നേട്ടം കുറച്ച് വിപണി; സീ 25% ഇടിഞ്ഞു, സോളാര്‍ ഓഹരികളില്‍ മുന്നേറ്റം
വലിയ നേട്ടത്തിൽ വ്യാപാരം തുടങ്ങിയ വിപണി പിന്നീട് നേട്ടം കുറച്ചു. 21,750 വരെ കയറിയ നിഫ്റ്റി അവിടെ നിന്നു 120 പോയിൻ്റ് താഴോട്ടു നീങ്ങി. ആദ്യം ഒരു ശതമാനത്തോളം ഉയർന്ന ബാങ്ക് നിഫ്റ്റി പിന്നീടു നഷ്ടത്തിലായി. റിയൽറ്റി, മീഡിയ, ഓയില്‍ ആന്‍ഡ് ഗ്യാസ്, മെറ്റൽ കമ്പനികൾ ഇടിവിലായി. ഹെൽത്ത് കെയർ, ഫാർമ, ഐ.ടി കമ്പനികൾ നല്ല നേട്ടം ഉണ്ടാക്കി. മിഡ് ക്യാപ് സൂചിക കുത്തനേ താണു.
സോണിയുമായുള്ള ലയന നീക്കം പൊളിഞ്ഞതിനെ തുടർന്ന് സീ എൻ്റർടെയ്ൻമെൻ്റ് ഓഹരി 25 ശതമാനം ഇടിഞ്ഞു. ഇനിയും താഴുമെന്നാണു സൂചന. ഡിഷ് ടിവി ഓഹരിയും 10 ശതമാനം താഴ്ചയിലാണ്.
ഒരു കോടി കുടുംബങ്ങൾക്കു പ്രയോജനം ചെയ്യുന്ന പുരപ്പുറ സൗരോർജ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ പ്രഖ്യാപിച്ചു. ഇതു സോളർ കമ്പനികളുടെ ഓഹരി വില 20 ശതമാനം വരെ ഉയർത്തി. ബോറോസിൽ റിന്യൂവബിൾസ്, സുരാനാ സോളർ, സ്റ്റെർലിംഗ് ആൻഡ് വിൽസൺ, ടാറ്റാ പവർ, വാ എനർജി, വെബ്സോൾ എനർജി, അദാനി ഗ്രീൻ തുടങ്ങിയവ ഗണ്യമായ നേട്ടം ഉണ്ടാക്കി.
മികച്ച റിസൽട്ടിനെ തുടർന്ന് ഐ.സി.ഐ.സി.ഐ ബാങ്ക് ഓഹരി അഞ്ചു ശതമാനം വരെ ഉയർന്നു. റിസൽട്ട് മോശമായത് ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക് ഓഹരിയെ അഞ്ചു ശതമാനം താഴ്ത്തി. എച്ച്.ഡി.എഫ്.സി ബാങ്ക് രണ്ടു ശതമാനത്തിലധികം താണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലായി.
പലിശ മാർജിൻ ഗണ്യമായി കുറഞ്ഞതിനെ തുടർന്ന് സ്പന്ദന സ്ഫൂർത്തി ഓഹരി ഒൻപതു ശതമാനം ഇടിഞ്ഞു.
'ഒബ്‌റോയ് റിയൽറ്റിയുടെ പ്രീ സെയിൽസ് മൂല്യം പ്രതീക്ഷയിലും കുറവായത് മൂലം ഓഹരിവില ഏഴു ശതമാനം വരെ താണു.
സിപ്ലയുടെ റിസൽട്ടും അമേരിക്കയിലെ വിറ്റുവരവും മികച്ചതായതിനെ തുടർന്ന് ഓഹരി ഏഴു ശതമാനം ഉയർന്നു.
മികച്ച റിസൽട്ടിൽ പെർസിസ്റ്റൻ്റ് സിസ്റ്റംസ് ഓഹരി 10 ശതമാനം കയറി. മാനേജ്മെൻ്റ് നേരത്തേ പറഞ്ഞതിലും കൂടിയ ഡോളർ വരുമാനവും ലാഭമാർജിനും കമ്പനിക്കുണ്ടായി.
ചെന്നൈ പെട്രോയുടെ ലാഭ മാർജിൻ താഴ്ന്നത് ഓഹരി വില 12 ശതമാനം വരെ താഴാൻ കാരണമായി.
418 രൂപയിൽ ഇഷ്യു നടത്തിയ മെഡി അസിസ്റ്റ് 460 രൂപയിൽ ലിസ്റ്റ് ചെയ്തു പിന്നീട് 500 രൂപയിലേക്കു കയറിയിട്ട് അൽപം താണു.
രൂപ ഇന്നു തുടക്കത്തിൽ താണു. ഡോളർ നാലു പൈസ നേട്ടത്തിൽ 83.10 രൂപയിൽ ഓപ്പൺ ചെയ്തു.
സ്വർണം ലോക വിപണിയിൽ 2028 ഡോളറിലേക്കു കയറി. കേരളത്തിൽ സ്വർണം പവന് 46,320 രൂപയിൽ തുടരുന്നു.
ക്രൂഡ് ഓയിൽ വില അൽപം കുറഞ്ഞു. ബ്രെൻ്റ് ഇനം 79.88 ഡോളറിലേക്കു താണു.