വിപണിയിൽ വിൽപന സമ്മർദം; സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരികളില്‍ മികച്ച കയറ്റം

ഓഹരി വിപണിയിൽ രാവിലെ ബുൾ മുന്നേറ്റം തുടർന്നു. ഒപ്പം ഉയർന്ന വിലയിൽ ലാഭമെടുത്തു മാറാൻ ആഗ്രഹിക്കുന്നവർ വിൽപന സമ്മർദം കൂട്ടി. രാവിലെ നേട്ടത്തോടെ വ്യാപാരം തുടങ്ങിയ മുഖ്യ സൂചികകൾ 0.40 ശതമാനം ഉയർന്നു. സെൻസെക്സ് 72,406.75 പോയിന്റ് വരെയും നിഫ്റ്റി 21,759.05 പോയിന്റ്വ രെയും കയറി. പിന്നീട് സൂചികകൾ താഴ്ന്നു.

എല്ലാ വ്യവസായമേഖലകളും രാവിലെ നേട്ടത്തിലായിരുന്നു.

സൗത്ത് ഇന്ത്യൻ ബാങ്ക് അവകാശ ഇഷ്യു വഴി 1,750 കോടി രൂപ സമാഹരിക്കാൻ തീരുമാനിച്ചു. ബാങ്കിന്റെ ഓഹരി രണ്ടര ശതമാനം കയറി 27.40 രൂപയിൽ എത്തി.

ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസിലെ വിലക്ക് നീങ്ങിയതിനെ തുടർന്ന് ഹിന്ദുസ്ഥാൻ കാേപ്പർ 7.5 ശതമാനവും ഡെൽറ്റ കോർപറേഷൻ നാലും ശതമാനം ഉയർന്നു. ഡെൽറ്റ പിന്നീടു നഷ്ടത്തിലായി.

നികുതി നിർണയത്തിൽ അപാകത കണ്ട് അധികനികുതിക്കായി ജി.എസ്.ടി വകുപ്പ് നോട്ടീസ് നൽകിയതിനെ തുടർന്ന് സൊമാറ്റോ ഓഹരി രണ്ടര ശതമാനം താണു. 420 കോടി രൂപയാണ് അടയ്‌ക്കേണ്ടത്.

സ്റ്റീൽ അടക്കം മെറ്റൽ ഓഹരികൾ നല്ല കയറ്റത്തിലാണ്. സെയിൽ, ടാറ്റാ സ്റ്റീൽ, ജെ.എസ്.ഡബ്ള്യു സ്റ്റീൽ, ഹിൻഡാൽകാേ, വേദാന്ത തുടങ്ങിയവ ഗണ്യമായി ഉയർന്നു. സെയിൽ ഓഹരി മൂന്നര ശതമാനം കയറി.

ബോണസ് ഇഷ്യു തീരുമാനിക്കാൻ അടുത്ത ദിവസം ഡയറക്ടർ ബോർഡ് ചേരുമെന്ന അറിയിപ്പിനെ തുടർന്ന് കെ.പി.ഐ ഗ്രീൻ എനർജി ഓഹരി അഞ്ചു ശതമാനത്തിലധികം ഉയർന്നു.

524 രൂപയ്ക്ക് ഐ.പി.ഒ നടത്തിയ ആസാദ് എൻജിനിയറിംഗ് 38 ശതമാനം നേട്ടത്തോടെ 720 രൂപയിൽ വ്യാപാരം തുടങ്ങി.

രൂപ തുടക്കത്തിൽ നേട്ടം ഉണ്ടാക്കി. ഡോളർ ഏഴു പെെസ താണ് 83.27 രൂപയിൽ വ്യാപാരം തുടങ്ങി.

സ്വർണത്തിനു പുതിയ റെക്കോഡ്

സ്വർണം ലോകവിപണിയിൽ 2,087 ഡോളറിലാണ്. കേരളത്തിൽ സ്വർണം പവന് 320 രൂപ വർധിച്ച് 47,120 രൂപ എന്ന റെക്കാേഡ് കുറിച്ചു. ഡിസംബർ നാലിലെ 47,080 രൂപ എന്ന റെക്കോർഡാണു മറികടന്നത്.

ക്രൂഡ് ഓയിൽ വില താണു. ബ്രെന്റ് ഇനം 79.75 ഡോളറിലാണ്.

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it