ലാഭമെടുക്കലിൽ ഉലഞ്ഞു വിപണി

റിക്കാർഡ് നിലവാരത്തിലെത്തിയ വിപണിയിൽ ലാഭമെടുക്കലിൻ്റെ സമ്മർദം. തുടക്കത്തിൽ ഉയർന്നു വ്യാപാരം തുടങ്ങിയ സൂചികകൾ താമസിയാതെ നഷ്ടത്തിലായി. എന്നാൽ ബാങ്ക് നിഫ്റ്റി കൂടുതൽ ഉയരത്തിലേക്കു കയറി. അതേ സമയം മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ നല്ല നേട്ടത്തിലാണ്.

പഞ്ചാബ് നാഷണൽ ബാങ്ക് ഓഹരി ഇന്ന് എട്ടു ശതമാനത്തോളം ഉയർന്നു. യുടിഐ അസറ്റ് മാനേജ്മെൻ്റ് കമ്പനിയിൽ ബാങ്കിനുളള ഓഹരി വിൽക്കാൻ സർക്കാരിൻ്റെ അനുമതി ലഭിച്ചതാണു നേട്ടത്തിനു കാരണം. യുടിഐയിൽ 15.22 ശതമാനം ഓഹരി പിഎൻബിക്ക് ഉണ്ട്. വിൽപന വഴി ബാങ്കിനു വലിയ ലാഭം ലഭിക്കും.
സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരി ഇന്ന് 16.05 രൂപ വരെ കയറിയ ശേഷം അൽപം താണു. ആറു ശതമാനം നേട്ടമാണത്. ഫെഡറൽ ബാങ്ക് ഇന്നു 135 രൂപ വരെ ഉയർന്നിട്ട് അൽപം താഴോട്ടു നീങ്ങി. ധനലക്ഷ്മി ബാങ്ക് 15.35 രൂപ വരെയും കയറി.
ഐഡിബിഐ ബാങ്ക്, ആർബിഎൽ ബാങ്ക് തുടങ്ങിയവയും രാവിലെ നല്ല നേട്ടത്തിലാണ്.
ഓൾ കാർഗോ ലോജിസ്റ്റിക്സ് ഒരു ജർമൻ കമ്പനിയെ ഏറ്റെ ടുക്കാൻ കരാർ ഉണ്ടാക്കി. എന്നാൽ ഓൾ കാർഗോ ഓഹരിയിൽ ഉണർവ് ഉണ്ടായില്ല.
കാപ്രി ഗ്ലോബൽ ഗ്രൂപ്പ് ഫിനോ പേമെൻ്റ്സ് ബാങ്കിൻ്റെ ഓഹരികൾ വൻതോതിൽ വാങ്ങുന്നുണ്ട്. കാപ്രിയുടെ ലിസ്റ്റ് ചെയ്ത കമ്പനിയായ കാപ്രി ഗ്ലോബൽ കാപ്പിറ്റൽ അല്ല വാങ്ങുന്നത്. ലിസ്റ്റ് ചെയ്യാത്ത കാപ്രി ഗ്ലോബൽ ഹോൾഡിംഗ്സ് ആണു വാങ്ങലുകാർ. ഫിനോയെ ഏറ്റെടുക്കുകയല്ല ലക്ഷ്യമെന്ന് അവർ വിശദീകരിച്ചു. കാപ്രി കാപ്പിറ്റൽ ഓഹരിയുടെ വില താഴ്ന്നു. ഫിനോ ഓഹരി ഇന്നും ഉയർന്നു. ചൊവ്വ മുതൽ 45 ശതമാനം ഉയർച്ച ഫിനോയ്ക്ക് ഉണ്ടായി.
രൂപ ഇന്നും നേട്ടമുണ്ടാക്കി. 81.67 രൂപയിൽ വ്യാപാരം തുടങ്ങിയ ഡോളർ പിന്നീട് 81.50 രൂപയിലേക്കു താഴ്ന്നു.
സ്വർണം രാജ്യാന്തര വിപണിയിൽ 1760 ഡോളറിലേക്കു കയറി. കേരളത്തിൽ സ്വർണം വില മാറ്റമില്ലാതെ 38,840 രൂപകൽ തുടർന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it