ഓഹരി വിപണി കയറ്റത്തിൽ; റിയൽറ്റി കുതിക്കുന്നു
വിപണി തിരിച്ചു കയറുകയാണ്. രണ്ടു ദിവസത്തെ ഇടിവിനു ശേഷം ഇന്നു നേട്ടത്തിൽ വ്യാപാരം തുടങ്ങി. പിന്നീടു കൂടുതൽ ഉയർന്നു. രാവിലെ നിഫ്റ്റി നൂറും സെൻസെക്സ് നാന്നൂറും പോയിന്റ് കയറി.
റിയൽറ്റി ഓഹരികൾ ഇന്നു വലിയ കുതിപ്പിലാണ്. നിഫ്റ്റി റിയൽറ്റി സൂചിക 3.8 ശതമാനം ഉയർന്നു.
ജെ.പി മോർഗൻ പ്രമുഖ ഇന്ത്യൻ ഐ.ടി കമ്പനികളുടെ റേറ്റിംഗും ലക്ഷ്യവിലയും ഉയർത്തിയത് ഐടി ഓഹരികളെ തുടക്കത്തിൽ സഹായിച്ചു. പിന്നീട് ടി.സി.എസും വിപ്രോയും നഷ്ടത്തിലായി, ഇൻഫി നേട്ടം കുറച്ചു. നിഫ്റ്റി ഐ.ടി നഷ്ടത്തിലേക്കു മാറി.
ധാംപുർ ഷുഗർ ഒന്നിനു 300 രൂപ വില വച്ച് 10 ലക്ഷം ഓഹരികൾ തിരിച്ചു വാങ്ങുമെന്നു പ്രഖ്യാപിച്ചു.
സേലം സ്റ്റീൽ പ്ലാന്റ് സ്വകാര്യ മേഖലയ്ക്കു വിൽക്കാനുള്ള നീക്കം ഉപേക്ഷിച്ചതു സെയിൽ ഓഹരിയെ സഹായിച്ചു.
ടാറ്റാ മോട്ടോഴ്സിന് ജെ.എൽ.ആറിൽ നിന്നുള്ള വരുമാനം ഗണ്യമായി കൂടുമെന്നു വിലയിരുത്തി ലക്ഷ്യവില ഉയർത്തിയ ജെ.പി മോർഗൻ റിപ്പോർട്ട് ഓഹരി ഇന്ന് രണ്ടു ശതമാനം കയറാൻ കാരണമായി.
ബജാജ് ഫിനാൻസ് ഓഹരി 10,000 രൂപ വരെ എത്താമെന്ന മോർഗൻ സ്റ്റാൻലി റിപ്പോർട്ട് ഓഹരിയെ മൂന്നു ശതമാനം ഉയർത്തി. നാെമുറ ബജാജ് ഫിനാൻസിന്റെ ലക്ഷ്യവില 9500 രൂപയാക്കി. ബജാജ് ഫിനാൻഷ്യൽ സർവീസസും ഇതോടെ ഉയർന്നു.
ബാങ്കുകൾ വായ്പ - നിക്ഷേപ അനുപാതം 75 ശതമാനത്തിൽ താഴെ നിർത്തണമെന്ന് റിസർവ ബാങ്ക് ആവശ്യപ്പെട്ടത് എസ്.ബി.ഐ അടക്കം പല ബാങ്കുകളുടെയും ഓഹരിവില താഴ്ത്തി.
ഗുജറാത്ത് സർക്കാരുമായി 10 പദ്ധതികൾക്കു ധാരണാ പത്രം ഒപ്പുവച്ച ടോറന്റ് പവർ ഓഹരി 12 ശതമാനം ഉയർന്നു.
രൂപ ഇന്നു ദുർബലമായി. ഡോളർ മൂന്നു പൈസ കൂടി 83.31 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 83.34 രൂപയിലെത്തി.
സ്വർണം ലോകവിപണിയിൽ 2046 ഡോളറിലേക്കു കയറി. കേരളത്തിൽ സ്വർണം പവന് 320 രൂപ കുറഞ്ഞ് 46,480 രൂപയായി.
ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്നു. ബ്രെന്റ് ഇനം 78.52 ഡോളറിലാണ്.