നേട്ടത്തിലേറിയതിന് പിന്നാലെ സൂചികകളില്‍ വന്‍ ചാഞ്ചാട്ടം; തിരിച്ചുകയറി മണപ്പുറം ഫിനാന്‍സ്‌

വ്യാപാരത്തിന്റെ തുടക്കത്തില്‍ മികച്ച നേട്ടമുണ്ടാക്കിയ ഓഹരികള്‍ പിന്നീട് കനത്ത ചാഞ്ചാട്ടം നേരിട്ടു. കമ്പനി റിസൾട്ടുകളും വിലക്കയറ്റവും സംബന്ധിച്ച അനിശ്ചിതത്വം വിപണിയിൽ നിറഞ്ഞു നിൽക്കുന്നു.

ഇന്നു വൈകിട്ട് റിസൽട്ട് പ്രഖ്യാപിക്കുന്ന ടി.സി.എസ് ഓഹരി 0.25 ശതമാനം ഉയർന്നും ഇൻഫോസിസ് 1.4 ശതമാനം താഴ്ന്നും വ്യാപാരം നടക്കുന്നു. ഇൻഫിയുടെ ലാഭവും വരുമാനവും കുറയുമെന്ന് കരുതപ്പെടുന്നു.

റിലയൻസ് ഇൻഡസ്ട്രീസ് ഓഹരി ഇന്നും 1.25 ശതമാനം കയറി. ആദായ നികുതി വകുപ്പിന്റെ പരിശോധന നടന്ന പോളിക്യാബ് ലിമിറ്റഡ് ഇന്നു തുടക്കത്തിൽ തന്നെ 10 ശതമാനം ഇടിഞ്ഞു. പിന്നീട് നഷ്ടം 22 ശതമാനമായി. ഇലക്ട്രിക് കേബിളുകളും വയറുകളും നിർമിക്കുന്ന കമ്പനിയാണു പോളിക്യാബ്. 1,000 കോടിയിൽ പരം രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി എന്നാണു റിപ്പോർട്ട്.

ജൂവൽറി കമ്പനിയായ സെൻകോ ഗോൾഡ് ലിമിറ്റഡ് രാവിലെ 15 ശതമാനം വരെ ഉയർന്ന് 850 രൂപയിലെത്തി. പിന്നീട് നേട്ടം 10 ശതമാനമായി കുറഞ്ഞു.

ഇന്നലെ വലിയ നേട്ടം ഉണ്ടാക്കിയ ഒലെക്ട്ര ഗ്രീൻ ടെക് ഇന്നു നാലു ശതമാനത്തിലധികം ഉയർന്നു. ചെെനീസ് സാങ്കേതിക വിദ്യയാേടെ ഇലക്ട്രിക് ബസുകൾ നിർമിക്കുന്ന കമ്പനിയാണിത്. കൂടുതൽ ബസുകൾ വൈദ്യുതീകരിക്കാനായി കേന്ദ്രം ഒരു ഫണ്ട് രൂപപ്പെടുത്തും എന്ന പ്രതീക്ഷയിലാണ് ഓഹരി കുതിച്ചത്.

കമ്പനി പ്രൊമോട്ട് ചെയ്ത മെെക്രാേ ഫിനാൻസ് കമ്പനിയുടെ ഐ.പി.ഒയ്ക്ക് സെബി അംഗീകാരം നീട്ടി വച്ചതിനെ തുടർന്ന് ഇന്നലെ നാലു ശതമാനം ഇടിഞ്ഞ മണപ്പുറം ഫിനാൻസ് ഓഹരി ഇന്നു മൂന്നു ശതമാനം ഉയർന്നു.

രൂപ ഇന്നു കാര്യമായ മാറ്റമില്ലാതെ വ്യാപാരം തുടങ്ങി. ഡോളർ 83.04 രൂപയിലാണ് ഓപ്പൺ ചെയ്തത്.

സ്വർണം ലോകവിപണിയിൽ 2030 ഡോളറിലാണ്. കേരളത്തിൽ സ്വർണം പവന് 80 രൂപ കുറഞ്ഞ് 46,080 രൂപയായി.

ക്രൂഡ് ഓയിൽ വില കാര്യമായ മാറ്റമില്ലാതെ തുടരുന്നു. ബ്രെന്റ് ക്രൂഡ് ബാരലിന് 77.06 ഡോളറിലാണ്.

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it