ഓഹരി വിപണിയെ വലിച്ചു താഴ്ത്തി അദാനി ഗ്രൂപ്പ് കമ്പനികൾ

അദാനി ഗ്രൂപ്പ് കമ്പനികളുടെയെല്ലാം ഓഹരികൾ പരമാവധി താഴ്ചയിലാകുന്നതു കണ്ടു കൊണ്ടാണ് ഇന്നു വ്യാപാരം തുടങ്ങിയത്. മുഖ്യ സൂചികകൾ ആദ്യം ഉയർന്നിട്ടു വലിയ താഴ്ചയിലേക്കു വീണു. എന്നാൽ താമസിയാതെ ചെറിയനേട്ടത്തിലേക്കു തിരിച്ചു കയറി. ബാങ്ക് നിഫ്റ്റിയും തുടക്കത്തിലെ ചാഞ്ചാട്ടത്തിനു ശേഷം നേട്ടത്തിലായി. പക്ഷേ നേട്ടം നിലനിർത്താൻ കഴിയാതെ സൂചികകൾ വീണ്ടും നഷ്ടത്തിലേക്കു മാറി.

അദാനി ഗ്രൂപ്പ് ഓഹരികൾ ഇന്നു തുടക്കത്തിലെ വൻ തകർച്ചയ്ക്കു ശേഷം വലിയ ചാഞ്ചാട്ടത്തിലായി. എസിസിയും അംബുജ സിമന്റും ലാഭത്തിലുമായി. അദാനി എന്റർപ്രൈസസ് നേട്ടത്തിലേക്കു കയറാൻ ശ്രമിച്ചെങ്കിലും ആദ്യ മണിക്കൂറിൽ സാധിച്ചില്ല. അദാനി ഗ്രൂപ്പിന്റെ കടപ്പത്രങ്ങൾ പണയമായി സ്വീകരിക്കില്ലെന്ന് ക്രെഡിറ്റ് സ്വീസിനു പുറമെ സിറ്റി ഗ്രൂപ്പും പ്രഖ്യാപിച്ചു. അദാനി ഗ്രൂപ്പിലെ നിക്ഷേപം സംബന്ധിച്ചു ബാങ്കുകളോട് റിസർവ് ബാങ്ക് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

അദാനി എന്റർപ്രൈസസിന്റെ ഓഹരി തുടർ വിൽപന (എഫ് പിഒ) കാൻസൽ ചെയ്യാനുള്ള തീരുമാനം കൂടുതൽ ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്. ഗ്രൂപ്പിന്റെ ഭാവി തന്നെയാണു പ്രധാന ചോദ്യം. ഹിൻഡൻബർഗ് റിസർച്ച് ഉന്നയിച്ച വിഷയങ്ങൾ ശരിയാണെന്നു കാണിക്കുന്നതായി ഈ നടപടി.

ലൈഫ് ഇൻഷ്വറൻസ് ഓഹരികൾ ഇന്നും ഇടിഞ്ഞു

ബിർലാ സോഫ്റ്റിന്റെ ഒരു പ്രധാന ഇടപാടുകാരായ ഇൻവാകെയർ പാപ്പരത്തത്തിലേക്കു നീങ്ങിയതായ റിപ്പോർട്ട് കമ്പനിയുടെ ഓഹരിവില പത്തു ശതമാനത്തോളം താഴ്ത്തി. 2025-ൽ 100 കോടി ഡോളർ കമ്പനിയാകാനുള്ള ബിർലാ സോഫ്റ്റിന്റെ ശ്രമത്തിനു വലിയ തിരിച്ചടിയാണ് പുതിയ സംഭവ വികാസം.

അതിസമ്പന്നരുടെ ലൈഫ് ഇൻഷ്വറൻസ് പോളിസികൾക്ക് (വർഷം അഞ്ചുലക്ഷം രൂപയോ അതിലധികമോ പ്രീമിയം ഉള്ളവ) നികുതി ചുമത്തിയതിന്റെ പേരിൽ ലൈഫ് ഇൻഷ്വറൻസ് ഓഹരികൾ ഇന്നും ഇടിഞ്ഞു.

ചിലയിനം സിഗററ്റുകൾക്ക് 16 ശതമാനം നികുതി ചുമത്തിയതിനെ തുടർന്ന് ഐടിസി ഓഹരി ഇന്നലെ അൽപം താഴ്ന്നതാണ്. എന്നാൽ ഇന്നു രാവിലെ ഓഹരി ഉയർന്ന് 52 ആഴ്ചയിലെ ഉയർന്ന നിലവാരത്തിലെത്തി. ഓഹരി വില നാലര ശതമാനം കയറി 377 രൂപ കടന്നു. സിഗരറ്റ് കമ്പനിയായ ഗോഡ്ഫ്രെ ഫിലിപ്സും ഇന്നു നല്ല നേട്ടത്തിലാണ്.

ഡോളർ ഇന്ന് ഒൻപതു പൈസ താഴ്ന്ന് 81.83 രൂപയിൽ ഓപ്പൺ ചെയ്തു. സ്വർണം ലോക വിപണിയിൽ 1954 ഡോളറിലാണ്. കേരളത്തിൽ പവനു 480 രൂപ വർധിച്ച് 42,880 രൂപ എന്ന സർവകാല റിക്കാർഡിൽ എത്തി.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it