ജി.ഡി.പി കരുത്തില്‍ മുന്നേറി വിപണി; പറന്നുയര്‍ന്ന് സി.ജി പവര്‍, കരകയറി ധനലക്ഷ്മി ബാങ്ക്

ജി.ഡി.പി വളര്‍ച്ചയിലെ കുതിപ്പ് ഓഹരി വിപണിക്കു വലിയ ഊര്‍ജമായി. കഴിഞ്ഞ ദിവസങ്ങളിലെ നഷ്ടം മറി കടന്നുകൊണ്ടാണു വ്യാപാരം തുടങ്ങിയത്. പിന്നീട് കൂടുതല്‍ ഉയര്‍ന്നു. വ്യാപാരം ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ സെന്‍സെക്‌സ് 73,240 വരെയും നിഫ്റ്റി 22,205 വരെയും ഉയര്‍ന്നിരുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ ഓഹരികളുടെ വിലനിലവാരത്തെപ്പറ്റി ഉയര്‍ന്നിരുന്ന ആശങ്കകള്‍ തള്ളിക്കളഞ്ഞു കൊണ്ടാണ് വിപണിയുടെ ഇന്നത്തെ കുതിപ്പ്. മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് ഓഹരികള്‍ ഗണ്യമായ മുന്നേറ്റം നടത്തി.
ഫെബ്രുവരിയിലെ വാഹന വില്‍പന 24 ശതമാനം വര്‍ധിച്ചത് ബജാജ് ഓട്ടോയുടെ ഓഹരിയെ രണ്ടു ശതമാനം കയറ്റി. 3.46 ലക്ഷം വാഹനങ്ങളാണ് കഴിഞ്ഞമാസം വിറ്റത്.
7,600 കോടി രൂപ നിക്ഷേപിച്ച് സെമികണ്ടക്ടര്‍ നിര്‍മാണ യൂണിറ്റ് തുടങ്ങാന്‍ സി.ജി പവറിനു കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചത് ഓഹരിയെ 10 ശതമാനം ഉയര്‍ത്തി.
ഹെല്‍ത്ത്കെയര്‍ മേഖല ഇന്നു രാവിലെ താഴ്ചയിലായി. മാക്‌സ് ഹെല്‍ത്ത്കെയര്‍ 8.2 ശതമാനവും അപ്പോളോ ഹോസ്പിറ്റല്‍സ് 1.7 ശതമാനവും താഴ്ന്നു.
കോഹാന്‍സ് ലൈഫുമായി ലയനം പ്രഖ്യാപിച്ച സുവേന്‍ ഫാര്‍മയുടെ ഓഹരി 10 ശതമാനം കുതിച്ചു.
ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികള്‍ അടക്കം ഓയില്‍-ഗ്യാസ് മേഖലയിലെ കമ്പനികള്‍ ഇന്നു നല്ല നേട്ടം ഉണ്ടാക്കി. ഓയില്‍ ഇന്ത്യ 5.6 ശതമാനവും ഒ.എന്‍.ജി.സി 3.5 ശതമാനവും ഐ.ഒ.സി 3.75 ശതമാനവും ബി.പി.സി.എല്‍ 3.7 ശതമാനവും കയറി.
മെറ്റല്‍ ഓഹരികള്‍ ഇന്നു കുതിപ്പിലാണ്. സെയില്‍ ഓഹരി ആറു ശതമാനത്തോളം കയറി. ടാറ്റാ സ്റ്റീല്‍, ജെ.എസ്.ഡബ്‌ള്യു സ്റ്റീല്‍, ഹിന്‍ഡാല്‍കോ, നാല്‍കോ തുടങ്ങിയവ രണ്ടു ശതമാനത്തിലധികം കയറി.
കഴിഞ്ഞദിവസങ്ങളില്‍ താഴ്ചയിലായിരുന്ന ധനലക്ഷ്മി ബാങ്ക് ഇന്നു രാവിലെ അഞ്ചു ശതമാനം ഉയര്‍ന്നു. സൗത്ത് ഇന്ത്യന്‍ ബാങ്ക് ഒരു ശതമാനം നേട്ടത്തിലാണ്.
രൂപ ഇന്നു നേട്ടത്തിലായി. ഡോളര്‍ ഇന്ന് അഞ്ചു പൈസ താഴ്ന്ന് 82.86 രൂപയില്‍ ഓപ്പണ്‍ ചെയ്തു.
സ്വര്‍ണം ലോകവിപണിയില്‍ 2,045 ഡോളറിലാണ്. കേരളത്തില്‍ സ്വര്‍ണം പവന് 240 രൂപ കൂടി 46,320 രൂപയായി.
T C Mathew
T C Mathew  
Related Articles
Next Story
Videos
Share it