Begin typing your search above and press return to search.
വിപണി ദിശ മാറുമോ? വിദേശ സൂചനകൾ നെഗറ്റീവ്; വളർച്ചയെപ്പറ്റി വീണ്ടും ആശങ്ക; വോഡഫോൺ പാക്കേജും ജിയോ ഫോണും തമ്മിൽ എന്ത്? ടി +1 ൽ ഉടക്ക്
തുടർച്ചയായ രണ്ടാം ദിവസവും മുഖ്യസൂചികകൾ ചെറിയ താഴ്ച കാണിച്ചു. എന്നാൽ വിശാല വിപണി ഉയരുകയായിരുന്നു. വിപണിക്കു ദിശാബോധം ഉണ്ടാകുന്നില്ല. അനിവാര്യമായ ഒരു ഹ്രസ്വകാല തിരുത്തലിലേക്കു വിപണി തിരിയുമോ എന്ന് ഇന്നറിയാം. ആഗോള സൂചനകൾ താഴോട്ടാണു വിരൽ ചൂണ്ടുന്നത്. നാളെ അവധിയായതിനാൽ ഈ ആഴ്ചയിലെ അവസാന വ്യാപാര ദിനമാണ് ഇന്ന്. ലാഭമെടുക്കലുകളാണു രണ്ടു ദിവസവും സൂചികകളെ താഴ്ത്തിയത്.
സെൻസെക്സ് 29.22 പോയിൻ്റ് താണ് 58,250.26 ലും നിഫ്റ്റി 8.6 പോയിൻ്റ് താണ് 17,353.5 ലും ക്ലോസ് ചെയ്തു. ഐടി, വാഹന, ഫാർമ, മെറ്റൽ ഓഹരികളിലെ തളർച്ചയാണു വിപണിയെ താഴ്ത്തിയത്. ഐടി സൂചിക 0.73 ശതമാനം താണു. ബാങ്കുകളും ധനകാര്യ കമ്പനികളും മുൻ ദിവസങ്ങളിലെ രീതിയിൽ നിന്നു മാറി ഇന്നലെ നല്ല ഉയർച്ച കാണിച്ചു. ബാങ്ക് നിഫ്റ്റി സൂചിക 0.82 ശതമാനം ഉയർന്ന് 36,768.2 ൽ എത്തി. ധനകാര്യ കമ്പനികളുടെ സൂചിക 0.6 ശതമാനം കയറി. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകളും ഇന്നലെ നല്ല നേട്ടമുണ്ടാക്കി. സ്മോൾ ക്യാപ് സൂചിക 0.65 ശതമാനം ഉയർന്നു.
വിദേശ സൂചനകൾ താഴോട്ട്
യൂറോപ്യൻ ഓഹരികൾ ഇന്നലെ താഴോട്ടായിരുന്നു. അമേരിക്കൻ വിപണി ചാഞ്ചാട്ടങ്ങൾക്കൊടുവിൽ ചെറിയ ഇടിവോടെ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ഏഷ്യൻ വിപണികൾ കാര്യമായ ഇടിവോടെയാണു വ്യാപാരം തുടങ്ങിയത്. ജപ്പാനിലെ നിക്കൈ സൂചിക തുടക്കത്തിൽ മുക്കാൽ ശതമാനത്തോളം താണു. ഓസ്ട്രേലിയൻ, ദക്ഷിണ കൊറിയൻ വിപണികളും താഴോട്ടാണ്.
ഡെറിവേറ്റീവിൽ ഇടിവ്
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വിപണിയിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 17,362-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 17,328 ലേക്കു താണു. ഇടിവോടെയാകും ഇന്നു വ്യാപാരം തുടങ്ങുക എന്നാണു ഡെറിവേറ്റീവ് വിപണി കരുതുന്നതെന്നാണ് സൂചന.
വിദേശ നിക്ഷേപകർ ഇന്നലെയും വിൽപനക്കാരായി. 802.51 കോടിയുടെ ഓഹരികൾ അവർ വിറ്റു. ഇൻഡെക്സ് ഓപ്ഷൻസിൽ അവർ 9769.92 കോടി രൂപയുടെ വിൽപന നടത്തിയതു ശ്രദ്ധേയമായി. വിപണിഗതിയെപ്പറ്റി അവർക്കു വിപരീതാഭിപ്രായമുണ്ടെന്നാണു സൂചന.
സ്വർണം താണു
സ്വർണം വീണ്ടും താഴോട്ടു പോയി. ഡോളറിൻ്റെ കയറ്റമാണു മുഖ്യ കാരണം. കഴിഞ്ഞയാഴ്ചയിലെ കുതിപ്പിൽ ലോംഗ് പൊസിഷനുകൾ പിടിയവർ അവ വിറ്റൊഴിയാൻ തിടുക്കം കാട്ടുന്നുണ്ട്. ഇന്നലെ 1782-1802 ഡോളർ മേഖലയിൽ സ്വർണം കയറിയിറങ്ങി. ഇന്നു രാവിലെ 1790 ഡോളറിലാണു വില. വരും ദിവസങ്ങളിൽ മഞ്ഞലോഹം വീണ്ടും താഴുമെന്നു കരുതുന്നവരുണ്ട്.
ക്രൂഡും ലോഹങ്ങളും താഴാേട്ട്
വളർച്ചയെപ്പറ്റിയുള്ള ആശങ്ക ക്രൂഡ് ഓയിൽ വില ചെറിയ തോതിൽ താഴ്ത്തി. ബ്രെൻ്റ് ഇനം 72.45 ഡോളർ ആയി.
ഇതേ ആശങ്കകൾ ലോഹങ്ങളെയും വലിച്ചു താഴ്ത്തി. ലണ്ടൻ മെറ്റൽ എക്സ്ചേഞ്ചിൽ ചെമ്പ് വില ഇന്നലെ ഒന്നേകാൽ ശതമാനം താണ് 9226 ഡോളർ ആയി. നാലു ദിവസം കൊണ്ടു വില അഞ്ചു ശതമാനത്തോളം ഇടിഞ്ഞു. ഇരുമ്പയിര് ഇന്നലെ രണ്ടര ശതമാനവും പത്തു ദിവസം കൊണ്ട് 15 ശതമാനവും ഇടിഞ്ഞു. ലെഡ്, ടിൻ തുടങ്ങിയവയും താഴോട്ടാണ്. ഗിനിയിലെ അട്ടിമറിയെ തുടർന്ന് ബോക്സൈറ്റ് ലഭ്യത പ്രശ്നമായതിൻ്റെ പേരിൽ അലൂമിനിയം വില ഉയർന്നു ടണ്ണിനു 2795.89 ഡോളറിൽ എത്തി.
ടി +1 വേണ്ടെന്നു വിദേശികൾ
ജനുവരി ഒന്നു മുതൽ ഓഹരി വിപണിയിലെ സെറ്റിൽമെൻ്റ് ടി+1 ആക്കണമെന്ന സെബി നിർദേശം വിദേശികളിൽ നിന്ന് എതിർപ്പ് വിളിച്ചു വരുത്തി. ഇപ്പോൾ ടി +2 ആണു രീതി. അമേരിക്ക അടക്കം പ്രമുഖ രാജ്യങ്ങളെല്ലാം ടി +2 ആണു പിന്തുടരുന്നതെന്നു വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ചൂണ്ടിക്കാട്ടി. ചൈന മാത്രമാണു ടി +1 നടപ്പാക്കിയ വലിയ വിപണി. തായ് വാൻ ടി +1 നടപ്പാക്കിയിട്ടു ടി +2 വിലേക്കു തിരിച്ചു പോയി.
തങ്ങളുടെ പണം ഇവിടെ എത്തിക്കുന്നതിലും മറ്റുമുള്ള പ്രായോഗിക ബുദ്ധിമുട്ടുകളാണു വിദേശികൾ എടുത്തു പറയുന്നത്. ഇവിടെ വ്യാപാരം നടക്കുമ്പോൾ അമേരിക്കയിലും മറ്റും രാത്രിയാണ്. പിറ്റേന്നുതന്നെ പണം അയക്കണമെന്നു വന്നാൽ വിദേശനാണ്യ വിനിമയത്തിൽ നഷ്ടവും വരാം. നിലവിൽ സുഗമമായി നടക്കുന്ന ഒരു സെറ്റിൽമെൻ്റ് രീതി എല്ലാവർക്കും ബുദ്ധിമുട്ട് വരുത്തി ഉടച്ചുവാർക്കുന്നത് എന്തിനെന്നാണു വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ചോദിക്കുന്നത്.
ഇൻഫോ എഡ്ജ് വീണ്ടും ബംപർ നേട്ടത്തിന്
സൊമാറ്റാേ ഐപിഒയിൽ ബംപർ നേട്ടം കൊയ്ത ഇൻഫോ എഡ്ജ് മറ്റൊരു വൻ നേട്ടത്തിനൊരുങ്ങുന്നു. കമ്പനിക്കു വലിയ നിക്ഷേപമുള്ള പോളിസി ബസാർ (പിബി ഫിൻ ടെക്) ഐപിഒ നടത്താൻ പോകുന്നു. ഇതിനായി സെബിയുടെ പക്കൽ ഡ്രാഫ്റ്റ് പ്രോസ്പെക്ടസ് സമർപ്പിച്ചു. ഈ റിപ്പോർട്ട് വന്നതോടെ ഇൻഫോ എഡ്ജ് ഓഹരികൾക്ക് ഇന്നലെ 8.72 ശതമാനം വില കൂടി. സൊമാറ്റാേ ഇഷ്യുവിനു ശേഷം എത്തിയ ഉയർന്ന നിലയും കടന്ന് ഓഹരി മുന്നേറി. പോളിസി ബസാറിൽ 13.98 ശതമാനം ഓഹരി ഇൻഫോ എഡ്ജിനുണ്ട്. നൗക്രി, ജീവൻ സാഥി, 99 ഏക്കേഴ്സ്, ശിക്ഷ തുടങ്ങിയവയിലും ഇൻഫോ എഡ്ജിനു നിക്ഷേപമുണ്ട്. ഇവയുടെ ഐപിഒകളും കമ്പനിക്കു നേട്ടം സമ്മാനിക്കും.
വോഡഫോൺ ഐഡിയ പാക്കേജും ജിയോ ഫോണും തമ്മിൽ എന്ത്?
വോഡഫോൺ ഐഡിയയെ രക്ഷിക്കാനുതകുന്ന ഒരു ടെലികോം പാക്കേജ് യൂണിയൻ മന്ത്രിസഭ ഇന്നലെ പരിഗണിക്കുമെന്നു കരുതിയെങ്കിലും നടന്നില്ല. എങ്കിലും നിക്ഷേപകർ നിരാശരല്ല. ഓഹരി വിലയിൽ നേരിയ കുറവേ ഉണ്ടായുള്ളു. പാക്കേജ് താമസിയാതെ വരുമെന്നു തന്നെയാണു കമ്പനി വൃത്തങ്ങൾ അവകാശപ്പെടുന്നത്.
കമ്പനിയുടെ വലിയ എതിരാളികളായ റിലയൻസ് ജിയാേ യുടെ ജിയാേഫോൺ നെക്സ്റ്റ് നാളെ അവതരിപ്പിക്കുന്നുണ്ട്. ആൻഡ്രാേയ്ഡ് 11 (ഗോ എഡിഷൻ) ൽ പ്രവർത്തിക്കുന്ന ഈ 4 ജി ഫോണിനു 3499 രൂപയാണു വില എന്നു സൂചനയുണ്ട്. ഡിസ്പ്ലേ 5.5 ഇഞ്ച്. ഇതു താമസിയാതെ വിതരണം തുടങ്ങും. ഇതാടെ കൂടുതൽ ടെലിഫോൺ വരിക്കാർ മറ്റു കമ്പനികളെ വിട്ട് ജിയാേയിലേക്കു മാറുമെന്നു കണക്കാക്കപ്പെടുന്നു. വോഡഫോൺ ഐഡിയയ്ക്കാകും വലിയ നഷ്ടം.
വീണ്ടും വരുന്നു, വളർച്ചയിൽ ആശങ്ക
കഴിഞ്ഞ ദിവസം ചൂണ്ടിക്കാണിച്ചതു പോലെ വളർച്ച സംബന്ധിച്ച ആശങ്ക യുഎസ് വിപണിയെ ഗ്രസിച്ചിട്ടുണ്ട്. ഇതു പ്രധാനമായും സ്വയംകൃതാനർഥമാണ്. സമ്പദ്ഘടനയിലെ ഓരോ ചെറിയ കണക്കും പുറത്തു വരുമ്പോൾ അതു വച്ചു സമ്പദ്ഘടനയെപ്പറ്റി പ്രവചിക്കുന്നതു മൂലം വിശാലചിത്രം പലപ്പോഴും കണ്ണിൽ പെടുന്നില്ല. പോരാത്തതിനു വിപണിയിലേക്കു നിർത്തില്ലാതെ പണമൊഴുകി വരുന്നു. പണം വരുമ്പോൾ നെഗറ്റീവ് കാര്യങ്ങൾ അവതരിപ്പിച്ച് അതു മടക്കി അയയ്ക്കാതെ പോസിറ്റീവ് കഥകൾ മെനയുന്നു. അതിൽ വിശ്വസിച്ച് കൂടുതൽ പണം വീണ്ടും വരുന്നു.
മറ്റെന്തിനേക്കാളും പണലഭ്യതയാണു സമീപമാസങ്ങളിൽ വിപണികളെ ഉയർത്തിയത്. ഇതൊരു പോൺസി സ്കീം (ഒരാളിൽ നിന്നു വാങ്ങി മറ്റേയാൾക്കു കൊടുത്തു വളരുന്ന തട്ടിപ്പ് പദ്ധതി) പോലെയാകുമെന്നു പലരും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പക്ഷേ അതു വകവയ്‌ക്കാതെയാണ് വിപണി ഇതുവരെ നീങ്ങിയത്. പണമൊഴുക്കു നിലയ്ക്കുന്നതു വരെ ഇതു മുന്നാേട്ടു പോകാം. വളർച്ച കുറയുകയും ഫെഡ് ഡോളർ അടച്ചിറക്കുന്നതു നിർത്തുകയും ചെയ്യുമ്പോൾ പണമൊഴുക്കു വറ്റും. അതു യുഎസ് വിപണിയെ മാത്രമല്ല വികസ്വര വിപണികളെയും ഉലയ്ക്കും. അത്തരം സാഹചര്യത്തെയും അതിജീവിക്കാവുന്ന ഏറ്റവും മികച്ച കമ്പനികളിൽ നിക്ഷേപിക്കാനാണു ചില്ലറ നിക്ഷേപകർ ശ്രദ്ധിക്കേണ്ടത്.
Next Story
Videos