Begin typing your search above and press return to search.
നഷ്ടത്തിന്റെ കണക്ക് തീര്‍ത്ത് ഓഹരി വിപണി, അപ്പര്‍ സര്‍ക്യൂട്ടില്‍ പേയ്ടിഎമ്മും കൊച്ചിന്‍ ഷിപ്പ്‍യാർഡും വണ്ടര്‍ലായും
രാവിലെ പതിഞ്ഞ താളത്തില്‍ തുടങ്ങിയ വിപണി വ്യാപാരം പുരോഗമിച്ചപ്പോള്‍ താഴ്ചയില്‍ നിന്നു കയറി വലിയ മുന്നേറ്റം കാഴ്ചവെച്ചു. ഹരിയാനയില്‍ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി മൂന്നാമതും അധികാരത്തില്‍ എത്തിയത് വിപണിക്ക് ഉണര്‍വ് പകര്‍ന്നു.
പശ്ചിമേഷ്യയിലെ യുദ്ധ സമാനമായ പിരിമുറുക്കങ്ങളും ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും മൂലമുണ്ടായ കഴിഞ്ഞ ആറ് ദിവസത്തെ നഷ്ട പരമ്പരയില്‍ നിന്ന് ചൊവ്വാഴ്ച വിപണി കുതിച്ചുയര്‍ന്നു.
സെൻസെക്‌സ് 0.72 ശതമാനം (584 പോയിന്റ്) ഉയർന്ന് 81,634ലും നിഫ്റ്റി (239 പോയിന്റ്) 0.88 ശതമാനം ഉയർന്ന് 25,035ലുമാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിക്ക് 25,000 ന് മുകളില്‍ വ്യാപാരം അവസാനിപ്പിക്കാനും ഇന്ന് സാധിച്ചു.
ട്രെന്റ് (7.65%), അദാനി എന്റർപ്രൈസസ് (4.5%), അദാനി പോർട്ട്സ് (4.48%), ബി.ഇ.എല്‍ (4.34%), എം ആൻഡ് എം (3.11%) തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
എസ്.ബി.ഐ ലൈഫ് (-3.37%), ടാറ്റ സ്റ്റീൽ (-3.04%), ടൈറ്റൻ (-2.64%), ജെ.എസ്.ഡബ്ല്യു സ്റ്റീൽ (-2.22%), ബജാജ് ഫിൻസെർവ് (-2.16%) തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.
വിവിധ സൂചികകളുടെ പ്രകടനം
വിശാല വിപണിയില്‍ ഇന്ന് മെറ്റല്‍ ഒഴികെ എല്ലാ സൂചികകളും നേട്ടത്തിലായിരുന്നു. നിഫ്റ്റി മിഡ്ക്യാപ് 2.16 ശതമാനവും നിഫ്റ്റി സ്മാള്‍ ക്യാപ് 2.05 ശതമാനവും നേട്ടം രേഖപ്പെടുത്തി.
നിഫ്റ്റി മീഡിയ 3.11 ശതമാനത്തിന്റെയും നിഫ്റ്റി ഹെല്‍ത്ത് കെയര്‍ 1.72 ശതമാനത്തിന്റെയും നിഫ്റ്റി ഓട്ടോ 1.66 ശതമാനത്തിന്റെയും നിഫ്റ്റി ഫാര്‍മ 1.44 ശതമാനത്തിന്റെയും മുന്നേറ്റം കാഴ്ചവെച്ചു. സൂചികകളില്‍ നഷ്ടം രേഖപ്പെടുത്തിയ നിഫ്റ്റി മെറ്റല്‍ 0.93 ശതമാനത്തിന്റെ ഇടിവിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്ഇയിൽ വ്യാപാരം നടത്തിയ 4,028 ഓഹരികളില്‍ 2,885 ഓഹരികള്‍ നേട്ടത്തിലായിരുന്നപ്പോള്‍ 1,032 ഓഹരികള്‍ നഷ്ടത്തിലായിരുന്നു. 111 ഓഹരികള്‍ മാറ്റമില്ലാതെ തുടർന്നു.
52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന നില രേഖപ്പെടുത്തിയ ഓഹരികളുടെ എണ്ണം 133 ഉം 52 ആഴ്‌ചയിലെ ഏറ്റവും താഴ്ന്ന നിലയിൽ എത്തിയവ 102 ഉം ആയിരുന്നു. 299 ഓഹരികൾ അപ്പർ സർക്യൂട്ടിലും 252 എണ്ണം ലോവർ സർക്യൂട്ടിലും വ്യാപാരം ചെയ്തു.
നേട്ടത്തിലായവരും നഷ്ടത്തിലായവരും
വിജയ് ശേഖർ ശർമ്മയുടെ നേതൃത്വത്തിലുള്ള പേയ്ടിഎമ്മിന്റെ ഓഹരികൾ 15 ശതമാനത്തിലധികം ഉയർന്നാണ് ക്ലോസ് ചെയ്തത്. കനത്ത ട്രേഡിംഗ് വോളിയമാണ് ഓഹരിയുടെ കുതിപ്പിന് കാരണം. പേയ്ടിഎം 751 രൂപയിലാണ് ക്ലോസ് ചെയ്തത്.
പെപ്‌സിയുടെ കമ്പനിയായ വരുൺ ബിവറേജസിന്റെ ഓഹരികൾ 9 ശതമാനം ഉയർന്നു. മൂന്ന് ദിവസത്തെ തുടർച്ചയായ നഷ്ടത്തിനു ശേഷമാണ് ഓഹരി ഇന്ന് നേട്ടത്തിലായത്. ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണല്‍ പ്ലെയ്‌സ്‌മെന്റ് (ക്യു.ഐ.പി) വഴി ഫണ്ട് സമാഹരിക്കാനുള്ള നിർദ്ദേശം പരിഗണിക്കുന്നതിനുള്ള കമ്പനിയുടെ ബോർഡ് മീറ്റിംഗ് നാളെ ആരംഭിക്കാനിരിക്കെയാണ് ഓഹരി നേട്ടത്തിലായത്. ഓഹരി 590 രൂപയിലാണ് ക്ലോസ് ചെയ്തത്.
സ്പൈസ്ജെറ്റ് ഓഹരി 8 ശതമാനത്തിലധികം ഉയർന്നു. നവംബർ അവസാനത്തോടെ 10 വിമാനങ്ങൾ വാങ്ങുമെന്ന് എയർലൈൻ പ്രഖ്യാപിച്ചിരുന്നു. 3,000 കോടി രൂപയുടെ ധനസമാഹരണത്തിനുളള നടപടികളിലാണ് കമ്പനി. സ്പൈസ്ജെറ്റ് 62 രൂപയിലാണ് ക്ലോസ് ചെയ്തത്.
എതിരാളികളായ ഗ്രാഫ്‌ടെക് ഇന്റർനാഷണലിന്റ 8 ശതമാനം ഓഹരികൾ 250 കോടി രൂപയ്ക്ക് ഏറ്റെടുത്തതിനെത്തുടർന്ന് എച്ച്.ഇ.ജി ഓഹരി 10 ശതമാനത്തിലധികം ഉയർന്നു. ഇലക്‌ട്രോഡുകളുടെ നിർമ്മാണത്തിൽ വൈദഗ്ദ്ധ്യം നേടിയിട്ടുളള കമ്പനിയാണ് ഗ്രാഫ്‌ടെക് ഗ്രാഫൈറ്റ്. എച്ച്.ഇ.ജി യുടെ പ്രധാന ബിസിനസുമായി വളരെ അടുത്തു നില്‍ക്കുന്നതാണ് ഈ മേഖല. എച്ച്.ഇ.ജി 2,448 രൂപയിലാണ് ക്ലോസ് ചെയ്തത്.
നിക്ഷേപകർ ലാഭമെടുക്കലില്‍ ഏർപ്പെട്ടതിനാൽ തുടർച്ചയായ നാലാം സെഷനിലും റിലയന്‍സ് പവര്‍ അതിന്റെ ഇടിവ് തുടർന്നു. 5 ശതമാനം താഴ്ന്ന് ഓഹരി ലോവർ സർക്യൂട്ടിലെത്തി. 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന വിലയായ 53.64 രൂപയിൽ നിന്ന് 11 ശതമാനം താഴെയാണ് ഓഹരിയുളളത്. റിലയന്‍സ് പവര്‍ 46 രൂപയിലാണ് ക്ലോസ് ചെയ്തത്.
സെപ്റ്റംബർ പാദത്തിൽ 5 ശതമാനം ഏകീകൃത വിൽപ്പന വളർച്ച പ്രതീക്ഷിക്കുന്നതായി ഗോദ്റേഞ്ച് കണ്‍സ്യൂമര്‍ പ്രോഡക്ട്സ് ഏറ്റവും പുതിയ ബിസിനസ് അപ്‌ഡേറ്റിൽ അറിയിച്ചതിനു ശേഷം ഓഹരി മൂന്ന് ശതമാനം ഇടിഞ്ഞു. ഗോദ്റേഞ്ച് കണ്‍സ്യൂമര്‍ പ്രോഡക്ട്സ് 1,305 രൂപയിലാണ് ക്ലോസ് ചെയ്തത്.
സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനുള്ള പദ്ധതി ചൈന പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മെറ്റൽ ഓഹരികൾ നഷ്ടത്തിലായി. നഷ്‌ടത്തിന് നേതൃത്വം നൽകിയ എന്‍.എം.ഡി.സി ഓഹരി 4.3 ശതമാനം ഇടിഞ്ഞു. എന്‍.എം.ഡി.സി 219 രൂപയിലാണ് ക്ലോസ് ചെയ്തത്.
ചൈന ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചതിനെ തുടർന്ന് ടാറ്റ ഗ്രൂപ്പ് സ്ഥാപനമായ ടാറ്റ സ്റ്റീൽ മറ്റ് മെറ്റല്‍ ഓഹരികള്‍ക്കൊപ്പം ചുവപ്പിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബ്രോക്കറേജ് സ്ഥാപനമായ മോർഗൻ സ്റ്റാൻലി കഴിഞ്ഞയാഴ്ച ഓഹരിയുടെ റേറ്റിംഗ് ഉയര്‍ത്തിയിട്ടും സ്റ്റോക്ക് 3 ശതമാനത്തിലധികം ഇടിയുകയായിരുന്നു. ടാറ്റാ സ്റ്റീല്‍ 160 രൂപയിലാണ് ക്ലോസ് ചെയ്തത്.
പോസിറ്റീവ് മാർക്കറ്റ് വികാരം ഉണ്ടായിരുന്നിട്ടും എസ്.ബി.ഐ ലൈഫ് ഓഹരികൾ 3 ശതമാനത്തിലധികം ഇടിഞ്ഞു. ഇടിവ് മൂലം നിക്ഷേപകരുടെ സമ്പത്തിൽ 5,000 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. ഓഹരി അതിന്റെ 100-ദിവസ, 200-ദിവസ മൂവിംഗ് ആവറേജിന് (എസ്.എം.എ) മുകളിലാണ് ഇപ്പോൾ ട്രേഡ് ചെയ്യുന്നത്. എസ്.ബി.ഐ ലൈഫ് 1,728 രൂപയിലാണ് ക്ലോസ് ചെയ്തത്.
മികച്ച മുന്നേറ്റവുമായി കൊച്ചിന്‍ ഷിപ്പ്‍യാർഡും വണ്ടര്‍ലായും
കേരളാ ഓഹരികളിലും ഇന്ന് ലാഭ കുതിപ്പാണ് കാണാന്‍ കഴിഞ്ഞത്. മിക്ക ഓഹരികളും നേട്ടം രേഖപ്പെടുത്തി. വണ്ടര്‍ലാ ഹോളിഡേയ്സ് 10.74 ശതമാനത്തിന്റെ ഉയര്‍ച്ചയുമായി നേട്ടപട്ടികയില്‍ മുന്നിട്ടു നിന്നു. വണ്ടര്‍ലാ ഹോളിഡേയ്സ് 911 രൂപയിലാണ് ക്ലോസ് ചെയ്തത്.
കൊച്ചിന്‍ ഷിപ്പ്‍യാർഡ് 5 ശതമാനത്തിന്റെ നേട്ടവുമായി 1647.45 രൂപയിലും ഫാക്ട് 4.09 ശതമാനത്തിന്റെ നേട്ടവുമായി 885 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.
കൊച്ചിന്‍ മിനറല്‍സ് 7.29 ശതമാനത്തിന്റെയും മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസ് 5.63 ശതമാനത്തിന്റെയും കിംഗ്സ് ഇന്‍ഫ്രാ വെഞ്ച്വേഴ്സ് 5.48 ശതമാനത്തിന്റെയും ഹാരിസണ്‍സ് മലയാളം 4.99 ശതമാനത്തിന്റെയും ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 3.58 ശതമാനത്തിന്റെയും നേട്ടത്തോടെയാണ് ചൊവ്വാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.
പോപ്പുലര്‍ വെഹിക്കിള്‍സ് 0.64 ശതമാനം നഷ്ടത്തില്‍ 207.95 രൂപയിലാണ് ക്ലോസ് ചെയ്തത്. കെ.എസ്.ഇ 0.5 ശതമാനവും കിറ്റെക്സ് ഗാര്‍മെന്റ്സ് 0.45 ശതമാനവും നഷ്ടം രേഖപ്പെടുത്തി.
എസ്.ടി.ഇ.എല്‍ ഹോള്‍ഡിംഗ്സ്, ടോളിന്‍സ് ടയേഴ്സ്, വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്സ് തുടങ്ങിയ ഓഹരികളും നഷ്ടത്തിലായിരുന്നു.
Next Story
Videos