കയറ്റം തുടര്‍ന്ന് ഓഹരി വിപണി; അഞ്ച് ദിവസം കൊണ്ട് 39 ശതമാനം കയറി അനില്‍ അംബാനിയുടെ റിലയന്‍സ് പവര്‍
ഏഷ്യന്‍ കാറ്റില്‍ പെടാതെ ഇന്ത്യന്‍ വിപണി ഉയര്‍ന്നു വ്യാപാരം തുടങ്ങി. പിന്നീട് കൂടുതല്‍ ഉയര്‍ന്നു. ഐ.ടി, റിയല്‍റ്റി, മീഡിയ ഓഹരികള്‍ നല്ല നേട്ടം കാഴ്ചവച്ചു.
വൈദ്യുതിവിലയും പ്രോത്സാഹന തുകയും വര്‍ധിപ്പിക്കുന്ന പുതിയ താരിഫ് നയത്തിന്റെ ഡ്രാഫ്റ്റ് പുറത്തു വന്നത് എന്‍.ടി.പി.സി ഓഹരിയെ രണ്ടു ശതമാനം ഉയര്‍ത്തി. എന്‍.എച്ച്.പി.സി ഒന്നര ശതമാനം കയറി.
മൂന്നാം പാദത്തില്‍ വില്‍പന മികച്ച തോതില്‍ നടന്നതു കല്യാണ്‍ ജൂവലേഴ്‌സിന്റെ ഓഹരി വില മൂന്നു ശതമാനം ഉയര്‍ത്തി.
സി.ഫ്.ഒ അജയ് കാല്‍റ രാജിവച്ചെങ്കിലും കോഫോര്‍ജ് ഓഹരി ഒരു ശതമാനത്തിലധികം കയറി.
അനില്‍ അംബാനി ഗ്രൂപ്പില്‍ പെട്ട റിലയന്‍സ് പവര്‍ ഇന്നും മൂന്നര ശതമാനം ഉയര്‍ന്ന് 31.20 രൂപയായി. കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് ഓഹരി 39 ശതമാനം കയറിയിട്ടുണ്ട്.
മുഖവില പത്തിലൊന്നായി കുറയ്ക്കുന്ന വിധം ഓഹരി വിഭജിച്ച നെസ്ലെ രണ്ടു ശതമാനത്തിലധികം ഉയര്‍ന്ന് 2,660 രൂപയില്‍ എത്തി.
പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് 32 കോടി രൂപയുടെ കരാര്‍ ലഭിച്ച ബി.ഇ.എം.എല്‍ ഓഹരി നാലു ശതമാനം ഉയര്‍ന്നു. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ഓഹരിയും നാലുശതമാനത്തിലധികം കയറി.
രൂപ ഇന്നു രാവിലെ നിരക്കു മാറ്റമില്ലാതെ വ്യാപാരം തുടങ്ങി. ഡോളര്‍ 83.23 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീട് ഡോളര്‍ 83.20 രൂപയിലേക്കു താണു.
സ്വര്‍ണം ലോകവിപണിയില്‍ ഔണ്‍സിന് 2,045 ഡോളറിലേക്കു താണു. കേരളത്തില്‍ സ്വര്‍ണം പവന് 80 രൂപ കുറഞ്ഞ് 46,400 രൂപയായി. ക്രൂഡ് ഓയില്‍ വില 78 ഡോളറിനു താഴെ തുടരുന്നു.