കോവിഡ്കാല പ്രകടന ഫലങ്ങളുമായി കമ്പനികള്‍: ഓഹരി വിപണി ഇനി മുന്നേറുമോ?

കോവിഡ് 19നെ തുടര്‍ന്ന് രാജ്യമെമ്പാടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ കുത്തനെ താഴേയ്ക്ക് പോയ ഇന്ത്യന്‍ ഓഹരി വിപണി പിന്നീട് മുന്നോട്ട് ഉയരുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. മാര്‍ച്ച് 23ന് സെന്‍സെക്‌സ് 25,981 പോയ്ന്റായിരുന്നുവെങ്കില്‍ ഇപ്പോള്‍ ആ തലത്തില്‍ നിന്ന് ഏകദേശം 40 ശതമാനത്തോളം ഉയര്‍ന്നു കഴിഞ്ഞു.

എന്നാല്‍ കോവിഡ് കേസുകള്‍ക്ക് കുറവില്ല. ജൂണിലെ ആദ്യ വാരത്തില്‍ രാജ്യത്തെ പ്രതിദിന പുതിയ കോവിഡ് രോഗികളുടെ എണ്ണം 9000 ആയിരുന്നുവെങ്കില്‍ ജൂലൈയിലെ ആദ്യവാരത്തില്‍ അത് 20,000 ത്തോളമാണ്.

മാര്‍ച്ച് അവസാനവാരമാണ് രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഇപ്പോള്‍ കമ്പനികള്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദ ഫലങ്ങള്‍, അതായത് കോവിഡ് കാല പ്രവര്‍ത്തനഫലങ്ങള്‍ പുറത്തുവിട്ടു തുടങ്ങി. ഈ സാഹചര്യത്തില്‍ ഓഹരി വിപണി ഇനിയും മികച്ച പ്രകടനം തന്നെ കാഴ്ചവെയ്ക്കുമോ?

രാജ്യത്തിന്റെ ഇപ്പോഴുള്ള സാമ്പത്തിക നിലയുടെ യഥാര്‍ത്ഥ പ്രതിഫലനമല്ല ഓഹരി വിപണിയില്‍ കാണുന്നത്. ലോകമെമ്പാടുമുള്ള വിപണികളിലും ഇതാണ് സ്ഥിതി. കോവിഡ് മൂലമുള്ള സാമ്പത്തിക മാന്ദ്യവും വര്‍ധിച്ചുവരുന്ന പട്ടിണിയും ഓഹരി വിപണികള്‍ ഇപ്പോള്‍ അവഗണിക്കുകയാണ്. പകരം കേന്ദ്രബാങ്കുകള്‍ വന്‍തോതില്‍ വിപണിയിലേക്ക് ഒഴുക്കിയിരിക്കുന്ന പണവും കുറഞ്ഞ പലിശ നിരക്കും ഒക്കെയാണ് വിപണിയെ ചലിപ്പിക്കുന്നത്.

അതിനിടെ ആഗോള സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാനഘടകങ്ങള്‍ ദുര്‍ബലമാകുന്നുമുണ്ട്. കോവിഡ് മഹാമാരി അടുത്തിടെ ശമിക്കുന്ന ലക്ഷണവും കാണുന്നില്ല. അയഥാര്‍ത്ഥമായ വാല്യുവേഷന്‍, മോറട്ടോറിയം കാലാവധി കഴിയുമ്പോള്‍ ബാങ്കുകളില്‍ കുമിഞ്ഞുകൂടാനിടയുള്ള നിഷ്‌ക്രിയാസ്തി തുടങ്ങിയവയെല്ലാം ഓഹരി വിപണിയുടെ പ്രകടനത്തെ പ്രതികൂലമായി സ്വാധീനിക്കാനിടയുള്ള കാര്യങ്ങളാണ്.

സാമ്പത്തിക രംഗം പഴയ നിലയിലേക്ക് തിരിച്ചുവരാന്‍ വൈകുമെന്ന സൂചന തന്നെയാണ് ഇപ്പോള്‍ വിദഗ്ധര്‍ നല്‍കുന്നത്. 2020 ഡിസംബറില്‍ അവസാനിക്കുന്ന സാമ്പത്തിക പാദത്തില്‍ വരെ ഇതിന്റെ പ്രതിഫലനം ഇപ്പോള്‍ പ്രതീക്ഷിക്കുന്നുണ്ട്.

കുതിപ്പിന് പിന്നില്‍

ധനലഭ്യത തന്നെയാണ് ഇന്ത്യയിലെയും ആഗോളതലത്തിലെയും വിപണിയുടെ മുന്നേറ്റത്തിന് പിന്നിലെ പ്രധാന കാരണം. ഇന്ത്യയില്‍ റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുത്തനെ കുറച്ചതും വിപണികളിലേക്ക് എട്ട് ലക്ഷം കോടി രൂപയിലേറെ ഒഴുക്കിയതും നിര്‍ണായകമായിട്ടുണ്ട്. മാത്രമല്ല മെയ്, ജൂണ്‍ മാസങ്ങളിലായി ഇന്ത്യന്‍ ഇക്വിറ്റികളില്‍ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ 36,400 കോടി രൂപയാണ് നിക്ഷേപിച്ചിരിക്കുന്നത്.

ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളും വന്‍തോതില്‍ ഇക്വിറ്റിയില്‍ നിക്ഷേപം നടത്തുകയാണ്. ഫെബ്രുവരി, മാര്‍ച്ച് മാസത്തില്‍ 75,528 കോടി രൂപയായിരുന്നു ഇവരുടെ നിക്ഷേപമെങ്കില്‍ മെയ്, ജൂണ്‍ മാസത്തില്‍ 16,000 കോടിയിലേറെ നിക്ഷേപിച്ചു.

അതിനിടെ റീറ്റെയ്ല്‍ നിക്ഷേപകരുടെ എണ്ണവും കൂടുകയാണ്. സെന്‍ട്രല്‍ ഡെപ്പോസിറ്ററി സര്‍വീസസ് (ഇന്ത്യ)യില്‍ 2019 - 20 സാമ്പത്തിക വര്‍ഷത്തില്‍ പ്രതിമാസം ശരാശരി പുതിയ നിക്ഷേപ എക്കൗണ്ടുകളുടെ എണ്ണം മൂന്ന് ലക്ഷമായിരുന്നു. എന്നാല്‍ ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മൂന്നുമാസക്കാലം കൊണ്ട് പുതുതായി ഓപ്പണ്‍ ചെയ്ത എക്കൗണ്ടുകളുടെ എണ്ണം 19.6 ലക്ഷമാണ്. അതായത് പ്രതിമാസ ശരാശരി 6.5 ലക്ഷം!

2009 ന് ശേഷം ഏറ്റവും ഉയര്‍ന്ന റീറ്റെയ്ല്‍ ഇന്‍വെസ്‌റ്റേഴ്‌സ് പങ്കാളിത്തമാണ് ഇപ്പോള്‍ വിപണിയിലുള്ളതെന്ന് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഡാറ്റയും കാണിക്കുന്നു. 2019 - 20 സാമ്പത്തിക വര്‍ഷത്തില്‍ നോണ്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇന്‍വെസ്‌റ്റേഴ്‌സ് (അതായത് റീറ്റെയ്ല്‍ ഇന്‍വെസ്‌റ്റേഴ്‌സ്) ഏകദേശം 50 ശതമാനമായിരുന്നുവെങ്കില്‍ കഴിഞ്ഞ മൂന്നുമാസം ഇത് 68 ശതമാനമായി കുതിച്ചുയര്‍ന്നു. ഇത് വിപണിയില്‍ ഊഹക്കച്ചവടം കൂടാനും ഇടയാക്കുന്നുണ്ട്. കോവിഡ് കുറച്ചുകാലം കൊണ്ട് പോകും. ഇപ്പോള്‍ കുറഞ്ഞ വിലയില്‍ കിട്ടുന്ന ഓഹരി വാങ്ങിയാല്‍ പിന്നീട് നേട്ടമുണ്ടാക്കാമെന്ന ധാരണ നിക്ഷേപകരില്‍ ശക്തമായിട്ടുണ്ട്. ഇതും വിപണിയുടെ മുന്നേറ്റത്തിന് കാരണമാണ്.

അതിനിടെ മ്യുച്വല്‍ ഫണ്ട് രംഗത്ത് പുതിയ നിക്ഷേപകരുടെ എണ്ണത്തില്‍ കുറവുണ്ട്.

വിപണിയിലെ മുന്നേറ്റം തുടരുമോ?

വിപണിയുടെ ഉയര്‍ന്ന വാല്യുവേഷന്‍ തന്നെയാണ് പ്രധാന പ്രശ്‌നം. കോവിഡ് വ്യാപനം നിയന്ത്രണമില്ലാതെ തുടര്‍ന്നാല്‍ നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിക്കുകയും വിപണിയില്‍ അത് പ്രതിഫലിക്കുകയും ചെയ്യും.

മറ്റൊരു നിര്‍ണായക ഘടകമാകാന്‍ പോകുന്നത് ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തിയാകും. കോവിഡ് കാല പ്രവര്‍ത്തന ഫലങ്ങള്‍ പുറത്തുവരുന്നതോടെ കമ്പനികളുടെ യഥാര്‍ത്ഥ വരുമാന ചിത്രവും നിക്ഷേപകര്‍ക്ക് ലഭിച്ചു തുടങ്ങും. മികച്ച അടിത്തറയുള്ള കമ്പനികള്‍ മാത്രമാകും ഇനി മുന്നേറുക. ജനങ്ങളുടെ കൈയില്‍ പണമില്ലാത്തത് ഇനിയാകും കൂടുതല്‍ രൂക്ഷമായി എല്ലാ രംഗത്തും പ്രതിഫലിക്കുക.

എന്നാല്‍ മികച്ച മണ്‍സൂണ്‍ ലഭിച്ചാല്‍ ഗ്രാമീണരുടെ കൈയില്‍ പണം വന്നാല്‍ അത് ഡിമാന്റ് ഉയര്‍ത്തുകയും കോര്‍പ്പറേറ്റുകള്‍ക്ക് മെച്ചമാവുകയും ചെയ്യും. അതേപോലെ പലിശ നിരക്കുകള്‍ കുറയുന്നത് മൂലം നേട്ടം പ്രതീക്ഷിച്ച് റീറ്റെയ്ല്‍ നിക്ഷേപകര്‍ കൂടുതലായി ഓഹരി വിപണിയെ ആശ്രയിക്കാനും ഇടയുണ്ട്. അത് വിപണിയിലേക്കുള്ള പണമൊഴുക്ക് കൂട്ടുകയും വിപണി മുന്നോട്ടുപോകാനും കാരണമാകാം. കോവിഡ് വാക്‌സിന്‍ രംഗത്ത് നിര്‍ണായക കുതിച്ചുചാട്ടം സംഭവിച്ചാലും വിപണി മുന്നോട്ടുപോവുക തന്നെ ചെയ്യും.

എന്നാല്‍ ധനപ്രതിസന്ധി നീണ്ടുനില്‍ക്കുമെന്ന സൂചന ലഭിച്ചാല്‍ വിപണിയില്‍ അതിന്റെ പ്രതിഫലനമുണ്ടാകും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it