കരുതലോടെ ഉയരത്തിലേക്ക്; അഡാനി ഗ്രൂപ്പ് ഓഹരി വിൽപ്പനയ്ക്ക്

വിപണി ഇന്നു കരുതലോടെ തുടങ്ങിയിട്ടു നല്ല കയറ്റം നടത്തി. സെൻസെക്സ് 61,700 നും നിഫ്റ്റി 18,300-നും മുകളിൽ വ്യാപാരമാരംഭിച്ചു. വ്യാപാരം ഒരു മണിക്കൂർ പിന്നിടുമ്പോൾ മുഖ്യസൂചികകൾ 0.4 ശതമാനത്തിലധികം ഉയരത്തിലാണ്. stock-market-midday-update-1st-november-2022രമേശ് ചൗഹാൻ്റെ ബിസ്ലേരി ടാറ്റാ കൺസ്യൂമർ പ്രൊഡക്ട്സ് വാങ്ങുമെന്ന് മാധ്യമ റിപ്പോർട്ട്. 7000 കോടി രൂപയാണു ബ്രാൻഡിനു നൽകുക. ഇതേ തുടർന്ന് ടാറ്റാ കൺസ്യൂമർ ഓഹരി മൂന്നു ശതമാനം ഉയർന്നു.

ഗോവയിലെ യൂണിറ്റിനെപ്പറ്റി യുഎസ് എഫ്ഡിഎ വിപരീതാഭിപ്രായം രേഖപ്പെടുത്തിയതിനെ തുടർന്ന് ഗ്ലെൻമാർക്ക് ഫാർമ ഓഹരി നാലു ശതമാനത്തോളം താഴ്ചയിലാണു വ്യാപാരമാരംഭിച്ചത്. പിന്നീടു വില കയറി. വൈദ്യുത വാഹനത്തിലുടെ തിരിച്ചുവരവിന് ശ്രമിക്കുന്ന ഹിന്ദുസ്ഥാൻ മോട്ടാേഴ്സിൻ്റെ ഓഹരി ഇന്നും 10 ശതമാനം ഉയർന്നു. ഓഹരിയുടെ പ്രതിദിന മാറ്റത്തിന് 10 ശതമാനം പരിധി വച്ചിട്ടുണ്ട്.

ഓഹരികളുടെ തുടർ വിൽപന (എഫ്പിഒ) ഉദ്ദേശിക്കുന്നതായ റിപ്പോർട്ടുകളെ തുടർന്ന് അഡാനി എൻ്റർപ്രൈസസിൻ്റെ ഓഹരി വില ഇന്നും കുറഞ്ഞു. 20,000 കോടി രൂപയുടെ ഓഹരി വിൽപനയാണ് കമ്പനി ഉദ്ദേശിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ എഫ്പിഒ ആകും ഇത്. അഡാനി എൻ്റർപ്രൈസസ് ഓഹരി അഞ്ചു വർഷം കൊണ്ട് 26 മടങ്ങ് വളർന്നതാണ്. ഇതോടൊപ്പം ഗ്രൂപ്പ് കമ്പനികളിൽ വേറൊരു 500 കോടി ഡോളറിൻ്റെ നിക്ഷേപത്തിനായി അഡാനി ഗൾഫിലെയടക്കം വിദേശ രാജ്യങ്ങളുടെ നിക്ഷേപ നിധി (വെൽത്ത് ഫണ്ട് )കളെയും കാനഡയിലെയും മറ്റും പെൻഷൻ ഫണ്ടുകളെയും സമീപിച്ചിട്ടുണ്ട്. ഗ്രൂപ്പിൻ്റെ കടബാധ്യത വളരെ കൂടുതലാണെന്ന ബാങ്കുകളുടെ വിലയിരുത്തലിനെ തുടർന്നാണിത്. റിലയൻസ് ഗ്രൂപ്പ് ഓഹരി വിറ്റു കടബാധ്യത കുറച്ച വഴിയാകും അ ഡാനിയും തേടുക.

ഫിനോ പേമെൻ്റ്സ് ബാങ്ക് ഓഹരി ഇന്നു 13 ശതമാനം ഉയർന്നു. ഈയാഴ്ച മാത്രം 37 ശതമാനം കുതിപ്പാണു ബാങ്കിനുണ്ടായത്. ഒരു വർഷം കൊണ്ട് ഓഹരി വില പകുതിയിൽ താഴെയാക്കിയ ശേഷമാണ് ഈ കുതിപ്പ്. കമ്പനിയുടെ പ്രൊമാേട്ടർമാരിൽ പൊതുമേഖലാ എണ്ണ കമ്പനികളും എൽഐസിയും ഐസിഐസിഐയും ഉണ്ട്. കമ്പനി സ്‌മാേൾ ഫിനാൻസ് ബാങ്ക് ആയി പരിവർത്തനം ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട്.

ഫെഡറൽ ബാങ്ക് ഓഹരി ഇന്നലെയും ഇന്നുമായി നാലു ശതമാനത്തിലധികം ഉയർന്ന് 135 രൂപയ്ക്കു മുകളിലെത്തി. ഈയിടെ 140 രൂപയ്ക്കു തൊട്ടടുത്തെത്തിയതാണ് ഓഹരി. രൂപ ഇന്ന് 12 പൈസ നേട്ടത്തിൽ ഓപ്പൺ ചെയ്തു. ഡാേളർ 81.72 രൂപയിലാണു വ്യാപാരമാരംഭിച്ചത്. 81.67 രൂപ വരെ ഡാേളർ താണു. സ്വർണവില രാജ്യാന്തര വിപണിയിൽ 1756 ഡോളറിലാണ്. കേരളത്തിൽ പവന് 240 രൂപ വർധിച്ച് 36,840 രൂപയായി.

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it