Begin typing your search above and press return to search.
ഉയിര്‍ത്തെണീറ്റ് ഓഹരി വിപണി; റെയില്‍വേ ഓഹരികളില്‍ നേട്ടത്തിന്റെ ചൂളംവിളി, മിന്നിച്ച് ധനലക്ഷ്മി ബാങ്ക്
UPDATE : ഓഹരി വിപണിയിൽ നാളെ (ശനിയാഴ്ച) നടക്കേണ്ടിയിരുന്ന പ്രത്യേക വ്യാപാര സെഷൻ ഒഴിവാക്കി, സമ്പൂർണ വ്യാപാരദിനമായി പ്രഖ്യാപിച്ചു. അയോധ്യയിൽ പ്രാണപ്രതിഷ്ഠ നടക്കുന്ന തിങ്കളാഴ്ച (ജനുവരി 22) ഓഹരി വിപണിക്ക് പൂർണ അവധിയായിരിക്കും. വിശദാംശങ്ങൾക്ക് : Click here
മൂന്നുനാള്‍ നീണ്ട കനത്ത വില്‍പനസമ്മര്‍ദ്ദത്തില്‍ നിന്ന് നാലാംനാള്‍ ഉയിര്‍ത്തെണീറ്റ് ഇന്ത്യന്‍ ഓഹരി സൂചികകള്‍. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി 2,500ഓളം പോയിന്റ് കൂപ്പകുത്തിയ സെന്‍സെക്‌സ് ഇന്ന് 496 പോയിന്റ് (0.70%) ഉയര്‍ന്ന് 71,683ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
നിഫ്റ്റി 160 പോയിന്റ് (0.75%) 21,622.40ലും വ്യാപാരം പൂര്‍ത്തിയാക്കി. ഇന്നൊരുവേള സെന്‍സെക്‌സ് 71,895 വരെയും നിഫ്റ്റി 21,670 വരെയും ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഓഹരി വിപണിയുടെയാകെ തളര്‍ച്ചയ്ക്ക് വഴിവെട്ടിയ എച്ച്.ഡി.എഫ്.സി ബാങ്കാണ് ഇന്നും നിഫ്റ്റി 50ല്‍ ഏറ്റവും സജീവമായിരുന്നത്. ഓഹരി വില 0.76 ശതമാനം ഇന്ന് താഴ്‌ന്നെങ്കിലും ബാങ്കിന്റെ 8 ലക്ഷത്തിലധികം ഓഹരികള്‍ ഇന്ന് കൈമാറ്റം ചെയ്യപ്പെടുകയുണ്ടായി.
വിപണിയുടെ ട്രെന്‍ഡ്
നിഫ്റ്റി 50ല്‍ 43 ഓഹരികളും ഇന്ന് നേട്ടത്തിലായിരുന്നു. നഷ്ടം നുണഞ്ഞത് 7 ഓഹരികള്‍ മാത്രം. 3.55 ശതമാനം നേട്ടവുമായി ഒ.എന്‍.ജി.സിയാണ് കൂടുതല്‍ തിളങ്ങിയത്. ഭാരതി എയര്‍ടെല്‍, എന്‍.ടി.പി.സി എന്നിവയും മൂന്ന് ശതമാനത്തിലധികം നേട്ടമുണ്ടാക്കി. 3.25 ശതനമാനം നഷ്ടവുമായി ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് നഷ്ടത്തില്‍ മുന്നില്‍ നിന്നു.
ബി.എസ്.ഇയില്‍ 3,912 ഓഹരികള്‍ വ്യാപാരം ചെയ്യപ്പെട്ടതില്‍ 2,468 എണ്ണവും നേട്ടമെഴുതി. 1,337 ഓഹരികള്‍ നഷ്ടത്തിലായിരുന്നു. 107 ഓഹരികളുടെ വില മാറിയില്ല.
389 ഓഹരികള്‍ ഇന്ന് 52-ആഴ്ചത്തെ ഉയരവും 10 എണ്ണം താഴ്ചയും കണ്ടു. എട്ട് ഓഹരികള്‍ ഇന്ന് അപ്പര്‍-സര്‍കീട്ടിലും രണ്ടെണ്ണം ലോവര്‍-സര്‍കീട്ടിലും വ്യാപാരം ചെയ്യപ്പെട്ടു.
ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ മൊത്തം നിക്ഷേപകമൂല്യം ഇന്ന് 4.08 ലക്ഷം കോടി രൂപ വര്‍ദ്ധിച്ച് 373.57 ലക്ഷം കോടി രൂപയിലുമെത്തി.
റെയില്‍വേ ഓഹരികളാണ് താരം
അടിസ്ഥാന സൗകര്യവികസന മേഖലയില്‍ വലിയ കുതിപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ റെയില്‍വേയുമായി ബന്ധപ്പെട്ട കമ്പനികളുടെ ഓഹരികളില്‍ ഇന്ന് കണ്ടത് വലിയ മുന്നേറ്റമാണ്.
റെയില്‍ വികാസ് നിഗം (RVNL) ഇന്ന് 20 ശതമാനം കുതിപ്പുമായി അപ്പര്‍-സര്‍കീട്ടിലായിരുന്നു. ഇന്ത്യന്‍ റെയില്‍വേ ഫിനാന്‍സ് കോര്‍പ്പറേഷന്‍ (IRFC) 10 ശതമാനം മുന്നേറി. കമ്പനിയുടെ വിപണിമൂല്യമാകട്ടെ രണ്ടുലക്ഷം കോടി രൂപയും ഭേദിച്ചു. ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (IRCTC) 6.10 ശതമാനം നേട്ടത്തിലാണ്.
സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ടെക്‌നോളജി ഉള്‍പ്പെടെ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ റെയില്‍വേയെ പുതിയ നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റില്‍ റെയില്‍വേക്ക് വലിയ പ്രഖ്യാപനങ്ങളുണ്ടായേക്കുമെന്ന വിലയിരുത്തലുകളും ഈ രംഗത്തെ കമ്പനികളുടെ ഓഹരികള്‍ക്ക് ഇന്ന് ഊര്‍ജമായി. 2023-24ലെ ബജറ്റില്‍ റെയില്‍വേക്കുള്ള വിഹിതം 75 ശതമാനം വര്‍ധിപ്പിച്ച് കേന്ദ്രം 2.40 ലക്ഷം കോടി രൂപയാക്കിയിരുന്നു.
ജാക്‌സണ്‍ ഗ്രീനുമായി ചേര്‍ന്ന് സ്ഥാപിക്കുന്ന സംയുക്ത സംരഭത്തിലൂടെ ഹരിതോര്‍ജോത്പാദന പദ്ധതികള്‍ക്ക് തുടക്കമിടുമെന്ന് കഴിഞ്ഞദിവസം ആര്‍.വി.എന്‍.എല്‍ വ്യക്തമാക്കിയിരുന്നു. മാത്രമല്ല, സൗത്ത് ആഫ്രിക്കയില്‍ ഉപസ്ഥാപനം രൂപീകരിക്കുകയും ചെയ്തിരുന്നു.
ഇര്‍കോണ്‍ ഇന്റര്‍നാഷണല്‍, റെയില്‍ടെല്‍ തുടങ്ങിയ റെയില്‍വേ ഓഹരികളും ഇന്ന് 5 ശതമാനത്തിലധികം നേട്ടം കൊയ്തു. ആര്‍.വി.എന്‍.എല്‍., ഐ.ആര്‍.എഫ്.സി., ആര്‍.ഇ.സി ലിമിറ്റഡ്, ഐ.ആര്‍.സി.ടി.സി., ഗുജറാത്ത് ഫ്‌ളൂറോകെമിക്കല്‍സ് എന്നിവയാണ് ഇന്ന് നിഫ്റ്റി 200ല്‍ കൂടുതല്‍ നേട്ടം കുറിച്ചവ.
ഭാരതി എയര്‍ടെല്‍, എന്‍.ടി.പി.സി., ടെക് മഹീന്ദ്ര, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റാ സ്റ്റീല്‍, അള്‍ട്രടെക് സിമന്റ്, ടൈറ്റന്‍ എന്നിവയാണ് ഇന്ന് സെന്‍സെക്‌സില്‍ കൂടുതല്‍ തിളങ്ങിയ പ്രമുഖര്‍. ഡിസംബര്‍പാദ ലാഭം 68 ശതമാനം കുതിച്ച് 1,777 കോടി രൂപയായത് അള്‍ട്രാടെക്കിന് കരുത്തായി. നിരീക്ഷകര്‍ പ്രവചിച്ചതിന് ഏതാണ്ടൊപ്പം നില്‍ക്കുന്ന ഡിസംബര്‍പാദ പ്രവര്‍ത്തനഫലം പുറത്തുവിട്ട ഇന്ത്യാമാര്‍ട്ട് ഓഹരി ഇന്ന് 6.8 ശതമാനം ഉയര്‍ന്നു.
നിരാശപ്പെടുത്തിയവര്‍
ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, കോട്ടക് ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക് എന്നിവയാണ് ഇന്ന് സെന്‍സെക്‌സില്‍ 3.2 ശതമാനം വരെ നഷ്ടവുമായി ഇടിവില്‍ മുന്നിലെത്തിയത്. മോശം പ്രവര്‍ത്തനഫലത്തിന്റെ പശ്ചാത്തലത്തില്‍ മെട്രോ ബ്രാന്‍ഡ് ഓഹരി 4 ശതമാനം ഇടിഞ്ഞു.
സീ എന്റര്‍ടെയ്ന്‍മെന്റ് 6.33 ശതമാനം ഇടിഞ്ഞ് നിഫ്റ്റി 200ല്‍ ഏറ്റവുമധികം നഷ്ടം നേരിട്ട ഓഹരിയായി. സോണിയുമായുള്ള ലയനം പൊളിഞ്ഞേക്കുമെന്ന വിലയിരുത്തലുകളാണ് സീ ഓഹരികളെ വലയ്ക്കുന്നത്. ലയിച്ചുണ്ടാകുന്ന പുതിയ കമ്പനിയുടെ സി.ഇ.ഒ ആരാകണമെന്നതിനെ ചൊല്ലിയാണ് പ്രധാന തര്‍ക്കം. സീയുടെ പുനീത് ഗോയങ്കയെ സോണി പിന്തുണയ്ക്കുന്നില്ല.
ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഡിക്‌സോണ്‍ ടെക്, ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റ്, ടാറ്റ കമ്മ്യൂണിക്കേഷന്‍സ് എന്നിവയാണ് നിഫ്റ്റി 200ല്‍ കൂടുതല്‍ നഷ്ടം നേരിട്ട മറ്റ് ഓഹരികള്‍. ഡിസംബര്‍ പാദത്തില്‍ ഭേദപ്പെട്ട പ്രവര്‍ത്തനഫലം പുറത്തുവിട്ടെങ്കിലും ബ്രോക്കറേജുകള്‍ വലിയ പിന്തുണ നല്‍കാത്തതാണ് ഇന്‍ഡസ്ഇന്‍ഡ് ബാങ്കോഹരികളെ തളര്‍ത്തിയത്.
കരകയറി വിശാലവിപണി
കഴിഞ്ഞ ദിവസങ്ങളില്‍ തീര്‍ത്തും ചുവപ്പണിഞ്ഞ വിശാല വിപണി ഇന്ന് ഭേദപ്പെട്ട തലത്തിലേക്ക് തിരിച്ചുകയറി. കഴിഞ്ഞ മൂന്നുദിവസങ്ങളിലായി കനത്ത നഷ്ടം നേരിട്ട പൊതുമേഖലാ ബാങ്കോഹരികളില്‍ ഇന്ന് വലിയ വാങ്ങല്‍ താത്പര്യം ദൃശ്യമായി.
നിഫ്റ്റി പി.എസ്.യു ബാങ്ക് സൂചിക 1.15 ശതമാനം ഉയര്‍ന്നു. എന്നാല്‍, പ്രൈവറ്റ് ബാങ്ക് സൂചിക 0.28 ശതമാനം നഷ്ടത്തിലാണുള്ളത്. എച്ച്.ഡി.എഫ്.സി ബാങ്കോഹരികളുടെ വീഴ്ചയാണ് പ്രധാന തിരിച്ചടിയായത്. ബാങ്ക് നിഫ്റ്റി 0.03 ശതമാനവും നഷ്ടത്തിലേറി.
സീ-സോണി ലയനം തുലാസിലായ പശ്ചാത്തലത്തില്‍ നിഫ്റ്റി മീഡിയ സൂചികയും 0.96 ശതമാനം താഴേക്കുപോയി. മറ്റ് ഓഹരി വിഭാഗങ്ങളെല്ലാം ഇന്ന് പച്ചതൊട്ടു. നിഫ്റ്റി ഓട്ടോ, എഫ്.എം.സി.ജി., ധനകാര്യ സേവനം, മെറ്റല്‍, റിയല്‍റ്റി, ഓയില്‍ ആന്‍ഡ് ഗ്യാസ് എന്നിവ 0.5 മുതല്‍ 1.6 ശതമാനം വരെ നേട്ടത്തിലാണുള്ളത്. നിഫ്റ്റി മിഡ്ക്യാപ്പ് 1.52 ശതമാനവും സ്‌മോള്‍ക്യാപ്പ് 1.09 ശതമാനവും ഉയര്‍ന്നു.
ധനലക്ഷ്മി ബാങ്കിന്റെ തിളക്കം
തൃശൂര്‍ ആസ്ഥാനമായ പ്രമുഖ സ്വകാര്യബാങ്കായ ധനലക്ഷ്മി ബാങ്കാണ് ഇന്ന് കേരള ഓഹരികളില്‍ ഏറ്റവും തിളങ്ങിയത്. ബാങ്ക് ഓഹരി 10 ശതമാനം മുന്നേറി. ചില ബ്രോക്കറേജുകള്‍ മികച്ച വളര്‍ച്ച പ്രവചിച്ചതാണ് ധനലക്ഷ്മി ബാങ്ക് ഓഹരികള്‍ക്ക് ഉന്മേഷമായത്.
മണപ്പുറം ഫിനാന്‍സ് ഇന്ന് 5.06 ശതമാനം നേട്ടമുണ്ടാക്കി. നിറ്റ ജെലാറ്റിന്‍ 4.30 ശതമാനവും മുത്തൂറ്റ് ഫിനാന്‍സ് 3.76 ശതമാനവും ബി.പി.എല്‍., സെല്ല സ്‌പേസ് എന്നിവ 4 ശതമാനത്തിലധികവും നേട്ടമുണ്ടാക്കി.
ഇസാഫ് ബാങ്ക്, കെ.എസ്.ഇ., എ.വി.ടി എന്നിവയും രണ്ട് ശതമാനത്തിലധികം ഉയര്‍ന്നു. സി.എസ്.ബി ബാങ്ക്, ഫെഡറല്‍ ബാങ്ക്, ഹാരിസണ്‍സ് മലയാളം, കേരള ആയുര്‍വേദ, സൗത്ത് ഇന്ത്യന്‍ ബാങ്ക്, വി-ഗാര്‍ഡ് എന്നിവ നഷ്ടത്തിലാണുള്ളത്.
Next Story
Videos