Begin typing your search above and press return to search.
വലിയ തിരിച്ചുവരവിൽ വിപണി; എവർഗ്രാൻഡെയും ഫെഡും ശ്രദ്ധാകേന്ദ്രങ്ങൾ; വിദേശികൾ പണമൊഴുക്കുന്നു; ക്രൂഡ് വീണ്ടും 75 ഡോളറിലേക്ക്
തലേന്നത്തെ നഷ്ടം നികത്തി ഓഹരി വിപണി കുതിച്ചു. വലിയ ചാഞ്ചാട്ടങ്ങൾക്കൊടുവിലാണു വിപണി ഉയർന്ന ക്ലോസിംഗ് കുറിച്ചത്. യൂറോപ്യൻ മാർക്കറ്റ് നല്ല കുതിപ്പ് കാണിച്ചതും യുഎസ് ഫ്യൂച്ചേഴ്സ് ഉയർന്നതുമായിരുന്നു പ്രേരണ. യൂറോപ്പ് രണ്ടു ശതമാനത്തിലേറെ ഉയർന്നു ക്ലോസ് ചെയ്തെങ്കിലും അമേരിക്കൻ വിപണി നേട്ടങ്ങൾ നഷ്ടപ്പെടുത്തിയാണു വ്യാപാരം അവസാനിപ്പിച്ചത്. പ്രമുഖ സൂചികകൾ നാമമാത്രമായി താഴുകയും ചെയ്തു. ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് താഴ്ചയിലാണു താനും.
സെൻസെക്സ് ഇന്നലെ 514.34 പോയിൻ്റ് (0.88%) ഉയർന്ന് 59,005.27 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 165.1 പോയിൻ്റ് (0.95%) കയറി 17,562 ൽ ക്ലാേസ് ചെയ്തു. മിഡ് ക്യാപ് സൂചിക നേരിയ ഉയർച്ച കാണിച്ചപ്പോൾ സ്മോൾ ക്യാപ് അൽപം താണു. വാഹന കമ്പനികൾ ആണ് ഇന്നലെ പ്രധാനമായും താണത്. റിയൽറ്റി സൂചിക 3.57 ശതമാനവും മെറ്റൽസ് സൂചിക 2.55 ശതമാനവും കുതിച്ചു.
മനോഭാവം ബുളളിഷ്, പക്ഷേ...
വിപണി ബുള്ളിഷ് മനോഭാവം വീണ്ടെടുത്തെങ്കിലും ഇന്നത്തെ ഫെഡ് തീരുമാനമാണു നാളെ മുതലുള്ള വിപണിഗതിയെ നിയന്ത്രിക്കുക. നിഫ്റ്റി 17,800 ലേക്കു കടന്നാൽ മാത്രമേ അടുത്ത കുതിപ്പിനുള്ള ഊർജം ലഭിക്കൂ എന്നാണു സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നത്. അതിലേക്ക് എത്താൻ 17,650 ലെയും 17,740 ലെയും തടസങ്ങൾ മറികടക്കണം. വിപണിക്കു 17,400 ലും 17,240 ലും സപ്പോർട്ട് ഉണ്ട്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി ഇന്നലെ 17,501 എന്ന താഴ്ന്ന നിലയിലാണു ക്ലോസ് ചെയ്തത്. ഇന്നു രാവിലെ 17,562 ലേക്ക് ഉയർന്നു വ്യാപാരം തുടങ്ങി. ഇന്ത്യൻ വിപണി ചെറിയ നേട്ടത്തോടെ തുടങ്ങുമെന്നാണു ഡെറിവേറ്റീവ് വ്യാപാരം നൽകുന്ന സൂചന.
യു എസ് സൂചികകളുടെ ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ താഴോട്ടാണ്. ജപ്പാനിലെ നിക്കെെ അടക്കം ഏഷ്യൻ സൂചികകളും രാവിലെ താഴ്ന്നാണു തുടങ്ങിയത്. ഇന്നലെ നിക്കെെ രണ്ടു ശതമാനത്തിലധികം ഇടിഞ്ഞിരുന്നു.
വിദേശ നിക്ഷേപകർ സജീവമായി രംഗത്തുണ്ട്. ഇന്നലെ അവർ 1041.92 കോടി രൂപയുടെ ഓഹരികൾ ക്യാഷ് വിപണിയിൽ വാങ്ങി. സ്വദേശി ഫണ്ടുകൾ 2167.62 കോടിയുടെ ഓഹരികൾ വാങ്ങി.
സ്വർണം, ക്രൂഡ് കയറുന്നു
സ്വർണം ആഗോള വിപണിയിൽ 1775 ഡോളറിലേക്കു കയറി. ഇന്നു രാത്രി ഫെഡ് തീരുമാനം അറിഞ്ഞ ശേഷമേ സ്വർണത്തിൻ്റെ അടുത്ത നീക്കം അറിയാനാകൂ. കടപ്പത്രം വാങ്ങൽ വൈകുമെങ്കിൽ സ്വർണം ഉയരും. കടപ്പത്രം വാങ്ങൽ പ്രതീക്ഷയിലും ഉയർന്ന തോതിലായാലും സ്വർണം ഉയരും. പലിശ വർധന വൈകില്ല എന്ന സൂചനയാണ് അതിനു കാരണം. കേരളത്തിൽ ഇന്നു സ്വർണ വില അൽപം കയറും.
ക്രൂഡ് ഓയിൽ വിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ 74 ഡോളറിനു താഴെയായ ബ്രെൻ്റ് ഇനം ഇന്നു വീണ്ടും കയറ്റത്തിലാണ്.74.85 ഡോളറിലാണു രാവിലെ വ്യാപാരം. വില വീണ്ടും 75 ഡോളറിനു മുകളിലേക്കാണു നീങ്ങുന്നത്.
വ്യാവസായിക ലോഹങ്ങളുടെ വിലത്തകർച്ച തുടരുകയാണ്. ചെമ്പ് വില ഇന്നലെയും മൂന്നു ശതമാനം ഇടിഞ്ഞു. അലൂമിനിയം, ലെഡ്, നിക്കൽ സിങ്ക് തുടങ്ങിയവയും താഴോട്ടാണ്. ഇരുമ്പയിര് ചെറിയ ആശ്വാസ റാലി നടത്തി.
എവർഗ്രാൻഡെ പലിശ മുടക്കി
ചൈനയിലെ റിയൽ എസ്റ്റേറ്റ് ഭീമൻ എവർഗ്രാൻഡെ ബാങ്കുകൾക്കു നൽകേണ്ട പലിശ ഇന്നലെ മുടക്കി. കടപ്പത്രങ്ങളുടെ ബാധ്യത വരും ദിവസങ്ങളിൽ വരും. എവർഗ്രാൻഡെയുടെ തകർച്ച മറ്റിടങ്ങളിലേക്കു വ്യാപിക്കാതെ നോക്കാൻ ചൈനയ്ക്കു സംവിധാനമുണ്ടെന്ന വിശ്വാസത്തിലാണു ജെപി മോർഗൻ തുടങ്ങിയ നിക്ഷേപ ബാങ്കുകൾ. ഏതായാലും പാശ്ചാത്യ വിപണി ഇപ്പോൾ എവർഗ്രാൻഡെയെപ്പറ്റി അധികം ആശങ്കപ്പെടുന്നില്ല. ചൈനീസ് വിപണി അവധിക്കു ശേഷം ഇന്നു തുറക്കുമ്പോൾ ഈ വിഷയത്തിലെ തദ്ദേശീയ പ്രതികരണം അറിയാൻ കഴിയും.
ഒരു ലീമാൻ മുഹൂർത്തം
ലോഹങ്ങൾ, രാസവസ്തുക്കൾ, പെട്രോ കെമിക്കലുകൾ എന്നിവയുടെ വിലയെ എവർഗ്രാൻഡെ പ്രതിസന്ധി ബാധിച്ചു കഴിഞ്ഞു. പ്രതിസന്ധി രൂക്ഷമായാൽ ചൈനീസ് വളർച്ച കുറയും. അതു പൊതുവേ വിലയിടിവിനു വഴിതെളിക്കും. ചൈനീസ് വളർച്ചയിലെ മാന്ദ്യം ആഗോള വാണിജ്യത്തിൽ ഇടിവിനു കാരണമാകും. ലീമാൻ ബ്രദേഴ്സ് എന്ന നിക്ഷേപ ബാങ്ക് പാപ്പരാകാൻ തുടങ്ങിയപ്പോൾ അത് ഒറ്റപ്പെട്ട തകർച്ച എന്ന മട്ടിൽ കൈകാര്യം ചെയ്യാനാണ് 2008ൽ അമേരിക്ക ശ്രമിച്ചത്. പക്ഷേ മറ്റു ബാങ്കുകളും വേറേ ബിസിനസുകളും ഒക്കെ തകർന്ന ഒരു വലിയ ശൃംഖലാ പ്രവർത്തനത്തിൻ്റെ തുടക്കമായിരുന്നു ലീമാൻ ബ്രദേഴ്സിൻ്റെ പതനം എന്നു പിന്നീടാണു മനസിലായത്.
ഒഴിവാക്കാമായിരുന്ന ഒരു ആഗോള മഹാമാന്ദ്യത്തിലേക്കാണു ലീമാൻ തകർച്ച നയിച്ചത്. എവർഗ്രാൻഡെയുടെ 35,000 കോടി ഡോളർ കടബാധ്യത ചൈനീസ് ജിഡിപി യുടെ രണ്ടു ശതമാനം വരും. ഇപ്പോൾ തന്നെ ചൈനയിലെ മറ്റു റിയൽ എസ്റ്റേറ്റ് കമ്പനികളുടെ ഓഹരികളും കടപ്പത്രങ്ങളും കുത്തനെ താണു.
റിയൽറ്റിയിലെ കുമിള പൊട്ടിക്കുമ്പോൾ
മുൻപത്തേതു പോലെ ഉദാരമായി വായ്പ അനുവദിക്കരുതെന്ന സർക്കാർ നയമാണു റിയൽ എസ്റ്റേറ്റ് ഭീമനെ തകർച്ചയിലേക്കു നയിച്ചത്. തുച്ഛ പലിശയ്ക്കു വായ്പ എടുത്ത് ഊഹക്കച്ചവടം നടത്തുന്ന റിയൽറ്റി ഭീമന്മാർ ഭൂമി - പാർപ്പിട വിലകൾ വാനോളമുയർത്തി. സാധാരണക്കാർക്കു പാർപ്പിടം അപ്രാപ്യമാകുന്ന നിലവന്നു. അഥവാ പാർപ്പിടം വാങ്ങണമെങ്കിൽ കുടുംബവരുമാനത്തിൻ്റെ സിംഹഭാഗവും അതിനു മുടക്കണമെന്ന നിലയായി.
ഇതിനു തടയിടാനാണ് ഇപ്പോൾ തീവ്ര സോഷ്യലിസത്തിലേക്കു മാറിയ ചൈനീസ് പ്രസിഡൻ്റ് ഷി ചിൻപിംഗ് വായ്പകൾ അനുവദിക്കുന്നതിനു പരിധിയും കർശന നിയന്ത്രണങ്ങളും കൊണ്ടുവന്നത്. ഇതിൻ്റെ സ്വാഭാവിക പരിണതിയാണ് എവർഗ്രാൻഡെ പ്രതിസന്ധി. റിയൽ എസ്റ്റേറ്റ് വില ഇടിയുകയും ഓഹരികൾ താഴുകയും ചെയ്യുമ്പോൾ കൂടുതൽ കമ്പനികൾ എവർഗ്രാൻഡെയുടെ വഴിയിലാകും.
സിനിക് എന്ന റിയൽറ്റി കമ്പനിയുടെ ഓഹരികൾ കഴിഞ്ഞ ദിവസം 87 ശതമാനമാണ് ഇടിഞ്ഞത്. വരും ദിവസങ്ങളിൽ കൂടുതൽ റിയൽറ്റി കമ്പനികൾ ഈ പതനത്തിലാകും. റിയൽ എസ്റ്റേറ്റ് കുമിള പൊട്ടിക്കുന്നത് 2000-ൽ ഡോട് കോം കുമിളപൊട്ടിച്ചതു പോലെ തന്നെ വ്യാപക പ്രതിസന്ധിയിലേക്കു നയിക്കാം.
ഫെഡ് തീരുമാനം കാത്ത്
യുഎസ് കേന്ദ്ര ബാങ്ക് ഫെഡിൻ്റെ എഫ്ഒഎംസി ഇന്നു പലിശ, കടപ്പത്രം വാങ്ങൽ തുടങ്ങിയവയെപ്പറ്റി എടുക്കുന്ന തീരുമാനത്തിലാണ് എല്ലാവരുടെയും ശ്രദ്ധ. കടപ്പത്രം വാങ്ങൽ എന്നു മുതൽ കുറയ്ക്കും, എത്ര വീതം കുറയ്ക്കും, പലിശ കൂട്ടൽ എന്നു തുടങ്ങും തുടങ്ങിയ കാര്യങ്ങളിലാണു വിപണി ഉത്തരം തേടുന്നത്. നവംബറിൽ കടപ്പത്രം വാങ്ങൽ കുറച്ചു തുടങ്ങുമെന്നാണു നിഗമനം.തീരുമാനം വിപരീതമായാൽ വിപണിയിൽ വലിയ ചലനമുണ്ടാകും.
This section is powered by Muthoot Finance
Next Story
Videos