വിപണി ഉണർവിൽ; വിലക്കയറ്റത്തിൽ ആശ്വാസം; ഐടി റിസൽട്ടുകൾ ഗതി നിർണയിക്കും; വില സൂചിക താണിട്ടും കീശ കീറുന്നത് എന്തുകൊണ്ട്? കൽക്കരി ഇറക്കുമതിനീക്കം കുറ്റസമ്മതം

വലിയ ചാഞ്ചാട്ടങ്ങൾക്കൊടുവിൽ കാൽ ശതമാനം നേട്ടത്തോടെ ഇന്ത്യൻ വിപണി ചൊവ്വാഴ്ച വ്യാപാരം അവസാനിപ്പിച്ചു. ബുള്ളിഷ് സൂചനകൾ നൽകിയാണ് മുഖ്യസൂചികകൾ നിൽക്കുന്നതെങ്കിലും ആഗോള സൂചനകൾ അധികം ആവേശം പകരുന്നതല്ല. ചില്ലറ വിലക്കയറ്റം ഗണ്യമായി കുറഞ്ഞതും വ്യവസായ ഉൽപാദനം മികച്ച തോതിൽ വർധിച്ചതും വിപണിയെ ഇന്ന് ഉത്സാഹിപ്പിക്കേണ്ടതാണ്. രാജ്യത്തു കോവിഡ് ബാധ വളരെ കുറവായതും മൂന്നാം തരംഗ സാധ്യത വിദൂരമായതും വിപണിക്ക് ആശ്വാസം പകരുന്നതാണ്. ഇൻഫോസിസിൻ്റെയും വിപ്രോയുടെയും റിസൽട്ട് ഇന്നു വരുന്നതോടെ ഐടി ഓഹരികളുടെ ഗതി വ്യക്തമാകും. രണ്ടു ദിവസമായി ഐടി ഓഹരികൾ താഴുകയാണ്.

ഇന്നലെ സെൻസെക്സ് 148.53 പോയിൻ്റ് ഉയർന്ന് 60,284.31 ലും നിഫ്റ്റി 46 പോയിൻ്റ് ഉയർന്ന് 17,991.95ലും ക്ലോസ് ചെയ്തു. തുടർച്ചയായ രണ്ടാം ദിവസവും നിഫ്റ്റി 18,000 കടന്നെങ്കിലും അവിടെ നിലയുറപ്പിക്കാൻ കഴിഞ്ഞില്ല. മിഡ് ക്യാപ് സൂചിക 0.55 ശതമാനവും സ്മോൾ ക്യാപ് സൂചിക 0.8 ശതമാനവും ഉയർന്നു. ഐടി സൂചിക 0.88 ശതമാനം താഴ്ന്നപ്പോൾ മറ്റു മിക്ക വിഭാഗങ്ങളും തരക്കേടില്ലാത്ത ഉയർച്ച കാണിച്ചു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ക്യാഷ് വിപണിയിൽ 278.32 കോടിയുടെ വിൽപ്പനക്കാരായി. എന്നാൽ അവർ ഫ്യൂച്ചേഴ്സിൽ വലിയ വാങ്ങലുകാരായിരുന്നു. സ്വദേശി ഫണ്ടുകൾ 741.22 കോടി രൂപയുടെ ഓഹരികൾ വിറ്റു.
ഇന്ത്യൻ ബാങ്ക് ഓഹരികൾ ഇന്നലെ 10.49 ശതമാനം ഉയർന്നു. ഈ പൊതുമേഖലാ ബാങ്കിനെ സ്വകാര്യവൽക്കരിക്കും എന്ന സംസാരമുണ്ട്. ഓഹരി വില ഒരു മാസത്തിനകം 29 ശതമാനം കയറി. കനറാ ബാങ്ക് 5.89 ശതമാനം നേട്ടമുണ്ടാക്കി. ബാറ്റ (5.8%), ഭാരത് ഹെവി ഇലക്ടിക്കൽസ് (5.77%), ടൈറ്റൻ (5.77 %), നാൽകോ (5.29%) തുടങ്ങിയവയും ഇന്നലെ നല്ല നേട്ടമുണ്ടാക്കി.
വിപണി ബുളളിഷ് ആണെങ്കിലും നിഫ്റ്റി 18,000-നു മുകളിൽ ക്ലാേസ് ചെയ്യാത്തത് കുതിപ്പിനു കരുത്തു പോരെന്നു കാണിക്കുന്നതായി സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. 18,040- നു മുകളിൽ ക്ലോസ് ചെയ്താലേ 18,200-നപ്പുറത്തേക്കുള്ള ലക്ഷ്യം കുറിക്കാനാകൂ. നിഫ്റ്റിക്കു 17,900-ലും 17,860 ലും സപ്പോർട്ട് ഉണ്ട്. 18,045 ലും 18,100 ലും തടസങ്ങൾ നേരിടും.

വിദേശ സൂചനകൾ

ഇന്നലെ യൂറോപ്യൻ വിപണികൾ താഴ്ന്നാണു ക്ലോസ് ചെയ്തത്. അമേരിക്കൻ വിപണി ചാഞ്ചാട്ടങ്ങൾക്കു ശേഷം താഴ്ചയിലാണ് അവസാനിച്ചത്. വിലക്കയറ്റ ഭീതിയിലാണു വിപണികൾ. ജൂലൈ - സെപ്റ്റംബർ പാദത്തിലെ കമ്പനി റിസൽട്ടുകളെപ്പറ്റിയും ആശങ്ക ഉണ്ട്.
ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് താഴ്ചയിലാണ്. ഏഷ്യൻ വിപണികൾ താഴ്ന്നു തുടങ്ങിയിട്ട് കയറ്റത്തിലായി.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വിപണിയിൽ എസ്ജി എക്സ് നിഫ്റ്റി ഇന്നലെ 18,018 ലാണു ക്ലോസ് ചെയ്തത്. ഇന്നു രാവിലെ 18,035 ലേക്ക് ഉയർന്നു. ഇന്ത്യൻ വിപണി ഇന്നു ചെറിയ നേട്ടത്തോടെ തുടങ്ങുമെന്ന സൂചനയാണ് ഇതിലുള്ളത്.

ക്രൂഡും ലോഹങ്ങളും കയറിയിറങ്ങി

ക്രൂഡ് ഓയിൽ വില ഇന്ന് അൽപം താണു. പക്ഷേ വിപണി ബുള്ളിഷ് ആണ്. ബ്രെൻ്റ് ഇനം ക്രൂഡ് വില 84.65 ഡോളർ വരെ കയറിയത് ഇന്ന് 83.126 ഡോളറിലേക്കു കുറഞ്ഞു.
വ്യാവസായിക ലോഹങ്ങൾ ഇന്നലെ ചെറിയ കയറ്റിറക്കങ്ങൾ കാണിച്ചു. വിപണി ബുളളിഷ് മനാേഭാവം തുടരുന്നു. വൈദ്യുതി ക്ഷാമം ചൈനയിൽ നിന്നുള്ള ഡിമാൻഡ് കുറച്ചിട്ടുണ്ട്. അലൂമിനിയം 13 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണ്.
സ്വർണം 1771 ഡോളർ വരെ കയറിയിട്ട് 1760- 1761 മേഖലയിലേക്കു താണു. ഡോളർ സൂചിക 94.52 ലേക്ക് ഉയർന്നതു സ്വർണത്തിൻ്റെ കുതിപ്പിനു തടസമാണ്.
രൂപ വീണ്ടും ദുർബലമായി. ഇന്നലെ 16 പൈസ നേട്ടത്തോടെ 75.52 രൂപയിലേക്കു ഡോളർ കയറി. ഇനിയും കയറുമെന്നാണു സൂചന. രൂപയുടെ നിരക്ക് പിടിച്ചു നിർത്താൻ ഇടപെടുന്നതിൻ്റെ സൂചനയൊന്നും റിസർവ് ബാങ്ക് നൽകുന്നില്ല.

കൽക്കരിക്ഷാമം ഉണ്ടെന്നു സമ്മതിച്ചു കേന്ദ്രം

രാജ്യത്തെ താപവൈദ്യുത നിലയങ്ങൾ 10 ശതമാനം കൽക്കരി ഇറക്കുമതി ചെയ്യണമെന്നു കേന്ദ്രം നിർദേശിച്ചു. ഇക്കൊല്ലം വില മൂന്നു മടങ്ങായതിനെ തുടർന്നു പലരും ഇറക്കുമതി നിർത്തി കോൾ ഇന്ത്യയിൽ നിന്ന് കൽക്കരി വാങ്ങുകയായിരുന്നു. ഇതു പല നിലയങ്ങളിലും കൽക്കരി ദൗർലഭ്യം ഉണ്ടാക്കി. 22 ദിവസത്തെ ആവശ്യത്തിനുള്ള കൽക്കരി നിലയങ്ങളിൽ വേണമെന്നാണു വ്യവസ്ഥ എങ്കിലും ഇപ്പോൾ മിക്ക നിലയങ്ങളിലും ഒരാഴ്ചത്തേക്ക് മാത്രമേ സ്റ്റാേക്ക് ഉള്ളൂ. പകുതി നിലയങ്ങളിൽ നാലു ദിവസത്തെ ആവശ്യത്തിനുള്ള കൽക്കരി പോലും ഇല്ല. വൈദ്യുതി വില കൂടുകയും ലഭ്യത കുറയുകയും ചെയ്തതാേടെ ബിഹാർ അടക്കം ഏതാനും സംസ്ഥാനങ്ങളിൽ പവർകട്ടും പ്രഖ്യാപിച്ചു.
ഇറക്കുമതിക്കു കർശന നിർദേശം നൽകിയത് ദൗർലഭ്യം ഇല്ലെന്ന സർക്കാർ വാദം തെറ്റാണെന്ന ഏറ്റു പറച്ചിലാണ്. ഇന്തോനീഷ്യയും ഓസ്ട്രേലിയയും മറ്റുമാണ് ഇന്ത്യക്ക് കൽക്കരി നൽകുന്നത്. രാജ്യത്തെ വൈദ്യുതി ഉൽപാദനത്തിൽ 67 ശതമാനവും കൽക്കരി അധിഷ്ഠിത താപനിലയങ്ങളിൽ നിന്നാണ്. രണ്ടു വർഷം മുൻപത്തെ അപേക്ഷിച്ച് രാജ്യത്തെ വൈദ്യുതി ഉപയോഗം 16 ശതമാനം വർധിച്ചിട്ടുണ്ട്. അതിനനുസരിച്ച് കൽക്കരി ഉൽപാദനം കൂടിയിട്ടില്ല.
കോൾ ഇന്ത്യക്കു പുതിയ നിർദേശം ചെറിയ ക്ഷീണമുണ്ടാക്കാം.

ടാറ്റായുടെ വൈദ്യുത വാഹന പദ്ധതിക്കു ടിപിജി നിക്ഷേപം

ടാറ്റാ മോട്ടോഴ്സ് വൈദ്യുത വാഹന നിർമാണത്തിനു രൂപീകരിക്കുന്ന ഉപകമ്പനിയിൽ 100 കോടി ഡോളർ (7500 കോടി രൂപ) നിക്ഷേപിക്കാൻ വിദേശ നിക്ഷേപ ഗ്രൂപ്പ് ടിപിജി. ടാറ്റാ മോട്ടോഴ്സ് അഞ്ചു വർഷം കൊണ്ട് 15,000 കോടി രൂപ ഈ ഉപകമ്പനിയിൽ മുടക്കും. ടാറ്റാ മോട്ടോഴ്സ് ഇവികോ എന്നാകും ഉപകമ്പനിയുടെ പേര്. ടാറ്റാ പവറുമായി ചേർന്ന് വാഹന ബാറ്ററികൾ ചാർജ് ചെയ്യാനുള്ള സ്റ്റേഷനുകളും തുടങ്ങും. അഞ്ചു വർഷത്തിനുള്ളിൽ വൈദ്യുത വാഹനങ്ങളുടെ 10 മോഡലുകൾ നിരത്തിലിറക്കാനാണു പ്ലാൻ.

വളർച്ചപ്രതീക്ഷ കുറയ്ക്കാതെ ഐഎംഎഫ്

ഈ ധനകാര്യ വർഷം ഇന്ത്യയുടെ ജിഡിപി വളർച്ച 9.5 ശതമാനമാകും എന്ന നിഗമനം തിരുത്തേണ്ടതില്ലെന്ന് ഐഎംഎഫ്. ലോകബാങ്ക് കഴിഞ്ഞയാഴ്ച വളർച്ച നിഗമനം 8.3 ശതമാനമായി കുറച്ചിരുന്നു. കോവിഡ് രണ്ടാം തരംഗം കണക്കിലെടുത്താണ് തങ്ങൾ ജൂലൈയിൽ 9.5 ശതമാനം കണക്കാക്കിയതെന്ന് ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റ് ഗീതാ ഗോപിനാഥ് പറഞ്ഞു. 2022-23ൽ 8.5 ശതമാനം വളർച്ചയാണു പ്രതീക്ഷ.
ആഗാേള വളർച്ച ഇക്കൊല്ലം 5.9 ശതമാനവും അടുത്ത വർഷം 4.9 ശതമാനവുമാണു പ്രതീക്ഷ.

കമ്പനികൾ

വിമാനങ്ങളുടെ ആഭ്യന്തര സർവീസിൽ മുഴുവൻ സീറ്റിലും യാത്രക്കാരെ ഇരുത്താൻ അനുവാദമായത് വിമാന കമ്പനികളുടെ വരുമാനം കൂട്ടും. ഇൻറർഗ്ലോബ് ഏവിയേഷനും സ്പൈസ് ജെറ്റും നേട്ടമുണ്ടാക്കും.
സെൻട്രം ഫിനാൻസും ഭരത് പേയും കൂടി തുടങ്ങുന്ന യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്കിന് റിസർവ് ബാങ്ക് ലൈസൻസ് നൽകി. മോറട്ടോറിയത്തിൽ കഴിയുന്ന പിഎംസി ബാങ്കിനെ ഇതിൽ ലയിപ്പിക്കും.

വിലസൂചിക താഴുമ്പോഴും ഇടത്തരക്കാരുടെ ബജറ്റ് താളം തെറ്റുന്നു

ചില്ലറ വിലക്കയറ്റം സെപ്റ്റംബറിൽ 4.35 ശതമാനത്തിലേക്കു താണത് വിപണിയെ സന്തോഷിപ്പിക്കും. എട്ടു മാസത്തിനിടയിലെ ഏറ്റവും താണ നിരക്കാണിത്. തുടർച്ചയായ മൂന്നാം മാസവും വിലക്കയറ്റം ആറു ശതമാനത്തിൽ താഴെയായി.
റിസർവ് ബാങ്ക് പ്രതീക്ഷിച്ചതു പോലെ രണ്ടാം പാദത്തിലെ വിലക്കയറ്റം 5.1 ശതമാനത്തിലേക്കു താണു. ജൂലൈയിൽ 5.59 - ഉം ഓഗസ്റ്റിൽ 5.3 ഉം ശതമാനമായിരുന്നു ചില്ലറ വിലക്കയറ്റം.
ഭക്ഷ്യവസ്തുക്കളുടെ വിലയിടിവാണ് വിലക്കയറ്റം കുറയാൻ സഹായിച്ചത്. ധാന്യങ്ങളുടെ വിലസൂചിക 0.61 ശതമാനം താണപ്പാേൾ പച്ചക്കറികളുടേത് 22.47 ശതമാനം താണു. തലേ മാസം ഇവ യഥാക്രമം 1.42-ഉം 11.68-ഉം ശതമാനം കുറഞ്ഞതാണ്. മൊത്തം ഭക്ഷ്യവസ്തുക്കളുടെ വില വർധന 1.61 ശതമാനത്തിൽ ഒതുങ്ങി. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ 10.68 ശതമാനമായിരുന്നു ഭക്ഷ്യ വിലക്കയറ്റം.
എന്നാൽ ഭക്ഷ്യവസ്തുക്കളുടെ വിഭാഗത്തിൽ ആശങ്കകൾ ശേഷിക്കുന്നുണ്ട്. ഭക്ഷ്യ എണ്ണ - നെയ്യ് വിലക്കയറ്റം 34.19 ശതമാനമാണ്. പയർവർഗങ്ങൾ 8.75 ശതമാനം, ഇറച്ചി -മൽസ്യം 7.99%, മുട്ട 7.06%, ലഘു പാനീയങ്ങൾ 12.99%, തയാറാക്കിയ ഭക്ഷ്യവസ്തുക്കൾ 6.56% എന്നിങ്ങനെയാണു വിലവർധന. ധാന്യ വിലയുടെ ഗതി മാറിയാൽ ചില്ലറ വിലക്കയറ്റം വീണ്ടും പ്രശ്നമാകും.
ഭക്ഷ്യമേഖല ഒഴിച്ചുള്ള വിഭാഗങ്ങളിൽ വില കൂടുക തന്നെയാണ്. ഇന്ധന- വൈദ്യുതി ഇനത്തിൽ 13.63 ശതമാനവും വസ്ത്ര-പാദരക്ഷണത്തിൽ 7.16 ശതമാനവും ഉണ്ട് വിലക്കയറ്റം.
ചുരുക്കം ഇതാണ്: വിലസൂചികയിലെ വർധന കുറയുമ്പോഴും ഇടത്തരക്കാരുടെ ജീവിതച്ചെലവ് ഗണ്യമായി കൂടുന്നു. ചില്ലറ വില സൂചിക ഇപ്പോഴത്തെ ജീവിത സാഹചര്യങ്ങൾ വച്ച് പരിഷ്കരിക്കുമ്പോൾ അതു കൂടുതൽ വ്യക്തമാകും. ജനങ്ങളുടെ ഉപഭോഗ രീതിയിൽ വലിയ മാറ്റം വന്നിട്ടുണ്ട്.

ഇരട്ടയക്ക വളർച്ചയിൽ ഊറ്റം കൊള്ളാനില്ല

വ്യവസായ ഉൽപാദനം ഓഗസ്റ്റിൽ 11.9 ശതമാനം ഉയർന്നത് അത്ര മികച്ച നേട്ടമല്ല. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ എട്ടു ശതമാനം ഇടിഞ്ഞതിൻ്റെ ഫലമാണ് ഈ ഇരട്ടയക്ക വളർച്ച.
ഈ ഓഗസ്റ്റിലെ വ്യവസായ ഉൽപാദന സൂചിക (ഐഐപി) 131.1 ആണ്. ജൂലൈയിലെ 131.4 ൽ നിന്നു കുറവ്. കഴിഞ്ഞ ഡിസംബറിൽ 137.4 ആയിരുന്നു ഐഐപി. ഈ ജനുവരിയിൽ 136.6 ഉം മാർച്ചിൽ 145.6 ഉം ആയിരുന്നു സൂചിക. ഇരട്ടയക്ക വളർച്ചയെപ്പറ്റി സ്വയം പ്രശംസിക്കുമ്പോൾ യഥാർഥ നില ഇതാണെന്ന് മനസിലാക്കണം.
വൈദ്യുതി ഉൽപാദനത്തിലെ വളർച്ചയ്ക്കനുസരിച്ച് ഫാക്ടറി ഉൽപാദനത്തിൽ വളർച്ച വന്നിട്ടില്ല. ഫാക്ടറി ഉൽപാദനം ജൂലൈയിലേതിലും കുറവാണ് ഓഗസ്റ്റിൽ. മാർച്ചിൽ ഫാക്ടറി ഉൽപാദന സൂചിക 143.3 ആയിരുന്നത് ഓഗസ്റ്റിൽ 130.2 ആയിട്ടേ ഉള്ളു. ഖനനവും പിന്നോട്ടു പോയി. മാർച്ചിൽ 139 ആയിരുന്ന സൂചിക ഓഗസ്റ്റിൽ 103.8 മാത്രം.

This section is powered by Muthoot Finance


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it