം ഇടിഞ്ഞു; രൂപ 15 ശതമാനവും. പിന്നീടു രഘുറാം രാജൻ റിസർവ് ബാങ്ക് ഗവർണർ ആയപ്പോൾ പ്രത്യേക വിദേശനാണ്യ നിക്ഷേപ പദ്ധതി (എഫ്സിഎൻആർ-ബി) പദ്ധതി പ്രഖ്യാപിച്ച് 3000 കോടി ഡോളർ സമാഹരിച്ചാണു രൂപയെ പിടിച്ചു കയറ്റിയത്.ജപ്പാനിൽ നിന്ന് 1000 കോടി ഡോളറിൻ്റെ സ്വാപ് (ഏതാനും മാസങ്ങൾക്കകം അടച്ചു തീർക്കേണ്ട ഡോളർ ഓവർ ഡ്രാഫ്റ്റ് ) സഹായവും കിട്ടി.
ഇത്തവണ ഇന്ത്യ അങ്ങനെയൊരു ദുരവസ്ഥയിലല്ലെന്നാണു ധനമന്ത്രി നിർമല സീതാരാമൻ മാർച്ചിൽ ലോക്സഭയിൽ പറഞ്ഞത്. ഉയർന്ന വിദേശനാണ്യശേഖരവും മികച്ച വളർച്ച സാധ്യതയും ഇന്ത്യയെ കരുത്തോടെ നയിക്കുമെന്നാണു മന്ത്രിയുടെ വിലയിരുത്തൽ.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it