Begin typing your search above and press return to search.
ബുള്ളുകൾ വിശ്രമിക്കുന്നില്ല; സെൻസെക്സ് ലക്ഷ്യം 60,000; വീണ്ടും കുതിപ്പിനു കരുത്തായി വിദേശ സൂചന; സ്വർണം എത്ര വരെ താഴും? എവർഗ്രാൻഡെയിൽ സംഭവിക്കുന്നത് എന്ത്?
ബുള്ളുകൾ വിപണിയെ കൈയടക്കിയ ആവേശത്തിലാണ്. കാര്യമായ വിദേശ പണം വിപണിയിൽ എത്താതെ തന്നെ പുതിയ റിക്കാർഡുകളിലേക്കു വിപണിയെ ചില്ലറ നിക്ഷേപകർ കയറ്റി. ഇനി സെൻസെക്സിനെ 60,000 നു മുകളിലും നിഫ്റ്റിയെ 18000 നു മുകളിലും എത്തിക്കാനാകും ശ്രമം. ഉയരങ്ങളിൽ ലാഭമെടുക്കുമ്പോഴുള്ള വിൽപന സമ്മർദം മാത്രമാണ് അതിനു തടസം. അവിചാരിത സംഭവ വികാസങ്ങൾ ഇല്ലെങ്കിൽ ആ കുതിപ്പ് ഈ ദിവസങ്ങളിൽ ഉണ്ടാകും.
ഇന്നലെ സെൻസെക്സ് 958.03 പോയിൻ്റ് (1.63%) കയറി 59,885.36 ലും നിഫ്റ്റി 296.3 പോയിൻ്റ് (1.57%) കയറി 17,822.95ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരി സൂചികകളും ഒപ്പം കയറി. റിയൽറ്റി (8.66 ശതമാനം), ബാങ്ക് (2.24%), ധനകാര്യ സേവനം (2.28%), ലോഹങ്ങൾ (1.65%) തുടങ്ങിയ മേഖലകളിലെ കയറ്റമാണ് സമീപകാലത്തെ റിക്കാർഡ് കുതിപ്പിനു വിപണിയെ സഹായിച്ചത്. റിലയൻസ്, എച്ച്ഡിഎഫ്സി ദ്വയങ്ങൾ, ബജാജ് ദ്വയങ്ങൾ, ഐസിഐസിഐ തുടങ്ങിയ ഓഹരികളാണു മുഖ്യസൂചികകൾക്ക് വലിയ ഉയർച്ച നൽകിയത്. റിലയൻസ് 2497 രൂപ എന്ന റിക്കാർഡ് വിലയിലെത്തി.
വിപണിയെ നയിക്കുന്നതു ചില്ലറ നിക്ഷേപകർ
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്നലെ ക്യാഷ് വിപണിയിൽ 357.93 കോടി രൂപയേ നിക്ഷേപിച്ചുള്ളു. സ്വദേശി ഫണ്ടുകൾ 1173.09 കോടി രൂപ നിക്ഷേപിച്ചു. വിദേശ നിക്ഷേപകർ ഈ മാസം ഇതു വരെ ക്യാഷ് വിപണിയിൽ 6695.23 കോടിയുടെ ഓഹരികൾ വാങ്ങി.സ്വദേശി ഫണ്ടുകളുടെ ഈ മാസത്തെ നിക്ഷേപം ഇതു വരെ 1546.22 കോടി രൂപ മാത്രമാണ്. വിപണിയെ ചലിപ്പിക്കുന്നതു വിദേശികളോ സ്വദേശി ഫണ്ടുകളോ അല്ലെന്നു ചുരുക്കം. ചില്ലറ നിക്ഷേപകർ ആണ് കഴിഞ്ഞ ഒന്നര വർഷമായി വിപണിയുടെ ചുക്കാൻ പിടിക്കുന്നത്. ബെയർ വിപണിയുടെ ദുരനുഭവങ്ങളിലൂടെ കടന്നുപോകാത്ത അവർ തിരുത്തില്ലാത്ത കുതിപ്പ് ഇനിയും തുടരുമെന്നാണു പ്രതീക്ഷ.
എങ്ങും ആവേശം
വിപണി ബുള്ളിഷ് ആവേശം തുടരുമെന്നാണ് സാങ്കേതിക വിശകലന വിദഗ്ധർ കരുതുന്നത്. ലാഭമെടുക്കൽ ചില മേഖലകളെ മാത്രമേ ബാധിക്കൂ എന്നു പ്രതീക്ഷിക്കുന്നു. 17,895ലും 17,970 ലും മുന്നേറ്റത്തിനു തടസങ്ങൾ കാണുന്നു. അവ കടന്നാൽ 18,400 വരെയുള്ള പാത സുഗമമാകും. വിപണിക്കു 17,700 ലും 17,525 ലും ശക്തമായ സപ്പോർട്ട് കണക്കാക്കുന്നു.
ഇന്നലെ യൂറോപ്യൻ വിപണികൾ പൊതുവേ ഉയർച്ചയിലായിരുന്നു. എന്നാൽ ഇക്കൊല്ലത്തെ യുകെയുടെ വളർച്ച മുൻ പ്രതീക്ഷയിലും കുറവാകുമെന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ടിൻ്റെ വിലയിരുത്തൽ എഫ്ടിഎസ്ഇ അൽപം താഴോട്ടു പോകാൻ കാരണമായി.
യുഎസ് വിപണി തുടക്കം മുതലേ ഉയർന്നു നീങ്ങി. ഡൗ ജോൺസ് 1.48 ശതമാനം കയറിയാണു ക്ലോസ് ചെയ്തത്. നാസ്ഡാക് 1.1 ശതമാനം ഉയർന്നു. ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് ചെറിയ നേട്ടത്തിലാണ്. ഒരു ദിവസത്തെ അവധിക്കു ശേഷം തുറന്ന ജാപ്പനീസ് വിപണി രണ്ടു ശതമാനത്തോളം ഉയർന്നു.
ചൈനയുടെ എവർഗ്രാൻഡെയുടെ തകർച്ച ഉടൻ ഉണ്ടാകില്ലെന്ന സൂചനകൾ ഡോളറിനു ക്ഷീണമായി. ഡോളർ സൂചിക 93.08 ലേക്കു താണു. രൂപ ഇന്നലെ നേട്ടമുണ്ടാക്കി. ഡോളർ നിരക്ക് 23 പൈസ താണ് 73.64 രൂപയിലെത്തി. ഇന്നും രൂപയ്ക്കു നേട്ടമുണ്ടാകാം.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി 17,872.5 ലേക്കു കയറി. ഇന്ത്യൻ വിപണി ഇന്നും ഉയർന്ന തുടക്കമിടുമെന്നാണു ഡെറിവേറ്റീവ് വ്യാപാരം നൽകുന്ന സൂചന.
സ്വർണത്തകർച്ച എവിടം വരെ?
സ്വർണം വീണ്ടും ഇടിഞ്ഞു. ഇന്നലെ 1777 ഡോളറിൽ നിന്ന് 1737 ഡോളറിലേക്കായിരുന്നു വീഴ്ച. ഓഹരിവിപണി ഉഷാറായതും എവർഗ്രാൻഡെയെപ്പറ്റിയുള്ള വലിയ ആശങ്ക അകന്നതും പലിശ നിരക്കു സാവധാനമേ വർധിക്കൂ എന്നതുമൊക്കെയാണ് സ്വർണത്തിൽ നിന്നു നിക്ഷേപകരെ മാറ്റിയത്. എന്നും സുരക്ഷിത നിക്ഷേപമായ സ്വർണത്തിലേക്ക് ഇപ്പോൾ തിരിയേണ്ടതില്ല, ഓഹരികളും മറ്റും ഭദ്രമാണ് എന്ന ചിന്തയിലാണു നിക്ഷേപകർ.
ഈ കാഴ്ചപ്പാട് സ്വർണവില കുറേക്കൂടി താഴാൻ കാരണമാകുമെന്നാണ് വിപണിയിലെ സംസാരം. സ്വർണം ഏതാനും ദിവസങ്ങൾക്കകം 1700 ഡോളറിനു താഴെ എത്തും എന്ന ധാരണ പ്രബലമാണ്. 2012 മുതൽ 2019 വരെ 1200 ഡോളറിൻ്റെ ചുറ്റുവട്ടത്തായിരുന്നു സ്വർണം. ആഗോളതലത്തിൽ പലിശ നിരക്ക് ഉയരുമ്പോൾ സ്വർണം പഴയതുപോലെ 1200 ലേക്ക് താഴാനുള്ള സാധ്യത ഏറെയാണ്. കഴിഞ്ഞ വർഷം 2100 ഡോളർ എത്തിയ സ്വർണം ബെയറിഷ് വിപണിയിലായാൽ 1400 ഡോളറിനു താഴെ എത്തും എന്നാണു സാങ്കേതിക വിശകലനക്കാർ ചൂണ്ടിക്കാട്ടുന്നത്.
ഇന്നു രാവിലെ സ്വർണം ഔൺസിന് 1749 ഡോളറിലാണു വ്യാപാരം. കേരളത്തിൽ സ്വർണവില ഇന്നും കുറയും.
സ്വർണവിലയിലെ ഇടിവ് സ്വർണപ്പണയ കമ്പനികൾക്കും ബാങ്കുകൾക്കും ക്ഷീണമാകും. പണയം വച്ച സ്വർണം എടുക്കാൻ ആൾക്കാർ ഉത്സാഹിക്കില്ല.
ലോഹങ്ങളും ക്രൂഡും മുന്നോട്ട്
വ്യാവസായിക ലോഹങ്ങൾ ഇന്നലെ ചെറിയ തോതിൽ കയറി. വിപണി ഈ ദിവസങ്ങളിൽ കരുതലോടെയേ നീങ്ങൂ. എവർ ഗ്രാൻഡെ വിദേശത്തു വിറ്റ കടപ്പത്രങ്ങൾക്കു പണം നൽകുമോ എന്നാണു വിപണി ശ്രദ്ധിക്കുന്നത്.
ക്രൂഡ് ഓയിൽ വില ഉയർന്നു തന്നെ. ബ്രെൻ്റ് ഇനം വീപ്പയക്ക് 77.25 ഡോളറിലെത്തി. ഡിസംബർ - ജനുവരിയോടെ വില 100 ഡോളറിലെത്തും എന്ന ധാരണയാണു വിപണിയിലുള്ളത്. പ്രകൃതി വാതകത്തിൻ്റെ ലഭ്യത കുറഞ്ഞതാണ് ക്രൂഡിന് ഇപ്പോൾ കുതിപ്പ് നൽകുന്നത്.
എവർഗ്രാൻഡെയുടെ തകർച്ച ഒഴിവായില്ല, നീട്ടിവച്ചു
ചൈനയുടെ എവർ ഗ്രാൻഡെ പ്രശ്നം തീർന്നിട്ടില്ല. ഒരു സെറ്റ് കടപ്പത്രങ്ങളുടെ കാര്യത്തിൽ ധാരണ ആയെന്നു കമ്പനി ചെയർമാൻ പറഞ്ഞതിൻ്റെ ബലത്തിൽ വിപണിയിൽ ഓഹരിക്കു 18 ശതമാനം വില ഉയർന്നു. ഈയാഴ്ചയും അടുത്തയാഴ്ചയുമായി 13.2 കോടി ഡോളർ കടപ്പത്രപലിശയായി ഈയാഴ്ചയും അടുത്തയാഴ്ചയും നൽകേണ്ടതുണ്ട്. കടപ്പത്രവ്യവസ്ഥ പ്രകാരം നിശ്ചിത തീയതി കഴിഞ്ഞു 30 ദിവസം കിട്ടി ഗ്രേസ് പീരിയഡ് ഉണ്ട്. അതാണു വിപണികളിൽ ഇന്നലെ പ്രശ്നം ഉണ്ടാകാതിരുന്നത്.
എവർഗ്രാൻഡെയിലെ ചില്ലറ നിക്ഷേപകർക്കു പണം കൊടുക്കണം എന്നും വിദേശകടത്തിന്റെ
പലിശയും തിരിച്ചടവും മുടക്കരുതെന്നും ചൈനീസ് അധികൃതർ കമ്പനിയോടു നിർദേശിച്ചെന്നു റിപ്പോർട്ടുകൾ ഉണ്ട്. ബാങ്കിംഗ് മേഖലയുടെ പണലഭ്യത വർധിപ്പിക്കാൻ 1700 കോടി ഡോളർ ചൈനീസ് കേന്ദ്രബാങ്ക് നൽകിയിട്ടുണ്ട്. ഇത് എവർഗ്രാൻഡെയ്ക്ക് അടിയന്തര വായ്പ നൽകാനല്ല, മറ്റു കമ്പനികളുടെ ധനകാര്യ നില മെച്ചപ്പെടുത്താനാണ് ഉപയോഗിക്കുക.
എവർഗ്രാൻഡെ തകർന്നാൽ ഓരോ പ്രദേശത്തെയും റിയൽ എസ്റ്റേറ്റ് പ്രോജക്ടുകൾ ഏറ്റെടുക്കാൻ പറ്റുന്നവരെ കണ്ടെത്താൻ കമ്യൂണിസ്റ്റ് പാർട്ടി നേതൃത്വം പ്രാദേശിക ഘടകങ്ങളോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്. തകർച്ച ഒഴിവാകുകയല്ല, നീട്ടി വയ്ക്കുകയാണു ചെയ്തിരിക്കുന്നതെന്നു ചുരുക്കം. ചൈനീസ് ജിഡിപിയുടെ രണ്ടു ശതമാനത്തിലധികം വരുന്ന തുകയാണു എവർഗ്രാൻഡെയുടെ ബാധ്യതയായ 30,500 കോടി ഡോളർ.
മറ്റു രാജ്യങ്ങൾ പിന്നിൽ
ഇന്ത്യൻ ഓഹരി വിപണിയുടെ ഇപ്പാേഴത്തെ ബുൾ തരംഗം മറ്റു വിപണികളെയൊക്കെ പിന്തള്ളിക്കൊണ്ടാണെന്ന് പoനങ്ങൾ സൂചിപ്പിക്കുന്നു. ഇക്കൊല്ലം ഇതു വരെ മോർഗൻ സ്റ്റാൻലിയുടെ എംഎസ് സിഐ സൂചിക 14.3 ശതമാനം ഉയർന്നപ്പോൾ നിഫ്റ്റി 27.5 ശതമാനം ഉയർന്നു. വികസ്വര രാജ്യങ്ങളുടെ എംഎസ് സിഐ 2.2 ശതമാനം താണപ്പോൾ ആണ് ഇന്ത്യയുടെ കുതിപ്പ്.
Next Story
Videos