വിപണി കയറ്റത്തിൽ; റിയൽറ്റി താഴോട്ട്, ഐ.സി.ഐ.സി.ഐ ബാങ്ക് ഓഹരി താഴ്ന്നു

ഇന്ത്യൻ വിപണി ഇന്നു ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങിയിട്ട് കൂടുതൽ ഉയർന്നു. ബാങ്ക് നിഫ്റ്റി രാവിലെ മുതൽ ചാഞ്ചാട്ടത്തിലായി. റിയൽറ്റി, ഐ.ടി, മീഡിയ എന്നിവ ഒഴികെ എല്ലാ മേഖലകളും രാവിലെ നേട്ടത്തിലായിരുന്നു.

ഗോദ്റെജ് ഗ്രൂപ്പ് തങ്ങളുടെ വ്യവസായ സാമ്രാജ്യം രണ്ടായി വിഭജിക്കാൻ തീരുമാനിച്ചു. ഇതേ തുടർന്ന് ഗോദ്റെജ് പ്രോപ്പർട്ടീസ് ഒഴികെയുള്ള ഗ്രൂപ്പ് കമ്പനികൾ നാലു ശതമാനം വരെ കയറി. വിക്രോളിയിലെ 3400 ഏക്കർ ഭൂമി കമ്പനിക്കില്ല എന്നതാണു ഗോദ്റെജ് പ്രോപ്പർട്ടീസിന് നാലു ശതമാനം വില ഇടിയാൻ കാരണം.

ഐ.സി.ഐ.സി.ഐ ബാങ്ക് എംഡി സന്ദീപ് ബക്ഷി രാജിവയ്ക്കും എന്ന് ഒരു മാധ്യമം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഓഹരി താഴ്ന്നു. ബാങ്ക് ഉടൻ തന്നെ റിപ്പോർട്ട് നിഷേധിച്ചത് വില തിരിച്ചു കയറാൻ സഹായിച്ചു. എങ്കിലും പിന്നീടു വില താഴ്ന്നു. റിപ്പോർട്ട് വെറും ഭാവനാസൃഷ്ടി ആണെന്നു ബാങ്ക് പറഞ്ഞു.

ജോയിൻ്റ് മാനേജിംഗ് ഡയറക്ടർ കെ.വി.എസ്. മണിയൻ രാജിവച്ചതിൻ്റെ പേരിൽ കൊട്ടക് മഹീന്ദ്ര ബാങ്ക് ഓഹരി നാലു ശതമാനത്തോളം താണു. ആറു മാസത്തിനുള്ളിൽ പല സീനിയർ മാനേജർമാർ ബാങ്കിൽ നിന്നു വിട്ടു പോയിട്ടുണ്ട്. ബാങ്കിൻ്റെ അര ശതമാനം ഓഹരി ബൾക്ക് ഡീലിൽ വിറ്റ വാർത്തയും ഓഹരിക്കു നെഗറ്റീവ് ആയി.

മണിയൻ എം.ഡി - സി.ഇ.ഒ ആകും എന്ന റിപ്പോർട്ടുകളെ തുടർന്നു ഫെഡറൽ ബാങ്ക് ഓഹരി നാലു ശതമാനം ഉയർന്നു. ഓഹരി 169.50 രൂപ എന്ന റെക്കോർഡ് കുറിച്ചു. ബാങ്കിൻ്റെ റിസൽട്ട് ഇന്നു പുറത്തുവിടും.

ഏപ്രിലിലെ വാഹന വിൽപന കൂടിയതും പുതിയ എസ്.യു.വി പുറത്തിറക്കിയതും മഹീന്ദ്ര ആൻഡ് മഹീന്ദ്രയെ രണ്ടു ശതമാനത്തിലധികം ഉയർത്തി. വിൽപന പ്രതീക്ഷയോളം വർധിക്കാത്തതു മാരുതിയുടെ വില രണ്ടു ശതമാനം താഴ്ത്തി. ബജാജ് ഓട്ടോ, ഐഷർ മോട്ടോഴ്സ്, ടി.വി.എസ് മോട്ടോഴ്സ് തുടങ്ങിയവ ഉയർന്നു.

രൂപ ഇന്നു തുടക്കത്തിൽ കരുത്തു കാട്ടി. ഡോളർ രണ്ടു പൈസ കുറഞ്ഞ് 83.41 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 83.44ലേക്കു ഡോളർ കയറി. സ്വർണം ലോകവിപണിയിൽ 2319 ഡോളറിലേക്കു താഴ്ന്നു. കേരളത്തിൽ സ്വർണം പവന് 560 രൂപ കൂടി 53,000 രൂപയായി. ക്രൂഡ് ഓയിൽ അൽപം കയറി. ബ്രെൻ്റ് 83.91 ഡോളറിൽ എത്തി

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it