വിപണിയില്‍ കയറ്റിറക്കം; വന്‍ ഇടിവുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്, ഓഹരി വിഭജിക്കാന്‍ കനറാ ബാങ്ക്

രാവിലെ താഴ്ന്നു വ്യാപാരം തുടങ്ങിയ വിപണി കുറേക്കൂടി താഴ്ന്ന ശേഷം തിരിച്ചു കയറി. പിന്നീടു വിപണി ചാഞ്ചാട്ടത്തിലായി.

പേയ്ടിഎം ഓഹരി ഇന്നു കയറിയിറങ്ങി. കമ്പനിയിലെ സംഭവവികാസങ്ങൾ സംബന്ധിച്ച വിലയിരുത്തലിലെ വൈരുധ്യങ്ങളാണു കാരണം.
കനറാ ബാങ്ക് 10 രൂപ മുഖവിലയുള്ള ഓഹരികൾ വിഭജിച്ചു രണ്ടു രൂപ മുഖവിലയുള്ളവയാക്കും. ഡയറക്ടർ ബോർഡ് ഇന്നലെ ഈ തീരുമാനം പ്രഖ്യാപിച്ചു. വിഭജന തീയതി പിന്നീട് അറിയിക്കും.
ജെഫ്രീസ് ഓഹരിയെ തരം താഴ്ത്തിയതിനെ തുടർന്ന് വേൾപൂൾ ഓഹരി ആറു ശതമാനം ഇടിഞ്ഞു. ജെഫ്രീസിൻ്റെ തരം താഴ്ത്തലിൽ പെട്ട ഡിക്സൺ ടെക്നോളജീസ് ഓഹരി നാലു ശതമാനം താണു.
അവകാശ ഇഷ്യുവിനുള്ള റെക്കോഡ് തീയതി കഴിഞ്ഞതിനെ തുടർന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരി ഇന്നു 13 ശതമാനം താഴ്ചയിലായി. ഇനി വാങ്ങുന്ന ഓഹരികൾക്ക് അവകാശ ഇഷ്യുവിന് അർഹതയില്ല.
സ്വിസ് ബാങ്ക് യു.ബി.എസ്, ടി.സി.എസ് ഓഹരിയുടെ ലക്ഷ്യവില ഉയർത്തിയതിനെ തുടർന്ന് ഓഹരി രണ്ടു ശതമാനത്തോളം ഉയർന്നു.
ഐ.സി.ഐ.സി.ഐ ലൊംബാർഡ് ജനറൽ ഇൻഷ്വറൻസിലെ ഓഹരി പങ്കാളിത്തം ഐ.സി.ഐ.സി.ഐ ബാങ്ക് ഉയർത്തി. ഭാരതി എയർടെൽ വിറ്റ രണ്ടു ശതമാനം ഓഹരി ഐ.സി.ഐ.സി.ഐ ബാങ്ക് വാങ്ങുകയായിരുന്നു. ഇൻഷ്വറൻസ് കമ്പനിയുടെ ഓഹരി മൂന്നു ശതമാനം കയറി.
ധനലക്ഷ്മി ബാങ്ക് ഓഹരി ഇന്നു രാവിലെ രണ്ടു ശതമാനം താണു. അഞ്ചു ദിവസം കൊണ്ട് ബാങ്ക് ഓഹരി 10 ശതമാനത്തോളം ഇടിഞ്ഞു.
അദാനി ഗ്രൂപ്പ് കമ്പനികൾ ഇന്നു താഴ്ചയിലാണ്.
ധനസമാഹരണ മാർഗങ്ങൾ തീരുമാനിക്കാൻ വോഡഫോൺ ഐഡിയ ഡയറക്ടർ ബോർഡ് ഇന്നു യോഗം ചേരുന്നുണ്ട്.
രൂപ ഇന്നു കാര്യമായ മാറ്റമില്ലാതെ തുടങ്ങി. ഡോളർ ഒരു പൈസ താണ് 82.88 രൂപയിൽ വ്യാപാരം ആരംഭിച്ചു.
സ്വർണം ലോകവിപണിയിൽ 2032 ഡോളറിലാണ്. കേരളത്തിൽ സ്വർണം പവന് വിലമാറ്റമില്ലാതെ 46,080 രൂപയിൽ തുടരുന്നു.
T C Mathew
T C Mathew  
Related Articles
Next Story
Videos
Share it