ആശ്വാസറാലി കാത്തു വിപണി; വിദേശികൾ കൂടുതൽ തുക നിക്ഷേപിച്ചു; ഇന്ധന ദൗർലഭ്യം വിലക്കയറ്റത്തിലേക്കു നയിക്കുമോ? ജിഎസ് ടി പിരിവിലെ നേട്ടം എത്ര നാൾ?

മുഖ്യസൂചികകൾ രണ്ടു ശതമാനത്തോളം ഇടിഞ്ഞ ആഴ്ചയാണു കടന്നു പോയത്. ചാർട്ടുകളിൽ വലിയ ബെയറിഷ് സൂചന ശേഷിപ്പിച്ച ആഴ്ച. എന്നാൽ ഈയാഴ്ച കാര്യങ്ങൾ ആശങ്കപ്പെടുന്നതു പോലെ മോശമാകില്ല. ഇന്നു ശക്തമായ ആശ്വാസറാലി പ്രതീക്ഷിക്കാനുള്ള അന്തരീക്ഷം ഒരുങ്ങിയിട്ടുണ്ട്.

വെള്ളിയാഴ്ച റിസർവ് ബാങ്ക് പണനയം പ്രഖ്യാപിക്കും. അതു വരെ സാരമായ വിപരീത ചിന്ത ഉണ്ടാക്കാവുന്ന വിവരങ്ങൾ വരാൻ സാധ്യത ഇല്ല. ക്രൂഡ് ഓയിൽ, ലോഹങ്ങൾ തുടങ്ങിയവയുടെ വിലയിൽ നാടകീയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നില്ല. വെള്ളിയാഴ്ച അമേരിക്കൻ വിപണി ഒരു ശതമാനത്തിലേറെ ഉയർന്നാണു ക്ലോസ് ചെയ്തത്. ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് ഫ്ലാറ്റ് ആണ്. ഏഷ്യൻ ഓഹരികൾ ഉണർവിലേക്കു തിരിച്ചു വരികയും ചെയ്തു. ദക്ഷിണ കൊറിയ ഒഴികെയുള്ള ഏഷ്യൻ - ഓസീസ് വിപണികൾ നല്ല നേട്ടത്തിലാണ്.

ഐടിയും ബാങ്കിംഗും വലിച്ചു താഴ്ത്തി

സെൻസെക്സ് കഴിഞ്ഞയാഴ്ച 2.1 ശതമാനം ഇടിഞ്ഞു.
വെള്ളിയാഴ്ച സെൻസെക്സ് 360.78 പോയിൻ്റ് (0.61%) നഷ്ടത്തിൽ 58,765.58 ലും നിഫ്റ്റി 86.1 പോയിൻ്റ് (0.49%) നഷ്ടത്തിൽ 17,532.05ലും ക്ലോസ് ചെയ്തു.
ബാങ്കിംഗ്, ധനകാര്യ മേഖലകളും ഐടിയുമാണു കഴിഞ്ഞയാഴ്ച വിപണിയെ വലിച്ചു താഴ്ത്തിയത്. വിദേശ ഫണ്ടുകളടക്കം ഇവയിൽ നിന്നു മാറാൻ തിടുക്കം കാണിച്ചു. ഐടി സൂചിക അഞ്ചു ശതമാനം താണു. വിപണിമൂല്യത്തിൽ ആദ്യ പത്തിൽ വരുന്ന കമ്പനികളിൽ എട്ടെണ്ണവും താഴോട്ടു പോയി. എച്ച്ഡിഎഫ്സി ദ്വയങ്ങൾ, ഐസിഐസിഐ ബാങ്ക്, ടിസിഎസ്, ഇൻഫോസിസ് തുടങ്ങിയവയെല്ലാം ഇടിഞ്ഞു. റിലയൻസ് ഉയർന്നു.

ഡെറിവേറ്റീവിൽ ഉണർവ്

ഈയാഴ്ച നിഫ്റ്റിക്കു 17,400-17,300 മേഖലയിൽ നല്ല സപ്പോർട്ട് ഉണ്ടെന്നു സാങ്കേതിക വിശകലന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഉയരുമ്പോൾ 17,650-ലും 17, 750 ലും തടസങ്ങൾ പ്രതീക്ഷിക്കുന്നു.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി വെള്ളിയാഴ്ച 17,530 വരെ താണതു ശനിയാഴ്ച 17,632 ലേക്കു തിരിച്ചു കയറി. ഇന്നു രാവിലെയും ഉയർന്നാണു വ്യാപാരം. ഇന്ത്യൻ വിപണി ഉയർന്നു വ്യാപാരം തുടങ്ങുമെന്ന സൂചനയാണു ഡെറിവേറ്റീവ് വിപണി നൽകുന്നത്.

വിദേശികൾ കൂടുതൽ തുക നിക്ഷേപിച്ചു

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ക്യാഷ് വിപണിയിൽ ഓഹരികൾ വാങ്ങുന്നതു കുറച്ചെങ്കിലും ഐപിഒകളിലും ഡെറിവേറ്റീവുകളിലും വലിയ തോതിൽ പണമിറക്കി. സെപ്റ്റംബറിൽ അവർ 13,154 കോടി രൂപ ഓഹരികളിലും 13,363 കോടി രൂപ കടപ്പത്രങ്ങളിലും നിക്ഷേപിച്ചു. മൊത്തം നിക്ഷേപം 2,57 കോടി രൂപ. ഓഗസ്റ്റിൽ 16,459 കോടിയായിരുന്നു നിക്ഷേപം.
വെള്ളിയാഴ്ച ക്യാഷ് വിപണിയിൽ വിദേശികൾ 131.39 കോടി രൂപ നിക്ഷേപിച്ചപ്പോൾ സ്വദേശി ഫണ്ടുകൾ 613 കോടി രൂപ പിൻവലിച്ചു.

ക്രൂഡ് ഉയർന്നു നിൽക്കും

ക്രൂഡ് ഓയിൽ വില അൽപം താണു. ബ്രെൻ്റ് ഇനം 79.1 ഡോളറിലാണ്. അടുത്ത മാസത്തെ ക്രൂഡ് ഉൽപാദന ക്വോട്ട ഒപെക് പ്ലസ് ഈയാഴ്ച തീരുമാനിക്കും. ക്വോട്ടയിൽ മാറ്റം പ്രതീക്ഷിക്കുന്നില്ല. ഡിസംബറിലും ജനുവരിയിലും ക്വോട്ട വർധിപ്പിക്കും എന്നു സൂചനയുണ്ട്. വിപണിയിൽ ഡിമാൻഡ് വർധിക്കുന്നതു പരിഗണിച്ചാണിത്. അപ്പോഴേക്കു ക്രൂഡ് വില വീപ്പയ്ക്ക് 90-100 ഡോളർ മേഖലയിൽ എത്തുമെന്നാണു കണക്കുകൂട്ടൽ. പ്രകൃതി വാതകം, കൽക്കരി എന്നിവയുടെ വില ഈ ദിവസങ്ങളിൽ വീണ്ടും ഉയരുന്നുണ്ട്.
വ്യാവസായിക ലോഹങ്ങൾ ചെറിയ കയറ്റിറക്കങ്ങളോടെയാണ് വെള്ളിയാഴ്ച അവസാനിച്ചത്. വിലക്കയറ്റം തുടരുമെന്നാണു സൂചന.
സ്വർണം വെള്ളിയാഴ്ച 1761 ഡോളറിൽ വ്യാപാരം അവസാനിപ്പിച്ചു. ഇന്നു രാവിലെ ഔൺസിന് 1764-1765 മേഖലയിലേക്കു സ്വർണം കയറി. യു എസ് ട്രഷറി കടപ്പത്രങ്ങളുടെ വില കൂടുകയും ഡോളർ സൂചിക താഴുകയും ചെയ്തതാണു സ്വർണ ബുള്ളുകളെ സഹായിച്ചത്. എന്നാൽ യുഎസ് പലിശനിരക്ക് കൂടുന്ന സാഹചര്യം സ്വർണത്തെ വീണ്ടും ബെയറിഷ് ആക്കും.

വിലക്കയറ്റത്തിൻ്റെ അടുത്ത ചക്രം വരുന്നു

ചൈനയിലും യൂറോപ്പിലും മറ്റും വിഭിന്ന കാരണങ്ങളാൽ നേരിടുന്ന ഇന്ധന ദൗർലഭ്യവും ഊർജ വിലക്കയറ്റവും ഇവയോടു ബന്ധപ്പെട്ടു ലോകമെങ്ങും നേരിടുന്ന ഉൽപന്ന ദൗർലഭ്യങ്ങളും ഈയാഴ്ചയും തുടരും.
സ്മാർട്ട് ഫോണും കാറും മുതൽ രാസവളവും കാലിത്തീറ്റയും വരെയുള്ളവയുടെ ഉൽപാദനം കുറയാനും വില കുതിച്ചു കയറാനും ഈ പ്രശ്നമാണു കാരണം. പെട്ടെന്നൊരു പരിഹാരം അതിനു പ്രതീക്ഷിക്കുന്നില്ല.
ഇന്ധന-ഊർജ ക്ഷാമം പരിഹരിക്കാൻ ചൈന ഇറക്കുമതി വർധിപ്പിച്ചത് കൽക്കരിക്കു വില കൂട്ടി. കൽക്കരിയുടെ ഉയർന്ന വില മൂലം ഇന്ത്യയിലെ താപവൈദ്യുതി നിലയങ്ങൾ വൈദ്യുതി വില കൂട്ടാൻ നിർബന്ധിതരാകും.
പ്രകൃതി വാതകത്തിനു കഴിഞ്ഞയാഴ്ച 60 ശതമാനത്തിലധികം വില കൂട്ടിയത് രാസവളം, സിറാമിക്സ്, ഗ്രാനൈറ്റ്, ഗ്ലാസ്, കെമിക്കൽ, പേപ്പർ,പൾപ്പ്, ഭക്ഷ്യ സംസ്കരണം തുടങ്ങിയ വ്യവസായങ്ങളെ ബാധിക്കും. മറ്റൊരു വിലക്കയറ്റ ചക്രത്തിനുള്ള തുടക്കമാകും ഇവ. കണ്ടെയ്നർ ദൗർലഭ്യം മൂലമുള്ള വിലക്കയറ്റത്തിനു പുറമെയാണിത്.

വാഹന വിൽപനയിൽ വൻ ഇടിവ്

സെമികണ്ടക്ടർ ചിപ്പുകളുടെ ദൗർലഭ്യം വാഹന വ്യവസായത്തെ സാരമായി ബാധിച്ചു. പ്രമുഖ കമ്പനികൾക്കെല്ലാം വിൽപന കുത്തനേ ഇടിഞ്ഞു. ഇത് ഒക്ടോബറിലെ ജിഎസ്ടി പിരിവിലും ഇടിവുണ്ടാക്കും.
മാരുതി സുസുകിയുടെ വിൽപന 46.16 ശതമാനമാണ് കുറഞ്ഞത്: 1.6 ലക്ഷത്തിൽ നിന്ന് 86,380 ലേക്ക്. ഹ്യുണ്ടായിക്ക് 23.57 ശതമാനം, മഹീന്ദ്രയ്ക്ക് 21.74 ശതമാനം, ബജാജ് ഓട്ടോയ്ക്ക് 15.91 ശതമാനം, ഹോണ്ട കാർസിന് 33.67 ശതമാനം എന്നിങ്ങനെയാണു കുറവ്.
ലോകത്തിലെ ഏറ്റവും വലിയ ടൂ വീലർ നിർമാതാക്കളായ ഹീറോ മോട്ടോകോർപിൻ്റെ വിൽപന 25.9 ശതമാനം ഇടിഞ്ഞു. 7.15 ലക്ഷത്തിൽ നിന്ന് 5.3 ലക്ഷത്തിലേക്കാണ് ഇടിവ്.
ടാറ്റാ മോട്ടോഴ്സിന് വിൽപന 26.07 ശതമാനം വർധിച്ച് 55,988 എണ്ണമായി. വാണിജ്യ വാഹന വിൽപന 30 ശതമാനം വർധരയ് 30,258 ആയതാണ് ടാറ്റായെ സഹായിച്ചത്. ടിവിഎസ് മോട്ടോറിൻ്റെ വിൽപന 5.94 ശതമാനം കൂടി 3, 47,156 ലെത്തി. അശാേക് ലെയ്ലൻഡിനു വിൽപന 14 ശതമാനം വർധിച്ച് 9533 എണ്ണമായി. ടൊയോട്ടയ്ക്ക് 14.39 ശതമാനം വർധനയുണ്ട്.

ജിഎസ്ടി പിരിവിലെ ഉണർവ് എത്ര നാൾ?

സെപ്റ്റംബറിലെ ജിഎസ്ടി പിരിവ് 1.17 ലക്ഷം കോടി രൂപയായി. ഇതു തലേ സെപ്റ്റംബറിലേക്കാൾ 27.3 ശതമാനം അധികമാണ്. തലേ മാസത്തേതിലും 5000 കോടി രൂപ അധികമുണ്ട്. എല്ലാറ്റിലുമുപരി 2019 സെപ്റ്റംബറിലേക്കാൾ നാലു ശതമാനം കൂടുതലുണ്ട്. ഇതാേടെ എല്ലാം ശുഭമായി, സമ്പദ്ഘടന V പോലെ കുതിച്ചു കയറി എന്ന പ്രഘോഷണവും തുടങ്ങി.
ഓഗസ്റ്റിലെ വിൽപനയുടേതാണു സെപ്റ്റംബറിൽ കിട്ടുന്ന നികുതി. ഇനി ഒക്ടോബറിൽ കിട്ടേണ്ടത് സെപ്റ്റംബറിലെ വിൽപനയുടെ നികുതിയാണ്. സെപ്റ്റംബറിലെ വാഹന വിൽപന 25 ശതമാനത്തോളം കുറഞ്ഞത് ഈ മാസത്തെ വരുമാനത്തിൽ ഗണ്യമായ കുറവു വരുത്തും.
സെപ്റ്റംബർ പിരിവ് കൂടാൻ ഒരു ഘടകം ഇറക്കുമതിച്ചുങ്കത്തിലെ 30 ശതമാനം വളർച്ചയാണ്. ഒക്ടോബറിലേക്ക് ആയിനത്തിലെ വളർച്ചയും കുറവാകും.

മൂലധനനിക്ഷേപത്തിൽ ഉണർവ് അകലെ

സെപ്റ്റംബറിലവസാനിച്ച രണ്ടാം പാദത്തിൽ മൂലധന നിക്ഷേപം കുത്തനെ താഴോട്ടു പോയി. തലേ വർഷം ഇതേ പാദത്തെ അപേക്ഷിച്ച് 59.3 ശതമാനം കുറഞ്ഞ് 1.05 ലക്ഷം കോടി രൂപ മാത്രമായി പുതിയ പ്രോജക്റ്റുകളിലെ നിക്ഷേപം. ഏപ്രിൽ-ജൂൺ പാദത്തെ അപേക്ഷിച്ച് 58.3 ശതമാനം കുറവാണ് ഈ പാദത്തിലേത്.
സ്വകാര്യ -സർക്കാർ നിക്ഷേപങ്ങൾ കണക്കിലെടുത്തു സിഎംഐഇ (സെൻ്റർ ഫോർ മോണിട്ടറിംഗ് ഇന്ത്യൻ ഇക്കോണമി) തയാറാക്കിയ കണക്കാണിത്. വ്യവസായ വികസനമെന്നത് പുതിയ പദ്ധതികൾ സ്ഥാപിച്ചു നടപ്പാക്കുമ്പോഴാണു സാധിക്കുക. അതു നടക്കുന്നില്ല എന്നാണു കണക്കു കാണിക്കുന്നത്.
നിക്ഷേപത്തിനുള്ള മടിയുടെ പ്രധാന കാരണം രാജ്യത്ത് ഉൽപന്ന വിൽപന വർധിക്കാത്തതാണ്. അതായതു ഡിമാൻഡ് കൂടിയില്ല. ഡിമാൻഡ് കൂടിയാൽ ഫാക്ടറികളുടെ ശേഷി വിനിയോഗം വർധിക്കും. നിലവിലെ ശേഷി മതിയാകില്ലെന്നു തോന്നുമ്പോൾ ശേഷി കൂട്ടാൻ മൂലധന നിക്ഷേപം നടത്തും. അതുണ്ടാകുന്നില്ല.
ജനുവരി-മാർച്ച് പാദത്തിൽ രാജ്യത്തെ ഫാക്ടറികളുടെ ശേഷി വിനിയോഗം (Capacity Utilization) 69.4 ശതമാനമാണെന്നു റിസർവ് ബാങ്കിൻ്റെ ഒരു സർവേയിൽ കണ്ടു. അതിനു മുമ്പത്തെ പാദത്തിൽ 66.6 ശതമാനമായിരുന്നു ശേഷി വിനിയോഗം. ശേഷിയുടെ 30 ശതമാനത്തിലധികം ഉപയോഗിക്കാതെ കിടക്കുന്നു. അപ്പോൾ എങ്ങനെ പുതിയ മൂലധന നിക്ഷേപത്തിനു മുതിരും?

വിദേശവ്യാപാരം കൂടുന്നു; വാണിജ്യകമ്മി കുതിക്കുന്നു

രാജ്യത്തിൻ്റെ കയറ്റുമതി അതിവേഗം വർധിക്കുന്നു. ആഗോളവാണിജ്യത്തിലെ ഉണർവ് ഇന്ത്യയെയും സഹായിച്ചു. കയറ്റുമതിയുടെ ഇരട്ടി വേഗത്തിലാണ് ഇറക്കുമതി കൂടുന്നത്. അതോടെ വാണിജ്യകമ്മി ഞെട്ടിക്കുന്ന തോതിൽ വർധിക്കുന്നു.
സെപ്റ്റംബറിലെ കയറ്റുമതി 3344 കോടി ഡോളർ. 2020 സെപ്റ്റംബറിലേക്കാൾ 21.35 ശതമാനം അധികം. 2019 സെപ്റ്റംബറിലേക്കാൾ 28.51 ശതമാനം വർധന. കയറ്റുമതി ഈ നിലയിൽ വർധിച്ചാൽ വാർഷിക കയറ്റുമതി 40,000 കോടി ഡോളർ കവിഞ്ഞു റിക്കാർഡിടും. സെപ്റ്റംബറിൽ എൻജിനിയറിംഗ് സാമഗ്രികളുടെ കയറ്റുമതി 942 കോടി ഡോളറായി. പെട്രോളിയം ഉൽപന്നങ്ങളുടേത് 491 കോടി ഡോളർ, രത്നങ്ങളും ആഭരണങ്ങളും 323 കോടി ഡോളർ എന്നിങ്ങനെയായിരുന്നു. പെട്രോളിയം ഇതര കയറ്റുമതി 2853 കോടി ഡോളറായി. ഇതു 2009 സെപ്റ്റംബറിനെ അപേക്ഷിച്ച് 26.32 ശതമാനം അധികമായിരുന്നു.
സെപ്റ്റംബറിലെ ഇറക്കുമതി 5638 കോടി ഡോളറിൻ്റേതാണ്. കഴിഞ്ഞ സെപ്റ്റംബറിലേക്കാൾ 84.75 ശതമാനവും 2019 ലേക്കാൾ 49.58 ശതമാനവും വർധന. ക്രൂഡ് പെടോളിയം ഇറക്കുമതി 1744 കോടി ഡോളര് കൽക്കരി ഇറക്കുമതി 218 കോടി ഡോളറുമായിരുന്നു.
വാണിജ്യകമ്മി 2294 കോടി ഡോളറിലെത്തി. 2020നെ അപേക്ഷിച്ച് 675.17 ശതമാനവും 2019നെ അപേക്ഷിച്ച് 96.56 ശതമാനവും വർധന.
കയറ്റുമതി വർധന സെപ്റ്റംബറിൽ മാത്രമല്ല. ഏപ്രിൽ-സെപ്റ്റംബർ കയറ്റുമതി 19,711 കോടി ഡോളർ 2019നെ അപേക്ഷിച്ച് 23.84 ശതമാനം അധികമാണ്. ആ മാസത്തെ ഇറക്കുമതി 27,592 കോടി ഡോളർ.

കമ്പനികൾ

ആദിത്യ ബിർല ഗ്രൂപ്പിലെ ഗ്രാസിമിന് പഴയ മൂലധനാദായ നികുതി ഇനത്തിൽ 8334 കോടി രൂപയുടെ കുടിശികയ്ക്ക് നികുതി വകുപ്പ് നോട്ടീസ് നൽകി. നികുതി ബാധ്യത ഇല്ലെന്നു കമ്പനി വാദിക്കുന്നു.
സീ എൻ്റർടെയ്ൻമെൻറിൻ്റെ സിഇഒയെ മാറ്റാൻ പൊതുയോഗം വിളിക്കണമെന്ന യു എസ് നിക്ഷേപകർ ആവശ്യപ്പെട്ടതിനെതിരേ സീ മുംബൈ ഹൈക്കോടതിയെ സമീപിച്ചു. സീ ഡയറക്ടർ ബോർഡ് നിക്ഷേപകരുടെ ആവശ്യം നിരസിച്ചിരുന്നു.
ട്രാവൽ ടെക്നോളജി കമ്പനിയായ ഓയോയുടെ നടത്തിപ്പുകാരായ ഒരാവേൽ സ്റ്റേയ്സ് ഐപിഒ നടത്തുന്നതിനു സെബിയുടെ പക്കൽ രേഖകൾ സമർപ്പിച്ചു. 8430 കോടി രൂപ സമാഹരിക്കുകയാണു ലക്ഷ്യം.
എൽഐസി ഐപിഒയ്ക്കുള്ള രേഖകൾ നവംബറിൽ സമർപ്പിക്കുമെന്നു റിപ്പോർട്ടുണ്ട്. ഇന്ത്യൻ വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒ ആകും അത്.
ടിസിഎസിൻ്റെ രണ്ടാം പാദ റിസൽട്ട് വെള്ളിയാഴ്ച പുറത്തുവിടും.
This section is powered by Muthoot Finance

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it