വിപണി തകർച്ചയിൽ, അദാനി ഗ്രൂപ്പും ബാങ്കുകളും വീഴുന്നു

ഓഹരി വിപണി ഇന്നു രാവിലെ കുത്തനെ വീണു. അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ട് എന്ന ബോംബ് തുടർ സ്ഫോടനങ്ങൾ നടത്തുന്നതാണു കാരണം. അഡാനി ഗ്രൂപ്പ് ഓഹരികൾ ഇന്നു കൂടുതൽ താഴ്ചയിലായി. ഒപ്പം ബാങ്ക് മേഖലയെയും വലിച്ചു താഴ്ത്തി. സെൻസെക്സ്‌ 59,500 നും നിഫ്റ്റി 17,700 നും താഴെയായി. ഒക്ടോബർ 27 നു ശേഷം ആദ്യമാണ് നിഫ്റ്റി 17,700 നു താഴെയാകുന്നത്.

തുടക്കത്തിൽ ചെറിയ താഴ്ചയോടെ വ്യാപാരം തുടങ്ങിയ മുഖ്യ സൂചികകൾ താമസിയാതെ വലിയ താഴ്ചയിലായി. 15 മിനിറ്റിനകം സെൻസെക്സ് 660 ഉം നിഫ്റ്റി 175 ഉം പോയിന്റ് ഇടിഞ്ഞു. പിന്നീടു നഷ്ടം അൽപം കുറച്ചെങ്കിലും താമസിയാതെ കൂടുതൽ നഷ്ടത്തിലായി.

അഡാനി ഗ്രൂപ്പിന്റെ മുഖ്യ കമ്പനിയായ അദാനി എന്റർപ്രൈസസിന്റെ 20,000 കോടിയുടെ എഫ്പിഒ ഇന്നാരംഭിച്ചു. ചൊവ്വാഴ്ച ക്ലോസ് ചെയ്യും. എന്റർപ്രൈസസ് ഓഹരി രാവിലെ ആറു ശതമാനം ഇടിഞ്ഞെങ്കിലും പിന്നീടു നഷ്ടം രണ്ടു ശതമാനമായി കുറച്ചു. അദാനി വിൽമർ അഞ്ചും പോർട്സ് നാലും അംബുജ സിമന്റ് ആറും പവർ അഞ്ചും ശതമാനം താഴ്ന്നു. അദാനി ട്രാൻസ്മിഷൻ 16 -ഉം ഗ്രീൻ 14 - ഉം ഗ്യാസ് 15-ഉം എസിസി അഞ്ചരയും ശതമാനം ഇടിഞ്ഞു. രണ്ടു ദിവസം കൊണ്ടു ഗ്രൂപ്പിന്റെ വിപണിമൂല്യം രണ്ടു ലക്ഷം കോടിയിൽപരം രൂപ കണ്ടു നഷ്ടമായി.

ബാങ്ക് നിഫ്റ്റി ഇന്നും രണ്ടു ശതമാനത്തിലധികം താഴ്ന്നു. എസ്ബിഐ, ഐസിഐസിഐ, ആക്സിസ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയവ താഴ്ചയ്ക്കു മുന്നിൽ നിന്നു. വാഹനങ്ങൾ, ഫാർമ, ഹെൽത്ത് കെയർ എന്നിവ ഒഴികെ എല്ലാ മേഖലകളും ഇന്നു താഴോട്ടു നീങ്ങി.

രണ്ടു വർഷത്തിനുള്ളിൽ ആദ്യമായി ലാഭമുണ്ടാക്കിയ ടാറ്റാ മോട്ടോഴ്സ് ഓഹരി എട്ടു ശതമാനം കുതിച്ചു. പ്രതീക്ഷയിലും മികച്ച റിസൽട്ടിനെ തുടർന്ന് ബജാജ് ഓട്ടോ ഓഹരി ഉയർന്നു. ലാഭവും ലാഭമാർജിനും ഗണ്യമായി വർധിപ്പിച്ച അമര രാജ ബാറ്ററീസ് ഓഹരി ഇന്നു നാലര ശതമാനം കയറി. പ്രതീക്ഷയിലും മാേശമായ റിസൽട്ടിനെ തുടർന്ന് ഡിക്സൺ ടെക്നോളജീസ് ഓഹരി പരമാവധിയായ 10 ശതമാനം ഇടിഞ്ഞു.

വോഡഫോൺ ഐഡിയയുടെ കുടിശികയായ ടവർ വാടക കിട്ടാനിടയില്ലെന്ന കമ്പനിയുടെ വിലയിരുത്തലിനെ തുടർന്ന് ഇൻഡസ് ടവേഴ്സ് ഓഹരി ആറു ശതമാനം താഴ്ചയിലായി.

രൂപ ഇന്നു നേട്ടത്തിൽ തുടങ്ങി നഷ്ടത്തിലായി. ഡോളർ 11 പൈസ നഷ്ടത്തിൽ 81.48 രൂപയിൽ വ്യാപാരം തുടങ്ങി. പിന്നീട് 81.65 ലേക്കു കയറി. സ്വർണം ലോകവിപണിയിൽ 1924 ഡോളറിലേക്കു താണു. കേരളത്തിൽ സ്വർണം പവനു 480 രൂപ ഇടിഞ്ഞ് 42,000 രൂപയായി.

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it