ഫണ്ടുകൾ ഓഹരി വിപണിയിൽ ചെയ്യുന്നതെന്ത്? വിദേശികൾ ബാങ്കുകളെ കൈയൊഴിയുമോ? പവലിന്റെ വാക്കുകൾ നൽകുന്ന സൂചന

വസ്തുതകൾ മാറുമ്പോൾ അഭിപ്രായവും മാറും. ഇതു കമ്പോളങ്ങളിലും സാധാരണം. ഒരു ദിവസം ആവേശപൂർവം ബുളളിഷ് ആകുന്ന വിപണി മണിക്കൂറുകൾക്കകം ബെയറിഷ് ആയി മാറും. സാഹചര്യങ്ങൾ മാറുന്നു എന്നാകും വിശദീകരണം. ചിലപ്പോൾ സാഹചര്യമല്ല കാഴ്ചപ്പാടാകാം മാറുന്നത്.

ഇന്നലെ അത്യുത്സാഹത്തിൽ തുടങ്ങിയ ഇന്ത്യൻ വിപണി ഒടുവിൽ ബെയറിഷ് ആയി. ഉയർന്ന നിലവാരത്തിൽ ലാഭമെടുക്കാനുള്ള പ്രവണതയാണു പ്രധാന കാരണം. പ്രത്യേകിച്ചും ബാങ്ക്, ധനകാര്യ ഓഹരികളിൽ വിദേശ നിക്ഷേപകർ വൻതോതിൽ വിൽപനക്കാരായപ്പോൾ. എന്നാൽ ഇന്നു വീണ്ടും അത്യുത്സാഹത്തോടെ വ്യാപാരം തുടങ്ങുമെന്നാണു ഡെറിവേറ്റീവ് വിപണി സൂചിപ്പിക്കുന്നത്. ഉയരങ്ങളിൽ ലാഭമെടുക്കാനുള്ള ഫണ്ടുകളുടെ ശ്രമമാണ് ഏക തടസം.

ഉയരങ്ങളിൽ വിൽപന സമ്മർദം

മുഖ്യസൂചികകൾ ഇന്നലെ തുടക്കത്തിൽ പുതിയ റിക്കാർഡ് കുറിക്കുമെന്നു കരുതി. സെൻസെക്സ് 53,057.11 എന്ന പുതിയ ഉയരത്തിൽ എത്തുകയും ചെയ്തു. നിഫ്റ്റിയാകട്ടെ 15,901 എന്ന റിക്കാർഡിലെത്താൻ ശ്രമിച്ചു പരാജയപ്പെട്ടു. ഒടുവിൽ രണ്ടു സൂചികകളും നാമമാത്ര നേട്ടത്തിൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നാമമാത്ര ഉയർച്ചയേ കാണിച്ചുള്ളു. ആഗോള സൂചനകളാേ ആശങ്കകളോ ഇതിനു കാരണമായില്ല.

വിദേശികൾ വിൽക്കുന്നു

ഇന്നലെ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 1027.94 കോടി രൂപയുടെ ഓഹരികൾ വിറ്റു. തലേന്നും അവർ വലിയ തോതിൽ വിറ്റിരുന്നു. വിദേശികൾ വിപണിയിൽ നിന്ന് പിൻവലിയുന്നതിൻ്റെ സൂചനയൊന്നുമില്ലെന്നാണ് ബ്രോക്കറേജുകൾ പറയുന്നത്. എങ്കിലും പുതിയ ഫണ്ട് വരവ് കുറയുമെന്ന് അവർ കരുതുന്നു. വിപണിഗതിയെ പണമൊഴുക്കിലെ മാന്ദ്യം ബാധിക്കും. വിദേശി ഫണ്ടുകൾ ഈ മാസം ഇതു വരെ 3576 കോടി രൂപയാണ് ഓഹരികളിൽ നിക്ഷേപിച്ചത്. രണ്ടു ദിവസം കൊണ്ടു തന്നെ 2500 കോടി രൂപ അവർ പിൻവലിച്ചു. ഏതായാലും വിദേശികളുടെ നീക്കം സൂക്ഷ്മമായി ശ്രദ്ധിക്കേണ്ടതുണ്ട്.

തടസങ്ങളും സപ്പോർട്ടുകളും

പഴയ റിക്കാർഡിലെത്താൻ നിഫ്റ്റിക്കു കഴിയാതിരുന്നത് സാങ്കേതിക വിശകലനത്തിൽ ബെയറിഷ് കാൻഡിൽ രചിച്ചു എന്നു വിശകലന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇതിനു പ്രധാന കാരണം ഓരോ കയറ്റത്തിലും ലാഭമെടുക്കാനുള്ള പ്രവണതയാണ്. ഇന്നു നിഫ്റ്റി 15,800 നു മുകളിലേക്കു കരുത്തോടെ കടന്നാൽ മാത്രമേ 15,900-15,950 മേഖലയിൽ കടക്കാനാവൂ. 15,860-ഉം 15,950 ഉം ശക്തമായ പ്രതിരോധ തലങ്ങളാണ്. നിഫ്റ്റിക്ക് 15,715- ലും 15,665-ലും ശക്തമായ സപ്പോർട്ട് ഉണ്ട്.

ആഗോളസൂചനകൾ

ഇന്നലെ യൂറോപ്യൻ ഓഹരികൾ നേട്ടത്തിലായിരുന്നു. അമേരിക്കൻ സൂചികകൾ ചെറിയ നേട്ടം മാത്രം കുറിച്ചു. ഫെഡ് ചെയർമാൻ ജെറോം പവൽ യുഎസ് സെനറ്റ് കമ്മിറ്റിയിൽ നൽകുന്ന മൊഴിയിലേക്കായിരുന്നു വിപണിയുടെ ശ്രദ്ധ.
ഇന്നു രാവിലെ ഏഷ്യൻ ഓഹരികൾ ചെറിയ ഉയർച്ചയോടെ തുടങ്ങി.
സിംഗപ്പുർ എക്സ്ചേഞ്ചിലെ നിഫ്റ്റി ഡെറിവേറ്റീവ് വ്യാപാരത്തിൽ ഇന്നലെ ആവേശമാണു മുന്നിട്ടുനിന്നത്. എസ് ജി എക്സ് നിഫ്റ്റി ചൊവ്വാഴ്ച 15,800-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 15,874 വരെ കയറി. ഡെറിവേറ്റീവ് വിപണി നൽകുന്ന സൂചന ഇന്നു രാവിലെ വലിയ ഉയർച്ചയോടെ വ്യാപാരം തുടങ്ങുമെന്നാണ്.

ഡോളർ കരുത്തിൽ സ്വർണം താണു

ഡോളർ ഉയരുമെന്നാണു വിപണി കണക്കാക്കുന്നത്.ഇന്നലെ ഡോളർ സൂചിക 91.75 ലേക്കു താണെങ്കിലും വരും ദിവസങ്ങളിൽ തിരികെ 92 - ലേക്കു കയറുമെന്നാണു പ്രതീക്ഷ. ഇന്നലെ രൂപ താണു. ഡോളർ 27 പൈസ കയറി 74.37 രൂപയായി.
ഡോളറിൻ്റെ കരുത്തിൽ സ്വർണം താണു നിൽക്കുന്നു. ഇന്നലെ ഔൺസിന് 1773-1789 ഡോളർ മേഖലയിൽ കയറിയിറങ്ങിയ സ്വർണം ഇന്നു രാവിലെ 1780 ഡോളറിനടുത്താണ്.

ക്രൂഡ് 75 ഡോളറിനു സമീപം

ക്രൂഡ് ഓയിൽ ഉയർന്നു നിൽക്കുന്നു. ബ്രെൻ്റ് ഇനം ഇന്നലെയും ഇന്നു രാവിലെയും പലവട്ടം 75 ഡോളറിൽ സ്പർശിച്ചിട്ടു താണു. ഡബ്ള്യു ടി ഐ ഇനം 73 ഡോളറിനു മുകളിലാണ്. ഓഗസ്റ്റിൽ ഉൽപാദനം വർധിപ്പിക്കണം എന്ന ആവശ്യം റഷ്യ ഉന്നയിച്ചിട്ടുണ്ട്. അടുത്തയാഴ്ച ഒപെക് പ്ലസ് യോഗം ഇതു ചർച്ച ചെയ്യും. സൗദി അറേബ്യ യോടൊപ്പം എണ്ണ ഉൽപാദന ശേഷി ഉള്ള റഷ്യയുടെ ആവശ്യം ഒപെക് പ്ലസിന് അവഗണിക്കാനാവില്ല. ആഗോളതലത്തിൽ ഡിമാൻഡ് വർധിച്ചു വരുന്നതിനാൽ ഉൽപാദനം കൂട്ടൽ വിലയിടിവിനു വഴിതെളിക്കില്ലെന്നാണ് റഷ്യൻ വാദം.
ഇറാനും അമേരിക്കയുമായുള്ള ബന്ധം വീണ്ടും വഷളായതും വിപണിയെ സ്വാധീനിക്കും.

വിലകൾ കൂടുന്നു

മാരുതി സുസുകിക്കു വന്നാലെ ഹീറോ മോട്ടോ കോർപും വാഹനവില കൂട്ടുമെന്നു പ്രഖ്യാപിച്ചു. മറ്റു വാഹന നിർമാതാക്കളും വില വർധിപ്പിക്കും എന്നാണു സൂചന. സ്റ്റീൽ അടക്കം നിർമാണ ഘടകങ്ങൾക്കു വില അമിതമായി വർധിച്ചതാണു കാരണം. ജനുവരി-മാർച്ചിൽ കമ്പനികൾ ഒരുവട്ടം വില കൂട്ടിയതാണ്.
ലോഹങ്ങളുടെ വില കഴിഞ്ഞയാഴ്ച അൽപം താണെങ്കിലും വീണ്ടും കയറുകയാണെന്ന് ലണ്ടൻ മെറ്റൽ എക്സ്ചേഞ്ചിലെ (എൽഎം ഇ) ചലനങ്ങൾ കാണിക്കുന്നു. മെറ്റൽ ഓഹരികളിലെ വിൽപ്പന സമ്മർദം കുറയാൻ ഇടയുണ്ട്.

ബിറ്റ്കോയിൻ താണു, കയറി

ഡിജിറ്റൽ ഗൂഢ കറൻസി ബിറ്റ്കോയിൻ ഇന്നലെ 30,000 ഡോളറിനു താഴെ വന്നിട്ടു വീണ്ടും 34,000-നു മുകളിലേക്കു കയറി. വിലയിടിവ് വിൽപന പ്രളയത്തിനു വഴിതെളിച്ചില്ല. അതിവേഗം തിരിച്ചു കയറിയത് നിക്ഷേപകരുടെ ആത്മവിശ്വാസം കാണിക്കുന്നു. ചൈന ബിറ്റ്കോയിൻ വ്യാപാരവും ഖനനവും തടയാൻ ഈ ദിവസങ്ങളിൽ ശ്രമിക്കുന്നുണ്ട്. മറ്റു ഡിജിറ്റൽ കറൻസികളും വിലത്തകർച്ചയിലാണ്.

പവൽ പറഞ്ഞത് ആശ്വാസമായി

ഇന്നലെ യുഎസ് ഫെഡ് ചെയർമാൻ ജെറോം പവൽ യു എസ് കോൺഗ്രസിൽ നൽകിയ മൊഴിയിൽ പലിശ വർധന ഇപ്പോൾ അജൻഡയിൽ ഇല്ലെന്നു വ്യക്തമാക്കി. വിലക്കയറ്റം മാത്രം നോക്കിയല്ല പലിശ നിർണയിക്കുക. വളർച്ച, തൊഴിൽ തുടങ്ങിയ കാര്യങ്ങളും പരിഗണിക്കും. വിലക്കയറ്റം മാത്രം നോക്കുന്ന (Inflation targeting) എന്നതിൽ നിന്നുള്ള നയപരമായ മാറ്റം പവൽ ഇതിലൂടെ വ്യക്തമാക്കി. വിപണികളെ സമാശ്വസിപ്പിക്കുന്നതാണ് ഈ നയം.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it