വിദേശികൾ വീണ്ടും ആവേശത്തിൽ; വിലക്കയറ്റത്തിൽ ആശ്വാസം; ബുൾ കുതിപ്പിൽ പ്രതീക്ഷ; ചൈന ടെക് ഭീമന്മാരെ മെരുക്കുന്നു

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഓഹരികളിലേക്കു റിക്കാർഡ് തുക ഇറക്കിയിട്ടും മുഖ്യസൂചികകൾ ഇന്നലെ ചെറിയ താഴ്ചയിലായി. മുന്നൂറിലേറെ പോയിൻ്റ് താഴ്ന്ന ശേഷം തിരിച്ചു കയറിയ സെൻസെക്സ് നഷ്ടം 127.31 പോയിൻ്റിൽ ഒതുക്കി. സെൻസെക്സ് 58,177.76 ലും നിഫ്റ്റി 13.95 പോയൻ്റ് നഷ്ടത്തിൽ 17,355.3 ലും ക്ലോസ് ചെയ്തു. എന്നാൽ വിശാല വിപണി കൂടുതൽ പോസിറ്റീവ് ആയിരുന്നു. മിഡ് ക്യാപ് സൂചിക 0.45 ശതമാനവും സ്മോൾ ക്യാപ് സൂചിക 0.54 ശതമാനവും ഉയർന്നു.

വിപണി അനിശ്ചിതത്വമാണു കാണിക്കുന്നതെന്ന് സാങ്കേതിക വിശകലന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നിഫ്റ്റി 17,400- 17,450 മേഖലയിലെ പ്രതിരോധം മറികടന്നാലേ 17,700-17,800 ലക്ഷ്യമിട്ടു നീങ്ങാനാവൂ. 17, 300-നു കീഴോട്ടു സൂചിക നീങ്ങിയാൽ തിരുത്തൽ മേഖലയിലേക്കു കടക്കുമെന്നാണ് വിലയിരുത്തൽ. എന്നാൽ വിപണി ബുളളിഷ് ആവേശം വീണ്ടും കാണിക്കുമെന്ന് ബ്രോക്കറേജുകൾ കരുതുന്നു. അവധി വ്യാപാരത്തിലെ സൂചനയും അതാണ്.
ഇന്നലെ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 1419.31 കോടി രൂപ ഓഹരികളിൽ നിക്ഷേപിച്ചു. ഈ മാസം ഇതു വരെ 2089.19 കോടിയാണ് അവർ ഓഹരികളുടെ ക്യാഷ് വിപണിയിൽ നിക്ഷേപിച്ചത്. സ്വദേശി ഫണ്ടുകൾ ഇന്നലെ 559.59 കോടി രൂപയുടെ ഓഹരികൾ വിറ്റു.
ഇന്നലെ അമേരിക്കൻ ഓഹരികൾ വീണ്ടും നേട്ടത്തിലായി. ഡൗ ജോൺസ് 0.8 ശതമാനം ഉയർന്നു. ടെക്നോളജി ഓഹരികളുടെ മാന്ദ്യം നാസ് ഡാകിനെ നാമമാത്രമായി താഴ്ത്തി.

ഉണർവോടെ വിപണികൾ

ഇന്നു രാവിലെ യുഎസ് ഓഹരി സൂചികകളുടെ അവധി വ്യാപാരം ഉണർവോടെയാണ്. ഏഷ്യൻ ഓഹരി വിപണികളും നല്ല ഉയർച്ചയോടെയാണു തുടങ്ങിയത്. ചൈനയിൽ ടെക്നോളജി കമ്പനികൾക്കെതിരേ എടുക്കുന്ന നടപടികളും ഓഗസ്റ്റിലെ ചൈനീസ് വ്യവസായ വളർച്ച കുറവാണെന്നതും ഹോങ്കോംഗിൽ ഓഹരികൾക്കു ക്ഷീണമായി.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി ഇന്നലെ 17,410-ലാണു ക്ലോസ് ചെയ്തത്. ഇന്നു രാവിലെ വീണ്ടും ഉയർന്ന് 17,425 നു മുകളിലെത്തി. ഇന്ത്യൻ വിപണി ഇന്നു നല്ല ഉണർവോടെ വ്യാപാരം തുടങ്ങുമെന്ന പ്രതീക്ഷയാണു ഡെറിവേറ്റീവ് വ്യാപാരത്തിലുള്ളത്.

ക്രൂഡ് വീണ്ടും കയറി

ക്രൂഡ് ഓയിൽ വില വീണ്ടും ഉയർന്നു. ആവശ്യം വർധിക്കുന്നതിനനുസരിച്ച് ക്രൂഡ് ഉൽപാദനം കൂടുന്നില്ലെന്ന ഒപെക് വിലയിരുത്തലും അമേരിക്കയിൽ ചുഴലിക്കാറ്റിനെ തുടർന്ന് ഉൽപാദനത്തിലുണ്ടായ തടസം നീങ്ങാത്തതും വില കൂടാൻ കാരണമാണ്. ബ്രെൻറ് ഇനം ക്രൂഡ് 73.58 ഡോളറിലെത്തി. ആറു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയാണിത്.
വ്യാവസായിക ലോഹങ്ങളിൽ ഊഹക്കച്ചവടം വർധിച്ചു.അലൂമിനിയം ഇന്നലെ ടണ്ണിന് 3000 ഡോളർ മറികടന്നിട്ടു പിന്മാറി. ചെമ്പ് അടക്കമുള്ള ലോഹങ്ങളിൽ ലാഭമെടുക്കാനുള്ള വിൽപന വില ഇടിച്ചു.
സ്വർണം ഉയരാനുള്ള ശ്രമത്തിൽ വീണ്ടും പരാജയപ്പെട്ടു. 1798 ഡോളർ വരെ ഉയർന്ന ശേഷം 1792-ലേക്കു താണു. ഇന്നു രാവിലെ 1793 ഡാേളറിലാണു വ്യാപാരം.

ചില്ലറ വിലയിൽ ആശ്വാസം

ഓഗസ്റ്റിലെ ചില്ലറ വിലക്കയറ്റം 5.3 ശതമാനമായി കുറഞ്ഞു. ജൂലൈയിൽ 5.59 ശതമാനമായിരുന്നു. ഭക്ഷ്യ വിലക്കയറ്റം 3.96 ശതമാനത്തിൽ നിന്നു 3.11 ശതമാനമായി കുറഞ്ഞതിൻ്റെ ഫലമാണിത്. വിലക്കയറ്റം അൽപം കൂടുമെന്നായിരുന്നു നിരീക്ഷകരുടെ വിലയിരുത്തൽ. ഇന്ധന വിലക്കയറ്റം 12.98 ശതമാനത്തിലേക്കു കയറി. ഭക്ഷ്യ, ഇന്ധന വിലകൾ ഒഴിവാക്കിയുള്ള കാതൽ വിലക്കയറ്റം 5.7 ശതമാനത്തിൽ നിന്ന് 5.5 ശതമാനമായി കുറഞ്ഞു.
റിസർവ് ബാങ്ക് ഇക്കൊല്ലത്തേക്കു കണക്കാക്കിയ 5.7 ശതമാനം വിലക്കയറ്റം ഉണ്ടായില്ലെന്നും 5.1 - 5.2 ശതമാനം മേഖലയിലാകും വാർഷിക വിലക്കയറ്റം എന്നും നിരീക്ഷകർ ഇപ്പോൾ കണക്കാക്കുന്നു. വിലവർധന കുറയുമെങ്കിലും പലിശ നിരക്കുകൂട്ടൽ 2022 ആദ്യം പ്രതീക്ഷിച്ചാൽ മതിയെന്നാണു റേറ്റിംഗ് ഏജൻസികളുടെ വിലയിരുത്തൽ. ഒന്നാം പാദ വളർച്ച പ്രതീക്ഷയിലും കുറവായതാണു കാരണം. ഫെബ്രുവരിയിൽ റീപോ നിരക്ക് കാൽ ശതമാനം വർധിപ്പിച്ചേക്കാം.
മൊത്തവില സൂചിക ആധാരമാക്കിയുള്ള വിലക്കയറ്റ കണക്ക് ഇന്നുച്ചയ്ക്ക് അറിയാം. ഫാക്ടറി ഉൽപന്നങ്ങൾക്കു മുൻതൂക്കമുള്ളതാണു മൊത്തവില സൂചിക.

ഖാരിഫ് ഭക്ഷ്യധാന്യ ഉൽപാദനം 15 കോടി ടൺ കടന്നേക്കും

ഈ ഖാരിഫ് സീസണിലെ ഭക്ഷ്യധാനം ഉൽപാദനം 15 കോടി ടൺ എന്ന റിക്കാർഡ് കുറിക്കുമെന്നു കേന്ദ്ര കൃഷിമന്ത്രാലയം പറയുന്നു. കഴിഞ്ഞ വർഷം ഖാരിഫി (ഒന്നാം വിള) ൽ 14.96 കോടി ടൺ ആയിരുന്നു ഭക്ഷ്യധാന്യ ഉൽപാദനം. ഇത്തവണ നെല്ല്, പയറുവർഗങ്ങൾ, പരുക്കൻ ധാന്യങ്ങൾ എന്നിവ കൂടുതൽ സ്ഥലത്തു കൃഷിയിറക്കിയിട്ടുണ്ട്.
ഇക്കൊല്ലം പരുത്തി, എണ്ണക്കുരു കൃഷികൾ നേരിയ തോതിൽ കുറഞ്ഞു. കുറേ സ്ഥലങ്ങളിൽ എണ്ണക്കുരു കൃഷി കാലാവസ്ഥപ്പിഴവ് മൂലം നശിക്കുകയും ചെയ്തു.

ചൈന വീണ്ടും ടെക് ഭീമന്മാർക്കെതിരേ

ചൈന ടെക്നോളജി വമ്പന്മാർക്കെതിരെ വീണ്ടും വലിയ നീക്കങ്ങൾ നടത്തുകയാണ്. ജാക്ക് മായുടെ ആൻ്റ് ഗ്രൂപ്പിൽ പെട്ട ആലി പേയെ വിഭജിക്കാൻ നീക്കം നടക്കുന്നതായി റിപ്പോർട്ടുണ്ട്. ആലി പേയുടെ വായ്പാ വിതരണം സർക്കാർ നിയന്ത്രിതമായ ഒരു കമ്പനിയിലേക്കു മാറ്റും. ഇ കൊമേഴ്സ് കമ്പനിയായ ആലിബാബയിലെ ഇടപാടുകളിലൂടെ ശേഖരിക്കുന്ന വ്യക്തിവിവരങ്ങൾ ഉപയോഗിച്ചാണ് ആലി പേ വായ്പാ തീരുമാനം എടുക്കുന്നത്. ഈ വിവര ശേഖരം ഇനി സർക്കാർ നിയന്ത്രിത കമ്പനിയിലേക്കു കൈമാറണം.
കേന്ദ്ര ബാങ്കിൻ്റെ നിയന്ത്രണമില്ലാത്ത വലിയ വായ്പാ വിതരണ ശൃംഖലയാണ് ആലി പേ രൂപപ്പെടുത്തിയത്. അതു സർക്കാർ നിയന്ത്രണത്തിലാക്കാനാണു ഷി ചിൻപിംഗിൻ്റെ ഭരണകൂടം ശ്രമിക്കുന്നത്. ഡെംഗ് സിയാവോ പിംഗ് നാല് ദശകം മുമ്പ് കമ്യൂണിസ്റ്റ് കുപ്പായത്തിനു കീഴിൽ കൊണ്ടുവന്ന മുതലാളിത്തത്തെ കമ്യൂണിസ്റ്റ് യാഥാസ്ഥിതികർക്കു രസിക്കുന്ന രീതിയിലാക്കാനാണു ഷിയുടെ ഉദ്യമം. ഒപ്പം സർക്കാരിനേക്കാൾ വലിയ സാമ്പത്തിക നിയന്താക്കളായി മാറിക്കൊണ്ടിരുന്ന നവീന ഐടി വമ്പന്മാരെ കീഴിലാക്കാനും ഉദ്ദേശിക്കുന്നു.

മറ്റു രാജ്യങ്ങളും അനുകരിച്ചേക്കും

ടെക് ഭീമന്മാർ സാമ്പത്തികരംഗം പിൻവാതിലിലൂടെ കൈയടക്കുന്ന പ്രവണത ആഗോളതലത്തിലും ഉണ്ട്. ഗൂഗിൾ പേയും മറ്റും സമാന്തര ബാങ്കുകളായി മാറുന്നതിനെപ്പറ്റി അമേരിക്കയിലടക്കം ആശങ്കകൾ പരസ്യമായി ഉയരുന്നു. കേന്ദ്ര ബാങ്കുകളുടെ വരുതിയിൽ ഇല്ലാത്ത ഭീമൻ ധനകാര്യ മധ്യവർത്തികൾ സർക്കാരുകളുടെ നയപരിപാടികൾക്കു തുരങ്കം വയ്ക്കാൻ സാധ്യതയുണ്ട്. വിലക്കയറ്റ നിയന്ത്രണം പോലുള്ള കാര്യങ്ങൾ അസാധ്യമാകും എന്നു പല ധനകാര്യ വിദഗ്ധരും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


This section is powered by Muthoot Finance


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it