ലാഭമെടുപ്പില്‍ ചുവന്ന് സൂചികകള്‍; ബാങ്കോഹരികളില്‍ വന്‍ ഇടിവ്; കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് 5% താഴ്ന്നു

ആഞ്ഞടിച്ച ലാഭമെടുപ്പ് തരംഗത്തിലുലഞ്ഞ് ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഇന്ന് വന്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തി. വ്യാപാരത്തിന്റെ തുടക്കത്തില്‍ ഉണര്‍വിലേക്ക് എന്ന സൂചന നല്‍കി കുതിച്ച സെന്‍സെക്‌സും നിഫ്റ്റിയും ലാഭക്കൊതിയോടെ പാഞ്ഞടുത്ത കരടികളുടെ ആക്രമണത്തില്‍ പതറി പൊടുന്നനേ വീഴുകയായിരുന്നു.

670 പോയിന്റ് (0.93%) താഴ്ന്ന് 71,355ലാണ് വ്യാപാരാന്ത്യത്തില്‍ സെന്‍സെക്‌സുുള്ളത്. നിഫ്റ്റി 197 പോയിന്റ് (0.91%) ഇടിഞ്ഞ് 21,513ലും. സെന്‍സെക്‌സ് ഇന്നൊരുവേള 72,181 വരെ ഉയര്‍ന്നശേഷമാണ് താഴേക്ക് പതിച്ചത്. നിഫ്റ്റി ഇന്ന് വ്യാപാരത്തിന്റെ ആദ്യ സെഷനില്‍ 21,763 വരെ കയറിയിരുന്നു.
വിപണിയുടെ ട്രെന്‍ഡ്
നിഫ്റ്റി 50ല്‍ ഇന്ന് 12 ഓഹരികളേ പച്ചതൊട്ടുള്ളൂ. 38 ഓഹരികള്‍ നഷ്ടം നുണഞ്ഞു. ബി.എസ്.ഇയില്‍ 4,074 കമ്പനികളുടെ ഓഹരികള്‍ ഇന്ന് വ്യാപാരം ചെയ്യപ്പെട്ടതില്‍ നേട്ടത്തിലേറിയത് 1,905 എണ്ണമാണ്.
വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ പ്രകടനം

2,065 ഓഹരികള്‍ നഷ്ടത്തിലേക്ക് വീണപ്പോള്‍ 104 ഓഹരികളുടെ വില മാറിയില്ല. 493 ഓഹരികള്‍ ഇന്ന് 52-ആഴ്ചത്തെ ഉയരം കണ്ടിട്ടും മുഖ്യ ഓഹരി സൂചികയുടെ തകര്‍ച്ചയ്ക്ക് തടയിടാന്‍ പര്യാപ്തമായില്ല. 12 കമ്പനികള്‍ ഇന്ന് 52-ആഴ്ചത്തെ താഴ്ചയും കണ്ടു.
അപ്പര്‍-സര്‍കീട്ടില്‍ ആറും ലോവര്‍-സര്‍കീട്ടില്‍ നാലും കമ്പനികള്‍ വ്യാപാരം ചെയ്യപ്പെട്ടു. ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ മൊത്തം നിക്ഷേപക മൂല്യം ഇന്ന് 2.91 ലക്ഷം കോടി രൂപ ഇടിഞ്ഞ് 366.40 ലക്ഷം കോടി രൂപയിലുമെത്തി.
നിരാശപ്പെടുത്തിയവര്‍
എസ്.ബി.ഐ., നെസ്‌ലെ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ (HUL), ആക്‌സിസ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഐ.ടി.സി., ടി.സി.എസ്., ഐ.സി.ഐ.സി.ഐ ബാങ്ക്, ടെക് മഹീന്ദ്ര, വിപ്രോ, കോട്ടക് ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, ടാറ്റാ സ്റ്റീല്‍, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നിവയാണ് ഇന്ന് സെന്‍സെക്‌സില്‍ കൂടുതല്‍ നഷ്ടം നേരിട്ട പ്രമുഖ ഓഹരികള്‍.
നിഫ്റ്റി 200ല്‍ ബന്ധന്‍ബാങ്ക്, നവീന്‍ ഫ്‌ളൂറൈന്‍ ഇന്റര്‍നാഷണല്‍, ബാങ്ക് ഓഫ് ബറോഡ, മാരികോ, ജൂബിലന്റ് ഫുഡ് വര്‍ക്‌സ് എന്നിവയാണ് ഏറ്റവുമധികം നഷ്ടം നേരിട്ടവ.
ഇന്ന് കൂടുതൽ നഷ്ടം നേരിട്ടവർ

ബന്ധന്‍ ബാങ്ക് 7.77 ശതമാനം ഇടിഞ്ഞു. ലാഭമെടുപ്പ് തന്നെയാണ് മുഖ്യ തിരിച്ചടിയായത്. ഡിസംബര്‍പാദത്തില്‍ വായ്പകള്‍ 18.6 ശതമാനവും നിക്ഷേപം 15 ശതമാനവും വര്‍ധിച്ചുവെന്ന് ബാങ്ക് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ നേട്ടമുണ്ടാക്കിയ ഓഹരി ഇന്ന് വീഴുകയായിരുന്നു.
നേട്ടത്തിലേറിയവര്‍
ടി.വി.എസ് മോട്ടോര്‍ കമ്പനി, മാക്രോടെക് ഡെവലപ്പേഴ്‌സ്, പോളിസിബസാര്‍ (പി.ബി ഫിന്‍ടെക്), ഹിന്ദുസ്ഥാന്‍ പെട്രോളിയം, നൈക (എഫ്.എസ്.എന്‍ ഇ-കൊമേഴ്‌സ്) എന്നിവയാണ് ഇന്ന് നിഫ്റ്റി 200ല്‍ കൂടുതല്‍ നേട്ടം കുറിച്ചത്.
ഡിസംബറില്‍ മികച്ച വില്‍പനനേട്ടം സ്വന്തമാക്കിയ ടി.വി.എസ്, തമിഴ്‌നാട്ടില്‍ 5,000 കോടി രൂപയുടെ പുതിയ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ കരുത്തിലാണ് ഓഹരികളിലെ ഉണര്‍വ്.
ഇന്ന് കൂടുതൽ നേട്ടം കുറിച്ചവർ

142 കോടി രൂപയുടെ ബ്ലോക്ക് ഡീലിന്റെ പശ്ചാത്തലത്തില്‍ മാമാഎര്‍ത്ത് (ഹോനാസ കണ്‍സ്യൂമര്‍) ഓഹരി ഇന്ന് 10 ശതമാനത്തിലധികം മുന്നേറിയിരുന്നു. യു.ബി.എസ് ലക്ഷ്യവില കൂട്ടിയ പശ്ചാത്തലത്തില്‍ എല്‍ ആന്‍ഡ് ടി ഓഹരി ഇന്ന് 52-ആഴ്ചത്തെ ഉയരം കണ്ടു.
ആന്ധ്രയിലെ കെ.ജി-ബാസിനില്‍ വാതകപര്യവേക്ഷണത്തിന് തുടക്കമായതിന്റെ പിന്‍ബലത്തില്‍ ഒ.എന്‍.ജി.സി ഓഹരികളും 52-ആഴ്ചത്തെ ഉയരത്തിലെത്തി.
പൊതുമേഖലാ ബാങ്കോഹരികളുടെ വീഴ്ച
പണപ്പെരുപ്പ ഭീഷണി വിട്ടൊഴിഞ്ഞതിനാല്‍ ഇനി പലിശയിളവിന്റെ കാലമായിരിക്കും എന്നാണ് പൊതുവിലയിരുത്തല്‍. 2024ല്‍ പൊതുവേ വായ്പാ വിതരണം കുറയുമെന്നും ഇതോടൊപ്പം കുറഞ്ഞ പലിശനിരക്കുകളുമാകുമ്പോള്‍ ബാങ്കുകളുടെ ലാഭക്ഷമത താഴുമെന്നും ചില ഗവേഷണ ഏജന്‍സികള്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതോടെ ഇന്ന് പൊതുമേഖലാ ബാങ്കോഹരികള്‍ വില്‍പന സമ്മര്‍ദ്ദത്തിലകപ്പെട്ടു.
നിഫ്റ്റി പി.എസ്.യു ബാങ്ക് സൂചിക 2.52 ശതമാനം ഇടിവുമായി വിശാല വിപണിയില്‍ നഷ്ടത്തില്‍ മുന്നില്‍നിന്നു. നിഫ്റ്റി പ്രൈവറ്റ് ബാങ്ക് 1.44 ശതമാനം, ധനകാര്യ സേവനം 1.03 ശതമാനം, ബാങ്ക് നിഫ്റ്റി 1.47 ശതമാനം എന്നിങ്ങനെ ഇടിഞ്ഞു.
ഡിസംബര്‍പാദത്തില്‍ വില്‍പനക്കണക്ക് കാര്യമായ നേട്ടത്തിന്റേതല്ലായിരുന്നുവെന്നും പ്രവര്‍ത്തനഫലം വൈകാതെ പുറത്തുവരുമെന്നുമുള്ള വിലയിരുത്തലുകള്‍ക്ക് പിന്നാലെ എഫ്.എം.സി.ജി ഓഹരികളും ഇന്ന് ഇടിഞ്ഞു. 1.72 ശതമാനമാണ് നിഫ്റ്റി എഫ്.എം.സി.ജി സൂചികയുടെ വീഴ്ച.
മാരികോ, ഡാബര്‍, ഗോദ്‌റെജ് കണ്‍സ്യൂമര്‍ തുടങ്ങിയവ ഇന്ന് സമ്മര്‍ദ്ദത്തില്‍പ്പെട്ടിരുന്നു. പ്രവര്‍ത്തനഫലം വൈകാതെ പുറത്തുവരുമെന്നിരിക്കേ ഐ.ടി ഓഹരികളും തളര്‍ച്ചയിലായി. നിഫ്റ്റി ഐ.ടി സൂചിക 0.97 ശതമാനം താഴ്ന്നു.
നിഫ്റ്റി മെറ്റല്‍ (-1.59%), ഓയില്‍ ആന്‍ഡ് ഗ്യാസ് (-0.51%), ഓട്ടോ (-0.31%) എന്നിവയുടെ വീഴ്ചയും ഇന്ന് മുഖ്യ സൂചികകളെ തളര്‍ത്തി. സൗദി അറേബ്യ ക്രൂഡോയില്‍ വില വെട്ടിക്കുറച്ച പശ്ചാത്തലത്തിലാണ് എണ്ണ ഓഹരികളുടെ വീഴ്ച.
നിഫ്റ്റി മീഡിയ (0.08%), റിയല്‍റ്റി (0.13%) എന്നിവ മാത്രമാണ് ഇന്ന് പച്ചതൊട്ടത്. നിഫ്റ്റി മിഡ്ക്യാപ്പ് 1.06 ശതമാനവും സ്‌മോള്‍ക്യാപ്പ് 0.62 ശതമാനവും നഷ്ടം നേരിട്ടു.
ഓഹരി വിഭജനത്തിന് മുമ്പേ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരികളില്‍ വീഴ്ച
ഓഹരി വിഭജനം ജനുവരി 10ന് നടക്കുമെന്ന് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് നേരത്തേ വ്യക്തമാക്കിയിരുന്നു. നിലവില്‍ 10 രൂപ മുഖവിലയുള്ള ഓഹരി രണ്ടായി വിഭജിക്കും. അതോടെ വില 5 രൂപയാകും.
നിലവില്‍ 13.15 കോടി ഓഹരികളാണ് കമ്പനിക്കുള്ളത്. ഇത് 26.31 കോടിയാകും. വില നിലവിലെ 1,291.5 രൂപയെന്നത് 645.5 രൂപയുമാകും. ഇന്ന് ഓഹരി 5.16 ശതമാനം നഷ്ടത്തിലാണുള്ളത്. ഈസ്‌റ്റേണ്‍ 8 ശതമാനം, ഫെഡറല്‍ ബാങ്ക് 2.85 ശതമാനം എന്നിങ്ങനെയും ഇന്ന് നഷ്ടം രേഖപ്പെടുത്തി.
കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം

ഇന്‍ഡിട്രേഡ്, കല്യാണ്‍ ജുവലേഴ്‌സ് എന്നിവ 3 ശതമാനത്തിലധികം നേട്ടമുണ്ടാക്കി. മണപ്പുറം ഫിനാന്‍സും രണ്ട് ശതമാനത്തിലധികം ഉയര്‍ന്നു. നിറ്റ ജെലാറ്റിന്‍ 4.73 ശതമാനം നേട്ടം കുറിച്ചു. കേരള ആയുര്‍വേദ (1.75%), വെര്‍ട്ടെക്‌സ് (4.82%) എന്നിവയും തിളങ്ങി.
വിദേശ വിപണിയുടെ ദിശ
ആഗോള വിപണികളും പൊതുവേ ഇന്ന് നെഗറ്റീവ് ദിശയിലേക്കാണ് നീങ്ങിയത്. ചൈനയുടെ കയറ്റുമതി, പണപ്പെരുപ്പക്കണക്കുകള്‍ അടക്കം നിരവധി റിപ്പോര്‍ട്ടുകള്‍ ഈ വാരം പുറത്തുവരുമെന്നിരിക്കേയാണ് വാഴ്ച.
അമേരിക്കന്‍ കടപ്പത്ര യീല്‍ഡ് വീണ്ടും 4 ശതമാനത്തിന് മുകളിലേക്ക് കയറിയതും ഓഹരികളെ വലയ്ക്കുന്നു. അമേരിക്കയുടെ വോള്‍ സ്ട്രീറ്റ്, പ്രമുഖ യൂറോപ്യന്‍ വിപണികള്‍, ചൈന, ഹോങ്കോംഗ് എന്നിവയെല്ലാം നഷ്ടത്തിലാണുള്ളത്.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles
Next Story
Videos
Share it