ഓഹരി വിപണിയില്‍ ചാഞ്ചാട്ടം, ഐ.ടിയില്‍ ഇടിവ്
കാര്യമായ മാറ്റമില്ലാതെ വ്യാപാരം തുടങ്ങിയ ഓഹരി വിപണി പിന്നീട് ചാഞ്ചാട്ടത്തിലായി. മുഖ്യ സൂചികകള്‍ ചെറിയ കയറ്റിറക്കങ്ങളിലായിരുന്നു. അതേസമയം മിഡ്, സ്മാേള്‍ ക്യാപ് സ്റ്റോക്കുകള്‍ നല്ല നേട്ടം ഉണ്ടാക്കി.
ബാങ്ക് നിഫ്റ്റി ചാഞ്ചാട്ടത്തിലാണ്.
ഐ.ടി കമ്പനികളുടെ താഴ്ചയാണ് ഇന്ന് വിപണിയെ പ്രധാനമായും വീഴ്ത്തിയത്. നിഫ്റ്റി ഐ.ടി ഒരു ശതമാനത്തിലധികം ഇടിഞ്ഞു.
ഇന്‍ഫോസിസ് ടെക്‌നോളജീസിന്റെ ഒരു ബിസിനസ് കരാറിനുള്ള ധാരണാപത്രം റദ്ദായതിനെ തുടര്‍ന്ന് ഓഹരി നാലര ശതമാനം വരെ താണു. പിന്നീട് നഷ്ടം കുറച്ചു.
വിപ്രോ, ടെക് മഹീന്ദ്ര, ടി.സി.എസ് തുടങ്ങിയ മറ്റ് ഐടി കമ്പനികളും താഴ്ചയിലായി. 10 വര്‍ഷം കൊണ്ട് 150 കോടി ഡോളര്‍ കിട്ടാമായിരുന്ന കരാറിനുള്ള ധാരണാ പത്രമാണ് റദ്ദായത്. ഇന്‍ഫിയിലെ സി.എഫ്.ഒ അടക്കം ഉന്നത മാനേജ്‌മെന്റില്‍ വന്ന കൊഴിച്ചിലും കരാര്‍ നഷ്ടവുമായി ബന്ധിപ്പിച്ചാണു വാര്‍ത്തകള്‍ വന്നത്.
ജെ. കുമാര്‍ ഇന്‍ഫ്രയുടെ ലക്ഷ്യവില 385 ല്‍ നിന്ന് 720 രൂപയായി സി.എല്‍.എസ്.എ ഉയര്‍ത്തി. കമ്പനിക്ക് 8,800 കോടി രൂപയുടെ കരാറുകള്‍ ലഭിച്ചതും മറ്റും പരിഗണിച്ചാണ് ഈ ഉയര്‍ത്തല്‍. ഓഹരി 15 ശതമാനം കയറി.
റിലയന്‍സും വാള്‍ട്ട് ഡിസ്‌നിയും മീഡിയ ബിസിനസ് സംയോജിപ്പിക്കുന്നുവെന്ന വാര്‍ത്തയില്‍ ടിവി18 ബ്രോഡ്കാസ്റ്റും നെറ്റ് വര്‍ക്ക്18 ഓഹരികളും നാല് ശതമാനം വീതം ഉയര്‍ന്നു.
ബാലാജി അമീന്‍സ്, എസ്.ആര്‍.എഫ്, ആല്‍കൈല്‍ അമീന്‍സ്, ദീപക് നൈട്രൈറ്റ് തുടങ്ങിയ കെമിക്കല്‍ കമ്പനികള്‍ ഇന്ന് അഞ്ച് ശതമാനം വരെ കയറി.
ഫിന്‍ടെക് കമ്പനി പേടിഎം വലിയ തോതില്‍ പിരിച്ചു വിടീലിന് ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഓഹരി മൂന്ന് ശതമാനം താഴ്ന്നു.
രൂപ ഇന്നു കാര്യമായ മാറ്റമില്ലാതെ വ്യാപാരം തുടങ്ങി. ഡോളര്‍ ഒരു പൈസ കയറി 83.15 രൂപയില്‍ ഓപ്പണ്‍ ചെയ്തു. 83.18 രൂപ വരെ കയറിയ ഡോളര്‍ പിന്നീട് 83.12 രൂപ വരെ താഴ്ന്നു.
സ്വര്‍ണം ലോക വിപണിയില്‍ 2,064 ഡോളറിലാണ്. കേരളത്തില്‍ പവന് 160 രൂപ വര്‍ധിച്ച് 46,720 രൂപയായി.
ക്രൂഡ് ഓയില്‍ വില സാവധാനം താഴുന്നു. ബ്രെന്റ് ഇനം ക്രൂഡ് 79.09 ഡോളറിലാണ്.