ഓഹരി വിപണിയിൽ ഇത് കയറ്റത്തിന്റെ തുടക്കം മാത്രമോ? കുതിപ്പ് തുടർന്നു റിയൽറ്റി; ഗിനിയിലെ അട്ടിമറിക്ക് എന്തു വില?

ബുൾ തരംഗത്തിൻ്റെ തുടക്കത്തിലാണു വിപണി എന്ന രീതിയിലാണു നിക്ഷേപകരും ഫണ്ടുകളും പ്രവർത്തിക്കുന്നത്. അതനുസരിച്ചു വിപണിയിലേക്കു പണമെത്തുകയും ചെയ്യുന്നു. നാനാവിധത്തിൽ ലോകമെങ്ങും വർധിക്കുന്ന പണലഭ്യത ഇനിയും ഈ തരംഗം ഏറെ നീണ്ടു നിൽക്കുമെന്ന ധാരണ വളർത്തുന്നു. അങ്ങേയറ്റം താഴ്ന്ന പലിശയും ഉൽപന്ന വിലക്കയറ്റവും കമ്പനികളുടെ കടബാധ്യത കുറയ്ക്കുകയും ലാഭക്ഷമത വർധിപ്പിക്കുകയും ചെയ്യുന്നു. ഇന്ത്യയിൽ മാത്രമല്ല വിദേശത്തും ഇതു തന്നെ നില.

ഇന്നലെ ഇന്ത്യൻ വിപണി തുടക്കത്തിൽ നല്ല ഉയർച്ച കാണിച്ചെങ്കിലും ലാഭമെടുക്കലിനെ തുടർന്ന് ചെറിയ നേട്ടത്തോടെയാണു ക്ലോസ് ചെയ്തത്. സെൻസെക്സ് 58,515.85 വരെ കയറി റിക്കാർഡിട്ട ശേഷം 58,296.91 ൽ ക്ലോസ് ചെയ്തു.നേട്ടം 166.96 പോയിൻ്റ് (0.29 ശതമാനം). നിഫ്റ്റി 17,429.55 വരെ രാവിലെ കയറിയ ശേഷമാണ് 17,377.8 ൽ ക്ലോസ് ചെയ്തത്. നേട്ടം 54.2 പോയിൻ്റ് (0.31 ശതമാനം).

റിയൽറ്റിയിൽ ആവേശം

വിശാല വിപണി കുറേക്കൂടി മെച്ചപ്പെട്ട നേട്ടമുണ്ടാക്കി. നിഫ്റ്റി മിഡ് ക്യാപ് 0.41 ശതമാനവും സ്മോൾ ക്യാപ് 1.09 ശതമാനവും കയറി. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളുമാണ് ഇന്നലെ ലാഭമെടുക്കലിനെ തുടർന്നു സൂചികകളെ താഴോട്ടു വലിച്ചത്. റിയൽ എസ്റ്റേറ്റ് കമ്പനികളുടെ സൂചിക 3.16 ശതമാനം കുതിച്ചു. റിയൽ എസ്റ്റേറ്റ് ഇടപാടുകൾ വർധിക്കുകയും വില ഉയരുകയും ചെയ്യുന്നു എന്നതാണു കാരണം. രണ്ടു വർഷം മുൻപത്തെ നിലയുമായി താരതമ്യപ്പെടുത്തുമ്പോൾ വിലയും വിൽപനത്തോതും തുലോം കുറവാണ്. പ്രസ്റ്റീജ് എസ്‌റ്റേറ്റ്സ്, ശോഭ, ബ്രിഗേഡ് എൻ്റർപ്രൈസസ്, ഒബ്റോയ് റിയൽറ്റി തുടങ്ങിയവയിലാണു വലിയ കുതിപ്പ് കണ്ടത്.
ഐ ടിയും മീഡിയയുമാണ് ഗണ്യമായ നേട്ടമുണ്ടാക്കിയ മറ്റു രണ്ടു മേഖലകൾ.

വിദേശികൾ വിറ്റു

ഓഹരികളുടെ ക്യാഷ് വിപണിയിൽ വിദേശ നിക്ഷേപകർ ഇന്നലെ വീണ്ടും വിൽപനക്കാരായി. 589.36 കോടിയുടെ ഓഹരികൾ അവർ വിറ്റു. ഫ്യൂച്ചേഴ്സിലും ഓപ്ഷൻസിലും അവർ വാങ്ങിക്കൂട്ടുകയും ചെയ്തു. സ്വദേശി ഫണ്ടുകൾ ഇന്നലെ 547.31 കോടിയുടെ ഓഹരികൾ വാങ്ങിക്കൂട്ടി.
ഇന്നലെ യൂറോപ്യൻ ഓഹരികൾ മികച്ച നേട്ടമുണ്ടാക്കി. അമേരിക്കയിൽ ഡൗ ജോൺസും എസ് ആൻഡ് പിയും ചെറിയ നഷ്ടത്തോടെ അവസാനിച്ചു. നാസ്ഡാക് ചെറിയ നേട്ടമുണ്ടാക്കി. ഇന്നു രാവിലെ യുഎസ് സൂചികകളുടെ ഫ്യൂച്ചേഴ്സ് ഉയരത്തിലാണ്. രാവിലെ ജപ്പാൻ അടക്കം ഏഷ്യയിൽ ഓഹരികൾ ഉയർച്ചയിലാണ് വ്യാപാരം തുടങ്ങിയത്.

ഡെറിവേറ്റീവിൽ നേട്ടം

സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ആവേശത്തിലാണ്.17,430 ലാണ് ഇന്നലെ സെഷൻ ക്ലോസ് ചെയ്തത്. ഇന്നു രാവിലെ വീണ്ടും ഉയർന്നാണു വ്യാപാരം. ഇന്ത്യൻ വിപണി ഉണർവോടെ തുടങ്ങുമെന്ന സൂചനയാണ് ഡെറിവേറ്റീവ് വിപണി നൽകുന്നത്.
നിഫ്റ്റി 17,500- 17,700 മേഖലയിലേക്കുള്ള യാത്രയിലാണെന്നു സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. 17,300-ൽ ശക്തമായ സപ്പോർട്ട് ഉണ്ട്. 17,425-ലും 17,465-ലും പ്രതിരോധം പ്രതീക്ഷിക്കുന്നു. നിഫ്റ്റി ഓവർ ബോട്ട് നിലയിലാണെന്നും കുതിപ്പിന് ഒരു ബ്രേക്ക് ഉണ്ടായേ തീരൂ എന്നും ഒരു വിഭാഗം വിശകലനക്കാർ പറയുന്നുണ്ട്. എന്നാൽ അങ്ങനെയൊരു തിരുത്തിനു സാധ്യതയില്ലാത്ത മട്ടിലാണു വിപണി നീക്കം.

ക്രൂഡും സ്വർണവും ചെറിയ റേഞ്ചിൽ

വില കുറയ്ക്കാനുള്ള സൗദി തീരുമാനത്തെ തുടർന്നു ക്രൂഡ് ഓയിൽ വില താഴ്ന്നു നിൽക്കുകയാണ്. ബ്രെൻ്റ് ഇനം 71.3 ഡോളറിൽ എത്തിയ ശേഷം 72.29 ഡോളറിലേക്കു കയറി. മറ്റു രാജ്യങ്ങൾ വില കുറയ്ക്കാൻ തുടങ്ങുന്ന പക്ഷം 70 ഡോളറിലേക്കു നിരക്ക് താഴുമെന്നാണു വിപണിയിലെ വിലയിരുത്തൽ.
ഡോളർ നിരക്കു താഴ്ന്നാണു നിക്കുന്നതെങ്കിലും സ്വർണ വില ഉയരുന്നില്ല. ഈ ദിവസങ്ങളിൽ സ്വർണ ഇടിഎഫുകളിൽ നിന്നു നിക്ഷേപകർ പണം പിൻവലിക്കുകയാണ്. ഡിജിറ്റൽ ഗൂഢ കറൻസിയായ ബിറ്റ് കാേയിൻ 52,000 ഡോളറിനു മുകളിൽ കയറിയതോടെ കുറേ നിക്ഷേപകർ അതിലേക്കു തിരിഞ്ഞതാണു കാരണം. അതേ സമയം ഏറ്റവും വലിയ സ്വർണ ഇടിഎഫ് (എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് ) ആയ എസ് പിഡി ആറിൻ്റെ ഓഹരി വില ഉയർന്നു.
സ്വർണം ഇന്നലെ 1821-1828 ഡോളർ മേഖലയിൽ കയറിയിറങ്ങി. ഇന്നു രാവിലെ 1826 ഡോളറിലാണു സ്വർണം.

ഒരു പട്ടാള വിപ്ലവവും അലൂമിനിയം വിലയും

പശ്ചിമാഫ്രിക്കൻ രാജ്യമായ ഗിനിയിൽ നടന്ന പട്ടാള അട്ടിമറി ലോക വിപണിയിൽ അലൂമിനിയം വില ഉയർത്തി. അലൂമിനിയത്തിൻ്റെ അയിരായ ബോക്സൈറ്റിൻ്റെ വലിയ നിക്ഷേപമുണ്ട് ഗിനിയിൽ. ഇപ്പോൾ ലോകവിപണിയിലെ ബോക്സൈറ്റിൽ 25 ശതമാനം ഗിനിയിൽ നിന്നാണ്. അട്ടിമറിയെ തുടർന്ന് ഗിനിക്കെതിരേ വാണിജ്യ ഉപരോധവും മറ്റും ഉണ്ടാകുമോ എന്ന് ആശങ്കയുണ്ട്. ഉപരോധം ചുമത്തിയാൽ ബോക്‌സൈറ്റ് കയറ്റുമതി തടസപ്പെടും. ഈ ആശങ്കയിൽ അലൂമിനിയം വില ഇന്നലെ ഒന്നര ശതമാനത്തോളം ഉയർന്നു. മറ്റു വ്യാവസായിക ലോഹങ്ങളുടെ വിലയിലും ഉണർവുണ്ട്. ബോക്സൈറ്റ് ഖനികൾ ഉള്ള നാൽകോയുടെ ഓഹരികൾ ഇന്നലെ ആറു ശതമാനത്താളം ഉയർന്നു.

വക്രാംഗീ കയറിയതിനു പിന്നിൽ

ഐഐടി അധിഷ്ഠിത സേവനങ്ങൾ, ലോജിസ്റ്റിക്സ് സേവനങ്ങൾ, ധനകാര്യ സേവനങ്ങൾ തുടങ്ങിയവ നടത്തുന്ന വക്രാംഗീ ലിമിറ്റഡ് ഓഹരികൾക്ക് ഇന്നലെ 13.3 ശതമാനം കയറ്റമുണ്ടായി. ഒരു മാസം കൊണ്ടു 40.19 ശതമാനം ഉയർന്ന ഓഹരിയുടെ ഇപ്പോഴത്തെ വില 44.3 രൂപയാണ്. കഴിഞ്ഞ പാദത്തിൽ 254 കോടി രൂപ വിറ്റുവരവിൽ 23.33 കോടി രൂപ അറ്റാദായമുണ്ടാക്കിയ ഈ കമ്പനിയുടെ ആസ്ഥാനം മുംബൈ ആണ്.ദിനേശ് നന്ദ്വാന എന്നയാളാണു മാനേജിംഗ് ഡയറക്ടറും സിഇഒയും.

ഐആർസിടിസിയുടെ കുതിപ്പ്

ഇന്ത്യൻ റെയിൽവേ കേറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷൻ (ഐആർസിടിസി) ഓഹരിയുടെ വില നന്നലെ 3000 രൂപ കടന്നു. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 48,152 കോടി രൂപയായി. ബി എസ് ഇ യിലെ ആദ്യ 100 കമ്പനികളുടെ പട്ടികയിലേക്ക് ഐആർസിടിസി ഇതോടെ ഉയർന്നു. ഇന്നലെ ക്ലോസിംഗിൽ 3009 രൂപയായിരുന്ന വില. ബിഎസ്ഇ യിൽ വിപണിമൂല്യം വച്ച് 92-ാം സ്ഥാനം. കോൾഗേറ്റ്, ചോള മണ്ഡലം ഇൻവെസ്റ്റ്മെൻറ്, ഗുജറാത്ത് ഗ്യാസ്, എസിസി, ബന്ധൻ ബാങ്ക് തുടങ്ങിയവയെ ഒക്കെ ഈ റെയിൽവേ സേവന കമ്പനി പിന്നിലാക്കി. ഏപ്രിലിൽ 1541 രൂപ വരെ താണ ഓഹരി വില അഞ്ചു മാസം കൊണ്ടു 97 ശതമാനം ഉയർന്നു.
ഇന്ത്യൻ റെയിൽവേയിൽ കേറ്ററിംഗിനും ഓൺലൈൻ ടിക്കറ്റിംഗിനും റെയിൽവേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും കുടിവെള്ള വിതരണത്തിനും അനുമതിയുള്ള ഏക കമ്പനിയാണ് ഐആർസിടിസി.

This section is powered by Muthoot Finance

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it