വിദേശികൾ ആവേശത്തോടെ; വിപണി ചാഞ്ചാട്ടത്തിൽ; ഫെഡ് തീരുമാനം നിർണായകം; മഞ്ഞലോഹം കരടി വലയത്തിലാകുമോ? ഡോളറിൻ്റെ കരുത്ത് ആരെ സഹായിക്കും?

പ്രതിവാര കണക്കിൽ സൂചികകൾ ഉയർന്നെങ്കിലും വെള്ളിയാഴ്ചത്തെ താഴ്ച ഈയാഴ്ചയിലെ വ്യാപാരത്തിനു തിളക്കം കുറഞ്ഞ തുടക്കത്തിനു കാരണമാകാം. യൂറോപ്പും യുഎസും നൽകുന്ന സൂചനകളും ആവേശം കെടുത്തുന്നതാണ്. വെള്ളിയാഴ്ച ആ വിപണികളും താണിരുന്നു. ഇന്നു രാവിലെ യു എസ് ഓഹരികളുടെ ഫ്യൂച്ചേഴ്സ് വീണ്ടും താഴ്ചയിലായി. യുഎസ് കേന്ദ്ര ബാങ്കായ ഫെഡിൻ്റെ തീരുമാനം ബുധനാഴ്ച (ഇന്ത്യൻ സമയം) രാത്രി വരുന്നതുവരെ വിപണിയിൽ അനിശ്ചിതത്വം തുടരും. തുടർന്നു ഫെഡ് തീരുമാനമാകും ഓഹരി -ഉൽപന്ന വിപണികളുടെ ഗതി നിയന്ത്രിക്കുക.

തുടർച്ചയായ മൂന്നു ദിവസത്തെ നല്ല കയറ്റത്തിനു ശേഷമാണു വെള്ളിയാഴ്ച ഓഹരികൾ താണത്. തലേന്നത്തേക്കാൾ നല്ല ഉയരത്തിൽ എത്തിയ ശേഷം ലാഭമെടുക്കലുകാരുടെ വിൽപന സമ്മർദമാണു സൂചികകളെ ഇടിച്ചത്. സെൻസെക്സ് അന്ന് 850 പോയിൻ്റിൻ്റെ ചാഞ്ചാട്ടം നടത്തി. സെൻസെക്സ് 125.27 പോയിൻ്റ് ( 0.21%) താണ് 59,015.89 ലും നിഫ്റ്റി 44.35 പോയിൻ്റ് ( 0.25%) താണ് 17,585.15 ലും ക്ലോസ് ചെയ്തു. വിശാല വിപണി കൂടുതൽ ആഴത്തിൽ താണു. മിഡ് ക്യാപ് സൂചിക 1.2 ശതമാനവും സ്മോൾ ക്യാപ് സൂചിക ഒരു ശതമാനവും ഇടിഞ്ഞു. റിയൽറ്റി, എനർജി, ഐടി, മെറ്റൽ ഓഹരികളിലെ വൻ ഇടിവാണ് സൂചികകളെ വലിച്ചു താഴ്ത്തിയത്. കൊട്ടക് മഹീന്ദ്ര ബാങ്കിൻ്റെ അഞ്ചു ശതമാനം ഉയർച്ചയാണ് ബാങ്കിംഗ് സൂചികയെ ഉയർത്തി നിർത്തിയത്. എസ്ബിഐ രണ്ടു ശതമാനത്തിലധികം താണു. ഉൽപന്ന വിപണികളുടെ ദൗർബല്യം ടാറ്റാ സ്റ്റീൽ, ഹിൻഡാൽകോ, കോൾ ഇന്ത്യ തുടങ്ങിയവയെ താഴോട്ടു വലിച്ചു.

ഡെറിവേറ്റീവിൽ ആശങ്ക

സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വിപണിയിൽ എസ്ജിഎക്സ് നിഫ്റ്റി 17,490 ലാണു കഴിഞ്ഞ ദിവസം ക്ലോസ് ചെയ്തത്. ഇന്നു രാവിലെ 17,476 എന്ന താഴ്ന്ന നിലയിലാണു വ്യാപാരം. ഇന്ന് ഇന്ത്യൻ വിപണി താഴ്ന്നാകും തുടങ്ങുക എന്ന സൂചനയാണ് ഇതു നൽകുന്നത്.
സാങ്കേതിക വിശകലന വിദഗ്ധർ വിപണിക്കു ഹ്രസ്വകാല താഴ്ച കാണുന്നുണ്ട്. നിഫ്റ്റി 17,700 ലേക്കു കയറിയാലേ മേലോട്ടു നീങ്ങാനാവൂ എന്നാണ് അവരുടെ വിലയിരുത്തൽ. താഴോട്ടു നീങ്ങിയാൽ 17,350 വരെ എത്തുമെന്ന് അവർ കണക്കാക്കുന്നു. 17,485ലും 17,385ലുമാണ് അവർ സപ്പോർട്ട് കാണുന്നത്. ഉയരുന്ന പക്ഷം 17,740-ലും 17,890-ലും കടുത്ത തടസം പ്രതീക്ഷിക്കുന്നു.
വിദേശ നിക്ഷേപകർ വെള്ളിയാഴ്ച 1552.59 കോടിയുടെ ഓഹരികൾ വാങ്ങി. സ്വദേശി ഫണ്ടുകൾ 1398.55 കോടിയുടെ വിൽപന നടത്തി. ഈ മാസം ഇതു വരെ വിദേശികൾ ഐപിഒകളിലടക്കം 11,287 കോടി രൂപ ഓഹരികളിൽ നിക്ഷേപിച്ചു. 5018 കോടി കടപ്പത്രങ്ങളിലും മുടക്കി.

ഡോളർ കയറുന്നു

ഡോളർ സൂചിക 93.23 ലേക്കു കയറി. ഇത് ലോഹങ്ങളുടെ വിലയിടിവ് ത്വരിതപ്പെടുത്തി.വെള്ളിയാഴ്ച വ്യാവസായിക ലോഹങ്ങൾ അര മുതൽ ഒന്നു വരെ ശതമാനം താണു.
ഡോളറിൻ്റെ കയറ്റം ഇന്നു രൂപയെ താഴ്ത്താം. ഡോളർ സൂചിക 94 കടന്നു പോകുമെന്നാണു വിപണി കരുതുന്നത്. അതു ഡോളർ നിരക്ക് 75 രൂപയിലേക്ക് ഉയർത്തിക്കൂടായ്കയില്ല. ഡോളർ നിരക്ക് കുടുന്നത് ഐടി കമ്പനികൾക്കു നേട്ടമാണ്.
യൂറോപ്യൻ വിപണികൾ വെള്ളിയാഴ്ച ഗണ്യമായ നഷ്ടത്തിലാണു ക്ലോസ് ചെയ്തത്. ഫ്രാൻസിന് ഓസ്‌ട്രേലിയയുടെ ആണവ മുങ്ങിക്കപ്പൽ കരാർ നഷ്ടമായതും ജർമനിയിലെ ഇടതുപക്ഷ മുന്നേറ്റവും വിപണികളെയും ബാധിച്ചു.

നികുതി നീക്കം യുഎസ് കമ്പനികൾക്കു ഭീഷണി

യുഎസ് ഓഹരികൾ ഫെഡ് തീരുമാനത്തെച്ചൊല്ലിയുള്ള ആശങ്കയ്ക്കൊപ്പം ബജറ്റ്, നികുതി വിഷയങ്ങളിലും വിഷമിക്കുന്നുണ്ട്. യുഎസ് സർക്കാരിന് എടുക്കാവുന്ന കടത്തിൻ്റെ പരിധി ഉയർത്തിക്കൊടുക്കാനുള്ള നടപടി ഇനിയും വേഗത്തിലായിട്ടില്ല. പരിധി കൂട്ടിയില്ലെങ്കിൽ ഒക്ടോബറിൽ സർക്കാരിനു പണമില്ലാതാകും എന്നു ട്രഷറി സെക്രട്ടറി ജാനറ്റ് എലൻ പലവട്ടം മുന്നറിയിപ്പ് നൽകി. കമ്പനികളുടെ നികുതി വർധിപ്പിക്കാനുള്ള ഡെമോക്രാറ്റ് നിർദേശം ചെറിയ തിരുത്തലോടെ പാസാകുമെന്നാണു സൂചന. ഇതെല്ലാം യു എസ് സൂചികകളെ താഴ്ത്തി. ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് താഴ്ന്ന നിരക്കിലാണ്.
ഏഷ്യയിൽ ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ ഇന്നു വിപണി അവധിയാണ്. ഓസ്ട്രേലിയയിൽ വിപണി താഴ്ന്നാണു തുടങ്ങിയത്.ഇരുമ്പയിര് വില കുത്തനേ ഇടിഞ്ഞതു മൂലം ഓസീസ് ഡോളറിനു വില ഇടിയുകയും ചെയ്തു.

കടപ്പത്രം, പലിശ, ഫെഡ്

യു എസ് ഫെഡ് പലിശ നിരക്കിൽ ഇപ്പോൾ മാറ്റമൊന്നും വരുത്തില്ലെന്നും കടപ്പത്രം വാങ്ങൽ കുറയ്ക്കുന്നതേ പ്രഖ്യാപിക്കൂ എന്നും ആണു വിപണി നിഗമനം. ഇപ്പോൾ മാസം 12,000 കോടി ഡോളറിൻ്റെ കടപ്പത്രങ്ങളാണു ഫെഡ് വാങ്ങുന്നത്. ഇത് എത്ര വീതം കുറയ്ക്കും എന്നാണ് എല്ലാവരും നോക്കുന്നത്. കുറയ്ക്കൽ തുടങ്ങുന്നത് നവംബറിലോ ജനുവരിയിലോ എന്നതും പ്രധാന വിഷയമാണ്.
കടപ്പത്രം വാങ്ങൽ കുറയ്ക്കുമ്പോൾ വിപണിയിലെ പണലഭ്യത അൽപാൽപം കുറയും; ഒപ്പം ദീർഘകാല പലിശ നിരക്ക് നേരിയ തോതിൽ കയറും. അതുകൊണ്ടാണ് ഫെഡ് യോഗത്തിനു മുമ്പേ 10 വർഷ സർക്കാർ കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടം (Yield) 1.26 ശതമാനത്തിൽ നിന്ന് 1.36 ശതമാനത്തിലേക്ക് ഉയർന്നത്. കടപ്പത്രം വാങ്ങൽ അതിവേഗം കുറച്ചാൽ ഈ നിരക്ക് വളരെ പെട്ടെന്ന് 1.6 ശതമാനത്തിലേക്ക് എത്തും.

മഞ്ഞലോഹം ഇനി എങ്ങോട്ട്?

സ്വർണം ആഗോള വിപണിയിൽ വെള്ളിയാഴ്ച 1755 ഡോളറിലാണു ക്ലോസ് ചെയ്തത്. ഇന്ന് രാവിലെ താഴ്ന് 1752 ഡോളർ വരെ എത്തി. ഫെഡ് തീരുമാനം വരും വരെ സ്വർണം ചെറിയ കയറ്റിറക്കങ്ങൾ തുടരും. ഫെഡ് തീരുമാനം പലിശ നിരക്ക് വേഗം വർധിക്കാൻ ഇടയാക്കുന്നതാണെങ്കിൽ സ്വർണം വീണ്ടും കരടിവലയത്തിലാകുകയും വില കുത്തനേ താഴുകയും ചെയ്യും. അങ്ങനെ വന്നാൽ 1300 ഡോളർ വരെ പോകാവുന്ന ഒരു കരടി വിപണിയാണു പ്രതീക്ഷിക്കേണ്ടത്. മറിച്ചു വളരെ സാവധാനമുള്ള പലിശ വർധനയാണു സൂചനയെങ്കിൽ സ്വർണം ഇപ്പോഴത്തെ നിലയിൽ നിന്ന് അൽപം ഉയരാം.
ഡോളർ സൂചിക ഉയരുന്നതു ക്രൂഡ് ഓയിൽ വിലയിലും ചെറിയ ഇടിവുണ്ടാക്കി. ഇന്നു രാവിലെ ബ്രെൻ്റ് ഇനം ക്രൂഡ് വീപ്പയ്ക്ക് 75 ഡോളറിനു താഴെയെത്തി. വെള്ളിയാഴ്ചത്തെ ക്ലോസിംഗിൽ നിന്ന് 35 സെൻ്റ് കുറവാണിത്.

മിസ്ത്രിയുടെ ഗ്രൂപ്പ് കടം വീട്ടാൻ കമ്പനി വിൽക്കുന്നു

ടാറ്റാ ഗ്രൂപ്പുമായി തെറ്റിപ്പിരിഞ്ഞ ഷപ്പൂർജി-പല്ലോൺജി (എസ്പി) ഗ്രൂപ്പ് തങ്ങളുടെ യൂറേക്ക- ഫോർബ്സ് എന്ന കമ്പനി വിൽക്കുന്നു. പ്രൈവറ്റ് ഇക്വിറ്റി ഗ്രൂപ്പായ ആഡ് വെൻ്റ് ആണ് 4400 കോടി രൂപയ്ക്ക് ഇതിൻ്റെ 75 ശതമാനം ഓഹരി വാങ്ങുന്നത്. ബാക്കി ഓഹരിക്ക് ഓപ്പൺ ഓഫർ നടത്തും. ലിസ്റ്റ് ചെയ്ത ഫോർബ്സ് ആൻഡ് കോയുടെ ഭാഗമാണ് യൂറേക്ക ഫോർബ്സ്. കമ്പനി നിയമ ട്രൈബ്യൂണലിൻ്റെ അനുമതിയോടെ യൂറേക്ക ഫോർബ്സിനെ വേർതിരിച്ചെടുത്ത ശേഷമാകും കൈമാറ്റം. ടാറ്റാ സൺസിൻ്റെ മുൻ ചെയർമാൻ സൈറസ് മിസ്ത്രി നയിക്കുന്ന എസ് പി ഗ്രൂപ്പ് കടബാധ്യതയിൽ നിന്നു കരകയറാനാണ് ഈ വിൽപന നടത്തുന്നത്. ഗ്രൂപ്പിലെ മറ്റു ചില കമ്പനികളും വിൽക്കാൻ ശ്രമമുണ്ട്.

ഇലക്ട്രിക് വാഹനങ്ങളും ഒലയുടെ രംഗപ്രവേശവും

ഇലക്ട്രിക് സ്കൂട്ടറുകൾക്ക് ഇന്ത്യയിൽ നല്ല വരവേൽപ്പ്. ജൂലൈയിൽ 13,345 ഇ-സ്കൂട്ടറുകൾ രാജ്യത്തു വിറ്റു. ഇതു തലേ മാസത്തേതിലും 229 ശതമാനം അധികമാണ്. ഹീറോ ഇലക്ടിക്, ഓകിനാവ, ആംപിയർ, ആഥർ എന്നീ നാലു കമ്പനികൾ ചേർന്നു വിപണിയുടെ 69 ശതമാനം കൈയടക്കിയിട്ടുണ്ട്. ബജാജ്, ടിവിഎസ്, പർ ഇവി തുടങ്ങിയവയും രംഗത്തുണ്ട്.
രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ ജനുവരി- ജൂലൈയിലെ മൊത്തം വിൽപന 1,21,170 എണ്ണം വരും. ജൂലൈയിലെ വിൽപന 26,127 എണ്ണം.
ടാക്സി സേവന രംഗത്തുള്ള ഒല ഇലക്ട്രിക് സ്കൂട്ടറുകളുടെ വിപണിയിലേക്കു ശക്തമായി കടന്നു വരുന്നുണ്ട്. കഴിഞ്ഞയാഴ്ച രണ്ടു ദിവസം കൊണ്ട് അവർ വിറ്റത് 1100 കോടി രൂപയുടെ വാഹനങ്ങളാണ്. ഒല 2400 കോടി രൂപ ഇലക്ട്രിക് വാഹന നിർമാണ ഫാക്ടറിക്കായി മുതൽ മുടക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ഒന്നാം ഘട്ട നിക്ഷേപമാണ്. മൊത്തം 10 ലക്ഷം വാഹനങ്ങൾ ഒരു വർഷം നിർമിക്കാവുന്ന പ്ലാൻ്റാണ് ഒലയുടെ ലക്ഷ്യം. തമിഴ്നാട് കൃഷ്ണഗിരി ജില്ലയിലെ പൊച്ചംപള്ളിയിലാണു ഫാക്ടറി.
കഴിഞ്ഞ ദിവസങ്ങളിലെ വാങ്ങലുകാർക്ക് ഒക്ടോബർ പകുതിയോടെ സ്കൂട്ടറുകൾ നൽകുമെന്നാണ് കമ്പനി മേധാവി ഭാവിഷ് അഗർവാൾ പറയുന്നത്. 499 രൂപ നൽകി ബുക്കു ചെയ്തവർ 20,000 രൂപ നൽകിയാണു വ്യാപാരം ഉറപ്പിച്ചത്. 99,000 രൂപ മുതലാണ് എസ് വൺ മോഡൽ ഇലക്ട്രിക് സ്കൂട്ടറിൻ്റെ വില. എസ് വൺ പ്രാേ 1.29 ലക്ഷം രൂപയിൽ തുടങ്ങുന്നു. മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന, ഡൽഹി സംസ്ഥാനങ്ങളിൽ സംസ്ഥാന സർക്കാരുകളുടെ സബ്സിഡി ഉള്ളതിനാൽ വില ഗണ്യമായി കുറയും.
ഇനി നവംബറിലേ വിൽപന ഉള്ളൂ. അതു വരെ കമ്പനി വെബ്സൈറ്റിൽ 499 രൂപ അടച്ചു ബുക്കിംഗ് നടത്താം. -
ടാക്സി സേവന രംഗത്ത് എന്നതുപോലെ വാഹന വിൽപനയിലും വത്യസ്തമായ ശൈലിയാണ് ഒല അവതരിപ്പിക്കുന്നത്. ഷോറൂമുകളെ ആശ്രയിക്കാതെ ഓൺലൈനാണ് ഇടപാട്. വാഹന വിപണിയിൽ ഇതൊരു മാറ്റത്തിൻ്റെ തുടക്കമാകുമോ?

ഒടുവിൽ കാലവർഷം കമ്മി നികത്തി

തെക്കുപടിഞ്ഞാറൻ മൺസൂൺ (കാലവർഷം) അവസാനിക്കാൻ രണ്ടാഴ്ച മാത്രം ബാക്കിനിൽക്കെ മഴക്കുറവ് ഗണ്യമായി കുറഞ്ഞു. സെപ്റ്റംബർ 19 ലെ നിലയനുസരിച്ച് നാലു ശതമാനമാണു രാജ്യത്തെ മഴക്കുറവ്. എന്നാൽ ജൂണിലും ജൂലൈയിലും മഴ നടത്തിയ ഒളിച്ചുകളി ചിലയിനം കൃഷികളെ ബാധിച്ചിട്ടുണ്ട്. പരുക്കൻ ധാന്യങ്ങളുടെ കൃഷിസ്ഥലം കുറവായി. ഉൽപാദനം കുറയും. എണ്ണക്കുരുകൃഷി കൂടുതൽ സ്ഥലത്തു നടന്നെങ്കിലും കാലാവസ്ഥപ്പിഴവ് ഗുജറാത്തിലും രാജസ്ഥാനിലും ഉൽപാദനം കുറയാൻ ഇടയാക്കും. പരുത്തി കൃഷിയും കുറഞ്ഞു.
നെല്ല്, പയറുവർഗങ്ങൾ തുടങ്ങിയവയുടെ ഉൽപാദനം വർധിക്കുന്നത് വിലക്കയറ്റത്തോതു കുറയ്ക്കുമെന്നാണു പ്രതീക്ഷ.


This section is powered by Muthoot Finance


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it