ബുള്ളുകൾ ആവേശത്തിമിർപ്പിൽ; വിദേശികൾ വീണ്ടും ഇന്ത്യയെ ഇഷ്ടപ്പെടുന്നു; ക്രൂഡ് വില ഇടിച്ചു സൗദി നീക്കം; ഇൻഫോസിസും ആർഎസ്എസും തമ്മിൽ എന്ത്?

വിപണി ആവേശ ലഹരിയിലാണ്. 21 വ്യാപാരദിവസം കൊണ്ട് സെൻസെക്സ് 4000 പോയിൻ്റ് കയറി. കഴിഞ്ഞ ആഴ്ച മാത്രം 2005 പോയിൻ്റ് (3.57 ശതമാനം) ഉയർച്ച. നിഫ്റ്റി കഴിഞ്ഞയാഴ്ച 3.7 ശതമാനം നേട്ടമുണ്ടാക്കി. സെൻസെക്സ് 58,129 -ലും നിഫ്റ്റി 17,323 ലുമാണു കഴിഞ്ഞ വെള്ളിയാഴ്ച ക്ലോസ് ചെയ്തത്. റിലയൻസ് നാലു ശതമാനത്തിലേറെ കുതിച്ച് വിപണി മൂല്യം 15 ലക്ഷം കോടി രൂപയ്ക്കു മുകളിൽ എത്തിക്കുകയും ചെയ്തു.

ബുള്ളുകൾ ആഘാേഷത്തിലാണ്. ഇനിയും സൂചികകൾ കുതിച്ചുയരുമെന്ന വിശ്വാസത്തിലാണ് അവർ. എന്നാൽ അതിവേഗമുള്ള കുതിപ്പിനിടെ വിപണി അൽപമൊന്നു നിന്ന് തുടർ പ്രയാണത്തിനുള്ള കരുത്ത് ആർജിക്കേണ്ടതുണ്ടെന്ന് നിരീക്ഷകർ കരുതുന്നു.

സ്മോൾ, മിഡ് ക്യാപ്പുകൾ കുതിച്ചു

സ്മോൾ ക്യാപ്, മിഡ് ക്യാപ് ഓഹരികളും പങ്കെടുത്താണു കഴിഞ്ഞയാഴ്ച വിപണി മുന്നേറിയത്. ബിഎസ്ഇ മിഡ് ക്യാപ് 4.8 ശതമാനവും സ്മോൾ ക്യാപ് 3.9 ശതമാനവും ഉയർന്നു. സ്മോൾ ക്യാപ് ഓഹരികളിൽ 56 എണ്ണം 10 മുതൽ 53 വരെ ശതമാനം ഉയർന്നു. ഇത്തരം ഉയർച്ചകൾ നിക്ഷേപകരെ കരുതലിനു പ്രേരിപ്പിക്കേണ്ടതാണ്. പക്ഷേ, മിക്കപ്പോഴും കൂടുതൽ ആവേശത്തോടെ വിപണിയിൽ വീണ്ടും വൻ നിക്ഷേപത്തിനു തുനിയുന്നതാണു നിക്ഷേപകരുടെ പതിവ്. അതു കൊണ്ടു തന്നെ വിപണിയിൽ ഒരു തിരുത്തൽ ആവശ്യമാണെന്നു പല വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.

വിദേശികളും ആവേശത്തോടെ

വെള്ളിയാഴ്ച വിദേശനിക്ഷേപകർ ഓഹരികളിൽ 768.58 കോടി രൂപ നിക്ഷേപിച്ചു. സ്വദേശി ഫണ്ടുകളും നിക്ഷേപകരായി. 668.6 കോടിയാണ് അവർ നിക്ഷേപിച്ചത്. സെപ്റ്റംബറിൽ മൂന്നു ദിവസം കൊണ്ടു വിദേശികൾ 1783.76 കോടി രൂപ ഓഹരികളിൽ മുടക്കി.
വിദേശികൾ കഴിഞ്ഞ മാസം ഇന്ത്യയിൽ വലിയ നിക്ഷേപം നടത്തി. 299.7 കോടി ഡോളർ. മറ്റ് ഏഷ്യൻ രാജ്യങ്ങളിലെ നിക്ഷേപത്തേക്കാൾ കൂടുതലാണ് ഇന്ത്യയിൽ നടത്തിയത്. ഓഹരികളിൽ 110 കോടി ഡോളറും കടപ്പത്രങ്ങളിൽ 185 കോടി ഡോളറും നിക്ഷേപിച്ചു. ഓഹരികളിലെ നിക്ഷേപത്തിൽ വലിയ പങ്കും ഐപിഒകളിലായിരുന്നു. ഓഹരി ക്യാഷ് വിഭാഗത്തിൽ മാസാവസാനമാണു വിദേശികൾ വാങ്ങലുകാരായത്.

വിദേശത്തു വലിയ പ്രതീക്ഷ

ഇന്ന് ഇന്ത്യൻ ഓഹരികൾ നല്ല നേട്ടത്തോടെ വ്യാപാരം തുടങ്ങുമെന്ന പ്രതീക്ഷയാണ് സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഉള്ളത്. എസ്ജിഎക്സ് നിഫ്റ്റി 17,392 വരെ ഉയർന്നു. ഇന്നു രാവിലെ 17,375 ലാണു വ്യാപാരം.
വെള്ളിയാഴ്ച യൂറോപ്യൻ ഓഹരികൾ താഴ്ചയിലായിരുന്നു. സാമ്പത്തിക വളർച്ചയെപ്പറ്റിയുള്ള ആശങ്കയായിരുന്നു കാരണം. യു എസ് തൊഴിൽ വർധന വളരെ കുറവായെന്ന റിപ്പോർട്ട് അമേരിക്കൻ സൂചികകളെ താഴ്ത്തി. നാസ്ഡാക് മാത്രം അൽപം ഉയർന്നു. ഇന്നു രാവിലെ യു എസ് സൂചികകളുടെ ഫ്യൂച്ചേഴ്സ് താഴ്ചയിലാണ്. വെള്ളിയാഴ്ച രണ്ടര ശതമാനം ഉയർന്ന ജാപ്പനീസ് ഓഹരി വിപണി ഇന്നു രാവിലെ ഒന്നര ശതമാനം കൂടി ഉയർന്നു.

ലാഭമെടുക്കലിൽ ഭീഷണി

വിപണി ബുള്ളിഷ് ആവേശം തുടരുകയാണെങ്കിലും ലാഭമെടുക്കലിനുള്ള ശ്രമം വർധിച്ചാൽ സൂചികകൾ ഇന്നു ചെറുതായി താഴാനിടയുണ്ട്. നിഫ്റ്റി 17,500നു മുകളിലേക്കു കുതിക്കുന്നതിനുള്ള പ്രധാന തടസം വരിക ലാഭമെടുക്കലിനുള്ള വിൽപനയിലാണ്.17,150 ഉം 17,000 വും സപ്പോർട്ടായി നിൽക്കും. 17,500 ലും 17,700 ലും ശക്തമായ പ്രതിരോധം ഉണ്ടാകും എന്നു സാങ്കേതിക വിശകലന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
വെള്ളിയാഴ്ച അവധിയായതിനാൽ നാലു ദിവസം മാത്രമേ ഈയാഴ്ച വ്യാപാരമുള്ളു. വ്യവസായ ഉൽപാദന സൂചിക (ഐഐപി) ഒഴികെ നിർണായക സാമ്പത്തിക കണക്കുകൾ ഒന്നും ഈയാഴ്ച വരാനില്ല. ഐഐപി വെള്ളിയാഴ്ചയാണു പ്രസിദ്ധീകരിക്കുക.

ക്രൂഡ് വില ഇടിച്ച് സൗദി അറേബ്യ

ക്രൂഡ് ഓയിൽ വിപണിയെ ഉലച്ചുകൊണ്ട് സൗദി അറേബ്യ ഏഷ്യയിലേക്കുള്ള ക്രൂഡ് വില കുറച്ചു. വില കുറയ്ക്കുമെന്ന ഊഹം വിപണിയിൽ ഉണ്ടായിരുന്നു. കഴിഞ്ഞയാഴ്ച ബ്രെൻ്റ് ഇനം ക്രൂഡ് 73 ഡോളർ കടക്കാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടത് അതു മൂലമാണ്. വാരാന്ത്യത്തിൽ സൗദി അരാംകോ വീപ്പയ്ക്ക് 1.3 ഡോളർ കുറവാണു പ്രഖ്യാപിച്ചത്. വിപണിയുടെ പ്രതീക്ഷ 0.6 ഡോളറിന്റെ കുറവായിരുന്നു.
ഇതോടെ എണ്ണവിപണി കുത്തനേ താഴ്ചയിലായി. ഇന്നു രാവിലെ ബ്രെൻ്റ് ഇനം 71.96 ഡോളറിലേക്കു താണു. വെള്ളിയാഴ്ച 73.31 ഡോളർ വരെ കയറിയിരുന്നു.
സൗദി നടപടിയെ തുടർന്ന് റഷ്യ, ഇറാഖ്, യുഎഇ തുടങ്ങിയ വലിയ കയറ്റുമതിക്കാർ വില കുറയ്ക്കൽ മത്സരമാക്കിയാൽ ക്രൂഡ് 70 ഡോളറിനു താഴെയാകും. വിപണി പങ്ക് തിരിച്ചു പിടിക്കാനാണു സൗദി ശ്രമം. പ്രവചനാതീത സ്വഭാവമുള്ള സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സുൽത്താൻ വിപണിയിൽ കോളിളക്കമുണ്ടാക്കുന്നതിനു മടിക്കാറില്ല. ഏതായാലും വരും ആഴ്ചകൾ ഇന്ധന വിപണിയിൽ നിർണായകമാണ്.

സ്വർണം കയറി

സ്വർണം ഉയർച്ചയിലാണ്. വെള്ളിയാഴ്ച 1833 ഡോളർ വരെ കയറിയിട്ട് 1826 ലേക്കു താണ മഞ്ഞലോഹം ഇന്നു രാവിലെ 1828 ഡോളറിലാണ്. യു എസ് തൊഴിൽ റിപ്പോർട്ടിനെ തുടർന്ന് ഡോളർ സൂചിക താണതാണു സ്വർണത്തിനു കരുത്തായത്. യു എസ് പലിശനിരക്ക് ഉടനേ കൂട്ടുകയില്ലെന്ന നിഗമനവും സ്വർണത്തിന് സഹായമായി.
ഡോളർ സൂചിക താണു നിൽക്കുന്നത് ഇന്നു രൂപയ്ക്കു ബലമാകും.
വെള്ളിയാഴ്ച വ്യാവസായിക ലോഹങ്ങൾ ചെറിയ ഉയർച്ച കാണിച്ചു. ഇന്നു വീണ്ടും കയറ്റമുണ്ടാകാം
കഴിഞ്ഞയാഴ്ചത്തെ രണ്ടു കണക്കുകൾ വിപണിയെ ഈയാഴ്ച സ്വാധീനിക്കും. ഓഗസ്റ്റിലെ ഇന്ത്യയുടെ സർവീസസ് പിഎംഐ ഉയർന്നതും അമേരിക്കയിലെ കാർഷികേതര തൊഴിൽ വർധന ഓഗസ്റ്റിൽ പ്രതീക്ഷയിലും വളരെ കുറവായതുമാണ് ആ കണക്കുകൾ.

സർവീസസ് വളർച്ച കുതിച്ചു

ഓഗസ്റ്റിലെ സർവീസസ് പിഎംഐ (പർച്ചേസിംഗ് മാനേജേഴ്സ് ഇൻഡെക്സ്) 56.7 ലേക്കു കുതിച്ചു കയറി. ജൂലൈയിൽ 45.4 ആയിരുന്നു. മൂന്നു മാസത്തിനു ശേഷമാണ് ഇത് 50 നു മുകളിലാകുന്നത്. 18 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നില കാണിക്കുന്ന സൂചിക മൂന്നുവർഷത്തിനുള്ളിൽ ആദ്യമാണു മാനുഫാക്ചറിംഗ് സൂചികയേക്കാൾ ഉയരുന്നതും. സർവീസസിലെ കുതിപ്പ് സംയുക്ത പിഎംഐ യെ മൂന്നു മാസത്തിനു ശേഷം 50-നു മുകളിലേക്കുയർത്തി. കോവിഡ് രണ്ടാം തരംഗത്തെ തുടർന്നുള്ള മാന്ദ്യം മാറിയെന്ന് ഇതു കാണിക്കുന്നു.

യുഎസ് തൊഴിൽ വർധന ഇടിഞ്ഞു

അമേരിക്കയിൽ ഓഗസ്റ്റിലെ കാർഷികേതര തൊഴിൽ വർധന കുറവായതു തികച്ചും അപ്രതീക്ഷിതമാണ്. ജൂലൈയിൽ 10.53 ലക്ഷം തൊഴിൽ കൂട്ടിച്ചേർത്ത സ്ഥാനത്ത് ഓഗസ്റ്റിലെ വർധന 2.35 ലക്ഷം മാത്രം. 7.33 ലക്ഷമായിരുന്നു പ്രതീക്ഷ.
യു എസ് സമ്പദ്ഘടനയിൽ പെട്ടെന്നു വലിയ ദൗർബല്യമുണ്ടായെന്ന് ഇതുകൊണ്ട് അർഥമില്ല. പക്ഷേ വളർച്ച ക്രമമായിട്ടല്ലെന്നു കാണിക്കുന്നു. യു എസ് ഫെഡിനു പലിശ കുറയ്ക്കലും ഉത്തേജകം പിൻവലിക്കലും വൈകിക്കാൻ ഈ കണക്കു സഹായകമാകും.
കണക്കു പുറത്തുവന്ന ശേഷം യുഎസ് ഓഹരി സൂചികകൾ താണു. ടെക്നോളജി ഓഹരികൾ നയിക്കുന്ന നാസ്ഡാക് മാത്രം ഉയർന്നു. ഇന്നു രാവിലെ യുഎസ് ഓഹരി സൂചികകളുടെ ഫ്യൂച്ചേഴ്സും താഴ്ചയിലാണ്. ഡോളർ നിരക്കും താണു. യുഎസ് സർക്കാർ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ട (yield) വും കുറഞ്ഞു.

ജപ്പാനിൽ ഭരണമാറ്റം

ഇതിനിടെ ജപ്പാനിലെ ഭരണമാറ്റം വരുന്നു. പ്രധാനമന്ത്രി യോഷിഹിഡെ സുഗ രാജി പ്രഖ്യാപിച്ചു.കോവിഡ് വ്യാപനം തടയുന്നതിൽ പരാജയപ്പെട്ടെന്ന വിമർശനങ്ങളെ തുടർന്നാണു രാജി. മാസാവസാനം പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കും. ആരു പ്രധാനമന്ത്രി ആയാലും വലിയ സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിക്കുമെന്നാണു പ്രതീക്ഷ. ഇത് ജാപ്പനീസ് വിപണിയിൽ വലിയ കുതിപ്പിനു കാരണമായി. ഇന്നും ജാപ്പനീസ് ഓഹരികൾ ആവേശത്തിലാണ്. ഇത് മറ്റ് ഏഷ്യൻ വിപണികളെയും ആവേശം കൊള്ളിച്ചേക്കും.

ഇൻഫോസിസും ആർഎസ്എസും

ഇൻഫോസിസ് ടെക്നോളജീസിനെതിരേ ആഎസ്എസ് പ്രസിദ്ധീകരണമായ പാഞ്ചജന്യയിൽ മുഖലേഖനം വന്നതും ആർഎസ്എസ് അതിനെ തള്ളിപ്പറഞ്ഞതും വാരാന്ത്യത്തിലെ പ്രധാന സംഭവമായി. ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള പോർട്ടലിൻ്റെ സാങ്കേതിക ചുമതല ഇൻഫോസിസിനാണ്. പോർട്ടൽ മാസങ്ങളായി തകരാറിലാണ്. ധനമന്ത്രി തന്നെ ഇൻഫി എംഡിയെ വിളിച്ചു വരുത്തി ഈ 15 നകം പോർട്ടൽ ശരിയാക്കാൻ അന്ത്യശാസനം നൽകി. ഇൻഫി 'ദേശവിരുദ്ധരു' മായി ചേർന്നു സർക്കാരിനെ മോശപ്പെട്ടുത്താൻ ശ്രമിക്കുകയാണെന്നു പാഞ്ചജന്യ ആരോപിച്ചു. ഇൻഫി മുൻ ചെയർമാൻ നന്ദൻ നിലേകനി മുൻ യുപിഎ സർക്കാരിനു കീഴിൽ കാബിനറ്റ് പദവി വഹിച്ച കാര്യവും മറ്റും ലേഖനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. വാരികയുടെ മുഖ ലേഖനമായി നാരായണ മൂർത്തിയെ മുഖചിത്രമാക്കിയാണ് ഇതു പ്രസിദ്ധീകരിച്ചത്. ലേഖനത്തെ തള്ളിപ്പറയാൻ സർക്കാരിലും ആർഎസ്എസ് ആസ്ഥാനത്തും നിന്നു സമ്മർദമുണ്ടായെന്നാണു മാധ്യമ റിപ്പോർട്ടുകൾ.

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it