ഓഹരികള്‍ വീണ്ടും തളരുന്നു; നിരാശപ്പെടുത്തി എച്ച്.ഡി.എഫ്.സി ബാങ്കും ഐ.സി.ഐ.സി.ഐയും

വിപണി വീണ്ടും താഴുന്നു. ഐ.ടി, ബാങ്കിംഗ് ഓഹരികൾക്കാണ് കൂടുതൽ ക്ഷീണം. സെന്‍സെക്‌സ് 70,700 പോയിന്റ് വരെയും നിഫ്റ്റി 21,360 പോയിന്റ് വരെയും താഴ്ന്നു. ബാങ്ക് നിഫ്റ്റി അര ശതമാനം താഴ്ചയിലായി. എച്ച്.ഡി.എഫ്.സി ബാങ്കും ഐ.സി.ഐ.സി.ഐ ബാങ്കും താഴ്ന്നു. വിദേശ സൂചനകള്‍ നെഗറ്റീവ് ആയതാണ് ഐ.ടി ഓഹരികളെ ബാധിച്ചത്. നിഫ്റ്റി ഐ.ടി ഒരു ശതമാനം താഴ്ന്നു.

ബിസിനസ് വളര്‍ച്ച കുറഞ്ഞതു മുന്‍നിര്‍ത്തി ടെക് മഹീന്ദ്ര ഓഹരി ആറ് ശതമാനം വരെ ഇടിഞ്ഞു. ബിര്‍ല സോഫ്റ്റ് ലാഭം വര്‍ധിപ്പിക്കുകയും ലാഭ മാര്‍ജിന്‍ കൂട്ടുകയും ചെയ്‌തെങ്കിലും ഓഹരി ആദ്യം ഇടിഞ്ഞു. പിന്നീടു കയറി.

കമ്പനി നഷ്ടത്തില്‍ നിന്നു ലാഭത്തിലായെങ്കിലും ടാറ്റ സ്റ്റീല്‍ ഓഹരി ഒരു ശതമാനം താഴ്ന്നാണു വ്യാപാരം തുടങ്ങിയത്. ഓഹരി പിന്നീടു കയറിയിറങ്ങി. സിയറ്റ് നല്ല ലാഭവര്‍ധന കാണിച്ചെങ്കിലും ഓഹരി രണ്ടര ശതമാനം വരെ താഴ്ന്നു. മൂന്നാം പാദത്തിലെ വളര്‍ച്ച നാലാം പാദത്തില്‍ തുടരാനാവില്ലെന്നു വിപണി കരുതുന്നു. കമ്പനിയുടെ ലാഭമാര്‍ജിന്‍ ഇരട്ടിച്ചു.

തലേ പാദത്തെ അപേക്ഷിച്ച് റിസള്‍ട്ട് മോശമായതിനെ തുടര്‍ന്ന് ലോറസ് ലാബ്‌സിന്റെ ഓഹരി ഏഴ് ശതമാനത്തോളം താഴ്ന്നു.

വരുമാനവും ലാഭവും ലാഭമാര്‍ജിനും വര്‍ധിച്ച റെയില്‍ടെല്‍ കോര്‍പറേഷന്‍ ഓഹരി 10 ശതമാനം കുതിച്ചു. മറ്റു റെയില്‍വേ ഓഹരികളും നേട്ടത്തിലാണ്. മികച്ച ലാഭവര്‍ധന കാണിച്ച ടിവിഎസ് മോട്ടോഴ്‌സ് ഓഹരി മൂന്നു ശതമാനം താണു. ഓഹരി വില്‍ക്കാന്‍ ചില ബ്രോക്കറേജുകള്‍ ശുപാർശ ചെയ്തു.

രൂപ, ഡോളര്‍, ക്രൂഡ് ഓയില്‍

രൂപ ഇന്ന് കാര്യമായ മാറ്റമില്ലാതെ വ്യാപാരം തുടങ്ങി ഡോളര്‍ ഒരു പൈസ കയറി 83.13 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീട് 83.11 രൂപയായി.

സ്വര്‍ണം ലോകവിപണിയില്‍ 2015 ഡോളറിലാണ്. കേരളത്തില്‍ സ്വര്‍ണം പവന് 80 രൂപ കുറഞ്ഞ് 46,160 രൂപയായി.

ക്രൂഡ് ഓയില്‍ അല്‍പം ഉയര്‍ന്നു. ബ്രെന്റ് ഇനം ക്രൂഡ് 80.35 ഡോളറില്‍ എത്തി

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it