Begin typing your search above and press return to search.
മുന്നില്‍നിന്ന് നയിച്ച് ശോഭയും ലോധയും; റിയല്‍റ്റി കരുത്തില്‍ കുതിച്ച് സൂചികകള്‍, വോഡ-ഐഡിയയും മുന്നോട്ട്
രണ്ടുദിവസം നീണ്ട നഷ്ടയാത്രയ്ക്ക് ബ്രേക്കിട്ട് ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഇന്ന് മികച്ച നേട്ടത്തിലേക്ക് കുതിച്ചുകയറി. സെന്‍സെക്‌സ് 490.97 പോയിന്റ് (0.69%) നേട്ടവുമായി 71,847.57ലും നിഫ്റ്റി 141.25 പോയിന്റ് (0.66%) ഉയര്‍ന്ന് 21,658.60 പോയിന്റിലുമാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്.
ഇന്നൊരുവേള സെന്‍സെക്‌സ് 71,954.79 വരെയും നിഫ്റ്റി 21,685.65 വരെയും ഉയര്‍ന്നിരുന്നു. നിഫ്റ്റി 50ല്‍ ഇന്ന് 28 ഓഹരികള്‍ ലാഭത്തിലും 22 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
ബി.എസ്.ഇയില്‍ ഇന്ന് 3,941 കമ്പനികളുടെ ഓഹരികള്‍ വ്യാപാരം ചെയ്തതില്‍ 2,574 ഓഹരികള്‍ നേട്ടത്തിലും 1,267 എണ്ണം നഷ്ടത്തിലുമായിരുന്നു. 100 ഓഹരികളുടെ വില മാറിയില്ല. 480 ഓഹരികള്‍ ഇന്ന് 52-ആഴ്ചത്തെ ഉയരവും 11 എണ്ണം താഴ്ചയും കണ്ടു.
അപ്പര്‍-സര്‍കീട്ടില്‍ നാലും ലോവര്‍-സര്‍കീട്ടില്‍ രണ്ടും കമ്പനികള്‍ വ്യാപാരം ചെയ്യപ്പെട്ടു. ബി.എസ്.ഇയിലെ കമ്പനികളുടെ മൊത്തം നിക്ഷേപക സമ്പത്ത് ഇന്ന് 3.24 ലക്ഷം കോടി രൂപയുടെ മുന്നേറ്റവുമായി 368.32 ലക്ഷം കോടി രൂപയെന്ന സര്‍വകാല റെക്കോഡിലുമെത്തി.
വിപണിയുടെ ട്രെന്‍ഡ്
അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് 2024ല്‍ മൂന്നുതവണയെങ്കിലും പലിശനിരക്ക് വെട്ടിക്കുറയ്ക്കുമെന്ന് നേരത്തേ സൂചിപ്പിച്ചിരുന്നു. പലിശ കുറയ്ക്കുമെങ്കിലും അത് ഉടനെയുണ്ടാകില്ലെന്ന പുതിയ സൂചനകള്‍ ആഗോളതലത്തില്‍ ഓഹരി വിപണികളെ നിരാശപ്പെടുത്തിയിരുന്നു.
ചെങ്കടല്‍ വീണ്ടും ആക്രമണക്കളമായതും എണ്ണ ഉത്പാദക രാജ്യമായ ലിബിയയില്‍ ജനകീയ പ്രതിഷേധങ്ങള്‍ മൂലം എണ്ണപ്പാടം അടച്ചുപൂട്ടിയതും ക്രൂഡോയില്‍ വില ഒരു ശതമാനം കൂടാന്‍ വഴിയൊരുക്കിയിട്ടുണ്ട്. എണ്ണവില വര്‍ധനയും ഓഹരി വിപണികളില്‍ ആശങ്കവിതച്ചെങ്കിലും ഇതിലൊന്നും പതറാതെയായിരുന്നു ഇന്ത്യന്‍ ഓഹരി സൂചികകളുടെ ഇന്നത്തെ മുന്നേറ്റം.
സര്‍വകാല റെക്കോഡ് ഉയരം താണ്ടിയ നിഫ്റ്റി റിയല്‍റ്റി സൂചികയാണ് ഇന്ന് മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ചത്. സൂചിക 6.76 ശതമാനം കുതിച്ച് 841.30 പോയിന്റിലെത്തി. നിഫ്റ്റി സ്വകാര്യബാങ്ക് (1.17%), പി.എസ്.യു ബാങ്ക് (1.03%), എഫ്.എം.സി.ജി (0.86%), ധനകാര്യ സേവനം (1.22%), ഓയില്‍ ആന്‍ഡ് ഗ്യാസ് (0.58%) എന്നിവയും മികച്ച പിന്തുണ നല്‍കി.
ബാങ്ക് നിഫ്റ്റി 1.03 ശതമാനം ഉയര്‍ന്നു. നിഫ്റ്റി മിഡ്ക്യാപ്പ് 1.68 ശതമാനവും സ്‌മോള്‍ക്യാപ്പ് 0.99 ശതമാനവും നേട്ടത്തിലേറി. അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ഫണ്ട്‌സ് ഇന്‍ ഇന്ത്യ (AMFI) ഇന്ന് ജിയോഫിന്നിന് (JioFin) ലാര്‍ജ്ക്യാപ്പ്, ടാറ്റാ ടെക്, ഐ.ആര്‍.ഇ.ഡി. എന്നിവയ്ക്ക് മിഡ്ക്യാപ്പ് സ്റ്റാറ്റസുകള്‍ നല്‍കിയിട്ടുണ്ട്.
താരമായി റിയല്‍റ്റി ഓഹരികള്‍
റിയല്‍ എസ്‌റ്റേറ്റ് കമ്പനികളുടെ ഓഹരികളാണ് ഇന്ന് മിന്നിത്തിളങ്ങിയത്. മക്രോടെക് ഡെവലപ്പേഴ്‌സ് (9.55%), ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസ് (7.81%), ടോറന്റ് പവര്‍ (7.70%), വോഡഫോണ്‍-ഐഡിയ (7.57%), ഡി.എല്‍.എഫ് (6.55%) എന്നിവയാണ് ഇന്ന് നിഫ്റ്റി 200ല്‍ ഏറ്റവുമധികം നേട്ടമുണ്ടാക്കിയവ.
2023ല്‍ ഭവന വില്‍പന ഇന്ത്യയിലെ ടോപ് 8 നഗരങ്ങളില്‍ 33 ശതമാനം കുതിച്ച് 4.11 ലക്ഷം യൂണിറ്റിലെത്തിയ റിപ്പോര്‍ട്ട് റിയല്‍റ്റി ഓഹരികളുടെ മുന്നേറ്റത്തിന് പൊതുവായ ഉന്മേഷം പകര്‍ന്നു. എന്നാല്‍, വ്യക്തിഗതമായ കാരണങ്ങളും റിയല്‍റ്റി ഓഹരികളുടെ കുതിപ്പിന് വളമായി.
ശോഭ ലിമിറ്റഡ് ഓഹരി 20 ശതമാനം കുതിച്ചുയര്‍ന്നു. മോത്തിലാല്‍ ഓസ്വാള്‍ ഈ വര്‍ഷം വാങ്ങാവുന്ന ഓഹരികളിലൊന്നായി ശോഭയെ തിരഞ്ഞെടുത്തത് കുതിപ്പിന് വഴിയൊരുക്കി. ഗോയല്‍ ഗംഗ വെഞ്ച്വേഴ്‌സ് കമ്പനിയുടെ 100 ശതമാനം ഓഹരികളും ഏറ്റെടുക്കാനുള്ള നീക്കം മാക്രോടെക് ഡെവലപ്പേഴ്‌സ് (ലോധ) ഓഹരികളില്‍ കുതിപ്പുണ്ടാക്കി. മാത്രമല്ല, മുംബൈയിലെ കമ്പനിയുടെ ലോധ ഡിയോറോ എന്ന പദ്ധതിയുടെ നിര്‍മ്മാണത്തിനെതിരായ പരാതി മഹാരാഷ്ട്ര റെറ തള്ളിയതും ഓഹരികളില്‍ ഉണര്‍വുണ്ടാക്കി.
ബംഗളൂരുവില്‍ 4-ഏക്കര്‍ ഭൂമി ഏറ്റെടുത്ത തീരുമാന പശ്ചാത്തലത്തിലാണ് ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസിന്റെ മുന്നേറ്റം. ഒബ്‌റോയ് റിയല്‍റ്റി മാനേജ്‌മെന്റ് തലത്തില്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ചത് ഓഹരികളില്‍ ഉയര്‍ച്ചയ്ക്ക് വഴിയൊരുക്കി. പ്രവാസി നിക്ഷേപരുടെ പങ്കാളിത്തം ഈ വര്‍ഷം 20 ശതമാനമായി ഉയരുമെന്ന പ്രഖ്യാപനം ഡി.എല്‍.എഫ് ഓഹരികള്‍ക്ക് നേട്ടമായി. പ്രസ്റ്റീജ് എസ്റ്റേറ്റ്‌സ്, സണ്‍ടെക് റിയല്‍റ്റി, ബ്രിഗേഡ് എന്റര്‍പ്രൈസസ് എന്നിവയും ഇന്ന് തിളങ്ങി.
ഇവരും തിളങ്ങിയവര്‍
ടോറന്റ് പവര്‍ ഓഹരി ഇന്ന് 7.5 ശതമാനം നേട്ടം രേഖപ്പെടുത്തി. ഗുജറാത്തില്‍ 47,400 കോടി രൂപയുടെ സോളാര്‍ പവര്‍, ഗ്രീന്‍ ഹൈഡ്രജന്‍, അമോണിയ മാനുഫാക്ചറിംഗ് പ്ലാന്റുകള്‍ സ്ഥാപിക്കുമെന്ന പ്രഖ്യാപനമാണ് ഓഹരികളെ ഉഷാറാക്കിയത്.
ബജാജ് ഫിനാന്‍സ് 4.4 ശതമാനം നേട്ടത്തിലാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. പുത്തന്‍ വായ്പകളില്‍ 26 ശതമാനവും കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തിയില്‍ (AUM) 35 ശതമാനവും വളര്‍ച്ച കമ്പനി ഡിസംബര്‍പാദത്തില്‍ കുറിച്ചിരുന്നു.
പാരീസ് ആസ്ഥാനമായ ടീം വൈറ്റാലിറ്റി എന്ന കമ്പനിയുമായുള്ള സഹകരണം പ്രഖ്യാപിച്ചതാണ് ഇന്ന് വോഡഫോണ്‍-ഐഡിയ ഓഹരികള്‍ക്ക് നേട്ടമായത്. ഇന്ത്യയിലെ ഇ-സ്‌പോര്‍ട്‌സ് ബിസിനസ് മേഖലയ്ക്ക് കരുത്തേകുക ലക്ഷ്യമിട്ടാണ് സഹകരണം.
നിരാശപ്പെടുത്തിയവര്‍
വിശാല വിപണിയില്‍ ഇന്ന് എല്ലാ ഓഹരി വിഭാഗങ്ങളും പച്ചപ്പിലാണുള്ളത്. എങ്കിലും ഫാര്‍മ ഓഹരികളില്‍ കനത്ത വില്‍പന സമ്മര്‍ദ്ദം ദൃശ്യമായിരുന്നു. നിഫ്റ്റി ഫാര്‍മ സൂചിക പക്ഷേ, 0.19 ശതമാനം നേട്ടത്തിലാണുള്ളത്.
കാന്‍സറിന് അടക്കമുള്ള 19 നിര്‍ണായക മരുന്നുകളുടെ റീറ്റെയ്ല്‍ വില പരിധി നിശ്ചയിച്ച നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റിയുടെ (NPPA) തീരുമാനമാണ് ഫാര്‍മ ഓഹരികളെ വലച്ചത്. മാന്‍കൈന്‍ഡ് ഫാര്‍മ, ഗ്ലാന്‍ഡ് ഫാര്‍മ എന്നിവയാണ് ഇന്ന് നിഫ്റ്റി 200ല്‍ ഏറ്റവുമധികം നഷ്ടം നേരിട്ട ഓഹരികള്‍.
നവീന്‍ ഫ്‌ളോറീന്‍, അപ്പോളോ ടയേഴ്‌സ്, ഡോ.റെഡ്ഡീസ് ലാബ് എന്നിവയാണ് നിഫ്റ്റി 200ല്‍ ഏറ്റവുമധികം നിരാശപ്പെടുത്തിയ മറ്റ് ഓഹരികള്‍.
തിളക്കമില്ലാതെ കേരള ഓഹരികള്‍
മുഖ്യ ഓഹരി സൂചികകള്‍ മുന്നേറിയെങ്കിലും കേരളത്തില്‍ നിന്നുള്ള ലിസ്റ്റഡ് കമ്പനികളില്‍ ഇന്നും വലിയ മുന്നേറ്റങ്ങളുണ്ടായില്ല. മുത്തൂറ്റ് ഫിനാന്‍സ് 2.88 ശതമാനം, ഇസാഫ് ബാങ്ക് 2.61 ശതമാനം, ഫെഡറല്‍ ബാങ്ക് 2.01 ശതമാനം, ഇന്‍ഡിട്രേഡ് 2.17 ശതമാനം, ടി.സി.എം 3.69 ശതമാനം, വെര്‍ട്ടെക്‌സ് 4.84 ശതമാനം എന്നിവരാണ് നേട്ടത്തില്‍ മുന്നിലുള്ളത്.
സഫ സിസ്റ്റംസ് 5.01 ശതമാനം, യൂണിറോയല്‍ 4.84 ശതമാനം, സ്‌കൂബിഡേ 1.99 ശതമാനം, കിറ്റെക്‌സ് 1.57 ശതമാനം, അപ്പോളോ ടയേഴ്‌സ് 1.85 ശതമാനം എന്നിങ്ങനെ ഇടിഞ്ഞു.
Next Story
Videos