വില്‍പന സമ്മര്‍ദ്ദത്തില്‍ ചാഞ്ചാടി വിപണി; 'ലയനം' തള്ളിയ സീ ഓഹരി വീണ്ടും തകര്‍ച്ചയില്‍, കരകയറി സൗത്ത് ഇന്ത്യന്‍ ബാങ്ക്

ഉയർന്ന നിലവാരത്തിൽ വിറ്റു ലാഭമെടുക്കാൻ സമ്മർദ്ദം വർധിച്ചതു മൂലം ഇന്നു വിപണി തുടക്കം മുതലേ ചാഞ്ചാട്ടത്തിലായി. നിഫ്റ്റി 22,248 എന്ന റെക്കോർഡ് ഉയരത്തിൽ വ്യാപാരം തുടങ്ങിയിട്ട് കയറിയിറങ്ങി നീങ്ങുകയാണ്.

മെറ്റൽ, റിയൽറ്റി, പൊതുമേഖലാ ബാങ്ക് എന്നീ മേഖലകളാണു കാര്യമായ നേട്ടം കാണിക്കുന്നത്.
അമേരിക്കയിലെ സബ്സിഡിയറി നൊവേലിസ് ഐ.പി.ഒ നടത്തുന്നു എന്ന റിപ്പോർട്ടിനെ തുടർന്ന് ഹിൻഡാൽകോ ഓഹരി മൂന്നു ശതമാനം ഉയർന്നു. നൊവേലിസിന് 1,500 കോടി ഡോളർ മൂല്യമാണ് ഐ.പി.ഒയിൽ കണക്കാക്കുന്നത്.
ടാറ്റാ സ്റ്റീലും ജെ.എസ് ഡബ്ല്യു സ്റ്റീലും ഇന്നു രാവിലെ മൂന്നു ശതമാനത്തോളം ഉയർന്നു.
സോണിയുമായുള്ള ലയനചർച്ച പുനരാരംഭിച്ചതായ റിപ്പോർട്ട് നിഷേധിച്ച സീ എൻ്റർടെയ്ൻമെൻ്റ് ഓഹരി 14 ശതമാനം വരെ ഇടിഞ്ഞു. ഇതിനിടെ സീ പ്രൊമോട്ടർമാർ കമ്പനിയിൽ നിന്ന് 2000 കോടി രൂപ വക മാറ്റിയതായി സെബിയുടെ അന്വേഷണത്തിൽ കണ്ടെന്നു മാധ്യമങ്ങളിൽ റിപ്പോർട്ട് വന്നു. ഇതു നേരത്തേ കണക്കാക്കിയതിൻ്റെ 10 മടങ്ങാണ്. സീ ഓഹരി 2024-ൽ ഇതുവരെ 40 ശതമാനം താഴ്ന്നിട്ടുണ്ട്.
3,000 കോടി രൂപയുടെ ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ പ്ലേസ്മെൻ്റ് ആരംഭിച്ചതിനെ തുടർന്ന് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ഓഹരി ആറു ശതമാനം വരെ കയറി.
കഴിഞ്ഞ ദിവസങ്ങളിൽ താണ ഫെഡറൽ ബാങ്ക് ഓഹരി ഇന്ന് കയറ്റത്തിലായി. രാവിലെ ഒരു ശതമാനം ഉയർന്ന് 156.10 രൂപ വരെ എത്തി.
അഞ്ചു ദിവസം തുടർച്ചയായി അഞ്ചു ശതമാനം വീതം ഉയർന്ന ധനലക്ഷ്മി ബാങ്ക് ഇന്നു രാവിലെ മൂന്നു ശതമാനം താണ് 50.65 രൂപയിൽ എത്തി.
സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരി ഇന്ന് ഒന്നര ശതമാനം ഉയര്‍ന്ന്‌ 34 രൂപയായി.
നിർമിതബുദ്ധി അധിഷ്ഠിതമായ ചിപ് ഡിസൈനിംഗിൽ ഇൻ്റൽ ഫൗണ്ട്റിയുമായുള്ള സഹകരണം വിപുലമാക്കാൻ തീരുമാനിച്ച വിപ്രോയുടെ ഓഹരി രാവിലെ ഒരു ശതമാനം ഉയർന്നു. പിന്നീട് ഓഹരി താഴ്ചയിലായി.
ദേവയാനി ഇൻ്റർനാഷണലിലെ പ്രാരംഭ നിക്ഷേപകരിൽപെട്ട യം റസ്റ്റോറൻ്റ് ഓഹരി വിറ്റതിനെ തുടർന്ന് കമ്പനി ഓഹരി ആറു ശതമാനം വരെ ഉയർന്നു.
രൂപ ഇന്നു ചെറിയ നേട്ടത്തിലാണ്. ഡോളർ 82.91 രൂപയിൽ ഓപ്പൺ ചെയ്തു.
ലോകവിപണിയിൽ സ്വർണം 2,030 ഡോളറിലേക്കു കയറി. കേരളത്തിൽ സ്വർണം പവന് 200 രൂപ കൂടി 46,080 രൂപയായി.
T C Mathew
T C Mathew  
Related Articles
Next Story
Videos
Share it