സൂചികകള്‍ മുന്നോട്ട്; പ്രത്യേക ലാഭവിഹിതവുമായി ടി.സി.എസ്, വീണുടഞ്ഞ് പോളിക്യാബ്, കരകയറി മണപ്പുറം ഫിനാന്‍സ്

ആഗോള, ആഭ്യന്തരതലങ്ങളില്‍ നിന്ന് കാര്‍മേഘം പോലെ നിറഞ്ഞുനിന്ന ആശങ്കകളെ കവച്ചുവച്ച് തുടര്‍ച്ചയായ നാലാംനാളിലും നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ച് ഇന്ത്യന്‍ ഓഹരി സൂചികകള്‍.

ഇന്ന് വ്യാപാരത്തിന്റെ ആദ്യ നിമിഷങ്ങളില്‍ സെന്‍സെക്‌സും നിഫ്റ്റിയും മികച്ച പ്രതീക്ഷകള്‍ നല്‍കി കുതിച്ചെങ്കിലും വൈകാതെ നേട്ടം നിജപ്പെടുകയായിരുന്നു. ഉച്ചയ്ക്കുശേഷം വില്‍പനസമ്മര്‍ദ്ദം വീശിയടിച്ചെങ്കിലും റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെയും ഊര്‍ജ ഓഹരികളുടെയും കരുത്തില്‍ സൂചികകള്‍ നേട്ടത്തിലേറുകയായിരുന്നു.
വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ പ്രകടനം

ഒരുവേള ഇന്ന് 71,999 വരെ ഉയര്‍ന്ന സെന്‍സെക്‌സ് 71,543 വരെ താഴ്‌ന്നെങ്കിലും പിന്നീട് 63.47 പോയിന്റ് (0.09%) നേട്ടത്തോടെ 71,121.18ല്‍ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 21,726 വരെ കയറുകയും 21,593 വരെ താഴുകയും ചെയ്തിരുന്നു. വ്യാപാരാന്ത്യത്തിലുള്ളത് 28.50 പോയിന്റ് (0.13%) മാത്രം നേട്ടവുമായി 21,647.20ല്‍.
ഓട്ടോക്കരുത്തില്‍ വിശാലവിപണി
വിശാലവിപണിയില്‍ ഇന്ന് ശ്രദ്ധേയനേട്ടം കൈവരിച്ചത് നിഫ്റ്റി ഓട്ടോ സൂചികയാണ് (+1.01%). ഡിസംബര്‍ പാദത്തില്‍ മികച്ച വില്‍പനനേട്ടമുണ്ടാക്കിയ ഹീറോ മോട്ടോകോര്‍പ്പും ബജാജ് ഓട്ടോയും വൈകാതെ പ്രവര്‍ത്തനഫലം പുറത്തുവിടുമെന്നിരിക്കേയാണ് നിഫ്റ്റി ഓട്ടോ സൂചികയുടെ നേട്ടം. ബജാജ് ഓട്ടോയും ഹീറോയും ഇന്ന് 5 ശതമാനത്തിലധികം ഉയരുകയും ചെയ്തു.
വാഹന, അടുക്കള ഇന്ധനാവശ്യങ്ങള്‍ക്കായുള്ള കംപ്രസ്ഡ് ബയോഗ്യാസില്‍ (CBG) പ്രകൃതിവാതകം കലര്‍ത്തണമെന്ന കേന്ദ്രനിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ ഗ്യാസ് ഓഹരികള്‍ ഇന്ന് മികച്ച നേട്ടം കൊയ്തു. 2024-25വരെ ഇങ്ങനെ കലര്‍ത്തുന്നത് നിര്‍ബന്ധമല്ല. 2025-26 ഏപ്രില്‍ ഒന്നുമുതല്‍ നിര്‍ബന്ധമാക്കുകയും ചെയ്യും. നിഫ്റ്റി ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചിക 1.48 ശതമാനം നേട്ടം ഇന്നുണ്ടാക്കി.
നിഫ്റ്റി പി.എസ്.യു ബാങ്ക്, സ്വകാര്യബാങ്ക് എന്നിവയും മികച്ച പിന്തുണ നല്‍കി. പ്രവര്‍ത്തനഫലം പുറത്തുവരുന്ന സാഹചര്യത്തില്‍ ഐ.ടി ഓഹരികള്‍ സമ്മര്‍ദ്ദത്തിലായിരുന്നു. നിഫ്റ്റി ഐ.ടി., മീഡിയ, മെറ്റല്‍, ഫാര്‍മ, എഫ്.എം.സി.ജി., റിയല്‍റ്റി എന്നിവ ഇന്ന് ചുവന്നു. ബാങ്ക് നിഫ്റ്റി 0.16 ശതമാനം കയറി. നിഫ്റ്റി മിഡ്ക്യാപ്പ് സൂചിക 0.49 ശതമാനവും സ്‌മോള്‍ക്യാപ്പ് 0.58 ശതമാനവും നേട്ടത്തിലാണ്.
ഇവര്‍ ഇന്നത്തെ താരങ്ങള്‍
ഗോള്‍ഡ്മാന്‍ സാച്‌സില്‍ നിന്ന് 'ബൈ' (വാങ്ങല്‍) സ്റ്റാറ്റസ് കിട്ടിയ കരുത്തില്‍ തുടര്‍ച്ചയായ രണ്ടാംനാളിലും റിലയന്‍സ് ഇന്‍ഡസ്ട്രീസ് റെക്കോഡ് ഉയരം കുറിച്ചത് മുഖ്യ സൂചികകളെ നേട്ടത്തില്‍ തന്നെ നില്‍ക്കാന്‍ ഇന്ന് സഹായിച്ചു. 2.5 ശതമാനം മുന്നേറി 2,716 രൂപയിലാണ് വ്യാപാരാന്ത്യത്തില്‍ റിലയന്‍സ് ഓഹരിയുള്ളത്.
ഇന്ന് കൂടുതൽ നേട്ടമുണ്ടാക്കിയവർ

അള്‍ട്രാടെക് സിമന്റ്, ആക്‌സിസ് ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, പവര്‍ഗ്രിഡ് എന്നിവയും സെന്‍സെക്‌സില്‍ മികച്ച നേട്ടമുണ്ടാക്കിയ മുന്‍നിര ഓഹരികളാണ്.
ശ്രീറാം ഫിനാന്‍സ്, ഗുജറാത്ത് ഗ്യാസ്, ടൊറന്റ് ഫാര്‍മ, ഹീറോ മോട്ടോകോര്‍പ്പ്, ഗുജറാത്ത് ഫ്‌ളൂറോകെമിക്കല്‍സ് എന്നിവയാണ് ഇന്ന് നിഫ്റ്റി 200ല്‍ കൂടുതല്‍ നേട്ടം കുറിച്ചവര്‍.
ഗോള്‍ഡ്മാന്‍ സാച്‌സില്‍ നിന്ന് 'ബൈ' റേറ്റിംഗ് കിട്ടിയത് ശ്രീറാം ഫിനാന്‍സ് ഓഹരികളും ബി.എന്‍.പി പാരിബയില്‍ നിന്നുള്ള 'ബൈ' സ്റ്റാറ്റസ് ടൊറന്റ് ഫാര്‍മ ഓഹരികളും ആഘോഷമാക്കി.
ലാഭവിഹിതം പ്രഖ്യാപിച്ച് ടി.സി.എസ്; ഗൈഡന്‍സ് വെട്ടിക്കുറച്ച് ഇന്‍ഫി
ഇന്ത്യയുടെ ഐ.ടി വമ്പന്മാരായ ടി.സി.എസും ഇന്‍ഫോസിസും ഇന്ന് ഡിസംബര്‍പാദ പ്രവര്‍ത്തനഫലം പുറത്തുവിട്ടു. ഏറെക്കുറെ നിരീക്ഷകര്‍ പ്രവചിച്ച ഫലങ്ങള്‍ക്കൊപ്പമാണ് ഇവയുടെ കണക്കുകളുള്ളത്.
ടി.സി.എസിന്റെ ലാഭം നിരീക്ഷകര്‍ കരുതിയതിനേക്കാളും നേരിയതോതില്‍ ഉയര്‍ന്നു. രണ്ട് ശതമാനം വര്‍ധിച്ച് 11,058 കോടി രൂപയാണ് ലാഭം. വരുമാനം പ്രവചനങ്ങളെ കടത്തിവെട്ടിയില്ല. 4 ശതമാനം വളര്‍ന്ന് 60,583 കോടി രൂപയാണ് വരുമാനം.
ഓഹരി ഒന്നിന് 18 രൂപ പ്രത്യേക ലാഭവിഹിതവും ഒന്നിന് 9 രൂപ ഇടക്കാല ലാഭവിഹിതവും ടി.സി.എസ് 2023-24ലേക്കായി പ്രഖ്യാപിച്ചു. ആകെ 27 രൂപ. കഴിഞ്ഞപാദത്തില്‍ ഒറ്റത്തവണ ലീഗല്‍ സെറ്റില്‍മെന്റിനായി 958 കോടി രൂപ ചെലവിട്ടത് ലാഭത്തെ ബാധിച്ചു. കഴിഞ്ഞപാദത്തില്‍ ലഭിച്ച കരാറുകള്‍ സെപ്റ്റംബര്‍പാദത്തിലെ 1,120 കോടി ഡോളറില്‍ നിന്ന് 810 കോടി ഡോളറിലേക്കും താഴ്ന്നു. ഓഹരി വ്യാപാരാന്ത്യത്തിലുള്ളത് 0.61 ശതമാനം നേട്ടത്തിലാണ്.
7 ശതമാനം ഉയര്‍ന്ന് 6,106 കോടി രൂപയാണ് ഇന്‍ഫിയുടെ ഡിസംബര്‍പാദ ലാഭം. വരുമാനം ഒരു ശതമാനം മാത്രം ഉയര്‍ന്ന് 38,821 കോടി രൂപ. 2023-24ലേക്കുള്ള വരുമാന ഗൈഡന്‍സ് (പ്രതീക്ഷാനിലവാരം) 1-2.5 ശതമാനത്തില്‍ നിന്ന് 1.5-2 ശതമാനത്തിലേക്ക് ഇന്‍ഫോസിസ് താഴ്ത്തി. ഓഹരി വ്യാപാരാന്ത്യത്തിലുള്ളത് 1.70 ശതമാനം നഷ്ടത്തിലാണ്.
ഇവര്‍ നിരാശപ്പെടുത്തി
ഇന്‍ഫോസിസ്, വിപ്രോ, എല്‍ ആന്‍ഡ് ടി., ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ (HUL) എന്നിവയാണ് ഇന്ന് സെന്‍സെക്‌സില്‍ നഷ്ടം നേരിട്ട പ്രമുഖര്‍.
പോളിക്യാബ്, സീ എന്റര്‍ടെയ്ന്‍മെന്റ്, ഡെല്‍ഹിവെറി, പെട്രോനെറ്റ് എല്‍.എന്‍.ജി., ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നിവയാണ് നിഫ്റ്റി 200ല്‍ കൂടുതല്‍ നഷ്ടം നേരിട്ടവര്‍.
ഇന്ന് കൂടുതൽ നഷ്ടം നേരിട്ടവർ

ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ ആയിരം കോടി രൂപയുടെ അനധികൃത കച്ചവടക്കണക്കുകള്‍ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് പോളിക്യാബ് ഓഹരികള്‍ ഇന്ന് 20 ശതമാനത്തിലേറെ കൂപ്പുകുത്തി ലോവര്‍-സര്‍ക്കീട്ടിലേക്ക് തകര്‍ന്നടിഞ്ഞത്
(click here for the details)
.
വെല്ലുവിളികളുടെ കാലം
അമേരിക്കയുടെ പണപ്പെരുക്കണക്ക് ഇന്ന് ഇന്ത്യന്‍ സമയം രാത്രിവൈകി പുറത്തുവരും. ഇന്ത്യയുടെ റീറ്റെയ്ല്‍ പണപ്പെരുപ്പക്കണക്കും വ്യവസായിക വളര്‍ച്ചാക്കണക്കും നാളെ അറിയാം.
ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിക്കും. ഇടക്കാല ബജറ്റാണെങ്കിലും തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ജനപ്രിയ പ്രഖ്യാപനങ്ങള്‍ വാരിനിറയ്ക്കാന്‍ നിര്‍മ്മല മുതിര്‍ന്നേക്കും.
ആദായ നികുതി വ്യവസ്ഥകളിലടക്കം മാറ്റം പ്രവചിക്കുന്നവരുണ്ട്. എങ്കിലും കാതലായ മാറ്റങ്ങള്‍ക്ക് സാധ്യത വിരളമാണ്. ഇന്ന് പുറത്തുവന്ന കണക്കുകള്‍ പ്രകാരം കേന്ദ്രത്തിന്റെ പ്രത്യക്ഷ നികുതി വരുമാനം (direct tax collections) നടപ്പുവര്‍ഷം ഇതിനകം 19 ശതമാനം വര്‍ധിച്ച് 14.70 ലക്ഷം കോടി രൂപയായത് കേന്ദ്രത്തിന് വലിയ ആശ്വാസമാണ്. വ്യക്തിഗത ആദായ നികുതി പിരിവ് 26.11 ശതമാനവും കോര്‍പ്പറേറ്റ് നികുതി സമാഹരണം 8.32 ശതമാനവുമാണ് കൂടിയത്.
ഈ സംഭവ വികാസങ്ങളും ഐ.ടി കമ്പനികളുടെയും മറ്റ് കോര്‍പ്പറേറ്റ് കമ്പനികളുടെയും വരാനിരിക്കുന്ന പ്രവര്‍ത്തനഫലങ്ങളും വരുംദിവസങ്ങളില്‍ ഓഹരി വിപണിയില്‍ വലിയ ചലനങ്ങള്‍ തന്നെ സൃഷ്ടിക്കുമെന്നാണ് കരുതപ്പെടുന്നത്.
വിപണിയുടെ ട്രെന്‍ഡ്
നിഫ്റ്റി 50ല്‍ ഇന്ന് 25 കമ്പനികള്‍ നേട്ടത്തിലും 24 എണ്ണം താഴ്ചയിലുമായിരുന്നു. ഒരു കമ്പനിയുടെ ഓഹരി വില മാറിയില്ല. ഹീറോ മോട്ടോകോര്‍പ്പ്, റിലയന്‍സ്, ബി.പി.സി.എല്‍ എന്നിവയാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയത്. റിലയന്‍സും ഇന്‍ഫോസിസുമായിരുന്നു ഏറ്റവും സജീവമായ ഓഹരികള്‍. നഷ്ടത്തില്‍ മുന്നില്‍ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ആയിരുന്നു.
ബി.എസ്.ഇയില്‍ 2,317 ഓഹരികള്‍ നേട്ടത്തിലും 1,522 എണ്ണം നഷ്ടത്തിലുമായിരുന്നു. 98 ഓഹരികളുടെ വില മാറിയില്ല. 521 ഓഹരികള്‍ 52-ആഴ്ചത്തെ ഉയരത്തിലും 6 എണ്ണം താഴ്ചയിലുമായിരുന്നു. ലോവര്‍-സര്‍കീട്ടില്‍ ഒരു കമ്പനിയുണ്ടായിരുന്നു. കാലിയായിരുന്നു ഇന്നും അപ്പര്‍-സര്‍കീട്ട്.
ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ നിക്ഷേപക സമ്പത്ത് ഇന്ന് സര്‍വകാല റെക്കോഡ് കുറിച്ചെന്ന പ്രത്യേകതയുണ്ട്. 370 ലക്ഷം കോടി രൂപയെന്ന നാഴികക്കല്ലും പിന്നിട്ടു. 1.71 ലക്ഷം കോടി രൂപ വര്‍ധിച്ച് 370.47 ലക്ഷം കോടി രൂപയാണ് നിക്ഷേപകമൂല്യം.
കപ്പല്‍ശാലാ ഓഹരി താഴ്ന്നു; മണപ്പുറം കയറി
ഇന്നലെ വിസ്മയ മുന്നേറ്റം കാഴ്ചവച്ച കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരികളില്‍ ഇന്ന് കണ്ടത് ലാഭമെടുപ്പ് സമ്മര്‍ദ്ദമാണ്. ഓഹരി 3.69 ശതമാനം താഴ്ന്നു. വെര്‍ട്ടെക്‌സ്, റബ്ഫില, ജി.ടി.എന്‍ ടെക്‌സ്റ്റൈല്‍സ്, കിറ്റെക്‌സ് എന്നിവയുമാണ് ഇന്ന് 1.79-4.87 ശതമാനം നഷ്ടത്തോടെ ഇടിവില്‍ മുന്നില്‍നിന്ന കേരള ഓഹരികള്‍.
കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം

ഉപകമ്പനിയായ ആശിര്‍വാദ് മൈക്രോഫിനാന്‍സിന്റെ ഐ.പി.ഒയ്ക്ക് അനുമതി നല്‍കുന്നത് സെബി (SEBI) നീട്ടിവച്ചെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ ഇന്നലെ 7 ശതമാനത്തിലധികം ഇടിഞ്ഞ മണപ്പുറം ഫിനാന്‍സ് ഓഹരി ഇന്ന് 3.63 ശതമാനം നേട്ടമുണ്ടാക്കി. സെബിയുടേത് സാധാരണ നടപടിക്രമം മാത്രമാണെന്നും ഐ.പി.ഒയ്ക്ക് തടസ്സങ്ങളുണ്ടായേക്കില്ലെന്ന വിലയിരുത്തലുകളുമാണ് ഓഹരികളെ നേട്ടത്തിലേക്ക് നയിച്ചത്.
സഫ സിസ്റ്റംസ്, മുത്തൂറ്റ് കാപ്പിറ്റല്‍, കേരള ആയുര്‍വേദ, യൂണിറോയല്‍, പ്രൈമ ഇന്‍ഡസ്ട്രീസ് എന്നിവയാണ് ഇന്ന് 4.9-5.56 ശതമാനം നേട്ടവുമായി ഏറ്റവുമധികം മുന്നേറിയ കേരള ഓഹരികള്‍.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles
Next Story
Videos
Share it