ആഗോള സൂചനകളിൽ തിരിച്ചടി; വിലക്കയറ്റം പ്രശ്നമാകും; ഡോളർ ഉയരുന്നു; വളർച്ചയ്ക്കു വേഗം കൂടിയെന്നു സർക്കാർ; സ്വർണ്ണ വില എത്രമാത്രം താഴും?

നിഫ്റ്റി 18,000-നു മുകളിൽ പ്രവേശിച്ചെങ്കിലും തിങ്കളാഴ്ച ആ നേട്ടം നിലനിർത്താനായില്ല. വിദേശ ഫണ്ടുകളും സ്വദേശി ഫണ്ടുകളും ഒരേ പോലെ ഐടി ഓഹരികളിൽ വിൽപനക്കാരായതോടെ നേട്ടത്തിൻ്റെ നല്ല പങ്ക് നഷ്ടപ്പെടുത്തിയാണു മുഖ്യസൂചികകൾ ക്ലോസ് ചെയ്തത്. സെൻസെക്സ് 76.72 പോയിൻ്റ് ഉയർന്ന് 60,135.78 ലും നിഫ്റ്റി 50.75 പോയിൻ്റ് കയറി 17,945.95ലും ക്ലോസ് ചെയ്തു. വ്യാപാരത്തിനിടെ സെൻസെക്സ് 60,476-ഉം നിഫ്റ്റി 18,041.7 ഉം വരെ കയറിയിരുന്നു.

ഇന്ന് ആഗോള സൂചനകൾ വിപണിയെ പിന്നോട്ടു വലിക്കുന്നതാണ്. വിലക്കയറ്റ ഭീഷണിയാണു വിപണികളെ ആശങ്കയിലാക്കുന്നത്.

എസ്ജിഎക്സ് നിഫ്റ്റി ഇടിഞ്ഞു

സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വിപണിയിൽ എസ്ജി എക്സ് നിഫ്റ്റി ഇന്നലെ 17,930 ലാണു ക്ലോസ് ചെയ്തത്. ഇന്നു രാവിലെ 17,827ലേക്ക് ഇടിഞ്ഞു. ഇന്ത്യൻ വിപണി താഴ്‌ന്ന നിലയിലേ തുടങ്ങൂ എന്നാണു ഡെറിവേറ്റീവ് വിപണിയുടെ നിഗമനം.

ഐടിയിൽ തിരിച്ചടി

ഐടി കമ്പനികൾക്കുണ്ടായ വലിയ ഇടിവാണ് ഇന്നലെ മുഖ്യസൂചികകളുടെ കുതിപ്പിനു തടസമായത്. ടിസിഎസിൻ്റെ റിസൽട്ട് വിപണി പ്രതീക്ഷിച്ചതു പോലെ വരാതിരുന്നതിൻ്റെ പേരിൽ ഐടി മേഖല അപ്പാടെ ഇടിച്ചുതാഴ്ത്തി. ടിസിഎസ് ഓഹരി 6.3 ശതമാനം താഴ്ന്നു. ഇൻഫോസിസ്, വിപ്രോ, എച്ച്സിഎൽ, ടെക് മഹീന്ദ്ര തുടങ്ങിയവയെല്ലാം താണു. നിഫ്റ്റി ഐടി സൂചിക 3.36 ശതമാനം ഇടിഞ്ഞാണു ക്ലോസ് ചെയ്തത്.
അതേ സമയം വാഹന കമ്പനികൾ അസാധാരണ കുതിപ്പ് നടത്തി. ടാറ്റാ മോട്ടോഴ്സും മാരുതിയും വലിയ മുന്നേറ്റമാണു കാഴ്ചവച്ചത്. നിഫ്റ്റി ഓട്ടോ സൂചിക 2.67 ശതമാനം കയറി. വാഹന കമ്പനികൾക്കു സെപ്റ്റംബറിൽ ഉൽപാദനവും വിൽപനയും കുറഞ്ഞതാണ്. ഒക്ടോബറിലും സ്ഥിതി മെച്ചമല്ല. ഈ സാഹചര്യത്തിൽ ഓഹരി വിലക്കയറ്റം അസാധാരണമാണ്.
കൽക്കരി കമ്പനികൾക്കും വൈദ്യുതി ഉൽപാദന കമ്പനികൾക്കും ഇന്നലെ വൻ നേട്ടമായിരുന്നു. വൈദ്യുതി സ്പോട്ട് എക്സ്ചേഞ്ചിൽ വില കുതിച്ചു കയറുകയാണ്.

ഫണ്ടുകൾ വിൽക്കുന്നു

വിദേശ നിക്ഷേപകർ തുടർച്ചയായ അഞ്ചാം ദിവസവും വിൽപനക്കാരായി. ക്യാഷ് വിപണിയിൽ അവർ 1303.22 കോടിയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകൾ 373.28 കോടിയുടെ വിൽപന നടത്തി. വിദേശികൾ ഫ്യൂച്ചേഴ്സിൽ വലിയ വാങ്ങലുകാരായിരുന്നു.
നിഫ്റ്റി 18,050നു മുകളിൽ ക്ലോസ് ചെയ്താലേ അടുത്ത കുതിപ്പിലേക്കു നീങ്ങുകയുള്ളു എന്ന് സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. 18,045 ലും 18,140 ലും നിഫ്റ്റിക്കു തടസങ്ങൾ നേരിടും. 17,845 ലും 17,740 ലും സപ്പോർട്ട് ഉണ്ട്.

വിലക്കയറ്റം വീണ്ടും ഭീഷണി

യൂറോപ്യൻ ഓഹരികൾ ഇന്നലെ ഉയർന്നു തുടങ്ങി. ഊർജ കമ്പനികളുടെ നേട്ടത്തിൻ്റെ പിന്നാലെയായിരുന്നു ഇത്. പക്ഷേ നേട്ടം നിലനിർത്താനായില്ല. യുഎസ് ഓഹരികൾ നല്ല നേട്ടത്തോടെ തുടങ്ങിയിട്ടു ഗണ്യമായ നഷ്ടത്തിൽ അവസാനിച്ചു. ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്‌സും വലിയ താഴ്ചയിലാണ്. ജപ്പാനിലടക്കം ഏഷ്യൻ രാജ്യങ്ങളിൽ വിപണികൾ ഗണ്യമായ താഴ്ചയിലാണു വ്യാപാരം തുടങ്ങിയത്.
ഇന്ധനങ്ങളുടെയും ലോഹങ്ങളുടെയും വിലക്കയറ്റം പൊതു വിലക്കയറ്റം വർധിപ്പിക്കും എന്നു പല നിക്ഷേപ ബാങ്കുകളും മുന്നറിയിപ്പ് നൽകി. വിലവർധനയും ഉൽപന്നലഭ്യതയിലെ തടസങ്ങളും കമ്പനികളുടെ ലാഭത്തെ ബാധിക്കുമെന്ന റിപ്പോർട്ടുകളാണ് ഇന്നലെ യുഎസ് ഓഹരികളെ താഴ്ത്തിയത്. ഈ ആശങ്ക ഇന്ന് ഏഷ്യൻ വിപണികളെയും ബാധിച്ചു.

ക്രൂഡ് ഓയിൽ കുതിപ്പിൽ തന്നെ

ക്രൂഡ് ഓയിൽ വില കുതിപ്പ് തുടരുകയാണ്. റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ വാഗ്ദാനം ചെയ്ത അധിക പ്രകൃതിവാതക ലഭ്യത കൊണ്ട് ആവശ്യം തികയുന്നില്ല. കൽക്കരി ദൗർലഭ്യത്തിനും പരിഹാരം ആയിട്ടില്ല. ഈ സാഹചര്യത്തിലാണു വിലക്കയറ്റം. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ ഇന്നലെ വീപ്പയ്ക്ക് 84.6 ഡോളർ വരെ കയറി. പിന്നീട് അൽപം താണു. ഇന്നു രാവിലെ 83.35 ഡോളറിലാണു ബ്രെൻ്റ് ഇനം ക്രൂഡ്. ഈ താഴ്ച താൽക്കാലികമാണെന്നും വിലക്കയറ്റം തുടരുമെന്നുമാണു വിപണിയിലെ വിലയിരുത്തൽ.
വ്യാവസായിക ലോഹങ്ങളും കുതിപ്പ് തുടരുന്നു. ലണ്ടൻ മെറ്റൽ എക്സ്ചേഞ്ചിൽ ചെമ്പ് ഇന്നലെ 2.3 ശതമാനം ഉയർന്ന് ടണ്ണിന് 9605 ഡോളറിൽ എത്തി. അലൂമിനിയം 3.11 ശതമാനം വർധിച്ച് 3049.76 ഡോളർ ആയി. ഇരുമ്പയിരിന് 5.7 ശതമാനമാണു കയറ്റം. ലോഹങ്ങൾ വിലക്കയറ്റത്തിൻ്റെ സൂപ്പർ സൈക്കിൾ തുടങ്ങിയിട്ടേ ഉള്ളൂ എന്ന മട്ടിൽ വിശകലനങ്ങളും വരുന്നുണ്ട്.

സ്വർണം താഴുമെന്ന്

സ്വർണം ഇന്നലെ ഔൺസിന് 1750 ഡോളറിനു താഴെ വന്നിട്ട് തിരിച്ചു കയറി. 1751-1752 ഡോളറിലാണു രാവിലെ വ്യാപാരം. കുറേ ദിവസമായി ചെറിയ മേഖലയിൽ നീങ്ങുന്ന സ്വർണം താഴോട്ടു നീങ്ങാനാണു സാധ്യതയെന്ന് വിപണി കണക്കുകൂട്ടുന്നു. അടുത്ത വർഷാവസാനത്തോടെ ഔൺസിന് 1500 ഡോളറിലേക്കു സ്വർണം ഇടിയുമെന്നാണ് എബിഎൻ അമ്രാേയുടെ വിലയിരുത്തൽ.

ഡോളർ 75 രൂപ കടന്നു

ഡോളർ കുതിപ്പ് തുടരുകയാണ്. മറ്റു പ്രമുഖ കറൻസികളുമായുള്ള വിനിമയം വച്ചു തയാറാക്കുന്ന ഡോളർ സൂചിക 94.42 ലേക്ക് ഉയർന്നു. ഇന്നലെ ഡോളർ കരുത്തും ക്രൂഡ് വിലക്കയറ്റവും ചേർന്നു രൂപയെ താഴ്ത്തി. ഡോളർ 38 പൈസ ഉയർന്ന് 75.36 രൂപയിലെത്തി.
പലിശ നിരക്ക് വർധിക്കുമെന്ന പ്രതീക്ഷയിലാണു കടപ്പത്ര വിപണി. 6.34 ശതമാനം നിക്ഷേപനേട്ടം (Yield) കിട്ടുന്ന വിധം കടപ്പത്ര വില താണു. 2020 ഏപ്രിലിനു ശേഷം നിക്ഷേപനേട്ടം ഇത്രയും ഉയർന്നിട്ടില്ല.

ആവേശത്തിൽ ധനമന്ത്രാലയം

പ്രതിദിന കോവിഡ് ബാധയുടെ എണ്ണം കുറഞ്ഞതും വാക്സിനേഷൻ വർധിക്കുന്നതും സമ്പദ്ഘടനയുടെ തിരിച്ചുവരവിന് ആക്കം കൂട്ടിയതായി ധനമന്ത്രാലയം അവകാശപ്പെട്ടു. നികുതി പിരിവ്, കയറ്റുമതി, വൈദ്യുതി ഉൽപാദനം, തൊഴിൽ വർധന എന്നിവയിലെല്ലാം അനുകൂലമാറ്റം ദൃശ്യമാണ്. കാർഷിക മേഖലയിലും വ്യവസായ മേഖലയിലും ഉൽപാദനം വർധിച്ചു. ബാങ്ക് വായ്പകളുടെ വർധന സെപ്റ്റംബറിൽ 6.7 ശതമാനത്തിലേക്കു കയറിയതും നേട്ടമായി ധനമന്ത്രാലയം എടുത്തുകാട്ടി. 2020 സെപ്റ്റംബറിൽ 5.3 ശതമാനമായിരുന്നു ഇതിലെ വളർച്ച. കോവിഡിനു മുമ്പ് 10 ശതമാനത്തിലേറെയായിരുന്നു വായ്പാ വളർച്ച.


This section is powered by Muthoot Finance


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it