വില്‍പന സമ്മര്‍ദ്ദത്തില്‍ മുങ്ങി ഓഹരി വിപണി; എണ്ണ ഓഹരികളില്‍ ഇടിവ്

ഉയര്‍ന്ന വിലയില്‍ വിറ്റു ലാഭമെടുക്കാനുള്ള തിടുക്കം ഇന്നു തുടക്കം മുതലേ ഓഹരികളെ താഴ്ത്തി. ബാങ്ക്, ധനകാര്യ, മെറ്റല്‍, ഓയില്‍ - ഗ്യാസ് മേഖലകളിലെ വില്‍പന സമ്മര്‍ദ്ദമാണു വിപണിയെ തളര്‍ത്തിയത്. നിഫ്റ്റി 21,680 വരെയും സെന്‍സെക്‌സ് 72,092 വരെയും താണിട്ടു തിരിച്ചു കയറി. മിഡ്, സ്‌മോള്‍ ക്യാപ് ഓഹരികള്‍ ഉയര്‍ച്ചയിലായി.

ഇന്ത്യയിലെ ഓഹരി നിക്ഷേപകര്‍ക്കു ബംപര്‍ നേട്ടത്തിന്റെ വര്‍ഷമാണ് 2023. നിഫ്റ്റിയും സെന്‍സെക്‌സും 19 ശതമാനം ഉയര്‍ന്നു. ബി.എസ്.ഇയുടെ വിപണി മൂല്യം 82 ലക്ഷം കോടി രൂപ വര്‍ധിച്ച് 363 ലക്ഷം കോടി രൂപയായി. 2022ല്‍ സെന്‍സെക്‌സ് 4.44 ശതമാനമേ വളര്‍ന്നുള്ളൂ. വിപണിമൂല്യത്തിലെ വര്‍ധന 16.38 ലക്ഷം കോടി രൂപ മാത്രമായിരുന്നു.

ഇന്നലെ വലിയ നേട്ടം ഉണ്ടാക്കിയ ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികള്‍ ഇന്നു നഷ്ടത്തിലായി. എച്ച്.പി.സി.എല്‍ നാലും ബി.പി.സി.എല്‍ മൂന്നും ഐ.ഒ.സി നാലും ശതമാനം വരെ താഴ്ന്നു. തെരഞ്ഞെടുപ്പു പരിഗണിച്ച് ഇന്ധനവില കുറയ്ക്കാന്‍ ഗവണ്മെന്റ് നിര്‍ദേശിക്കും എന്ന ഊഹമാണു കമ്പനികളെ താഴ്ത്തിയത്.

1,902 കോടി രൂപയുടെ നികുതി നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് ഐസിഐസിഐ ലൊംബാര്‍ഡ് ഓഹരി ഒന്നര ശതമാനം താഴ്ന്നു. 50,000 കോടിയിലധികം രൂപയുടെ കരാറുകള്‍ ലഭിച്ച കല്‍പതരു പവര്‍ പ്രോജക്ട്‌സ് ഓഹരി 10 ശതമാനം വരെ ഉയര്‍ന്നു.

രൂപ ഇന്ന് അല്‍പം കയറി. ഡോളര്‍ രണ്ടു പൈസ താണ് 83.15 രൂപയിലാണ് ഓപ്പണ്‍ ചെയ്തത്.

സ്വര്‍ണം ലോകവിപണിയില്‍ 2071 ഡോളറിലേക്കു കയറി. കേരളത്തില്‍ സ്വര്‍ണം പവന് 280 രൂപ കുറഞ്ഞ് 46,840 രൂപയായി.

ക്രൂഡ് ഓയില്‍ വില താഴ്ന്നു. ബ്രെന്റ് ഇനം 77.29 ഡോളറിലായി.

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it