ഓഹരി വിപണിയിൽ ചാഞ്ചാട്ടം; ഇക്കൊല്ലവും കുതിപ്പ് തുടരുമെന്ന സൂചന നൽകി റെയിൽവേ ഓഹരികൾ
താഴ്ചയിൽ വ്യാപാരം തുടങ്ങിയ പുതുവത്സര ദിനത്തിൽ സൂചികകൾ ചാഞ്ചാട്ടത്തിലാണ്. 72,032 വരെ താഴ്ന്ന സെൻസെക്സും 21,684 വരെ ഇടിഞ്ഞ നിഫ്റ്റിയും പിന്നീടു നഷ്ടം ഇല്ലാതാക്കി. തുടർന്നു ചാഞ്ചാട്ടം തുടങ്ങി.
ബാങ്ക് നിഫ്റ്റിയും തുടക്കത്തിൽ താഴ്ചയിലായിരുന്നു. പിന്നീടു കുറച്ചു സമയം നേട്ടത്തിലായിട്ടു വീണ്ടും താഴ്ചയിലായി.
ഐ.ടി ഓഹരികൾ ഇന്നും നഷ്ടത്തിലായി. മൂന്നാംപാദ റിസൽട്ടുകൾ മോശമാകുമെന്നാണു സംസാരം.
ഡിസംബറിൽ ബജാജ് ഓട്ടോയുടെ ആഭ്യന്തര വിൽപന 28 ശതമാനം കൂടിയപ്പോൾ കയറ്റുമതി രണ്ടു ശതമാനം കുറഞ്ഞു. ഓഹരി 0.60 ശതമാനം താഴ്ന്നു.
വോഡഫോൺ ഐഡിയ ഓഹരി രാവിലെ 13 ശതമാനം കുതിച്ചു. 52 ആഴ്ചയിലെ ഉയർന്ന വില തിരുത്തി. കമ്പനിയിൽ മൂലധന നിക്ഷേപത്തിന് ആൾക്കാരെ കണ്ടെത്താനുള്ള സമയ പരിധി ഡിസംബർ 31ന് അവസാനിച്ചു. അനുകൂല വാർത്ത ഉണ്ടെന്ന ധാരണയിലാണു വിപണി.
കഴിഞ്ഞ വെള്ളിയാഴ്ച ഓഹരി 23 ശതമാനം കയറിയതാണ്. മൂലധനം എത്തുന്നില്ലെങ്കിൽ വായ്പ നൽകില്ല എന്ന നിലപാടിലാണ് ബാങ്കുകൾ. അടുത്ത ദിവസം ഇന്ത്യയിൽ എത്തുന്ന ഇലോൺ മസ്ക് തന്റെ സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് സർവീസിന് വോഡഫോണിനെ പങ്കാളിയാക്കുമെന്നും അതു കമ്പനിക്കു പുനരുജ്ജീവനമാകുമെന്നും സംസാരമുണ്ട്.
കഴിഞ്ഞ കൊല്ലം വലിയ കയറ്റം കാണിച്ച റെയിൽവേ ഓഹരികൾ ഇക്കൊല്ലവും കുതിപ്പ് തുടരുമെന്ന സൂചന നൽകി ഇന്നു നല്ല നേട്ടത്തിലായി. 120 കോടിയുടെ ഓർഡർ ലഭിച്ച റെയിൽ ടെൽ ഓഹരി 15 ശതമാനം ഉയർന്നു.
വിമാന ഇന്ധനത്തിന്റെ വില നാലു ശതമാനം കുറച്ചതിനെ തുടർന്ന് ഇൻഡിഗോ, സ്പൈസ് ജെറ്റ് ഓഹരികൾ രണ്ടു ശതമാനം ഉയർന്നു.
18,000 കോടി രൂപയുടെ മെഗാ ഓർഡർ ലഭിച്ചതായ റിപ്പോർട്ട് ഭെൽ ഓഹരിയെ ആറു ശതമാനം വരെ ഉയർത്തി.
കൽപതരു പ്രാേജക്ട്സിനു കൂടുതൽ ഓർഡറുകൾ ലഭിച്ചത് ഓഹരി എട്ടു ശതമാനം ഉയരാൻ സഹായിച്ചു. രൂപ ഇന്നു തുടക്കത്തിൽ നേട്ടത്തിലായി. ഡോളർ അഞ്ചു പൈസ താണ് 83.15 രൂപയിലാണ് ഓപ്പൺ ചെയ്തത്.
സ്വർണം ലോകവിപണിയിൽ 2066 ഡോളറിലാണ്. ആഗാേള വിപണികൾ മിക്കതും അവധിയിലാണ്. കേരളത്തിൽ സ്വർണം പവന് വിലമാറ്റം ഇല്ലാതെ 48,840 രൂപയിൽ തുടരുന്നു. ക്രൂഡ് ഓയിൽ വിപണി ഇന്ന് അവധിയിലാണ്.