Begin typing your search above and press return to search.
ഐ.ടിയിലേറി സൂചികകള്‍ മുന്നോട്ട്; ഓഹരി വിപണി ഇനി തിരുത്തലിലേക്കോ?
തുടര്‍ച്ചയായ രണ്ടാംദിവസവും നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ച് ഇന്ത്യന്‍ ഓഹരി സൂചികകള്‍. സെന്‍സെക്‌സ് ഇന്ന് 178.58 പോയിന്റ് (0.25%) ഉയര്‍ന്ന് 72,026.15ലും. നിഫ്റ്റി 52.20 പോയിന്റ് (0.24%) നേട്ടവുമായി 21,710.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഇന്നലെ ഓഹരി സൂചികകളുടെ കുതിപ്പിന് ചുക്കാന്‍ പിടിച്ചത് റിയല്‍റ്റി ഓഹരികളായിരുന്നെങ്കില്‍ ഇന്ന് മുന്നില്‍നിന്ന് നയിച്ചത് ഐ.ടി ഓഹരികളാണ്.
ഇവര്‍ മുന്നേറിയവര്‍
സെന്‍സെക്‌സില്‍ ടി.സി.എസ്., എല്‍ ആന്‍ഡ് ടി., എച്ച്.സി.എല്‍ ടെക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, വിപ്രോ എന്നിവരാണ് കൂടുതല്‍ തിളങ്ങിയത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവയുടെ പ്രകടനവും നേട്ടത്തിന് സഹായകമായി.
ഇന്ത്യന്‍ ഐ.ടി കമ്പനികള്‍ വരുമാനത്തില്‍ മുഖ്യപങ്കും നേടുന്നത് അമേരിക്കയില്‍ നിന്നാണ്. അമേരിക്കന്‍ കേന്ദ്രബാങ്കായ യു.എസ് ഫെഡറല്‍ റിസര്‍വ് വൈകാതെ അടിസ്ഥാന പലിശനിരക്ക് കുറച്ചുതുടങ്ങുമെന്ന വിലയിരുത്തലുകളാണ് ഐ.ടി ഓഹരികള്‍ക്ക് ഇന്ന് ഊര്‍ജമായത്.
എ.പി.എല്‍ അപ്പോളോ ട്യൂബ്‌സ്, മദേഴ്‌സണ്‍ സുമി, ട്യൂബ് ഇന്‍വെസ്റ്റ്‌മെന്റ്‌സ്, എന്‍.എച്ച്.പി.സി., നൗക്രി (ഇന്‍ഫോഎഡ്ജ്) എന്നിവയാണ് ഇന്ന് നിഫ്റ്റി 200ല്‍ കൂടുതല്‍ നേട്ടമുണ്ടാക്കിയത്.
ഇവരും ഇന്നത്തെ താരങ്ങള്‍
എവര്‍റിന്യൂ എനര്‍ജിയില്‍ നിന്ന് 225 മെഗാവാട്ട് പദ്ധതിയുടെ കരാര്‍ ലഭിച്ചതിന്റെ കരുത്തില്‍ സുസ്‌ലോണ്‍ എനര്‍ജി ഓഹരി ഇന്ന് 5 ശതമാനം കുതിച്ച് അപ്പര്‍-സര്‍കീട്ടിലെത്തി.
കടപ്പത്രങ്ങളിറക്കി 500 കോടി രൂപ സമാഹരിക്കാനൊരുങ്ങുകയാണ് അദാനി പോര്‍ട്‌സ്; ഓഹരി ഇന്ന് 2.73 ശതമാനം കയറി. എ.സി.സി., അദാനി പവര്‍. അംബുജ സിമന്റ്, അദാനി ടോട്ടല്‍ ഗ്യാസ് എന്നീ അദാനി ഗ്രൂപ്പ് ഓഹരികളും ഇന്ന് 1-3.2 ശതമാനം നേട്ടത്തിലാണ്.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ പിന്തള്ളി ഇന്ത്യയിലെ ഏറ്റവും സമ്പന്നനെന്ന പട്ടം അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി സ്വന്തമാക്കിയിട്ടുണ്ട് (Read Details).
ശ്രീസിമന്റ് ഓഹരി വീണു
നെസ്‌ലെ, ജെ.എസ്.ഡബ്ല്യു സ്റ്റീല്‍, കോട്ടക് ബാങ്ക്, സണ്‍ ഫാര്‍മ, ഏഷ്യന്‍ പെയിന്റ്‌സ് എന്നിവയാണ് സെന്‍സെക്‌സില്‍ ഇന്ന് കൂടുതല്‍ നഷ്ടം നേരിട്ട പ്രമുഖര്‍.
ആദായനികുതി വകുപ്പില്‍ നിന്ന് 4,000 കോടി രൂപയുടെ നികുതി നോട്ടീസ് കിട്ടിയ ശ്രീസിമന്റ് കമ്പനിയുടെ ഓഹരികള്‍ ഇന്ന് 4.7 ശതമാനം ഇടിഞ്ഞു. ഗുജറാത്ത് ഫ്‌ളൂറോകെമിക്കല്‍സ്, ശ്രീസിമന്റ്, ആദിത്യ ബിര്‍ള ഫാഷന്‍, ബന്ധന്‍ബാങ്ക്, മാക്‌സ് ഹെല്‍ത്ത്‌കെയര്‍ എന്നിവയാണ് നിഫ്റ്റി 200ല്‍ ഇന്ന് കൂടുതല്‍ നഷ്ടം രേഖപ്പെടുത്തിയത്.
വിപണിയുടെ ട്രെന്‍ഡ്
നിഫ്റ്റി 50ല്‍ 23 ഓഹരികള്‍ ഇന്ന് നേട്ടത്തിലും 27 എണ്ണം നഷ്ടത്തിലുമായിരുന്നു. ബി.എസ്.ഇയില്‍ 2,223 ഓഹരികള്‍ നേട്ടത്തിലേറിയപ്പോള്‍ നഷ്ടത്തിലേക്ക് വീണത് 1,612 ഓഹരികളാണ്. 101 ഓഹരികളുടെ വില മാറിയില്ല.
497 ഓഹരികള്‍ ഇന്ന് 52-ആഴ്ചത്തെ ഉയരത്തിലും 8 എണ്ണം താഴ്ചയിലുമായിരുന്നു. 14 ഓഹരികള്‍ ഇന്ന് അപ്പര്‍-സര്‍കീട്ടിലുണ്ടായിരുന്നു. ലോവര്‍-സര്‍കീട്ടില്‍ രണ്ട് കമ്പനികളെ കണ്ടു. ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ മൊത്തം നിക്ഷേപകമൂല്യം ഇന്ന് ഒരുലക്ഷം കോടി രൂപ വര്‍ധിച്ച് 369.32 ലക്ഷം കോടി രൂപയെന്ന റെക്കോഡിലുമെത്തി.
അമേരിക്കയുടെ പുതിയ തൊഴില്‍ക്കണക്കുകള്‍ ഇന്ന് ഇന്ത്യന്‍ സമയം രാത്രിവൈകി പുറത്തുവരും. കണക്കുകള്‍ നിരാശപ്പെടുത്തിയാല്‍ ആഗോളതലത്തില്‍ തന്നെ ഓഹരി വിപണികള്‍ തളരാനിടയുണ്ട്. നിഫ്റ്റി നടപ്പുവര്‍ഷം (2023-24) വലിയ തിരുത്തലിന് സാക്ഷിയായേക്കുമെന്നാണ് നിരീക്ഷകരുടെ വാദം. 1-2 ശതമാനം തിരുത്തലിനാണ് സാധ്യത കല്‍പിക്കപ്പെടുന്നത്.
വിശാലവിപണിയില്‍ ഐ.ടിക്ക് തിളക്കം
എച്ച്.സി.എല്‍ ടെക്, എല്‍.ടി.ഐ മൈന്‍ഡ്ട്രീ തുടങ്ങിയ ഐ.ടി കമ്പനികളുടെ ഓഹരികള്‍ തിളങ്ങിയതിന്റെ ആവേശത്തില്‍ നിഫ്റ്റി ഐ.ടി സൂചിക ഇന്ന് 1.29 ശതമാനം ഉയര്‍ന്നു. നിഫ്റ്റി ഓട്ടോ (0.40%), റിയല്‍റ്റി (0.36%) എന്നിവ പിന്തുണ നല്‍കി.
നിഫ്റ്റി ധനകാര്യം, എഫ്.എം.സി.ജി., മെറ്റല്‍, ഫാര്‍മ, പി.എസ്.യു ബാങ്ക്, പ്രൈവറ്റ് ബാങ്ക്, ഹെല്‍ത്ത്‌കെയര്‍ സൂചികകള്‍ ഇടിഞ്ഞെങ്കിലും മുഖ്യ സൂചികകള്‍ ഐ.ടി ഓഹരികളുടെ ബലത്തില്‍ പിടിച്ചുനിന്നു.
ബാങ്ക് നിഫ്റ്റി 0.08 ശതമാനം നഷ്ടത്തിലാണുള്ളത്. നിഫ്റ്റി മിഡ്ക്യാപ്പ് 0.18 ശതമാനവും സ്‌മോള്‍ക്യാപ്പ് 0.65 ശതമാനവും ഉയര്‍ന്നു.
കേരളശ്രീയായി നിറ്റ ജെലാറ്റിന്‍
കേരളത്തില്‍ നിന്നുള്ള ഓഹരികളില്‍ നിറ്റ ജെലാറ്റിന്‍ ഇന്ന് 10.65 ശതമാനവും ഈസ്‌റ്റേണ്‍ ട്രെഡ്‌സ് 9.34 ശതമാനവും നേട്ടമുണ്ടാക്കി. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലേക്ക് ഉള്‍പ്പെടെ സാന്നിധ്യം വിപുലമാക്കാനൊരുങ്ങുന്ന ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ ഓഹരി 4.15 ശതമാനം നേട്ടമുണ്ടാക്കി (Read Details).
അപ്പോളോ ടയേഴ്‌സ്, ബി.പി.എല്‍., ഹാരിസണ്‍സ് മലയാളം, വെര്‍ട്ടെക്‌സ് എന്നിവ 2-5 ശതമാനം നേട്ടത്തിലാണുള്ളത്.
ഇസാഫ് ബാങ്ക്, ധനലക്ഷ്മി ബാങ്ക്, ഫാക്ട്, ഫെഡറല്‍ ബാങ്ക്, കല്യാണ്‍ ജുവലേഴ്‌സ്, കേരള ആയുര്‍വേദ, മുത്തൂറ്റ് ഫിനാന്‍സ്, വി-ഗാര്‍ഡ്, വണ്ടര്‍ല എന്നിവ ഇന്ന് നഷ്ടമാണ് നേരിട്ടത്.
ഡിസംബര്‍പാദത്തില്‍ വരുമാന വര്‍ധന കുറിച്ചെന്ന പ്രാഥമിക റിപ്പോര്‍ട്ട് പുറത്തുവിട്ട കല്യാണ്‍ ജുവലേഴ്‌സ്, ഈ വര്‍ഷം തന്നെ കൂടുതല്‍ ഷോറൂമുകള്‍ തുറക്കുമെന്നും സൂചിപ്പിച്ചിട്ടുണ്ട്. ഓഹരി വില ഇന്ന് ആദ്യ സെഷനില്‍ നേട്ടം കുറിച്ചെങ്കിലും പിന്നീട് താഴെയിറങ്ങുകയായിരുന്നു (Read Details).
Next Story
Videos