Begin typing your search above and press return to search.
ബുള്ളുകൾ സമ്മർദത്തിൽ; ക്രൂഡ് വില കുതിക്കുന്നു; വ്യവസായ വളർച്ചയിൽ രജതരേഖ; ചിപ്പ് ക്ഷാമത്തിൽ റിലയൻസിന് എന്ത്?
ഒരു വശത്തു വളർച്ചയെപ്പറ്റി ആശങ്ക; മറുവശത്തു ലഭ്യതയുടെയും ചരക്കുനീക്കത്തിൻ്റെയും പ്രശ്നങ്ങൾ. ഓഹരി - കടപ്പത്രവിപണികളും ഉൽപന്ന വിപണിയും വിരുദ്ധ ദിശകളിലേക്കു നീങ്ങിയതാണു വാരാന്ത്യത്തിൽ കണ്ടത്. അമേരിക്കൻ ഓഹരി സൂചികകൾ തുടർച്ചയായ മൂന്നാം ദിവസവും താണു. അതേസമയം ഉൽപന്ന വിലകൾ കുതിച്ചുയർന്നു.
പുതിയ ആഴ്ചയുടെ തുടക്കം ഈ വൈരുധ്യത്തിൻ്റെ ചിത്രം കൂടുതൽ വെളിവാക്കും. ഓഹരി വിപണികൾ മുൻ വാരങ്ങളിലെ ആവേശം ഉപേക്ഷിക്കും. ബുള്ളുകൾ താൽക്കാലികമായി പിൻവാങ്ങേണ്ടി വരുമെന്നാണു സൂചന. എങ്കിലും വിപണിയുടെ മധ്യകാലഗതി ബുള്ളുകൾക്ക് അനുകൂലമാണ്.
വ്യാഴാഴ്ച ചെറിയ നേട്ടത്തോടെ സെൻസെക്സ് 58,305.07 ലും നിഫ്റ്റി 17,369.25ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ കൂടുതൽ മെച്ചപ്പെട്ട നേട്ടം കാണിച്ചു. കുറേ ദിവസങ്ങൾക്കു ശേഷം വിദേശ നിക്ഷേപകർ വിപണിയിൽ വാങ്ങലുകാരായതിൻ്റെ ഫലവും കൂടിയാണു കയറ്റം.
എസ്ജിഎക്‌സ് നിഫ്റ്റി വ്യാഴാഴ്ച 17,382- ൽ ക്ലോസ് ചെയ്തത് വെള്ളിയാഴ്ചത്തെ വ്യാപാരത്തിൽ 17,465 വരെ കയറി. എന്നാൽ അന്നു രണ്ടാം സെഷനിൽ 17,363 ലേക്കു താണു. പാശ്ചാത്യ ഓഹരി സൂചികകൾ ഇടിഞ്ഞതാണു കാരണം. ഇന്നു രാവിലെയും സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വിപണിയിൽ നിഫ്റ്റി താഴോട്ടാണ്. 17,352 വരെ എത്തി. ഇന്ത്യൻ വിപണിയുടെ തുടക്കം താഴ്ന്നായിരിക്കുമെന്നാണ് ഇതിലെ സൂചന. ജപ്പാനിലടക്കം ഏഷ്യൻ രാജ്യങ്ങളിലെ വിപണികളും ഇന്നു താഴോട്ടാണ്.
വിപണി സമ്മർദത്തിൽ
കഴിഞ്ഞയാഴ്ച അനിശ്ചിത സൂചനകളോടെ അവസാനിച്ച നിഫ്റ്റി ഈയാഴ്ച വലിയ സമ്മർദത്തിൽ ആകുമെന്നാണ് എല്ലാവരും കരുതുന്നത്. അനിവാര്യമായ ഒരു ചെറിയ തിരുത്തലിനുള്ള അവസരമാകും ഇത്. ഒപ്പം നല്ല ഓഹരികൾ താഴ്ന്ന വിലയിൽ വാങ്ങാൻ അവസരമൊരുങ്ങും. കഴിഞ്ഞ വാരം നിഫ്റ്റിക്കു 17,450 ന് മുകളിലേക്കു പോകാൻ ആകാത്തത് വിൽപന സമ്മർദത്തെ കാണിക്കുന്നു.
ഈയാഴ്ച നിഫ്റ്റി 17,250-17,200 മേഖലയിലെ സപ്പോർട്ട് പരീക്ഷിക്കും എന്നാണ് സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നത്. ഈ മേഖലയിൽ നിൽക്കാനായില്ലെങ്കിൽ 17,000 - 17,100 മേഖലയിൽ നിഫ്റ്റി എത്തും. 17,000 ലെ സപ്പോർട്ടിൽ നിന്നു പിന്നീടു കുതിക്കാനാകും. ഇന്നു 17,300-നു മുകളിൽ പിടിച്ചു നിൽക്കാനായാൽ 17,400 - 17,600 മേഖലയിലേക്ക് ഉയർച്ച സാധ്യമാണ്. 17,450 ഈയാഴ്ചയും തടസമായി വരാം.
ക്രൂഡും ലോഹങ്ങളും കുതിച്ചു
ക്രൂഡ് ഓയിൽ വില വാരാന്ത്യത്തിൽ കുതിച്ചു കയറി. ബ്രെൻ്റ് ഇനം വീപ്പയ്ക്ക് 71.4 ഡോളറിൽ നിന്ന് 73.45 ഡോളറിലെത്തി. അമേരിക്കയിൽ ഐഡ ചുഴലിക്കാറ്റിനെ തുടർന്നു ക്രൂഡ് ഉൽപാദനം തടസപ്പെട്ടതാണു പ്രധാന കാരണം.
വ്യാവസായിക ലോഹങ്ങൾ വെള്ളിയാഴ്ച വലിയ കയറ്റം നടത്തി. കണ്ടെയ്നർ ക്ഷാമം മൂലം ഉൽപന്നങ്ങൾ വിപണിയിലെത്താനുള്ള കാലതാമസമാണ് കാരണം. അലൂമിനിയം വില 2.56 ശതമാനം കയറി 13 വർഷത്തിനിടയിലെ ഉയർന്ന നിരക്കായ 2916 ഡോളറിലെത്തി. ചെമ്പ്, സിങ്ക്, നിക്കൽ, ടിൻ, ലെഡ് തുടങ്ങിയവയും ഒന്നര ശതമാനത്തിലേറെ ഉയർന്നു.
സ്വർണം വീണ്ടും താണു. കഴിഞ്ഞയാഴ്ച ഔൺസിന് 50 ഡോളറോളമാണ് ഇടിഞ്ഞത്. വെള്ളിയാഴ്ച 1795 ഡോളറിൽ ക്ലോസ് ചെയ്ത സ്വർണം ഇന്നു രാവിലെ വീണ്ടും താണ് 1786-1788 ഡോളർ മേഖലയിലാണു വ്യാപാരം. ഡോളർ വീണ്ടും കരുത്താർജിച്ചതും ബിറ്റ്കോയിൻ അടക്കമുള്ള ഡിജിറ്റൽ ഗൂഢ കറൻസികളിലേക്കു നിക്ഷേപകർ തിരിയുന്നതുമാണു കാരണം.
ഭക്ഷ്യഎണ്ണവില പിടിച്ചു നിർത്താൻ
ഒരു മാസത്തിനിടെ രണ്ടാം തവണയും ഭക്ഷ്യ എണ്ണയുടെ ഇറക്കുമതിച്ചുങ്കം കുറച്ചു. വിലക്കയറ്റം പിടിച്ചു നിർത്തുകയാണു ലക്ഷ്യം. കിലോഗ്രാമിനു അഞ്ചു രൂപയോളം വിലക്കുറവ് ഇപ്പോഴത്തെ ഇളവ് വഴി ഉണ്ടാകും.125 രൂപയ്ക്കു മുകളിലാണ് ഇപ്പോൾ ഭക്ഷ്യ എണ്ണകൾ. ഡ്യൂട്ടി കുറച്ചത് വെളിച്ചെണ്ണ വില അൽപം കുറയാനിടയാക്കി.
രാജ്യത്തു ഖാരിഫ് കാല എണ്ണക്കുരു കൃഷി കുറവായതും കാലാവസ്ഥപ്പിഴവ് മൂലം മധ്യപ്രദേശിലും രാജസ്ഥാനിലും സോയാബീൻ കൃഷിക്കു വലിയ നാശം നേരിട്ടതും വില കുതിച്ചു കയറാൻ കാരണമാകുമെന്നു ഭയമുണ്ടായിരുന്നു.
ലോക വിപണിയിലും ഭക്ഷ്യഎണ്ണ വില കയറുകയാണ്. കോവിഡ് മൂലം മലേഷ്യയിലും ഇന്തോനീഷ്യയിലും പാമോയിൽ ഉൽപാദനം ഗണ്യമായി കുറഞ്ഞു. ബ്രസീൽ, യുഎസ്, യുക്രെയ്ൻ എന്നിവിടങ്ങളിൽ നിന്നുള്ള സോയാബീൻ, സൂര്യകാന്തി എണ്ണകളുടെ ലഭ്യതയും കുറഞ്ഞു. ബ്രസീലിൽ വാഹന ഇന്ധനത്തിനായി സസ്യ എണ്ണ മാറ്റുന്നതാണു ലഭ്യത കുറയ്ക്കുന്നത്.
വ്യവസായത്തിൽ ചെറിയ ആശ്വാസം
ജൂലൈയിലെ വ്യവസായ ഉൽപാദന സൂചിക (ഐഐപി) ആശ്വാസം പകരുന്നതായി. സൂചിക 131.4 -ൽ എത്തി. കോവിഡിനു മുമ്പുള്ള 2019 ജൂലൈയിലെ സൂചിക 131.8 ആയിരുന്നു. 2019-ലെ നിലയിലേക്ക് സൂചിക അടുക്കുന്നത് കോവിഡ് തുടങ്ങിയ ശേഷം ആദ്യമാണ്. കഴിഞ്ഞ വർഷം ജൂലൈയിൽ സൂചിക 117.9 ലേക്കു താണിരുന്നു. ഐഐപി പഴയ നിലവാരത്തിനടുത്തേക്ക് എത്തിയതാണു വളർച്ച നിരക്കിനേക്കാൾ പ്രധാനം. വളർച്ച കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 11.5 ശതമാനവും തലേ മാസത്തെ അപേക്ഷിച്ച് 7.2 ശതമാനവും കൂടി.
ഓഗസ്റ്റിൽ ഐഐപി 13 - 15 ശതമാനം ഉയരുമെന്നാണ് പ്രതീക്ഷ. എന്നാൽ വാഹന ഉൽപാദനത്തിലെ കുറവ് പ്രതീക്ഷ അൽപം കുറയ്ക്കാൻ കാരണമാകും.
റിലയൻസും മാരുതിയും ചിപ്പ് ക്ഷാമവും
റിലയൻസ് ജിയോയുടെ വില കുറഞ്ഞ 4ജി സ്മാർട്ട് ഫോൺ അവതരണം ദീപാവലി വേളയിലേക്കു നീട്ടി. സെമികണ്ടക്ടർ ചിപ്പുകളുടെ ക്ഷാമമാണു കാരണമെന്നാണു സൂചന. ഗൂഗിളുമായി ചേർന്നാണു ഫോൺ പുറത്തിറക്കുന്നത്. റിലയൻസിനു വിപണിയിൽ ചെറിയ തിരിച്ചടി ഉണ്ടാകാം.
ചിപ്പ് ക്ഷാമം വാഹന, മൊബൈൽ ഫോൺ നിർമാണത്തെ ഈ മാസം സാരമായി ബാധിക്കും. മാരുതിയുടെ ലാഭ മാർജിൻ കുറയുമെന്നു ബ്രോക്കറേജുകൾ മുന്നറിയിപ്പ് നൽകുന്നു.
വിലക്കയറ്റം ഇന്നറിയാം
ഇന്ന് വൈകുന്നേരം ഓഗസ്റ്റിലെ ഉപഭോക്തൃ വില സൂചിക (സിപിഐ) പുറത്തുവിടും. നാളെ മൊത്തവില സൂചികയും. ബുധനാഴ്ച കയറ്റിറക്കുമതി കണക്കുകൾ പുറത്തുവിടും.
കഴിഞ്ഞ മാസം ഉപഭോക്തൃ വില സൂചിക (സിപിഐ) ആധാരമാക്കിയുള്ള ചില്ലറ വിലക്കയറ്റം 5.59 ശതമാനമായി കുറഞ്ഞിരുന്നു. മൂന്നു മാസത്തിനു ശേഷമാണ് വിലക്കയറ്റം ആറു ശതമാനത്തിനു താഴെയായത്. ഓഗസ്റ്റിൽ ചെറിയ വർധനയാണു നിരീക്ഷകർ പ്രതീക്ഷിക്കുന്നത്. 5.8-5.9 ശതമാനം മേഖലയിലാകും വിലക്കയറ്റമെന്ന് നിരീക്ഷകർ പറയുന്നു. അതേ സമയം മൊത്ത വിലക്കയറ്റം 11.2 ശതമാനത്തിൽ നിന്നു 10.7 ശതമാനമാകുമെന്നാണു പ്രവചനം.
This section is powered by Muthoot Finance
Next Story
Videos